ശക്തമായ ഭാഷയിൽ, ഓരോ കഥാപാത്രവുമായും കഥയുമായും വായനക്കാരെ ആഴത്തിൽ ബന്ധിപ്പിക്കുന്ന 14 മികച്ച കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. വായനക്കാരനെ ആദിമധ്യാന്തം ഇത്തരത്തിൽ കഥയോട് കൊരുക്കുന്ന അതിശയകരമായ രചനാപാടവത്തിനും ഈ സമാഹാരം പ്രശംസ അർഹിക്കുന്നു. സമൂഹത്തെ പ്രതിബിംബിപ്പിക്കുന്ന കണ്ണാടിയാകുന്ന ഈ കഥകൾ, മനസ്സിനെ അലട്ടുന്ന പല വിഷയങ്ങളും സത്യസന്ധതയോടെ അവതരിപ്പിക്കുന്നു.
പല കഥകളും സാമൂഹിക ചട്ടക്കൂടിന്റെ അടിച്ചമർത്തലിനെ ചോദ്യം ചെയ്യുന്നു. മാനസിക രോഗബാധിതരും വേശ്യാവൃത്തിയിലേർപ്പെട്ട സഹോദരിമാരുമായ രണ്ട് കഥാപാത്രങ്ങളുടെ കഥ ഇതിന് ഉത്തമ ഉദാഹരണമാണ്. കുടുംബം, തൊഴിൽ, സാമൂഹിക പ്രതീക്ഷകൾ എന്നിവയുടെ ചങ്ങലകളാൽ തങ്ങളുടെ ജീവിതങ്ങൾ ബന്ധിക്കപ്പെടാൻ അനുവദിക്കാതെ, അവർ തങ്ങളുടേതായ രീതിയിൽ ജീവിക്കാൻ തീരുമാനിക്കുന്നു. സാമൂഹിക കീഴ്വഴക്കങ്ങളോട് കീഴ്പ്പെടാതിരിക്കുകയോ ആത്മഹത്യ ചെയ്യാതിരിക്കുകയോ ചെയ്യുന്ന അവരുടെ തീരുമാനം ഒരു ശക്തമായ സന്ദേശം നൽകുന്നു: ആത്മഹത്യ ഒരിക്കലും ഒന്നിനും പരിഹാരമല്ല; സ്വയം നിർവചിക്കുന്ന സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ധീരതയുടെ പ്രതീകമാണ്.
കുട്ടികൾ അനുഭവിക്കുന്ന ലൈംഗിക ചൂഷണത്തിന്റെ ഇരുണ്ട പുറങ്ങളെയും ഈ സമാഹാരം സധീരം കൈകാര്യം ചെയ്യുന്നു. മിക്കപ്പോഴും അവർ ഏറ്റവും വിശ്വസിക്കുന്നവരാണ് അവരോട് അതിക്രമങ്ങൾ ചെയ്യുന്നത്. മതാധികാരികളും സമൂഹവും കുത്തിവയ്ക്കുന്ന പാപഭയത്താൽ ഇരകൾ പ്രതികരിക്കാതെ പോകുന്ന സംഭവങ്ങളും ഈ കഥകൾ എടുത്തു കാണിക്കുന്നു. ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിൽ സമൂഹം അമ്പേ പരാജയപ്പെടുന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. കാനഡയിലും അത് പോലെയുള്ള രാജ്യങ്ങളിലും ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ അനുചിതമായ സ്പർശനം (good touch and bad touch) തിരിച്ചറിയാനും, റിപ്പോർട്ട് ചെയ്യാനും, ശരീരഭാഗങ്ങളെ ശരിയായ പേർ ചൊല്ലി വിളിക്കുവാനും പഠിക്കുന്നു. കഥയിലെ വിവക്ഷിത കഥാപാത്രങ്ങൾക്ക് ഈ അറിവ് ഉണ്ടായിരുന്നെങ്കിൽ, സഹായം തേടാനുതകുന്ന വാക്കുകൾ അവർ കണ്ടെത്തുമായിരുന്നിരിക്കാം. ഇത്തരം പുരോഗമന വിദ്യാഭ്യാസ പാഠ്യപദ്ധതികൾക്ക് എതിരെ ഏറ്റവും കടുത്ത എതിർപ്പ് വരുന്നത് മതപുരോഹിതന്മാരിൽ നിന്നാണ് എന്നത് ഒരു വൈരുദ്ധ്യം തന്നെ!
