ന്യൂയോർക്ക്: ഗൂഗിളിന്റെ മാതൃകമ്പനിയായ അൽഫബെറ്റ് ചരിത്രത്തിൽ 3 ട്രില്യൺ ഡോളർ മാർക്കറ്റ് ക്യാപ്പ് കൈവരിക്കുന്ന നാലാമത്തെ കമ്പനിയായി. ആപ്പിൾ, മൈക്രോസോഫ്റ്റ്, എൻവിഡിയ എന്നിവയ്ക്ക് പിന്നാലെയാണ് അൽഫബെറ്റ് ഈ നേട്ടം സ്വന്തമാക്കിയത്.
തിങ്കളാഴ്ച കമ്പനിയുടെ ഓഹരികൾ 4 ശതമാനത്തിലേറെ ഉയർന്നതോടെ വിപണി മൂല്യം 3 ട്രില്യൺ കടന്നു. സെപ്റ്റംബർ ആദ്യം വന്ന യു.എസ്. ആന്റിട്രസ്റ്റ് കോടതി വിധിയാണ് ഓഹരി വില ഉയരാൻ പ്രധാന കാരണമായത്.
യു.എസ്. ജസ്റ്റിസ് ഡിപ്പാർട്മെന്റ് (DOJ) ഗൂഗിളിനെ ക്രോം ബ്രൗസർ വിറ്റഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതുപോലെ, 2024-ൽ ഒരു ജില്ലാ കോടതി ഗൂഗിളിന് സെർച്ച്, പരസ്യ മേഖലയിലെ അനധികൃത ഏകാധിപത്യം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ജഡ്ജി അമിത് മേത്ത കർശനമായ ശിക്ഷകൾ ഒഴിവാക്കിയതോടെ ഓഹരി ഉടമകൾ ആശ്വാസം നേടി. ഇതേത്തുടർന്നു കമ്പനിയുടെ ഓഹരികൾ ചരിത്രത്തിലെ ഉയർന്ന നിരക്കിലേക്ക് ഉയർന്നു.
ഗൂഗിൾ സെർച്ച്, യൂറ്റ്യൂബ്, ആൻഡ്രോയിഡ്, ക്ലൗഡ് ഡിവിഷൻ എന്നിവയിലൂടെ വൻ വരുമാനം നേടുന്ന അൽഫബെറ്റ്, ഇപ്പോൾ ഗ്ലോബൽ ടെക്ക് ഇക്കോണമിയിലെ കേന്ദ്രകഥാപാത്രമായി മാറിയിരിക്കുകയാണ്.
