സൈബർ ക്രൈം സീരീസ് – Part: 3 അവസാന ഭാഗം.
ചാറ്റ് ജി പിടി പോലെ ഉള്ള ലാർജ് ലാംഗ്വേജ് മോഡലുകളുടെയും അടുത്തിടെ പുറത്തിറങ്ങിയ ഡീപ് സീക് പോലെ ഉള്ള ഓപ്പൺ സോഴ്സ് മോഡലുകളുടെയും വരവോടു കൂടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൈബർ കുറ്റകൃത്യങ്ങളെ മറ്റൊരു തലത്തിലേക്ക് ആണ് കൊണ്ട് ചെന്നെത്തിക്കുന്നത്. ആർട്ടീഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകളിൽ ഉണ്ടായ പുരോഗതിയിലൂടെ സൈബർ കുറ്റവാളികൾക്ക് മാൽവെയറുകളും പ്രോഗ്രാമുകളും എല്ലാം വളരെ എളുപ്പത്തിൽ വികസിപ്പിക്കാനും ഉപയോഗിക്കാനുമുള്ള അവസരം കൂടി ഒരുങ്ങിയിരിക്കുകയാണ്. ചാറ്റ് ജി പി ടിയോട് ഒരു മാൽവെയർ പ്രോഗ്രാം ഉണ്ടാക്കിത്തരാൻ പറഞ്ഞാൽ ചാറ്റ് ജി പി ടി അത് നിരസിക്കും. ഒരാളുടെ സോഷ്യൽ മീഡിയാ പ്രൊഫൈൽ ലിങ്ക് നൽകിക്കൊണ്ട് അയാളുടെ സ്വഭാവ സവിശേഷതകൾ വിശകലനം ചെയ്ത് റിപ്പൊർട്ട് ഉണ്ടാക്കിത്തരാൻ ആവശ്യപ്പെട്ടാൽ ലഭിക്കുകയില്ല. കാരണം സദുപയോഗങ്ങൾക്ക് മാത്രമായി വിവരങ്ങൾ നൽകുക എന്ന നിലയ്ക് ഒരു ധാർമ്മികതയുടെ അരിപ്പ കൂടി ചാറ്റ് ജി പി ടി പോലെ ഉള്ള ലാർജ് ലാംഗേജ് മോഡൽ ചാറ്റ് ബോട്ടുകളിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. പക്ഷേ ഡീപ് സീക് പോലെ ഉള്ള ഓപ്പൺ സോഴ്സ് മോഡലുകൾ വന്നതോടെ ഏതൊരാൾക്കും ഈ മോഡലുകൾ ഒരു ധാർമ്മികതയുടെയും ഭാരമില്ലാതെ സ്വന്തം സെർവ്വറുകളിൽ ഹോസ്റ്റ് ചെയ്ത് ഉപയോഗിക്കാനും എന്ത് ജോലി വേണമെങ്കിലും ചെയ്യിക്കാനുമുള്ള ഒരു അവസരമാണ് വന്ന് ചേർന്നിരിക്കുന്നത്. അതായത് സ്വന്തം കമ്പ്യൂട്ടറിലോ സെർവ്വറിലോ ഹോസ്റ്റ് ചെയ്ത ഈ ലാർജ് ലാംഗേജ് മോഡലിനെക്കൊണ്ട് മാൽവെയറുകൾ ഉണ്ടാക്കാനും സോഫ്റ്റ് വേർ കോഡുകളിലെ പഴുതുകൾ കണ്ടെത്തി ദുരുപയോഗം ചെയ്യാനും സങ്കീർണ്ണമായ സൈബർ ആക്രമണങ്ങൾ നടത്താനുമൊക്കെ കാര്യമായ സാങ്കേതിക പരിജ്ഞാനമൊന്നുമില്ലാത്ത ഒരാൾക്ക് പോലും കഴിയും എന്നത് സൈബർ സുരക്ഷാ രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ഇതിനകം തന്നെ ഫ്രോഡ് ജിപിടി, വോം ജിപിടി തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഉപകരണങ്ങളായി ഉപയോഗിക്കാൻ കഴിയുന്ന ലാർജ് ലാംഗേജ് മോഡലുകൾ ഒരു സബ്സ്ക്രിപ്ഷൻ സർവീസ് ആയി തന്നെ ഡാർക്ക് വെബ്ബിൽ ലഭിക്കാൻ തുടങ്ങി എന്നത് ഇതിന്റെ ഭീകരത വ്യക്തമാക്കുന്നു.
വീഡിയോ എഡിറ്റിംഗ്, മോർഫിംഗ് തുടങ്ങിയവയെല്ലാം വളരെ സങ്കീർണ്ണമായതും വിലയേറിയതുമായ സോഫ്റ്റ്വെയറുകളൂടെ സഹായത്തോടെ നല്ല സാങ്കേതിക വൈദഗ്ദ്യവും കലാപരമായ കഴിവുകൾ ഉണ്ടെങ്കിൽ മാത്രം സാദ്ധ്യമായിരുന്നതാണെങ്കിൽ ഇപ്പോൾ നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യകൾ വന്നതൊടെ ചിത്രം പൂർണ്ണമായും മാറിക്കഴിഞ്ഞിരിക്കുന്നു. ഏതാനും മൗസ് ക്ലിക്കുകളിലൂടെ തന്നെ ഇത്തരം കാര്യങ്ങൾ ചെയ്യാമെന്ന് വന്നതോടെ ഡീപ് ഫേക്ക് വീഡിയോകൾ വളരെ വ്യാപകമായി. താരതമ്യേന സാങ്കേതിക വൈദഗ്ദ്യം കുറഞ്ഞവരും അതേ സമയം സോഷ്യൽ എഞ്ചിനീയറിംഗ് മാർഗ്ഗങ്ങൾ തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്നവർക്കും വളരെ ശക്തമായ ആയുധങ്ങൾ ആണ് എ ഐ ടൂളുകളിലൂടെ കൈവന്നിരിക്കുന്നത്.
ഇതുകൊണ്ടെല്ലാം സൈബർ കുറ്റാന്വേഷകർക്ക് കനത്ത വെല്ലുവിളികൾ ആണ് നിർമ്മിത ബുദ്ധി അധിഷ്ഠിത സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ നേരിടേണ്ടി വരിക. എങ്കിലും ഇത് ഒരിക്കലും അവസാനിക്കാത്ത കള്ളനും പോലീസും കളി ആയതിനാൽ സൈബർ കുറ്റാന്വേഷകരെ സഹായിക്കുന്ന രീതിയിലും നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുന്നുമുണ്ട്. കുറ്റവാളികൾക്ക് അപ്രാപ്യമായ ഡാറ്റാ സെറ്റുകൾ ഉപയോഗിച്ച് പരിശീലിപ്പിച്ചും ശരിയായ “പ്രോംപ്റ്റ് എഞ്ചിനീയറിംഗിലൂടെയും” മറ്റും ഇതേ മോഡലുകളെ തന്നെ കുറ്റവാളികൾക്ക് ഒരു മുഴം മുന്നിൽ ഓടുന്ന രീതിയിൽ രൂപപ്പെടുത്തി എടുക്കാവുന്നതാണ്.
