സൈബർ ക്രൈം സീരീസ് – Part: 2
പൊതുവേ സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ രാജ്യങ്ങൾ എപ്പോഴും ആക്രമണ സ്വഭാവം കാണിക്കാറില്ല. അതായത് സ്വന്തം അതിർത്തികൾ സംരക്ഷിക്കുന്ന പ്രതിരോധ സേനകളെപ്പോലെ രാജ്യത്തെ സൈബർ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധിക്കാനുള്ളതും അതുപോലെ ആക്രമണങ്ങളെ ചെറുത്ത് തോൽപ്പിക്കാനുമൊക്കെ ഉള്ള സംവിധാനങ്ങളും നടപടിക്രമങ്ങളുമൊക്കെ ആണ് ഏർപ്പെടുത്താറ്. പക്ഷേ രാജ്യാന്തര നിയമങ്ങളെ ഒന്നും കാര്യമായി മുഖവിലക്കെടുക്കാത്തതും “അക്രമണമാണ് ഏറ്റവും വലിയ പ്രതിരോധമാർഗ്ഗം” എന്ന മുദ്രാവാക്യം മുന്നോട്ട് വയ്ക്കുന്ന പല രാജ്യങ്ങളും മറ്റ് രാജ്യങ്ങളിൽ വ്യക്തമായ താല്പര്യങ്ങളൊടെ യുദ്ധ സമയത്തും അല്ലാതെയും സൈബർ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്, നടത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇതിൽ മറ്റ് രാജ്യങ്ങളുടെ തന്ത്രപ്രധാനമായ രാജ്യ സുരക്ഷാ പരമായ വിവരങ്ങൾ ചോർത്തുന്നതിൽ തുടങ്ങി വിവിധ സ്ഥാപനങ്ങൾക്ക് നേരേ സൈബർ ആക്രണങ്ങൾ നടത്തുന്നതു വരെയുള്ള കാര്യങ്ങൾ ഉൾപ്പെടുന്നു. Advanced Persistent Threat (APT) Groups എന്നാണ് ഇത്തരത്തിൽ വളരെ സങ്കീർണ്ണവും സംഘടിതവും ആസൂത്രിതവുമായ സൈബർ ആക്രമണങ്ങൾ നടത്തുന്ന സ്റ്റേറ്റ് സ്പോൺസേഡ് ഗ്രൂപ്പുകളെ വിളിക്കാറുള്ളത്.
“ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധമാർഗ്ഗം” എന്ന മുദ്രാവാക്യം മുന്നോട്ട് വയ്ക്കുന്ന പല രാജ്യങ്ങളും മറ്റ് രാജ്യങ്ങളിൽ വ്യക്തമായ താല്പര്യങ്ങളൊടെ യുദ്ധ സമയത്തും അല്ലാതെയും സൈബർ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്, നടത്തിക്കൊണ്ടിരിക്കുന്നുമുണ്ട്.
