ബോഗോട്ട: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘അനധികൃത മയക്കുമരുന്ന് നേതാവ്’ എന്ന ആരോപണത്തിന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. ഒക്ടോബർ 19, 2025-ന് X-ൽ (മുൻപ് ട്വിറ്റർ) പോസ്റ്റ് ചെയ്ത സന്ദേശത്തിൽ, ട്രംപിനെ “പരുഷമായി പെരുമാറുന്നവനും അജ്ഞനും” – എന്നും വിശേഷിപ്പിച്ച പെട്രോ, കൊളംബിയയുടെ സംസ്കാരത്തോടുള്ള ട്രംപിന്റെ പെരുമാറ്റം അവഹേളനപരമാണെന്ന് ആരോപിച്ചു.
“ശ്രീമാൻ ട്രംപ്, കൊളംബിയ ഒരിക്കലും യുഎസിനോട് അപമര്യാദയോടെ പെരുമാറിയിട്ടില്ല; മറിച്ച്, അതിന്റെ സംസ്കാരത്തെ വളരെയധികം ആദരിച്ചിട്ടുണ്ട്. പക്ഷേ, താങ്കളുടെ വാക്കുകൾ പരുഷവും കൊളംബിയയെക്കുറിച്ച് അജ്ഞത നിറഞ്ഞതുമാണ്,” പെട്രോ X-ൽ കുറിച്ചു. അദ്ദേഹം ട്രംപിനോട്, കൊളംബിയയിലെ യുഎസ് ചാർജ് ഡി അഫയറിനെപ്പോലെ ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങൾ (Cien Años de Soledad) വായിക്കാൻ ഉപദേശിക്കുകയും, അതിലൂടെ “ഏകാന്തതയെക്കുറിച്ച്” എന്തെങ്കിലും പഠിക്കാമെന്ന് പരിഹസിക്കുകയും ചെയ്തു.
തന്റെ സോഷ്യലിസ്റ്റ് ആദർശങ്ങൾ ഊന്നിപ്പറഞ്ഞ പെട്രോ, “ഞാൻ താങ്കളെ പോലെ ഒരു കച്ചവടക്കാരനല്ല. ഞാൻ ഒരു സോഷ്യലിസ്റ്റാണ്. ജനക്ഷേമത്തിലും മനുഷ്യരാശിയുടെ പൊതു നന്മയിലും, പ്രത്യേകിച്ച് മാനവിക സ്നേഹത്തിലും, ഞാൻ വിശ്വസിക്കുന്നു. താങ്കളുടെ പെട്രോളിയം വ്യവസായം ഞങ്ങളുടെ ജീവനുകളെ അപകടത്തിലാക്കുന്നു,” എന്ന് അദ്ദേഹം വിമർശിച്ചു. ട്രംപിന്റെ ആരോപണത്തെ നേരിട്ട് തള്ളിക്കളഞ്ഞ അദ്ദേഹം, “ഞാൻ ഒരു വ്യാപാരിയല്ല, പിന്നെങ്ങനെ ഒരു മയക്കുമരുന്ന് വ്യാപാരിയാകും? എന്റെ ഹൃദയത്തിൽ അത്യാഗ്രഹമില്ല. അത്യാഗ്രഹവുമായി എനിക്ക് ഒരിക്കലും പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല,” എന്ന് വ്യക്തമാക്കി.
തന്റെ നിലപാട് ഊന്നിപ്പറഞ്ഞ ഗുസ്താവോ, “ഒരു മാഫിയക്കാരൻ കാപിറ്റലിസത്തിന്റെ അനിവാര്യതയായ അത്യാഗ്രഹത്തെ പ്രതിനിധീകരിക്കുന്നു. ഞാനാകട്ടെ, അതിന്റെ വിപരീതമാണ്— ജീവന്റെ ആരാധകനും, അതിനുവേണ്ടി പോരാടുന്ന ഒരു സഹസ്രാബ്ദ യോദ്ധാവുമാണ്. അത്യാഗ്രഹം ഞങ്ങളിൽ നിന്നോടിയകലുന്നു, കാരണം ജീവൻ അതിനേക്കാൾ ശക്തമാണ്,” എന്നും X – ഇൽ കുറിച്ചു.
ഈ പ്രതികരണം, ട്രംപിന്റെ ആരോപണങ്ങളോടും യുഎസിന്റെ കൊളംബിയയ്ക്കുള്ള ഫണ്ടിങ് വെട്ടിക്കുറയ്ക്കൽ പ്രഖ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ, ഉഭയകക്ഷി ബന്ധങ്ങളിൽ കൂടുതൽ പിരിമുറുക്കം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. പെട്രോയുടെ പോസ്റ്റ് ഇതിനോടകം 16,000-ലധികം ലൈക്കുകളും 4,800-ലധികം റീപോസ്റ്റുകളും നേടി. കൊളംബിയയിലും അന്താരാഷ്ട്ര തലത്തിലും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ഈ സംഭവം, ലാറ്റിൻ അമേരിക്കയിലെ മയക്കുമരുന്ന് വിരുദ്ധ പോരാട്ടങ്ങളിലും ഉഭയകക്ഷി ബന്ധങ്ങളിലും പുതിയ അധ്യായം തുറക്കുമെന്നാണ് വിദഗ്ധാഭിപ്രായം.
