വാഷിംഗ്ടൺ: ABC ചാനൽ സംപ്രേഷണം ചെയ്ത് വന്നിരുന്ന പ്രശസ്ത late-night ഷോയായ “ജിമ്മി കിമ്മൽ ലൈവ്!”, കൺസർവേറ്റിവ് നേതാവായിരുന്ന ചാർലി കേർക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അവതാരകൻ ജിമ്മി കിമ്മൽ നടത്തിയ പരാമർശം വിവാദമായതിനെ തുടർന്ന്, അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചതായി ABC അഫിലിയേറ്റ് ഗ്രൂപ്പായ നെക്സ്റ്റാർ അറിയിച്ചു. കിമ്മലിന്റെ പരാമർശങ്ങളെ “ആഘാതകരവും അനുചിതവും” എന്നാണ് നെക്സ്റ്റാർ വിശേഷിപ്പിച്ചത്. വാൾട്ട് ഡിസ്നി യുടെ (Walt Disney) ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ചാനൽ ആണ് ABC.
അടുത്തിടെ നടന്ന ഒരു പരിപാടിയിൽ കിമ്മൽ ആത്മഗതമെന്നോണം നടത്തിയ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്. “കഴിഞ്ഞ വാരാന്തത്തിൽ അമേരിക്ക അധഃപതനത്തിന്റെ അടിത്തട്ട് തൊട്ടിരിക്കുന്നു, MAGA ഗാങ്ങ് ചാർലി കേർക്കിനെ വധിച്ച ഈ കുട്ടിയെ അവരിൽ ഒരാളല്ലാത്തവനായി ചിത്രീകരിക്കാൻ തീവ്രമായി ശ്രമിക്കുകയും, അതിൽ നിന്ന് രാഷ്ട്രീയ ലാഭം കൊയ്യാൻ തങ്ങളാലാവതെല്ലാം ചെയ്തു.” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അതേസമയം, അമേരിക്കൻ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (FCC) ചെയർമാൻ ബ്രെൻഡൻ കാർ, എബിസിക്കും മാതൃകമ്പനിയായ ഡിസ്നിക്കും എതിരായി നടപടി പരിഗണിക്കുമെന്ന് സൂചിപ്പിച്ച പശ്ചാത്തലത്തിലാണ് ABC ഈ നടപടിക്ക് മുതിർന്നത്. പ്രസിഡന്റ് ട്രംപിന്റെ ഭാഗത്ത് നിന്നും തുടർ സമ്മർദ്ദങ്ങൾ ABC ക്ക് മേൽ ഉണ്ടായിരുന്നതായും, ചാനലിന്റെ ലൈസൻസ് റദ്ദു ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കാൻ FCC ക്ക് അദ്ദേഹം നിർദ്ദേശം നൽകിയിരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കിമ്മലിന്റെ പരാമർശം സംബന്ധിച്ച CBC റിപ്പോർട്ട് കാണുവാന്നുള്ള ലിങ്ക് ചുവടെ:
https://www.cbc.ca/player/play/video/9.6907291