വലിയ ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള കൃത്യത ആവശ്യമായ സൈബർ ആക്രമണങ്ങൾക്ക് വലിയ തോതിൽ ഉള്ള സാങ്കേതിക വൈദഗ്ദ്യവും വൻ പണച്ചെലവും മറ്റും ആവശ്യമായതിനാൽ ഇത്തരം സങ്കീർണ്ണമായ സൈബർ ആക്രമണങ്ങളുടെ ചരിത്രം പരിശോധിച്ചാൽ അവയുടെ വേരുകൾ വിവിധ സർക്കാർ ഏജൻസികളിലേക്ക് ചെന്ന് ചേരുന്നത് കാണാനാകും. ഇത്തരത്തിൽ സ്റ്റേറ്റ് സ്പൊൺസേഡ് സൈബർ ആക്രമണങ്ങളെക്കുറിച്ച് പറയുമ്പോൾ എടുത്ത് പറയേണ്ടതാണ് ഇറാനിലെ ആണവ ഇന്ധന സമ്പുഷ്ടീകരണ സംവിധാനങ്ങളെ ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “സ്റ്റക്സ് നെറ്റ്” എന്ന മാൽവെയർ. ഈ മാൽവെയറിന്റെ സങ്കീർണ്ണതകളും അതിന്റെ സ്വഭാവ സവിശേഷതകളുമെല്ലാം വിശദമായ വിലയിരുത്തലുകൾക് വിധേയമാക്കിയ വിദഗ്ദരെല്ലാം ഇതിനു പിന്നിൽ ഇസ്രായേൽ/അമേരിക്കൻ ഏജൻസികൾ ആണെന്ന വസ്തുതക്ക് അടിവരയിടുന്നു. അതുപോലെ തന്നെ ആണ് ഇസ്രായേൽ കമ്പനി ആയ എൻ എസ് ഒ ഗ്രൂപ്പിന്റെ പെഗാസിസ് എന്ന് വിളിക്കപ്പെടുന്ന ചാര സോഫ്റ്റ്വെയർ. എത്ര ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഉള്ള സ്മാർട്ട് ഫോണുകളിലും കമ്പ്യൂട്ടറുകളിലുമെല്ലാം വളരെ വിദഗ്ദമായി നുഴഞ്ഞ് കയറിക്കൊണ്ട് വിവരങ്ങൾ ചോർത്തി നൽകാൻ കഴിവുള്ള അതി സങ്കീർണ്ണമായ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന പെഗാസിസിന്റെ ഉപഭോക്താക്കൾ ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികളും സർക്കാർ സ്ഥാപനങ്ങളും തന്നെ ആണ്. വ്യക്തികൾക്കോ സ്വകാര്യ സ്ഥാപനങ്ങൾക്കോ ഈ സോഫ്റ്റ്വേർ വാങ്ങാനോ ഉപയോഗിക്കാനോ കഴിയില്ല എന്നതിനാൽ ഇതിന്റെ എല്ലാ തരത്തിലുള്ള ഗുണഭോക്താക്കളും സർക്കാർ ഏജൻസികൾ ആണ്. അതുകൊണ്ട് തന്നെ ഇത്തരം ഏജൻസികളെ രാഷ്ട്രീയ/ സാമ്പത്തിക താല്പര്യങ്ങളോടെ ദുരുപയോഗം ചെയ്ത സംഭവങ്ങളും അതിനോട് ബന്ധപ്പെട്ട വിവാദങ്ങളുമെല്ലാം വലിയ വാർത്താ പ്രാധാന്യത്തോടെ ചർച്ചയായിട്ടുണ്ട്.
സാധാരണ യുദ്ധങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് നടത്തുകയും അതിനൊരു തുടക്കവും അവസാനവും ഉണ്ടായിരിക്കുകയും ചെയ്യുമ്പോൾ സൈബർ യുദ്ധങ്ങൾ നിരന്തരം നടന്നുകൊണ്ടിരിക്കുന്നവയാണ്. അവയ്ക്ക് തുടക്കമോ അവസാനമോ ഇല്ല.
രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിൽ പരമ്പരാഗത കര-നാവിക-വ്യോമ സേനകൾക്കൊപ്പം തന്നെ “സൈബർ സുരക്ഷാ സേനകൾ” കൂടി പങ്കെടുക്കുന്ന കാഴ്ച നമ്മൾ യുക്രൈൻ – റഷ്യൻ യുദ്ധമുഖത്ത് കണ്ടുകൊണ്ടിരിക്കുകയാണ്. കണക്റ്റഡ് ഇലക്ട്രിസിറ്റ് ഗ്രിഡുകളും, വാതക / ജല വിതരണ സംവിധാനങ്ങളും എല്ലാം നിമിഷ നേരം കൊണ്ട് താറുമാറാക്കുന്ന സൈബർ ആക്രമണങ്ങൾ ഇപ്പോൾ സർവ്വ സാധാരണമാണ്. സാധാരണ യുദ്ധങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് നടത്തുകയും അതിനൊരു തുടക്കവും അവസാനവും ഉണ്ടായിരിക്കുകയും ചെയ്യുമ്പോൾ സൈബർ യുദ്ധങ്ങൾ നിരന്തരം നടന്നുകൊണ്ടിരിക്കുന്നവയാണ്. അവയ്ക്ക് തുടക്കമോ അവസാനമോ ഇല്ല.