ഇങ്ങനെ നിർമ്മിത ബുദ്ധിയുടെ അനന്ത സാദ്ധ്യതകൾ കുറ്റകൃത്യങ്ങൾ തടയാനും കണ്ടുപിടിക്കാനുമൊക്കെ ഉപകരിക്കുമെന്ന് ഈ അടുത്ത കാലത്ത് കേരളാ പോലീസ് തന്നെ തെളിയിച്ചതാണല്ലോ. 2006 ൽ കൊല്ലം അഞ്ചലിൽ നടന്ന യുവതിയുടെയും ഇരട്ടക്കുട്ടികളൂടെയും കൊലപാതകത്തിൽ കൊലപാതകികളെ പെട്ടെന്ന് തന്നെ തിരിച്ചറിയാൻ കഴിഞ്ഞെങ്കിലും വളരെ വിദഗ്ദമായി അവർ രക്ഷപ്പെടുകയും ഇത്രയും കാലം ഒളിവിൽ കഴിയുകയുമാണ് ഉണ്ടായത്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം പോലീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകളൂടെ സഹായത്താൽ വർഷങ്ങൾക്കിപ്പുറം പ്രതികളുടെ മുഖം പുനസൃഷ്ടിക്കുകയും അവയെ സോഷ്യൽ മീഡിയയിലും മറ്റുമുള്ള ചിത്രങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് പ്രതികളിലേക്ക് എത്തിച്ചേരാൻ കഴിയുകയും ചെയ്തു. പ്രതികളെ തിരിച്ചറിയാനുള്ള രേഖാ ചിത്രങ്ങൾ വരയ്ക്കുന്നതെല്ലാം മുൻകാലങ്ങളിൽ വളരെ ശ്രമകരമായ, രേഖാ ചിത്രകാരന്റെ കഴിവുകളെ ആശ്രയിച്ചിരിക്കുന്നതുമായിരുന്നു എങ്കിൽ ഇക്കാലത്ത് നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ട് വലിയ കൃത്യതയോടെ തന്നെ രേഖാ ചിത്രങ്ങൾ നിർമ്മിച്ചെടുക്കാൻ കഴിയുന്നു. അതുപോലെ മുഖം മൂടി ധരിച്ചുള്ള കുറ്റവാളികൾ മുഖം മൂടി നീക്കം ചെയ്താൽ ഉള്ള മുഖം എത്തരത്തിൽ ആയിരിക്കുമെന്നും ഏത് തരത്തിലുള്ള പ്രച്ഛന്ന വേഷം ധരിച്ചാലും മുഖത്തിന്റെ അടിസ്ഥാനപരമായ ഘടന മാറാത്തതിനാൽ ഇമേജ് പ്രോസസ്സിംഗ് അൽഗോരിതങ്ങൾക്ക് യഥാർത്ഥ മുഖം കൃത്യതയോടെ തന്നെ കണ്ടെത്താനുമാകുന്നു.
സൈബർ ക്രൈം സീരീസിന്റെ ഒന്നാം ഭാഗം വായിക്കാനുള്ള ലിങ്ക് ചുവടെ:
കുട്ടികളും സൈബർ കുറ്റകൃത്യങ്ങളും
സൈബർ കുറ്റവാളികൾക്ക് അവരുടെ ലക്ഷ്യങ്ങളിലേക്ക് എത്താനുള്ള എറ്റവും എളുപ്പ മാർഗ്ഗങ്ങളിൽ ഒന്നാണ് കുട്ടികളെ ലക്ഷ്യമിടുക എന്നത്. കുട്ടികളുടെ നിഷ്കളങ്കത, അറിവും പക്വതയുമില്ലായ്മയും, ഭയം തുടങ്ങിയവയെ വളരെ എളുപ്പത്തിൽ ചൂഷണം ചെയ്യാൻ കഴിയും.
ഒരു ഐസ്ക്രീമോ ചോക്ലേറ്റോ നൽകിയാൽ തന്നെ മേൽ-കീഴ് നോട്ടമില്ലാതെ ആരുടെയും പിറകേ പോവുകയും അവർ ചോദിക്കുന്നതെന്തിനും സത്യസന്ധമായ ഉത്തരങ്ങൾ നൽകുകയുമൊക്കെ ചെയ്യുന്ന നിഷ്കളങ്കരായ കുട്ടികളെ കുറ്റവാളികൾ എക്കാലത്തും ദുരുപയോഗം ചെയ്ത് വന്നിരുന്നു. ഇപ്പോൾ ഇതിന്റെ തന്നെ സൈബർ പതിപ്പുകൾ നമുക്ക് കാണാൻ കഴിയാവുന്നതാണ്. സൈബർ ലോകത്തെ ചതിക്കുഴികൾ അത്ര എളുപ്പം മനസ്സിലാക്കാത്ത കുട്ടികൾ അജ്ഞാതരായ വ്യക്തികളുമായി ചങ്ങാത്തത്തിലാവുകയോ അല്ലെങ്കിൽ അവരുടെ ഭീഷണികൾക്ക് വഴങ്ങിയോ അവനവന്റെയും മാതാപിതാക്കളുടെയുമൊക്കെ വ്യക്തിവിവരങ്ങൾ കൈമാറി അപകടം ക്ഷണിച്ചു വരുത്താറുണ്ട്. പഠനത്തിന്റെ ഭാഗമായി മുതിർന്നവരേക്കാൾ കൂടൂതൽ ആയി ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികളുടെ കൈകളിലേക്ക് എത്തിയപ്പോൾ അതിനോട് ബന്ധപ്പെട്ട അപകട സാദ്ധ്യതകളും പതിന്മടങ്ങായി വർദ്ധിച്ചുവന്നു.