കുടുംബങ്ങളും ബന്ധങ്ങളും പശ്ചാത്തലമായി വരുന്ന ഈ കഥകൾ കുടുംബങ്ങളിലെ നിലവിലുള്ള പ്രവണതകൾക്കെതിരെ കടുത്തവിമർശനങ്ങൾ തന്നെ നടത്തുന്നു. മക്കളോടുള്ള സ്നേഹാധിക്യത്താൽ തങ്ങൾ കഷ്ടപ്പെട്ട് നേടിയ സ്വത്തുവകകൾ മക്കൾക്ക് എഴുതികൊടുത്ത ശേഷം അവരാൽ തിരസ്കൃതരാകുന്ന മാതാപിതാക്കളെ ഇവ ചിത്രീകരിക്കുന്നു. വാഗ്ദത്തമായിട്ടുള്ള സ്വർഗ്ഗത്തിന് മുൻഗണന നൽകി ഈ ഭൂമിയിലെ ജീവിതത്തിന്റെ ക്ഷേമത്തെ അവഗണിക്കുന്ന സമൂഹം; മതത്തിന്റെയും സംസ്കാരത്തിന്റെയും വികൃതമായ വ്യാഖ്യാനങ്ങൾ കൂട്ടുപിടിച്ച് അനുചിതമായി സ്വയം ന്യായീകരിച്ച് മാതാപിതാക്കളെ നടതള്ളുന്ന മക്കൾ… വടക്കേ ഇന്ത്യൻ സമൂഹത്തിൽ ഇത്തരം ദുഷ്പ്രവണതകൾ വൃദ്ധരായ മാതാപിതാക്കൾക്ക് നരകതുല്യ യാതനകൾ സമ്മാനിച്ചിട്ടുള്ള അനുഭവങ്ങൾ നിരവധിയാണ്. ഇത്തരം പശ്ചാത്തലത്തിലാണ് ഒരു നായയുടെ നിരുപാധിക വിശ്വസ്തത—സ്നേഹവും താമസസൗകര്യവും മാത്രം ആവശ്യപ്പെടുന്ന ഒരു സുഹൃത്ത്—യഥാർത്ഥ സൗഹൃദത്തിന്റെ, ഹൃദയസ്പൃക്കായ സ്നേഹത്തിന്, നേർസാക്ഷ്യമാകുന്നത്. ജീവിതപങ്കാളിയെ നഷ്ടപ്പെട്ട് ഏകരായി ജീവിക്കുന്ന മാതാപിതാക്കളുടെ വീക്ഷണകോണിലൂടെയാണ് “നഷ്ടം” എന്ന ആശയം കൂടുതൽ പര്യവേക്ഷണം ചെയ്യപ്പെടുന്നത്. പ്രത്യേകിച്ച്, ജീവിതപങ്കാളിയുടെ മരണശേഷം, വിരസതയും നിസ്സഹായതയും മുറ്റി നിൽക്കുന്ന ഭർത്താവിന്റെ അവസ്ഥ.
ആധുനിക ലോകത്തെയും ഈ കഥകളിലൂടെ സൂക്ഷ്മപരിശോധന ചെയ്യുന്നുണ്ട് കഥാകാരി. വായിക്കാത്ത ഒരു വ്യക്തിക്ക് ഫലപ്രദമായി എഴുതാൻ കഴിയില്ലെന്ന് ഇത് ഊന്നിപ്പറയുന്നു. എല്ലാ തരത്തിലുമുള്ള വായന ലോകത്തിലേക്കുള്ള ജാലകങ്ങൾ തുറക്കുന്നത് എങ്ങനെയെന്ന് എടുത്തു കാണിക്കുന്നു. ഓരോ പോസ്റ്റും ഡിജിറ്റൽ ലോകത്തിന്റെ ഭാഗമാകുന്ന സോഷ്യൽ മീഡിയ കാലത്ത്, ലൈക്കുകൾക്കും കമന്റുകൾക്കുമായുള്ള ത്വര യഥാർത്ഥ അനുഭവങ്ങൾ നഷ്ടമാക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നുണ്ട്.
പല കഥകളിലും കുടുംബങ്ങളിലുള്ള ആഴമേറിയ ആശയവിനിമയത്തിന്റെ അഭാവം എടുത്തുകാട്ടുന്നു. സാംസ്കാരിക-മത-സാമൂഹിക പക്ഷപാതിത്ത്വങ്ങൾ പലപ്പോഴും മാതാപിതാക്കളെ അവരുടെ മക്കളുടെ ജീവിതരീതികൾക്കെതിരെ, പ്രത്യേകിച്ച് അവർ വ്യത്യസ്ത രാജ്യങ്ങളിൽ വളരുമ്പോൾ, മോശമായി പ്രതികരിക്കാൻ കാരണമാകുന്നു. മതിയായ ഗവേഷണം നടത്താതെ കാനഡയിലുള്ള പുരുഷനുമായി മക്കളുടെ വിവാഹം ഏർപ്പാട് ചെയ്യുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പും ഈ കൃതികളിലുണ്ട്. വിദേശത്ത് സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരായ യുവതീയുവാക്കൾക്ക് അവർ താമസിക്കുന്ന രാജ്യങ്ങളിലെ മനുഷ്യരിൽനിന്നും (ഇന്ത്യക്കാരും വിദേശികളും ഉൾപ്പെടെ) ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നിരിക്കെ, നാട്ടിൽ നിന്നും പങ്കാളിയെ തിരയുന്നവർക്ക് എന്തോ മറയ്ക്കുവാനുണ്ട് എന്ന സൂചനയും നൽകുന്നുണ്ട്.
അവസാനമായി, പുസ്തകത്തിന്റെ ശീർഷകത്തിന് ഹേതുവായ കഥ, യേശുവിന്റെ ശിഷ്യന്മാരെ സംബന്ധിച്ച ചരിത്രത്തിന്റെ ഒരു സമാന്തര പുനരാഖ്യാനമാണ്. കർത്താവിന്റെ ശിഷ്യരിൽ രണ്ടുപേർ മാത്രമേ വിദ്യാഭ്യാസം നേടിയിട്ടുള്ളൂ: തോമസ്, തച്ചൻ; യൂദാസ്, അക്കൗണ്ടന്റ്, കർത്താവിന്റെ ഖജാൻജി. മറ്റ് പത്തു പേർ മത്സ്യത്തൊഴിലാളികളായിരുന്നു. ഈ കാഴ്ചപ്പാടിൽ, യൂദാസ് വെറും ഒരു വില്ലനല്ല, മറിച്ച് ഒരു ബുദ്ധിമാനായ ശിഷ്യനാണ്. തിരുവചനങ്ങൾ നിറവേറ്റാൻ കർത്താവു വിശ്വസിച്ചത് യൂദാസിനിയാണ്. പത്രോസും ശിഷ്യന്മാരും യൂദാസിനെ ബലിയാടാക്കി. ‘സംശയിക്കുന്ന’ തോമസ്സിനെ കിഴക്കോട്ട് അയച്ചു; ബാക്കി ശിഷ്യന്മാർ പടിഞ്ഞാറോട്ടും. സംശയക്കാരനെ കൂടെ കൂട്ടിയാൽ കഥകൾ നെയ്തെടുക്കാനാവില്ലല്ലോ!
ഈ കഥകൾ മാനവികതയുടെ ആഴമേറിയ വശങ്ങൾ—ലൈംഗിക ദുരുപയോഗം (sexual abuse) മുതൽ ഏകാന്തത വരെ; വിശ്വാസം മുതൽ സ്വാതന്ത്ര്യം വരെ— പ്രതിപാദിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒരു വിശാലമായ ക്യാൻവാസ് രൂപപ്പെടുത്തുന്നു. അനുവാചകന്റെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിക്കാൻ പോന്നതാണ് ഈ മനോഹര കൃതി.

Book available at Akkaldhamayile Silpi Paranja Katha, Saikatham Books, Kerala Book Publishers