അന്താരാഷ്ട്ര സമൂഹത്തിൽ പൊതുവായ നയങ്ങളോടും നിയമങ്ങളൊടും ഇടഞ്ഞ് നിൽക്കുന്ന ചില രാജ്യങ്ങൾ ഇത്തരത്തിൽ സൈബർ ക്രൈമുകൾ ഒരു പണസമ്പാദന മാർഗ്ഗമായിപ്പോലും ഉപയോഗപ്പെടുത്തുന്നു എന്ന ആരോപണങ്ങളുമുണ്ട്. സൈബർ ലോകം കണ്ട ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി മോഷണങ്ങൾക്കും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും പിറകിലുള്ളതെന്ന് കണ്ടെത്തിയ കുപ്രസിദ്ധമായ ലസാരസ് ഗ്രൂപ് ഉത്തരകൊറിയൻ സർക്കാരിന്റെ നിയന്ത്രണത്തിൽ ഉള്ളതാണെന്നാണ് പറയപ്പെടുന്നു. കോസി ബിയർ, ഫാൻസി ബിയർ തുടങ്ങിയ എ പി ടി ഗ്രൂപ്പുകൾക്ക് റഷ്യയുമായി ബന്ധമുള്ളതാണെന്നും ഡബിൾ ഡ്രാഗൺ ഗ്രൂപ്പ് ചൈനയുമായി ബന്ധപ്പെട്ടതാണെന്നും ഇക്വേഷൻ ഗ്രൂപ്പ് അമേരിക്കൻ സുരക്ഷാ ഏജൻസിയുടേതാണെന്നുമൊക്കെ ഇവരൊന്നും തുറന്ന് സമ്മതിക്കുന്നില്ലെങ്കിലും സൈബർ ലോകത്തെ പരസ്യമായ രഹസ്യമാണ്.
സൈബർ ക്രൈം സീരീസിന്റെ ഒന്നാം ഭാഗം വായിക്കാനുള്ള ലിങ്ക് ചുവടെ:
സൈബർ കുറ്റകൃത്യങ്ങൾ ഒരു ബിസിനസ് മോഡൽ ആകുമ്പോൾ
സൈബർ കുറ്റകൃത്യങ്ങൾ ഇന്ന് ഏറ്റവും കൂടുതൽ വിപണി മൂല്ല്യമുള്ള ഒരു ബിസിനസ് തന്നെ ആയി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ സൈബർ കുറ്റവാളികൾക്ക് ആവശ്യമായ സാങ്കേതിക വിദ്യകൾ, വ്യക്തി വിവരങ്ങൾ, സേവനങ്ങൾ തുടങ്ങിയവയൊക്കെ വില കൊടുത്ത് വാങ്ങാൻ കഴിയുന്ന രീതിയിലേക്കുള്ള വിപണികൾ തന്നെ ഇന്റർനെറ്റിലുണ്ട്. അതായത് ഇക്കാലത്ത് ഒരു കുറ്റകൃത്യം പദ്ധതിയിടുന്ന ആൾക്ക് അതിനായുള്ള സാങ്കേതിക വിദ്യകൾ സ്വന്തമായി വികസിപ്പിച്ചെടുക്കേണ്ട ആവശ്യമില്ല, മറിച്ച് പണം കൊടുത്ത് വാങ്ങാൻ കഴിയും. കമ്പ്യൂട്ടർ വൈറസ്സുകൾ, ട്രോജനുകൾ , ബോട് നെറ്റുകൾ തുടങ്ങിയവയെല്ലാം ഇവയിൽ പെടും. ഇരകളെ അവരുടെ വ്യക്തിവിവരങ്ങളുടെ അടിസ്ഥാനത്തിൽ കൃത്യമായി വർഗീകരിക്കപ്പെട്ട പല തരത്തിലുള്ള ഡേറ്റാ സെറ്റുകൾ ഇത്തരം വിപണികളിൽ ലഭ്യമാണ്. ഒരു വെബ് സൈറ്റിനെയോ സർവീസിനെയോ നിശ്ചിത സമയത്തേക്ക് നിശ്ചലമാക്കാൻ കഴിയുന്ന തരത്തിലുള്ള ഡിസ്ട്രിബ്യൂട്ടഡ് ഡിനെയൽ ഓഫ് സർവീസ് (DDoS) ആക്രമണങ്ങൾ ഒരു സർവീസ് ആയി തന്നെ നൽകുന്ന ഏജൻസികൾ നിലവിലുണ്ട്. Software as a service (SaaS) പോലെ Malware as a service (MaaS) , Ransomware as a service (RaaS) എല്ലാം വളരെ അധികം പ്രചാരത്തിലുണ്ട്. ഇതുവഴി സാങ്കേതിക പരിജ്ഞാനമില്ലാത്തവർക്ക് പോലും വലിയ സൈബർ ആക്രമണങ്ങൾ നടത്താൻ കഴിയുന്ന സ്ഥിതിവിശേഷം ആണ് ഉള്ളത്.
