കനേഡിയൻ പൗരന്മാർ അമേരിക്കയിലേക്ക് പ്രവേശിക്കുമ്പോൾ അതിർത്തി സുരക്ഷ ഉദ്യോഗസ്ഥർ ഫോണോ സോഷ്യൽ മീഡിയയോ പരിശോധനക്കായി ആവശ്യപ്പെട്ടാൽ അവരുടെ അവകാശങ്ങൾ എന്താണെന്ന് പരിശോധിക്കാം. യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) പുറത്തിറക്കിയ പുതിയ നോട്ടീസ് പ്രകാരം, വിസ വെയ്വർ പ്രോഗ്രാമിന് (VWP) കീഴിലുള്ള രാജ്യങ്ങളിലെ സന്ദർശകർക്ക് സോഷ്യൽ മീഡിയ ഹിസ്റ്ററി നിർബന്ധമായും നൽകേണ്ടതുണ്ട്. എന്നാൽ കനേഡിയൻ പൗരന്മാർക്ക് ഇത് നേരിട്ട് ബാധകമല്ല.
കനേഡിയൻ പൗരന്മാർക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാൻ നോൺ-ഇമിഗ്രന്റ് വിസ ആവശ്യമില്ലാത്തതിനാൽ, സോഷ്യൽ മീഡിയ പരിശോധന നിർബന്ധമാക്കുന്ന സിബിപി നോട്ടീസ് അവരെ നേരിട്ട് ബാധിക്കുന്നില്ല. ഈ നോട്ടീസ് പ്രധാനമായും വിസ വെയ്വർ പ്രോഗ്രാമിന് കീഴിലുള്ള ഏകദേശം 40 രാജ്യങ്ങളിലെ സന്ദർശകരെ ലക്ഷ്യമിട്ടുള്ളതാണ്. ജർമനി, ഫ്രാൻസ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർ ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷൻ (ESTA) അപേക്ഷയോടൊപ്പം കഴിഞ്ഞ 5 വർഷത്തെ സോഷ്യൽ മീഡിയ ഹിസ്റ്ററി നൽകേണ്ടതുണ്ട്. എന്നാൽ കാനഡക്കാർക്ക് അതിർത്തിയിൽ സോഷ്യൽ മീഡിയയെക്കുറിച്ച് ചോദ്യങ്ങൾ നേരിട്ടേക്കാമെങ്കിലും, വിസ അപേക്ഷയുടെ ഭാഗമായി ഇത് നിർബന്ധമാക്കിയിട്ടില്ല.
അതിർത്തി പരിശോധനകളിൽ കനഡക്കാർക്കുള്ള അവകാശങ്ങൾ ഇപ്രകാരമാണ്: അതിർത്തി ഉദ്യോഗസ്ഥർ ഫോണോ സോഷ്യൽ മീഡിയയോ കാണിക്കാൻ ആവശ്യപ്പെട്ടാൽ, അത് നിരസിക്കാനുള്ള അവകാശമുണ്ട്. എന്നാൽ ഇത്തരം നിരസനം അമേരിക്കയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടാൻ കാരണമാകാം.
അതിർത്തി കടക്കുമ്പോൾ പ്രശ്നങ്ങൾ ഒഴിവാക്കാൻ ചില ടിപ്പുകൾ: സോഷ്യൽ മീഡിയ ആപ്പുകൾ ഫോണിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്യുകയോ, ഒരു ബർണർ ഫോൺ ഉപയോഗിക്കുകയോ ചെയ്യാം. എന്നാൽ ഡാറ്റയില്ലാത്ത ഫോൺ അതിർത്തി ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചേക്കാം. ശാന്തത പാലിക്കുകയും ഉദ്യോഗസ്ഥരോട് മര്യാദയോടെ പെരുമാറുകയും ചെയ്യുക. ദിനേന നിരവധി കനേഡിയൻ പൗരന്മാർ അതിർത്തി കടക്കുന്നുണ്ട്, അവരിൽ ഭൂരിഭാഗം ആളുകൾക്കും പ്രശ്നങ്ങളില്ല. അമേരിക്കയിൽ നിങ്ങൾ ഒരു സന്ദർശകനാണെന്ന് ഓർമിക്കുക.
നിലവിൽ ഈ നോട്ടീസ് ഒരു നോട്ടീസ് മാത്രമാണ്, വിഡബ്ല്യുപി രാജ്യങ്ങൾക്ക് ഇത് നടപ്പാക്കുന്നതിനുള്ള സാധ്യതയുണ്ടെങ്കിലും കനഡക്കാരെ ഇത് നേരിട്ട് ബാധിക്കില്ല.

