ന്യൂഡൽഹി: ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം (MEA) സംഘടിപ്പിക്കുന്ന Know India Programme (KIP), ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജനായ യുവാക്കൾക്ക് അവരുടെ മാതൃദേശവുമായി ബന്ധം ശക്തിപ്പെടുത്താനുള്ള അവസരം നൽകുന്നു.
21 മുതൽ 35 വയസ്സുവരെയുള്ള ഇന്ത്യൻ വംശജരായ (NRI-കളല്ലാത്ത) യുവാക്കൾക്കാണ് ഈ പദ്ധതിയിൽ പങ്കെടുക്കാൻ കഴിയുക.
ഈ പരിപാടി വഴി യുവാക്കൾക്ക് ഇന്ത്യയുടെ ജനാധിപത്യ സംവിധാനങ്ങൾ, സമ്പദ്വ്യവസ്ഥ, സാങ്കേതികവിദ്യ, സംസ്കാരം, ചരിത്രം എന്നിവയെക്കുറിച്ച് നേരിട്ട് അറിയാൻ കഴിയും. പാർലമെന്റ്, തിരഞ്ഞെടുപ്പ് കമ്മീഷൻ, രാഷ്ട്രപതി ഭവൻ, പ്രമുഖ വ്യവസായ കേന്ദ്രങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിപാടിയുടെ കാലയളവിൽ യാത്ര, താമസം, ആഭ്യന്തര ഗതാഗതം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇന്ത്യ സർക്കാർ ഒരുക്കും. പങ്കെടുക്കുന്നവർ എയർടിക്കറ്റ് നിരക്കിന്റെ 10 ശതമാനം അടുത്തുള്ള ഇന്ത്യൻ കോൺസുലേറ്റിലേക്ക് നൽകണം. മെഡിക്കൽ സർട്ടിഫിക്കറ്റ്, ട്രാവൽ ഇൻഷുറൻസ്, എന്നിവ സമർപ്പിക്കേണ്ടതാണ്.
ഇന്ത്യ സന്ദർശിച്ചിട്ടില്ലാത്തവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷകർ അവരുടെ പൂരിപ്പിച്ച ഫോം culture.toronto@mea.gov.in എന്ന വിലാസത്തിലേക്ക് അയക്കണം. കാനഡയിലെ ടൊറോന്റോ ഇന്ത്യൻ കോൺസുലേറ്റ് പരിധിയിലുള്ളവർക്കാണ് ഈ ഇമെയിൽ അഡ്രെസ്സ് ബാധകം. തിരഞ്ഞെടുക്കപ്പെട്ടവരെ പിന്നീട് അറിയിക്കും.
പരിപാടിയുടെ അവസാനം, പങ്കാളികൾ 750–1000 വാക്കുകളുള്ള റിപ്പോർട്ട് സമർപ്പിക്കണം. അതിന്റെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കറ്റ് നൽകുക.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2025 ഒക്ടോബർ 19
പരിപാടി കാലയളവ്: 2025 നവംബർ 10 മുതൽ നവംബർ 28 വരെ.
അപേക്ഷക്കും കൂടുതൽ വിവരങ്ങൾക്കും: https://www.cgitoronto.gov.in/alert_detail/?alertid=338