നമ്മുടെ രാജ്യത്ത് തന്നെ ഉള്ള, നിയമപരമായി രജിസ്റ്റർ ചെയ്യപ്പെട്ട ചില ഐടി കമ്പനികളുടെ പിന്നാമ്പുറങ്ങളിൽ സൈബർ തട്ടിപ്പുകൾ ആണ് അരങ്ങേറുന്നതെന്ന് അന്വേഷകർ കണ്ടെത്തിയിട്ടുണ്ട്. ഡൽഹി, പൂനെ , കൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ ഇത്തരത്തിൽ കാൾ സെന്ററുകളിലൂടെ വളരെ ആസൂത്രിതമായിത്തന്നെ കസ്റ്റമർ സപ്പോർട്ട് എന്ന വ്യാജേന ഫിഷിംഗിലൂടെയും വ്യാജ വെബ് സൈറ്റുകളിലൂടെയുമൊക്കെ പണം തട്ടിയെടുക്കുന്ന ബിസിനസ്സുകൾ ഇപ്പോഴും സജീവമാണ്. പരാതികൾ കൂടുതലായി ഉയർന്നതൊടെ ജാഗരൂകരായ അധികാരികളുടെ ഇടപെടൽ ഒരു പരിധി വരെ ഇവയെ തടയിടുന്നതിൽ വിജയിച്ചപ്പോൾ ഇത്തരം തട്ടിപ്പുകാർ കമ്പോഡിയ, ലാവോസ്, ഫിലിപ്പൈൻസ്, തായ്ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് തങ്ങളുടെ താവളങ്ങൾ മാറ്റുകയും അവിടേക്ക് നമ്മുടെ കേരളത്തിൽ നിന്ന് വരെ ആളുകളെ കബളിപ്പിച്ച് റിക്രൂട്ട് ചെയ്ത് കൊണ്ടുപോയി അടിമപ്പണി ചെയ്യിച്ച കേസുകൾ ഇക്കഴിഞ്ഞ മാസങ്ങളിൽ തന്നെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
തൊഴിൽ തട്ടിപ്പുകൾ
ഈ കഴിഞ്ഞ കുറച്ച് സൈബർ തട്ടിപ്പുകളുടെ കണക്ക് പരിശോധിച്ചാൽ ഏറ്റവും കൂടുതൽ ആളുകൾ വലയിൽ വീണുപോയിട്ടുള്ളത് തൊഴിൽ വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലൂടെ ആണ്. കോവിഡ് കാലഘട്ടത്തിനു ശേഷം വർക്ക് ഫ്രം ഹോം എന്ന ആശയം വളരെ വ്യാപകമായതോടെ അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ക്രമാനുഗതമായി വർദ്ധിച്ചു. തട്ടിപ്പുകാർ തൊഴിലന്വേഷകരെയും തൊഴിൽ ദാതാക്കളെയും പരസ്പരം ബന്ധിപ്പിക്കുന്ന സേവനങ്ങൾ നൽകുന്ന വെബ് സൈറ്റുകളിൽ നിന്നും മറ്റും തൊഴിലന്വേഷകരുടെ വിവരങ്ങൾ ശേഖരിക്കുകയും അത് വഴി ആകർഷകമായ ശമ്പളമുള്ള ജോലികൾ വാഗ്ദാനം ചെയ്ത് രജിസ്ട്രേഷൻ ചാർജ്, വിസാ ചാർജ് എന്നെല്ലാം പറഞ്ഞുകൊണ്ട് വൻ തുക കൈക്കലാക്കുന്ന തരം തട്ടിപ്പുകൾ വളരെ വ്യാപകമാണ്. ടൈപ്പിംഗ്, ഡാറ്റാ എൻട്രി, സോഷ്യൽ മീഡിയാ പോസ്റ്റിംഗ് തുടങ്ങിയവയൊക്കെ യാതൊരു വിധ സാങ്കേതിക