2025-26 അദ്ധ്യയന വർഷത്തിൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) അംഗീകരിച്ച സർവകലാശാലകളിലോ സ്ഥാപനങ്ങളിലോ റെഗുലർ/ഫുൾടൈം ഗവേഷണം നടത്തുന്ന കേരളീയരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ചീഫ് മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ് ഫോർ മൈനോറിറ്റീസ്’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് ഈ അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 രൂപ നിരക്കിൽ ഒരു വർഷത്തേക്ക് ആകെ 2,40,000 രൂപയാണ് ഫെലോഷിപ്പായി അനുവദിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ സർവകലാശാലകളുടെയോ മറ്റ് ഫെലോഷിപ്പുകളോ ആനുകൂല്യങ്ങളോ ലഭിക്കാത്ത ഗവേഷകരായിരിക്കണം അപേക്ഷകർ. വിജ്ഞാപനം പുറപ്പെടുവിക്കുന്ന വർഷം രജിസ്റ്റർ ചെയ്ത ഫുൾടൈം വിദ്യാർത്ഥികൾക്കും ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായാണ് ഫെലോഷിപ്പിനായി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ബി.പി.എൽ (BPL) വിഭാഗത്തിൽപ്പെട്ടവർക്ക് തിരഞ്ഞെടുപ്പിൽ മുൻഗണനയുണ്ട്. മതിയായ ബി.പി.എൽ അപേക്ഷകർ ഇല്ലാത്ത പക്ഷം എട്ടു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ (APL) വിഭാഗക്കാരെയും പരിഗണിക്കും. പദ്ധതിയുടെ ആകെ ഫെലോഷിപ്പുകളിൽ 30 ശതമാനം പെൺകുട്ടികൾക്കും 5 ശതമാനം ഭിന്നശേഷിക്കാർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. അർഹരായ പെൺകുട്ടികളുടെ അഭാവത്തിൽ മാത്രമേ ആൺകുട്ടികളെ ആ സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ. അപേക്ഷകർ ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉള്ളവരും 40 വയസ്സിൽ താഴെ പ്രായമുള്ളവരും ആയിരിക്കണം.
താല്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം 2026 ജനുവരി 15-നകം ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. അപേക്ഷകൾ നേരിട്ടോ ‘ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം -33’ എന്ന വിലാസത്തിൽ തപാൽ മുഖേനയോ സമർപ്പിക്കാം. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2300523, 2300524, 2302090 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