കുട്ടികളോടുള്ള അതിക്രമങ്ങളെക്കുറിച്ച് പറയുമ്പോൾ അമാൻഡ ടോഡ് എന്ന പതിനഞ്ച്കാരി കനേഡിയൻ പെൺകുട്ടിയുടെ ദുരന്ത കഥ എക്കാലത്തും ചർച്ചയാകാറുണ്ട്. ഇന്റർനെറ്റ് ചാറ്റ് റൂമുകളിലൂടെ അപരിചിതരുമായി സൗഹൃദം സ്ഥാപിക്കുന്നത് ഒരു ഹോബി ആയിരുന്ന അമാൻഡ അത്തരത്തിൽ ഒരാളുമായുള്ള സൗഹൃദത്തിനു വിലയായി നൽകേണ്ടി വന്നത് സ്വന്തം ജീവൻ തന്നെ ആയിരുന്നു. വർഷങ്ങളോളമുള്ള ചൂഷണത്തിന്റെയും ബ്ലാക് മെയിലിംഗിന്റെയും ഇരയായ അമാൻഡ തനിക്ക് പറ്റിയ അബദ്ധങ്ങൾ ഒരു യൂടൂബ് വീഡിയോ ആയി പോസ്റ്റ് ചെയ്ത് ഏതാനും ദിവസങ്ങൾക്കകം ജീവിതം അവസാനിപ്പിക്കുകയാണുണ്ടായത്. ഈ സംഭവം സൈബർ ബുള്ളിയിംഗിനെക്കുറിച്ചും സൈബർ ലോകത്ത് കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ചുമുള്ള വ്യാപകമായ ചർച്ചകൾക്കും നിയമ നിർമ്മാണങ്ങൾക്കും വഴി തെളിച്ചു.
കുട്ടികളോടുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഒരു ഡച്ച് ഗവണ്മെന്റ് ഇതര സംഘടന 2013 ൽ ഓപ്പറേഷൻ സ്വീറ്റി എന്ന പേരിൽ നടത്തിയ അന്വേഷണം ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്ത് കൊണ്ടുവന്നത്. സ്വീറ്റി എന്ന പേരുള്ള ഒരു കുട്ടിയുടെ പ്രൊഫൈൽ കൃത്രിമമായി നിർമ്മിച്ചുകൊണ്ട് കുട്ടികളെ ലക്ഷ്യമിട്ട് ഇന്റർനെറ്റിൽ പരതുന്നവരെ വലവീശിപ്പിടിക്കുക എന്നതായിരുന്നു ഓപ്പറേഷൻ സ്വീറ്റിയുടെ ലക്ഷ്യം. പത്തു വയസ്സുള്ള ഫിലിപ്പൈൻസുകാരി ആണെന്ന വ്യാജേന ഇന്റർനെറ്റ് ചാറ്റ് റൂമുകളിൽ കയറിയ സ്വീറ്റിയോട് ലോകത്തെമ്പാടുമുള്ള എഴുപതിലധികം രാജ്യങ്ങളിൽ നിന്നായി ഇരുപതിനായിരത്തിൽ അധികം ആളുകൾ ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയും മോശമായ രീതിയിൽ ഇടപെടുകയും ചെയ്തു. ഇതിൽ ആയിരത്തിലധികം പേരുടെ വ്യക്തമായ വിവരങ്ങൾ കൈക്കലാക്കിക്കൊണ്ട് അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഈ ദൗത്യത്തിലൂടെ കഴിഞ്ഞു എന്നതിനാൽ ഓപ്പറേഷൻ സ്വീറ്റി വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയുണ്ടായി. നമ്മുടെ കുഞ്ഞുങ്ങൾ ഈ സൈബർ ലോകത്ത് എത്രത്തോളം സുരക്ഷിതരല്ല എന്നതിന്റെ ഒരു നേർചിത്രമാണ് ഓപ്പറേഷൻ സ്വീറ്റിയിലൂടെ ലോകം കണ്ടത്.
വർഷങ്ങൾ പലത് പിന്നിട്ടെങ്കിലും സൈബർ ലോകത്ത് കുട്ടികളോടുള്ളതും കുട്ടികളെ ഉപയോഗിച്ചുള്ളതുമായ അതിക്രമങ്ങൾ കൂടി വരികയാണ്. സുരക്ഷാ ഭീഷണികൾ മുൻനിർത്തിക്കൊണ്ട് കുട്ടികളെ സൈബർ ലോകത്ത് നിന്ന് വിലക്കുകയും അകറ്റി നിർത്തുകയും പ്രായോഗികമല്ല എന്നതിനാൽ ചതിക്കുഴികളെക്കുറിച്ച് വ്യക്തമായ അവബോധം നൽകുകയും കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾക്ക് മുകളിൽ ഒരു കണ്ണ് ഉണ്ടാവുകയും അതിനായി സാങ്കേതികമായിത്തന്നെ ലഭ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുകയുമൊക്കെ ചെയ്താൽ ഒരു പരിധിവരെ നമ്മുടെ കുട്ടികൾക്ക് മുന്നിൽ സുരക്ഷിതമായിത്തന്നെ സൈബർ ജാലകങ്ങൾ തുറന്നിടാവുന്നതാണ്.
സൈബർ ക്രൈം സീരീസിന്റെ രണ്ടാം ഭാഗം വായിക്കാനുള്ള ലിങ്ക് ചുവടെ:
സൈബർ കുറ്റവാളികൾക്ക് ആവശ്യമായ വിവരങ്ങൾ എവിടെ നിന്ന് ലഭിക്കുന്നു ?ബ്രിട്ടീഷ് ഗണിതജ്ഞൻ ആയ ക്ലൈവ് ഹമ്പി ആണ് 2006 ൽ “ ഡേറ്റ ആണ് ആധുനിക കാലഘട്ടത്തിലെ എണ്ണ” (Data is the new oil) എന്ന പ്രയോഗം ആദ്യമായി നടത്തിയത്. യഥാർത്ഥത്തിൽ അദ്ദേഹം ഡേറ്റയെ ക്രൂഡ് ഓയിലുമായാണ് താരതമ്യം നടത്തിയത്. കുഴിച്ചെടുക്കുന്ന ക്രൂഡ് ഓയിൽ അതുപോലെ തന്നെ ഉപയോഗിക്കാൻ കഴിയില്ല, അതിനെ റിഫൈനറികൾ വഴി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന പെട്രോളും ഡീസലും വിമാന ഇന്ധനവുമൊക്കെ ആക്കി മാറ്റുന്നത് പോലെ തന്നെ വെറും ഡേറ്റകൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ല, പകരം ഡേറ്റയെ റിഫൈൻ ചെയ്തുകൊണ്ട് മാത്രമേ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റൂ എന്നാണ് അദ്ദേഹം സമർത്ഥിക്കാൻ ശ്രമിച്ചത്. എന്നാൽ ഇക്കാലത്ത് ഈ പ്രയോഗം ഡേറ്റയുടെ മൂല്ല്യത്തെ തന്നെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. അതായത് സമസ്ത മേഖലകളിലും ഇന്ധനമായി ഉപയോഗിക്കുന്ന ഒന്നായിത്തന്നെ ഡേറ്റ മാറിക്കഴിഞ്ഞിരിക്കുന്നു എന്നർത്ഥം.