വൈദഗ്ദ്യവും ആവശ്യമില്ലാത്തവർക്ക് ചെയ്യാൻ കഴിയുന്ന അവിദഗ്ദ ജോലികളുടെ വിഭാഗത്തിൽ പെടുന്നവയാണെന്നും അവയ്ക്ക് ഇന്റർനെറ്റിനു പുറത്തുള്ള ലോകത്തെ അവിദഗ്ദ തൊഴിലാളികൾക്ക് ലഭിക്കുന്ന പ്രതിഫലം പോലും ലഭിക്കാത്തത് ആണെന്നും തിരിച്ചറിയാതെ ഇത്തരം ജോലി വാഗ്ദാനങ്ങളിൽ ധാരാളം പേർ വീണു പോകുന്നുണ്ട്.
സൈബർ കുറ്റകൃത്യങ്ങളുടെ സുവർണ്ണ ത്രികോണം
മ്യാന്മാർ, തായ്ലാൻഡ്, ലാവോസ് എന്നീ മൂന്ന് രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന ഗോൾഡൻ ട്രയാങ്കിൾ സ്പെഷ്യൽ എക്കണോമിക് സോൺ എന്നറിയപ്പെടുന്ന പ്രദേശങ്ങൾ ഒരു കാലത്ത് മയക്കുമരുന്ന് കള്ളക്കടത്തിന്റെ കേന്ദ്രമായിരുന്നു എങ്കിൽ ഇപ്പോൾ മയക്കുമരുന്നിനേക്കാൾ ലാഭകരമായ സൈബർ തട്ടിപ്പുകളുടെ ആഗോള തലസ്ഥാനങ്ങളിൽ ഒന്നാണ്. ഇന്ത്യയിലെയും ചൈനയിലെയുമൊക്കെ തട്ടിപ്പുകാർ നടത്തി വന്നിരുന്ന വ്യാജ കാൾസെന്ററുകൾക്ക് പൂട്ട് വീഴാൻ തുടങ്ങിയപ്പോൾ നിയമ വാഴ്ച വളരെ ദുർബലമായ ഗോൾഡൻ ട്രയാങ്കിൾ പ്രവിശ്യയിലേക്ക് തട്ടിപ്പുകാർ അവരുടെ താവളം മാറ്റി. ഇവിടെ ഭരണകൂടങ്ങളുടെ അറിവോടു കൂടിത്തന്നെ വ്യവസ്ഥാപിതമായ രീതിയിൽ ലോകത്തെമ്പാടുമുള്ള ഇരകളെ വീഴ്ത്താനുള്ള തട്ടിപ്പ് കേന്ദ്രങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് തൊഴിലില്ലായ്മ രൂക്ഷമായ ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഏജന്റുമാർ വഴി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നു. ഒരിക്കൽ ഇവരുടെ കെണിയിൽ അകപ്പെട്ട് ഇത്തരം കേന്ദ്രങ്ങളിലെത്തിയാൽ അതോടെ അടിമകൾക്ക് തുല്ല്യമായ ജീവിതമായിരിക്കും അവരെ കാത്തിരിക്കുന്നത്. ദിവസേന ഇരകളെ ഫോൺ വിളിച്ചും ഫിഷിംഗിലൂടെയുമൊക്കെ കെണിയിലാക്കി നിശ്ചിത തുക തട്ടിപ്പിലൂടെ കൈക്കലാക്കിയില്ലെങ്കിൽ വലിയ പീഢനങ്ങൾ ഇവർക്ക് ഏറ്റ് വാങ്ങേണ്ട അവസ്ഥ ഉണ്ടാകുന്നു. ഈയിടെ ഭാഗ്യം കൊണ്ട് മാത്രം ഗോൾഡൻ ട്രയാങ്കിളിൽ നിന്ന് രക്ഷപ്പെട്ട് പുറത്ത് വന്നവരിലൂടെ ആണ് ഈ തട്ടിപ്പിന്റെ വിവരങ്ങളും വ്യാപ്തിയും ഭീകരതയുമെല്ലാം പുറം ലോകം അറിഞ്ഞത്.
