ടൊറോണ്ടോ, കാനഡ: ഒന്റാരിയോയുടെ റസിഡൻഷ്യൽ ടെനൻസീസ് ആക്ടിൽ വലിയ മാറ്റങ്ങൾ വരുത്തുന്ന വിവാദ നിയമം, ബിൽ 60, Fighting Delays, Building Faster Act — ക്വീൻസ് പാർക്കിൽ കഴിഞ്ഞ തിങ്കളാഴ്ച അന്തിമ വോട്ടെടുപ്പിൽ പാസായി. ഡഗ് ഫോർഡ് സർക്കാരിന്റെ ഈ തീരുമാനത്തെ തുടർന്ന് വാടകക്കാരുടെ അവകാശങ്ങൾ ദുർബലമാകുമെന്ന ആശങ്ക വിവിധ വാടകക്കാരുടെ സംഘടനകളും സിറ്റികളും പ്രതിപക്ഷവും ഉയർത്തുന്നു.
പുതിയ നിയമപ്രകാരം, “സ്വകാര്യ ഉപയോഗത്തിനായി” വാടകക്കാരനെ പുറത്താക്കുന്ന സാഹചര്യത്തിൽ, ഭൂമുടമകൾ ഇനി ഒരു മാസത്തെ വാടക നഷ്ടപരിഹാരമായി നൽകേണ്ടതില്ല; 120 ദിവസത്തെ മുൻകൂട്ടി നോട്ടീസ് നൽകുന്നതു മതിയാകും. വാടക ബാക്കി വന്നാൽ കേസ് ഫയൽ ചെയ്യുന്നതിനുള്ള നോട്ടീസ് കാലാവധിയും 14 ദിവസത്തിൽ നിന്ന് ഏഴ് ദിവസമായി ചുരുക്കുന്നു. കൂടാതെ, ലാൻഡ്ലോർഡ്-ടെനന്റ് ബോർഡ് (LTB) തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ വാടകക്കാരന് ലഭിക്കുന്ന കാലാവധിയും 30 ദിവസത്തിൽ നിന്ന് 15 ദിവസമായി കുറയ്ക്കപ്പെടുന്നു.
LTB-യുടെ വാടക ബാക്കി ലഭിക്കാനുള്ളത് സംബന്ധിച്ച കേസുകളിൽ വാടകക്കാർക്ക് പുതുതായി പ്രശ്നങ്ങൾ ഉയർത്തിക്കാണിക്കാൻ ഇനി സാധിക്കില്ല. പരിപാലന തകരാറുകൾ, പീഡനം എന്നീ വിഷയങ്ങൾ മുൻകൂട്ടി അറിയിച്ചിട്ടില്ലെങ്കിൽ അവ പ്രതിഷേധമായി ഉന്നയിക്കാൻ കഴിയില്ലെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു. ഇതുവഴി വാടകക്കാരുടെ പ്രതിരോധ സാധ്യതകൾ കുറയുന്നുവെന്ന് വിമർശകർ പറയുന്നു.
ബിൽ 60-നെ വേഗത്തിൽ പാസാക്കാൻ ഫോർഡ് സർക്കാർ സമയം അനുവദിക്കുന്ന (time allocation) നടപടി ഉപയോഗിച്ച് പൊതുയോഗങ്ങളും കമ്മറ്റി ചര്‍ച്ചകളും ഒഴിവാക്കി. ടൊറോണ്ടോ സിറ്റി കൗൺസിൽ ഈ മാസം ബിൽ 60-നെ ഔപചാരികമായി എതിർക്കാൻ വോട്ട് ചെയ്തിരുന്നു. ഈ മാറ്റങ്ങൾ കൂടുതൽ ആളുകളെ ഭവനരഹിതരാക്കുമെന്നും നഗരത്തിന്റെ സാമൂഹ്യസേവന സംവിധാനങ്ങൾ സമ്മർദ്ദത്തിലാകും എന്നും കൗൺസിലർമാർ മുന്നറിയിപ്പ് നൽകി.
ഒന്റാരിയോയുടെ ഹൗസിംഗ് മന്ത്രി റോബ് ഫ്ലാക്ക്, നിയമനടപടികൾ ദുരുപയോഗം ചെയ്യുന്നവരെ ഉത്തരവാദിത്വത്തിൽ കൊണ്ടുവരാനും വാടകവിപണിയിൽ “സന്തുലിതാവസ്ഥ” പുനഃസ്ഥാപിക്കാനുമാണ് ബിൽ 60 സഹായിക്കുന്നതെന്ന് സർക്കാർ നിലപാട് ആവർത്തിച്ചു. എന്നാൽ പ്രതിപക്ഷവും വാടകക്കാരുടെ സംഘടനകളും ഈ വാദം തള്ളിക്കളയുന്നു. ബിൽ പാസായ ദിവസം “ഒന്റാരിയോയ്ക്കുള്ള ഒരു ലജ്ജാകരമായ ദിനം” എന്നാണ് ഒന്റാരിയോ എൻഡിപി പ്രതികരിച്ചത്.
ബിൽ 60-യിലെ ഏറ്റവും വിവാദമായ നിർദ്ദേശങ്ങളിൽ ഒന്നായ “സെക്യൂരിറ്റി ഓഫ് ടെന്യർ” (വാടകക്കാർ കരാറിന്റെ നിബന്ധനകൾ പാലിക്കുന്നതുവരെ വീട്ടിൽ തുടരാനുള്ള അവകാശം) അവസാനിപ്പിക്കാനുള്ള പദ്ധതിയും പൊതുപ്രതിഷേധത്തെ തുടർന്ന് സർക്കാർ പിന്‍വലിച്ചു. ഇതു വാടകനിയന്ത്രണം പൂർണമായും ഇല്ലാതാക്കും എന്നു വിമർശകർ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം അവസാനം മന്ത്രി ഫ്ലാക്ക് ഈ നിർദ്ദേശം സർക്കാർ മുന്നോട്ടു കൊണ്ടുപോകില്ലെന്ന് വ്യക്തമാക്കിയിരുന്നു.