ഒരു കുഞ്ഞ് ജനിച്ച് വീഴുന്നത് മുതൽ അവനിലേക്ക് അല്ലെങ്കിൽ അവളിലേക്ക് ഓരോ സെക്കന്റിലും വിവിധ തരത്തിലുള്ള ഡേറ്റകളുടെ പ്രോഗ്രാമിംഗ് ആണ് നടക്കുന്നത്. ഈ ഡേറ്റകൾക്കനുസരിച്ചാണ് മനുഷ്യർ പ്രതികരിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതുമെല്ലാം. അതായത് മനുഷ്യനെ മനുഷ്യനാക്കുന്നത് ഇത്തരത്തിലുള്ള ഡേറ്റ ആണെന്ന് പറയാം. ഒരാളുടെ ഉള്ളിലുള്ളത് ഏത് തരത്തിലുള്ള ഡേറ്റ ആണെന്നത് അവന്റെ സ്വഭാവ സവിശേഷതകളീലൂടെയും ഇടപെടലുകളിലൂടെയും മനസ്സിലാക്കാൻ കഴിയും. ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തെ നിർണ്ണയിക്കുന്നതിൽ ഈ ഡേറ്റക്ക് ആണ് പരമ പ്രധാനമായ പങ്കുള്ളത്. അതിനാൽ ഒരാളുടെ മസ്തിഷ്കത്തിൽ ഫീഡ് ചെയ്യപ്പെട്ടിട്ടുള്ള ഡേറ്റയും അയാളുടെ മസ്തിഷ്കത്തിന്റെ പ്രൊസസ്സിംഗ് പവറും മനസ്സിലാക്കിയാൽ ഈ ഡേറ്റയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ആ വ്യക്തിയെ മറ്റൊരു വ്യക്തി ആയി മാറ്റി എടുക്കാൻ വരെ കഴിയുന്നു. മനശാസ്ത്ര വിദഗ്ദർ അങ്ങനെ ആണ് കൗൺസിലിംഗിലൂടെയും മറ്റും വ്യക്തികളെ സ്വാധീനിക്കുന്നത്. ഇത്തരത്തിൽ വ്യക്തികളുടെ ശരിയായ ഡേറ്റ ശേഖരിക്കുക എന്നത് വലിയ ശ്രമകരമായ ജോലി ആയിരുന്നു മുൻകാലങ്ങളിലെങ്കിൽ ഡിജിറ്റൽ ലോകത്ത് ആ ജോലി വളരെ എളുപ്പമായിത്തീർന്നിരിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഉള്ള ഇടപെടലുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്ന രീതി, ഇന്റർനെറ്റിൽ പരതുന്ന വിവരങ്ങൾ, സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങൾ എന്നു വേണ്ട വിവിധ രീതിയിൽ ശേഖരിക്കപ്പെടുന്ന വിവരങ്ങൾക്കെല്ലാം അനുസരിച്ച് ഓരോ വ്യക്തിയേയും കൃത്യമായി വിലയിരുത്താനും ആ വ്യക്തിയെ സ്വാധീനിക്കുന്ന തരത്തിലേക്ക് പുതിയ വിവരങ്ങൾ അയാൾക്ക് നൽകാനും അതുവഴി അയാളുടെ നിയന്ത്രണം തന്നെ സാദ്ധ്യമാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. അതിനാൽ ഡേറ്റയുടെ ഉല്പന്നമായ മനുഷ്യനെ നിയന്ത്രിക്കുവാൻ ഡേറ്റയിലും വലിയ ഒരു ആയുധം വേറേ ഇല്ല എന്ന് പറയാം.
പ്രത്യക്ഷമായും പരോക്ഷമായും നിർബന്ധിതമായും നിർബന്ധിതമല്ലാതെയും വ്യക്തികളിൽ നിന്ന് ശേഖരിക്കപ്പെടുന്ന വിവരങ്ങൾക്ക് വൻ വിപണി മൂല്ല്യമാണ് ഉള്ളത്. പേര് , ഫോട്ടോ, ജനനത്തീയതി, വിലാസം, മൊബൈൽ നമ്പർ തുടങ്ങി ആരോഗ്യസ്ഥിതി വരെ ഉള്ള വ്യക്തി വിവരങ്ങൾ ആധുനിക കാലഘട്ടത്തിൽ എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും അതിന്റെ മൂല്യമെന്താണെന്നും ഒരുപക്ഷേ വ്യക്തികൾക്ക് തിരിച്ചറിയാൻ കഴിയില്ലെങ്കിലും അതിന്റെ ഗുണഭോക്താക്കൾക്ക് ഈ വിവരങ്ങൾ എങ്ങിനെ എല്ലാം ഉപയോഗിക്കണമെന്ന് നന്നായി അറിയാം. പല സേവനങ്ങളും ലഭിക്കുന്നതിനായി ഇത്തരത്തിലുള്ള വ്യക്തി വിവരങ്ങൾ നിർബന്ധമായും നൽകേണ്ടി വരുന്നതിനാൽ ആ വിവരങ്ങൾ ഏതെല്ലാം തരത്തിലാണ് ഉപയോഗപ്പെടുത്തുക എന്ന് വ്യക്തികൾക്ക് പൊതുവേ ധാരണയുണ്ടാകാറില്ല. ഇന്റർനെറ്റിൽ ഒരു സേവനം കോടാനുകോടി ജനങ്ങൾക്ക് ലഭ്യമാക്കണമെങ്കിൽ ശതകോടികൾ ചെലവുണ്ട്. അത് ഒരിക്കലും സൗജന്യമായി അനന്തകാലത്തേക്ക് നൽകാനാകില്ല. അതിനാൽ “നിങ്ങൾ ഇന്റർനെറ്റിൽ ഒരു ഉല്പന്നമോ സേവനമോ സൗജന്യമായി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ മനസ്സിലാക്കുക നിങ്ങൾ തന്നെ ആണ് അവിടെ ഉൽപ്പന്നമായി മാറിയിരിക്കുന്നത് “ എന്ന് പറയാറുണ്ട്. ഇവിടെ നിങ്ങളുടെ ഡേറ്റ ആണ് ഒരു ഇന്ധനത്തിന്റെ രൂപത്തിൽ മറ്റ് ബിസിനസ്സുകളിലേക്ക് പമ്പ് ചെയ്യപ്പെടുന്നത്. ഡേറ്റയുടെ ദുരുപയോഗവും ചോർച്ചയുമൊക്കെ സ്ഥാപനങ്ങളുടെ അടിവേരറുക്കുന്ന തരത്തിലുള്ള ഗുരുതര പ്രശ്നമായതിനാൽ ഡേറ്റയുടെ മൂല്യം നന്നായി അറിയാവുന്ന സ്ഥാപനങ്ങളെല്ലാം ഡേറ്റാ സുരക്ഷയ്ക്ക് പരമ പ്രധാനമായ സ്ഥാനമാണ് നൽകുന്നത്. എന്നിരുന്നാലും പല അവസരങ്ങളിലും ഇത്തരം സ്ഥാപനങ്ങളിൽ നിന്നെല്ലാം വ്യക്തിവിവരങ്ങൾ ഉൾപ്പെട്ട ഡേറ്റ ചോർത്തപ്പെടുകയും തട്ടിപ്പുകാരുടെ കൈകളിൽ എത്തിച്ചേരുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