സൈബർ കുറ്റകൃത്യങ്ങളുടെ ഇന്ത്യയിലെ “ഹോട് സ്പോട്ടുകൾ” പരിശോധിച്ചാൽ ഭരത്പൂർ (രാജസ്ഥാൻ) , ജാംതാര (ഝാർഖണ്ഡ്), ദേവ്ഘർ (ഝാർഖണ്ഡ്) , മേവത് (ഹരിയാന) , നൂഹ് (ഹരിയാന), മഥുര (ഉത്തർ പ്രദേശ്) തുടങ്ങിയ പ്രദേശങ്ങൾ ആണ് ഇന്ത്യയിലെ ഒരേ മാതൃകയിൽ ഉള്ള സൈബർ തട്ടിപ്പുകളുടെ കേന്ദ്രങ്ങൾ ആയി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഡാർക്ക് വെബ്ബും ക്രിപ്റ്റോ കറൻസികളും
സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പറയുമ്പോൾ എപ്പോഴും ചർച്ചയാകാറുള്ളതാണ് ഇന്റർനെറ്റിലെ അധോലോകമെന്ന പേരിലൊക്കെ കുപ്രസിദ്ധിയാർജിച്ച ഡാർക്ക് വെബ്. പൊതുവേ ഇന്റർനെറ്റിൽ ഒരു സർവീസ് പ്രൊവൈഡർ വഴി ബന്ധം സ്ഥാപിക്കുമ്പോഴോ, ഒരു വെബ് സൈറ്റ് സന്ദർശിക്കുമ്പോഴോ, ഇ മെയിൽ അയക്കുമ്പോഴോ ഒക്കെ വ്യക്തിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസ്തുത വ്യക്തിയേയോ ഉപകരണത്തെയോ തിരിച്ചറിയുന്ന രീതിയിൽ വിവിധ തലങ്ങളിൽ പങ്കുവയ്കപ്പെടുന്നുണ്ട്. ഇത് വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്നത് ആയതിനാൽ പലപ്പോഴും പല തരത്തിലുള്ള ദുരുപയോഗ സാദ്ധ്യതകളുമുള്ളതിനാൽ ഇത്തരത്തിൽ ഒരു വ്യക്തിക്ക് തന്റെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ഇന്റർനെറ്റിൽ വെബ് സൈറ്റുകൾ സന്ദർശിക്കാനും വെബ് സൈറ്റുകളീലൂടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാനും സന്ദേശങ്ങൾ അയക്കാനുമൊക്കെ അവസരം നൽകുന്ന വളരെ പോസിറ്റീവ് ആയ ഒരു സാങ്കേതിക വിദ്യ ആണ് ഇപ്പോൾ ഡാർക് വെബ് എന്ന പേരിൽ കുപ്രസിദ്ധമായ ഇന്റർനെറ്റ് അധോലോകത്തിന്റെ അടിസ്ഥാനം. സ്വകാര്യത പൂർണ്ണമായും സംരക്ഷിക്കുന്ന ടോർ (The Onion Router) പോലെ ഉള്ള സാങ്കേതിക വിദ്യകൾ നല്ല കാര്യങ്ങൾക്ക് പകരം കള്ളക്കടത്ത് മുതൽ കൊലപാതകങ്ങൾക്ക് വരെ ഉപയോഗിക്കപ്പെടുന്ന ഇന്റർനെറ്റിലെ മറ്റൊരു ലോകമാണ് ഡാർക്ക് വെബ്. എല്ലാവരും മുഖം മൂടികൾ അണിഞ്ഞ ഒരു ലോകമാണ് ഡാർക്ക് വെബ് എന്ന് പറയാം. ഇതുവഴി ഏത് രാജ്യത്തിന്റേതായാലും നിയമ സംഹിതകൾക്ക് ഉള്ളിൽ നിന്നുകൊണ്ട് ഒരിക്കലും അനുവദിച്ച് കൊടുക്കാൻ കഴിയാത്ത കാര്യങ്ങൾ എല്ലാം തന്നെ ഡാർക്ക് വെബ് നെറ്റ് വർക്കുകളിൽ സർവ്വ സാധാരണമാണ്. ഡാർക്ക് വെബ്ബിനെക്കുറിച്ച് പൊടിപ്പും തൊങ്ങലും വച്ചുള്ള കെട്ടു കഥകൾ ധാരാളം ഉണ്ടെങ്കിലും മയക്ക് മരുന്ന് കച്ചവടം, ആയുധ കച്ചവടം, വാടകക്കൊലയാളികൾ, ചൈൽഡ് പോർണോഗ്രാഫി എന്ന് തുടങ്ങി ആധുനിക സമൂഹത്തിന് ഒരിക്കലും അംഗീകരിച്ച് കൊടുക്കാൻ കഴിയാത്ത പല കാര്യങ്ങളും ഡാർക്ക് വെബിൽ പണം കൊടുത്ത് വാങ്ങാൻ കഴിയുന്ന സേവനങ്ങൾ ആയിത്തന്നെ ലഭ്യമാണ് എന്നത് ഒരു വസ്തുതയാണ്.
2008 ൽ സ്വകാര്യത പൂർണ്ണമായും സംരക്ഷിക്കുന്നതും രാജ്യങ്ങളുടെ അതിർത്തി ബാധകമല്ലാത്തതുമായ അതുവരെ ലോകം കണ്ടിട്ടീല്ലാത്ത ഡിജിറ്റൽ ക്രിപ്റ്റോ കറൻസി ആയ ബിറ്റ് കോയിൻ ആവിഷ്കരിക്കപ്പെട്ടതോടെയും അതിന്റെ ചുരുങ്ങിയ കാലം കൊണ്ട് ലഭിച്ച പ്രചാരത്തിന്റെ ചുവടു പിടിച്ചുകൊണ്ട് വന്ന ക്രിപ്റ്റോ വസന്തം ഡാർക്ക് വെബ്ബിനെ മറ്റൊരു തലത്തിലേക്ക് ആണ് കൊണ്ട് ചെന്നെത്തിച്ചത്. സ്വകാര്യത സംരക്ഷിക്കപ്പെടുന്ന വെബ് സൈറ്റുകളും മറ്റ് സേവനങ്ങളുമൊക്കെ ഡാർക്ക് വെബ്ബിൽ മുൻപേ തന്നെ ലഭ്യമായിരുന്നെങ്കിലും പിടിക്കപ്പെടാൻ സാദ്ധ്യതകൾ ഉള്ള ക്രഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, വിർച്വൽ ക്രഡിറ്റ് കാർഡുകൾ , കറൻസി ഇടപാടുകൾ തുടങ്ങിയവയൊക്കെ ആയിരുന്നു ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നത്. അപ്പോഴാണ് സ്വകാര്യത കൂടി സംരക്ഷിപ്പെടുന്നതും രാജ്യാതിർത്തികളില്ലാതെ ഇടനിലക്കാരില്ലാതെ ഇന്റർനെറ്റിലെ പൊതു കറൻസി ആയി ഉപയോഗിക്കാൻ കഴിയുന്നതുമായ ക്രിപ്റ്റോ കറൻസികളുടെ വരവ്. ക്രിപ്റ്റോ കറൻസികളൂടെ ഈ പ്രത്യേകതകൾ നമ്മുടെ ഓൺലൈൻ ഷോപ്പിംഗ് പോർട്ടലുകൾക്ക് സമാനമായ ഷോപ്പിംഗ് പോർട്ടലുകൾ ഡാർക്ക് വെബ്ബിലും തുറക്കാൻ അവസരമൊരുക്കി. അതായത് ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ചുകൊണ്ട് നിയമവിരുദ്ധമായ വസ്തുക്കളും സേവനങ്ങളുമൊക്കെ വാങ്ങുകയും വിൽക്കുകയും ചെയ്യാൻ കഴിയുന്ന പോർട്ടലുകൾ ധാരാളമായി ഡാർക്ക് വെബ്ബിൽ രൂപം കൊണ്ടു. മയക്ക് മരുന്ന് വിൽപ്പനക്ക് ആയി തയ്യാറാക്കപ്പെട്ട, 2011 മുതൽ 2013 വരെ അരങ്ങ് വാണ “സിൽക്ക് റോഡ്” എന്ന ഡാർക്ക് വെബ് മാർക്കറ്റ് പ്ലേസ് ഇതിനൊരു ഉദാഹരണമാണ്.