സർക്കാർ ഏജൻസികൾക്കും ബാങ്കുകൾക്കും ഇൻഷുറൻസ് ഏജൻസികൾക്കും മറ്റും വിവിധ സേവനങ്ങൾ ലഭ്യമാക്കാൻ നൽകുന്ന വ്യക്തി വിവരങ്ങൾ ഉൾക്കൊള്ളുന്ന ഡേറ്റക്ക് വലിയ പ്രാധാന്യമുണ്ട്. സർക്കാർ ഏജൻസികൾക്ക് നൽകേണ്ടീ വരുന്ന വിവരങ്ങൾക്ക് നിർബന്ധിത സ്വഭാവം ഉള്ളതിനാൽ വിവരങ്ങളിൽ പരമാവധി കൃത്യത ഉണ്ടാവുകയും പൊതുവേ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാത്തവരുടെ വിവരങ്ങൾ കൂടി ഉൾക്കൊള്ളുന്നതുമായതിനാൽ എക്കാലത്തും തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നതാണ് ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന ഡേറ്റ. നിർഭാഗ്യവശാൽ ഡേറ്റ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ സ്ഥാപനങ്ങൾ താരതമ്യേന അനവധാനതയോടെ പ്രവർത്തിക്കുന്നതിനാൽ പലപ്പോഴും ഡേറ്റ വിപണിയിൽ സർക്കാർ ഡേറ്റ ചൂടപ്പം പോലെ ലഭ്യമാണ്. വ്യക്തിവിവരങ്ങൾ നഷ്ടമായാൽ പിന്നീട് ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത ഒന്ന് ആയതിനാൽ നമ്മളെല്ലാം നിലവിൽ തന്നെ നമ്മുടെ വ്യക്തി വിവരങ്ങൾ പല വിധ മാർഗ്ഗങ്ങളിലൂടെ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന മുൻവിധിയോടെ തന്നെ വേണം കാര്യങ്ങളെ കാണാൻ. അതായത് ഒരു അജ്ഞാത നമ്പരിൽ നിന്നും നിങ്ങളുടെ ഫോണിലേക്ക് ഒരാൾ നിങ്ങളുടെ എല്ലാ വിധ വ്യക്തിവിവരങ്ങളും ഇങ്ങോട്ട് പറഞ്ഞുകൊണ്ട് സംസാരം തുടങ്ങുന്നു എങ്കിൽ അതിൽ അത്ഭുതം കൂറി തന്റെ സുഹൃത്തോ ബന്ധുവോ സഹപ്രവർത്തകനോ ആണെന്ന് തെറ്റിദ്ധരിച്ച് വിശ്വാസ്യത്തിലെടുത്ത് ചോദിക്കുന്ന വിവരങ്ങൾ എല്ലാം നൽകേണ്ടതില്ല. നിങ്ങൾ സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങി ബില്ലടിക്കാൻ കൊടുത്ത മൊബൈൽ നമ്പരിൽ നിന്ന് തുടങ്ങി മൊബൈൽ കണക്ഷൻ എടുക്കാനും റേഷൻ കാർഡിനും ഡ്രൈവിംഗ് ലൈസൻസിനുമൊക്കെയായി കൊടുത്ത വിവരങ്ങൾ വരെ തട്ടിപ്പുകാരുടെ കൈകളിൽ എത്തിയിട്ടൂണ്ടാകാനുള്ള സാദ്ധ്യത ഉണ്ട് എന്ന് അറിഞ്ഞുകൊണ്ട് ജാഗ്രതയോടെ തന്നെ വേണം സൈബർ ലോകത്ത് ഇടപെടലുകൾ നടത്തേണ്ടത്.
സൈബർ കുറ്റകൃത്യങ്ങൾ എങ്ങിനെ പ്രതിരോധിക്കാം?
ദിനം പ്രതി കുറ്റവാളികൾ പുതിയ പുതിയ സാങ്കേതിക വിദ്യകളിൽ കഴിവുകൾ ആർജിച്ചുകൊണ്ട് തട്ടിപ്പിനായുള്ള പഴുതുകൾ കണ്ടെത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുക അത്ര ലളിതമായ പ്രക്രിയ അല്ല. നിങ്ങൾ ഇതുവരെ ഒരു സൈബർ തട്ടിപ്പിനിരയായിട്ടില്ല എങ്കിൽ അത് നിങ്ങളെ മാത്രം ലക്ഷ്യമിട്ടുകൊണ്ട് ഒരു തട്ടിപ്പുകാരൻ തുനിഞ്ഞിറങ്ങിയിട്ടീല്ല എന്ന് കണക്കാക്കിയാൽ മതി. വളരെ കൃത്യമായ വ്യക്തി വിവരങ്ങൾ കൈക്കലാക്കിക്കൊണ്ട് സോഷ്യൽ എഞ്ചിനീയറീംഗ് മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്തി നടത്തുന്ന സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷനേടുക അത്ര എളുപ്പമുള്ള കാര്യമല്ല.
ലോകത്ത് നടക്കുന്ന സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പ്രാഥമികമായ അറിവുകൾ എങ്കിലും നേടിയെടുക്കുക എന്നതും നമ്മളും ഏത് നിമിഷവും ഇത്തരം ഒരു തട്ടിപ്പിനിരയാകാൻ സാദ്ധ്യത ഉണ്ടെന്ന ബോധവും ഉണ്ടാവുക എന്നതാണ് സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാനുള്ള പ്രധാനമായ മുൻകരുതൽ. ഡിജിറ്റൽ അറസ്റ്റ് എന്ന പേരിലുള്ള തട്ടിപ്പ് നമ്മുടെ നാട്ടിൽ അരങ്ങേറാൻ തുടങ്ങിയിട്ടും അതിനെക്കുറിച്ചുള്ള വാർത്തകളും വിശദമായ റിപ്പോർട്ടുകളും എല്ലാ മാദ്ധ്യമങ്ങളിലും വന്നിട്ടും ഇപ്പോഴും ദിവസേന എന്നോണം ആളുകൾ വീണ്ടും ഇതേ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു. അതും അഭ്യസ്ഥ വിദ്യരായ പ്രൊഫഷണലുകൾ വരെ. എന്തായിരിക്കാം ഇതിനു കാരണം? ഇത്രയൊക്കെ ചർച്ച ആയിട്ടൂം ഇതിനെക്കുറിച്ച് ഇവരൊന്നും എന്തുകൊണ്ട് അറിഞ്ഞിട്ടുണ്ടാകില്ല? തീർച്ചയായും ഡിജിറ്റൽ അറസ്റ്റ് എന്നൊക്കെ കേട്ടിട്ടുണ്ടാകാം. തലക്കെട്ടുകൾ വായിച്ച് പോകുന്നതിനപ്പുറം അതിനെക്കുറിച്ചോ ആ തട്ടിപ്പ് രീതികളെക്കുറിച്ചോ ഒട്ടും തന്നെ അറിയാൻ ശ്രമിച്ചിട്ടുണ്ടാകില്ല. ഡിജിറ്റൽ ഉപകരണങ്ങൾ നമ്മുടെ അവയവങ്ങൾ പോലെ ശരീരത്തിന്റെ തന്നെ ഒരു ഭാഗമായിട്ടുള്ള ഇക്കാലത്ത് ഇതൊന്നും അവനവനെ ബാധിക്കുന്ന കാര്യങ്ങളല്ല എന്ന മട്ടിൽ ഒരിക്കലും നിസ്സാരവത്കരിക്കാൻ കഴിയില്ല. ടെക്നോളജിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് അവരുടെ തൊഴിലിന്റെ ഭാഗമായി ഇത്തരം കാര്യങ്ങളെക്കുറിച്ച് ധാരണ ഉണ്ടായേക്കാമെങ്കിൽ അല്ലാത്തവർക്ക് ഇതിനായി ബോധപൂർവ്വമായ പരിശ്രമങ്ങൾ തന്നെ നടത്തേണ്ടി വരും. കാണുന്നതിനെയും കേൾക്കുന്നതിനെയും അറിയുന്നതിനെയും അന്ധമായി വിശ്വസിക്കാതെ സംശയ ദൃഷ്ടിയോടെ കാണുന്ന ഒരു ശീലം ഉണ്ടാക്കി എടുത്താൽ മാത്രമേ ഒരു പരിധിവരെ എങ്കിലും തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ കഴിയൂ.
കമ്പ്യൂട്ടർ മൊബൈൽ ഫോണുകൾ തുടങ്ങിയവയിലും വിവിധ സേവനങ്ങൾക്കായുള്ള ഓൺലൈൻ അക്കൗണ്ടുകളിലുമൊക്കെ ശക്തമായ പാസ് വേഡുകൾ ഉപയോഗിക്കുക, ഒരേ പാസ് വേഡ് തന്നെ വ്യത്യസ്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കാതിരിക്കുക, നിശ്ചിത ഇടവേളകളിൽ പാസ് വേഡുകൾ പുതുക്കിക്കൊണ്ടിരിക്കുക, പാസ് വേഡുകൾക്ക് പുറമേ അധിക സുരക്ഷ നൽകുന്ന ടു സ്റ്റെപ് ഓതന്റിക്കേഷൻ സംവിധാനങ്ങൾ ലഭ്യമാണെങ്കിൽ ഉപയോഗിക്കുക, കമ്പ്യൂട്ടറുകളിലെയും മൊബൈൽ ഫോണുകളിലെയുമൊക്കെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും അപ്ലിക്കേഷനുകളുമെല്ലാം അവയുടെ സുരക്ഷാ പഴുതുകൾ അടയ്ക്കപ്പെട്ട പുതിയ പതിപ്പുകളിലേക്ക് പുതുക്കുക, വിശ്വാസയോഗ്യമല്ലാത്ത ഇടങ്ങളിൽ നിന്ന് ലഭിക്കുന്ന അപ്ലിക്കേഷനുകൾ ഡൗൺ ലോഡ് ചെയ്ത് ഉപയോഗിക്കാതിരിക്കുക, ഏത് ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോഴും അത് ഒരു വ്യാജ വെബ് സൈറ്റിലേക്ക് ആകാൻ സാദ്ധ്യത ഉണ്ടെന്ന് മുൻകൂട്ടികാണുക. സ്ഥിരം സന്ദർശിക്കുന്ന പ്രധാനപ്പെട്ട വെബ് സൈറ്റുകളും മറ്റും ലിങ്കുകളിൽ ക്ലിക്ക് ചെയ്തോ ഗൂഗിളിൽ സേർച്ച് ചെയ്തോ കയറാതെ ബുക് മാർക്ക് ചെയ്തോ അല്ലെങ്കിൽ യു ആർ എൽ ബ്രൗസർ ബാറിൽ ടൈപ്പ് ചെയ്തോ കയറുക. തുടങ്ങിയ കാര്യങ്ങളെല്ലാം സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട മുൻകരുതലുകൾ ആയി പൊതുവേ പറയാറുള്ളതാണ് എങ്കിലും പ്രായോഗിക തലത്തിൽ ഇതെല്ലാം പല അസൗകര്യങ്ങളുമുണ്ടാക്കുന്നതിനാൽ മിക്കവരും അതൊന്നും പാലിച്ച് പോരാറില്ല. സൗകര്യങ്ങളും സുരക്ഷയും രണ്ട് വിരുദ്ധ ധൃവങ്ങളിൽ നിൽക്കുന്നവയാണ്. സുരക്ഷ കർശനമാക്കിയാൽ ഒരു ഉപകരണമോ അല്ലെങ്കിൽ ആപ്ലിക്കേഷനോ ഉപയോഗിക്കുക ദുഷ്കരമാകും. അതേ സമയം ഉപയോഗിക്കാനുള്ള സൗകര്യവും എളുപ്പവുമാണ് ഏറ്റവും കൂടുതൽ കണക്കിലെടുക്കുന്നതെങ്കിൽ സുരക്ഷയുടെ കാര്യത്തിൽ വിട്ടു വീഴ്ചകൾ ചെയ്യേണ്ടതായി വരും. യൂസർനേം, പാസ് വേഡ് , ഓ ടി പി എന്നീ കടമ്പകളൊക്കെ കടന്ന് ഒരു പണമിടപാട് നടത്തുന്നതിനേക്കാൾ സൗകര്യമായി തോന്നുക മൊബൈൽ ഫോണിലെ ഫിംഗർ പ്രിന്റ് സെൻസറിൽ വിരൽ വച്ചാൽ കാര്യം നടക്കുന്നതായിരിക്കാം. പക്ഷേ തട്ടീപ്പുകാർക്ക് വളരെ എളുപ്പത്തിൽ നിങ്ങളുടെ വിരലിന്റെ സിലിക്കൺ മോൾഡുകൾ ഉണ്ടാക്കിയെടുത്ത് ഇതേ ഇടപാടുകൾ നടത്താൻ കഴിയുമെന്ന അപകടം കൂടി ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്.
സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നതിന്റെ പ്രധാന കാരണം ഇവയൂടെ സ്വഭാവവും വ്യാപ്തിയും കാരണം അന്വേഷണ ഏജൻസികൾക്ക് കുറ്റവാളികളെ എളുപ്പം പിടികൂടാൻ കഴിയുന്നില്ല എന്നത് തന്നെ. അതുകൊണ്ട് തന്നെ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്താലും കാര്യമായ പ്രയോജനങ്ങൾ ഒന്നുമുണ്ടാകില്ല എന്ന പൊതുബോധവും കുറ്റവാളികൾക്ക് സഹായകരമാകുന്നു. സൈബർ തട്ടിപ്പുകൾക്ക് സംസ്ഥാനങ്ങളുടെയോ രാജ്യങ്ങളുടെയോ ഭൗതികമായ അതിർത്തികൾ ഒരു വിഷയമേ അല്ലെങ്കിലും അന്വേഷണ ഏജൻസികൾക്ക് ഈ കടമ്പകൾ എല്ലാം കടക്കേണ്ടതുണ്ട്. ഈ പരിമിതികൾ ആദ്യ കാലങ്ങളിൽ വളരെ പ്രകടമായിരുന്നു എങ്കിൽ കാര്യങ്ങളുടെ ഗൗരവം തിരിച്ചറിഞ്ഞ അനേഷണ ഏജൻസികൾ പരസ്പരം സഹകരിച്ചുകൊണ്ട് പ്രവർത്തിക്കുന്ന രീതിയിലേക്ക് എത്തിയിട്ടുണ്ട് എന്നത് ആശാവഹമായ മാറ്റമാണ്
സൈബർ തട്ടിപ്പുകൾക്കോ കുറ്റകൃത്യങ്ങൾക്കോ ഇരയായാൽ അത് എത്രതന്നെ ചെറുതായാലും പരതിപ്പെടുന്ന ഒരു ശീലം ഉണ്ടാക്കി എടുക്കുന്നത് ഇത്തരം കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിൽ അന്വേഷണ ഏജൻസികളെ സഹായിക്കുന്നു. എവിടെ പരാതിപ്പെടണം എന്നറിയില്ല, എങ്ങിനെ പരാതിപ്പെടണം എന്നറിയില്ല, പരാതിപ്പെട്ടതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലല്ലോ തുടങ്ങിയവയൊക്കെ ആണ് സൈബർ തട്ടിപ്പുകൾക്ക് ഇരയായിട്ടും പരാതിപ്പെടുന്നതിൽ നിന്ന് ഇരകളെ പിൻതിരിപ്പിക്കുന്ന ഘടകങ്ങൾ. എന്നാൽ ഇപ്പോൾ കാര്യങ്ങൾക്ക് വ്യത്യാസം വന്ന് തുടങ്ങിയിട്ടുണ്ട്. ഏത് തരം സൈബർ തട്ടിപ്പ് ആയാലും അത് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ നാഷണൽ സൈബർ ക്രൈം പോർട്ടൽ എന്ന ഏക ജാലക സംവിധാനം നിലവിൽ വന്നിട്ടുണ്ട് (https://cybercrime.gov.in/) 1930 എന്ന ഹെൽപ് ലൈൻ നമ്പരിൽ വിളിച്ചും സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്നതും മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും മൊബൈൽ ഫോണുകൾ ആണ്. അതുകൊണ്ട് തന്നെ മൊബൈൽ ഫോണുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനും നിങ്ങളുടെ മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്നും നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് എത്ര ഫോൺ നമ്പരുകൾ പ്രവർത്തിക്കുന്നുണ്ട് എന്നറിയാനും, മൊബൈൽ നഷ്ടമായാൽ അതിന്റെ IMEI നമ്പർ ഉപയോഗിച്ച് ബ്ലാക് ലിസ്റ്റ് ചെയ്യാനുമൊക്കെ ഉള്ള സംവിധാനങ്ങൾ ഒരുക്കിക്കൊണ്ടുള്ള https://sancharsaathi.gov.in/ എന്ന പോർട്ടലും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നതാണ്. ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ തന്നെ ഈ പോർട്ടലിന്റെ സഹായത്താൽ 2887615 മൊബൈൽ നമ്പരുകൾ ദുരുപയോഗം തടയാനായി ബ്ലോക്ക് ചെയ്യപ്പെടുകയും 1723988 മൊബൈൽ ഹാൻഡ് സെറ്റുകൾ വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. മൊബൈൽ ഫോണുകൾ മോഷണം പോവുകയോ നഷ്ടപ്പെടുകയോ ചെയ്താൽ ഈ പോർട്ടൽ വഴി ഓരോരുത്തർക്കും സ്വന്തം നിലക്ക് തന്നെ വിവരങ്ങൾ നൽകി ദുരുപയോഗം തടയാൻ കഴിയുന്നതും എവിടെ എങ്കിലും ഏതെങ്കിലും നെറ്റ് വർക്കിൽ ഈ ഫോൺ തുടർന്ന് ഉപയോഗിക്കപെടുകയാണെങ്കിൽ അവ വീണ്ടെടുക്കാൻ കഴിയുകയും ചെയ്യുന്നു.
ഇക്കാലത്ത് ഏത് കുറ്റകൃത്യം നടന്നാലും അതിൽ എന്തെങ്കിലുമൊക്കെ “സൈബർ ഘടകങ്ങൾ” തീർച്ചയായും ഉണ്ടായിരിക്കും. അതുപോലെ ഏത് കേസുകളും തെളിയിക്കപ്പെടുന്നതും കുറ്റവാളികളിലേക്ക് എത്തുന്നതും ഡിജിറ്റൽ ഫൂട്ട് പ്രിന്റുകളിലൂടെയും ആയിരിക്കും. ഇതിനു കാരണം ഡിജിറ്റൽ ഉപകരണങ്ങൾ മനുഷ്യ ശരീരത്തിലെ സുപ്രധാന അവയവങ്ങൾ പോലെ ആണ് പ്രവർത്തിക്കുന്നത്. എങ്ങിനെ ഒക്കെ മുഖം മറച്ചാലും ഓരോ ചലനങ്ങളും ഒപ്പിയെടുക്കുന്ന സർവലൈൻസ് ക്യാമറകളുടെ കണ്ണുകൾക്ക് മുന്നിലാണ് നമ്മളൊക്കെ ജീവിക്കുന്നത്. മുഖം മറയ്ക്കുന്നതു പോലെയും വിരലടയാളം മായ്ച്ച് കളയുന്നതുപോലെയും എളുപ്പമല്ല ഡിജിറ്റൽ ഫൂട്ട് പ്രിന്റുകൾ നശിപ്പിക്കുക എന്നത്. അതുകൊണ്ട് തന്നെ ഡിജിറ്റൽ ഉപകരണങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാത്ത സൈബർ ക്രിമിനലുകളെ പിടിക്കുക എന്നതാണ് കൂടുതൽ ശ്രമകരമായ ജോലി.
സിനിമകളിലും മറ്റും കാണുന്ന തരത്തിൽ മുഖം മൂടിയും ഹുഡ് ജാക്കറ്റും ധരിച്ച് കോഡുകൾ മിന്നിമറയുന്ന കമ്പ്യൂട്ടർ സ്ക്രീനുകൾക്ക് മുന്നിൽ ഇരുട്ടറകളിൽ ഇരിക്കുന്നവരല്ല സൈബർ കുറ്റവാളികൾ. അവരെല്ലാം നമ്മുടെ ഇടയിൽ നമ്മളെപ്പോലെ തന്നെ ജീവിക്കുന്നവരാണ്. ഡാർക്ക് നെറ്റ് വഴിയും ക്രിപ്റ്റോ കറൻസി വഴിയുമൊക്കെ ഒളിഞ്ഞിരുന്ന് നടത്തുന്ന ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ സമ്പാദിക്കുന്ന പണം ആ ഇരുണ്ട ലോകത്തിനു പുറത്ത് ചെലവഴിക്കാനായി ഏതെങ്കിലുമൊക്കെ വഴിയിലൂടെ അവർക്ക് പുറത്ത് വന്നേ മതിയാകൂ. ആ വഴികൾ കണ്ട് പിടിക്കുന്നതിലും ആ വഴികളിലൂടെ സഞ്ചരിക്കുന്നവരുടെ കാൽപ്പാടുകൾ പിൻതുടർന്ന് കുറ്റവാളികളിലേക്ക് എത്തുന്നതിലുമാണ് സൈബർ കുറ്റന്വേഷകരുടെ വിജയം.
ഭാവിയിലെ സൈബർ കുറ്റകൃത്യങ്ങൾ
2010-11 കാലഘട്ടത്തിൽ നമ്മുടെ നാട്ടിലെ തന്നെ പോലീസ് സ്റ്റേഷനുകളിൽ “ക്രിപ്റ്റോ കറൻസി തട്ടിപ്പ്” കേസുകൾ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ ഇത് എങ്ങിനെ അന്വേഷിക്കണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിൽ ആയിരുന്നു. കാരണം താരതമ്യേന പുതിയ ഒരു സാങ്കേതിക വിദ്യ, എവിടെ നിന്ന് തുടങ്ങണം എന്ന് പോലും അറിയാത്ത ഒരു സാഹചര്യം അന്ന് അവർ നേരിട്ടിരുന്നു. അതുപോലെ ആണ് ഭാവിയിൽ വരാൻ പോകുന്ന വ്യത്യസ്തമായ സൈബർ കുറ്റകൃത്യങ്ങളുടെ കാര്യവും. ഇപ്പോൾ ഉള്ള സൈബർ കുറ്റകൃത്യങ്ങൾ ഭൗതികമായ ഈ ലോകത്ത് ആണെങ്കിൽ ഇനിയുള്ള പരാതികൾ വരാൻ പോകുന്നത് വിർച്വൽ റിയാലിറ്റി അല്ലെങ്കിൽ മെറ്റാ വേഴ്സ് എന്നറിയപ്പെടുന്ന മായാ ലോകത്ത് ഉള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് ആയിരിക്കും. വിർച്വൽ റിയാലിറ്റി ഉപകരണങ്ങൾ ഉപയോഗിച്ച് ദിവസത്തിന്റെ നല്ല ഒരു ഭാഗവും മറ്റേതോ ലോകത്ത് ആളുകൾ ജീവിക്കുന്ന ഒരു അവസ്ഥ ഇപ്പോൾ തന്നെ ഉണ്ട്.
കഴിഞ്ഞ വർഷം യു കെയിൽ ഒരു പെൺകുട്ടി താൻ ഒരു വിർച്വൽ റിയാലിറ്റി ഗേമിന്റെ ഭാഗമായുള്ള ലോകത്ത് പ്രവേശിച്ചപ്പോൾ അവിടെ ഒരു കൂട്ടം അജ്ഞാതരാൽ പീഢിപ്പിക്കപ്പെട്ടു എന്ന് പരാതിപ്പെട്ടത് വലിയ വാർത്ത ആയിരുന്നു. കേൾക്കുമ്പോൾ ഒരു പക്ഷേ തമാശ ആയി നമുക്ക് തോന്നാം. പക്ഷേ കാര്യങ്ങൾ അങ്ങനെ അല്ല. കുറ്റകൃത്യം നടന്നത് ഒരു സാങ്കൽപ്പിക ലോകത്ത് ആണെങ്കിലും അതിന്റേതായ എല്ലാ വിധ മാനസിക പീഢനങ്ങളും ആ കുട്ടിക്ക് അനുഭവിക്കേണ്ടി വന്നതിനാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കേസെടുത്ത് അന്വേഷിക്കാതെ നിർവാഹമില്ലായിരുന്നു. അതിനാൽ വിർച്വൽ വേൾഡിൽ നടന്ന കുറ്റകൃത്യത്തിന്റെ പേരിൽ ആദ്യമായി പോലീസിനു കേസ് രജിസ്റ്റർ ചെയ്യേണ്ടി വന്ന ഈ സംഭവം സൈബർ കുറ്റകൃത്യങ്ങൾ ഏത് തലങ്ങളിലേക്ക് ആണ് പോകാൻ തുടങ്ങുന്നത് എന്നതിന്റെ സൂചനകൾ നൽകുന്നു.
മെറ്റാവേഴ്സ് എന്ന് പേരിട്ടിട്ടുള്ള സാങ്കൽപ്പിക ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളെ എങ്ങിനെ നേരിടണമെന്ന് ഉള്ള ആശയക്കുഴപ്പം നിലനിൽക്കേ കുറ്റാന്വേഷണ ഏജൻസികളും മെറ്റാവേഴ്സ് ലോകത്തേക്ക് കടക്കണമെന്നും സാങ്കൽപ്പിക ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളെ അവിടുത്തെ നിയമങ്ങൾക്കനുസരിച്ച് കൈകാര്യം ചെയ്യുന്ന മെറ്റാവേഴ്സ് പോലീസ് ഫോഴ്സിനു രൂപം കൊടുത്താൽ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങളെ യാഥാർത്ഥ്യ ബോധത്തോടെ കൈകാര്യം ചെയ്യാൻ കഴിയൂ എന്ന വാദങ്ങളുമുണ്ട്. നിലവിൽ ചില സ്ഥാപനങ്ങൾ സ്വന്തമായി നിർമ്മിച്ചിട്ടുള്ള ഇത്തരം മായാ ലോകങ്ങളിൽ അന്വേഷണ ഏജൻസികൾക്ക് ഇടപെടുന്നതിൽ നിയമപരമായും സാങ്കേതികപരമായുമുള്ള ധാരാളം വെല്ലുവിളികൾ ഉണ്ട്. പക്ഷേ കാലക്രമേണ ഈ മേഖലയിലെ കുറ്റകൃത്യങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ അത്തരം ഇടപെടലുകൾ സാദ്ധ്യമാകും വിധം നിയമ നിർമ്മാണങ്ങൾക്കും സാങ്കേതിക വിദ്യകളിലെ മാറ്റങ്ങൾക്കും നിർബന്ധിതരാകുമെന്ന് തീർച്ചയാണ്.