സിൽക്ക് റോഡിന്റ് കാര്യം പറയുമ്പോൾ ഇത്രയൊക്കെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിട്ടൂം ഇതിനു പിന്നിൽ പ്രവർത്തിച്ച റോസ് ഉൽബ്രിച് എന്ന അമേരിക്കക്കാരൻ എങ്ങിനെ അഴിക്കുള്ളിൽ ആയി എന്നത് സൈബർ കുറ്റാന്വേഷണ രംഗത്ത് ഒരു കേസ് സ്റ്റഡി ആക്കി എടുക്കാവുന്നതാണ്. എങ്ങിനെ ഒക്കെ പദ്ധതി ഇട്ട് കുറ്റകൃത്യങ്ങൾ നടത്തിയാലും എവിടെ എങ്കിലുമൊക്കെ എന്തെങ്കിലും തുമ്പുകൾ അവശേഷിക്കുമെന്നും വിദഗ്ദനായ ഒരു കുറ്റാന്വേഷകന് അതൊക്കെ കണ്ടെത്താൻ കഴിയുമെന്നും കുറ്റാന്വേഷണ ചരിത്രങ്ങൾ പരിശോധിച്ചാൽ നമുക്ക് അറിയാവുന്നതാണ്. അതുപോലെ ആണ് ഡിജിറ്റൽ തെളിവുകളുടെയും കാര്യം. എങ്ങിനെ ഒക്കെ ശ്രദ്ധിച്ചാലും കുറ്റവാളിയിലേക്ക് എത്തിച്ചേരാൻ കഴിയുന്ന മായ്ച്ച് കളയാൻ കഴിയാത്ത തുമ്പുകൾ “ഡിജിറ്റൽ ഫൂട്ട് പ്രിന്റുകൾ” എന്ന പേരിൽ ഏതൊരു കുറ്റകൃത്യത്തിലും കണ്ടെത്താനാകും. വളരെ ആത്മവിശ്വാസത്തോടെ ആരാലും പിടിക്കപ്പെടില്ല എന്ന് ഉത്തമ ബോദ്ധ്യത്തോടെ ഡാർക്ക് വെബ്ബിൽ സിൽക്ക് റോഡ് എന്ന മയക്ക് മരുന്ന് ഷോപ്പിംഗ് പോർട്ടൽ തുടങ്ങിയ റോസ് ഉൾബ്രിച്ചിനെ അതിലേക്ക് ആളുകളെ എത്തിക്കാൻ മുഖം മൂടി ഊരി നമ്മളെല്ലാം ഉപയോഗിക്കുന്ന സാധാരണ ഇന്റർനെറ്റ് ചാറ്റ് ഫോറങ്ങളിലും സോഷ്യൽ മീഡിയയിലുമൊക്കെ വരേണ്ടി വന്നു. അതായത് ഡാർക്ക് വെബ്ബിൽ ഒരു പോർട്ടൽ തൂടങ്ങിയത് കൊണ്ട് കാര്യമില്ലല്ലോ അങ്ങനെ ഒന്ന് ഉണ്ടെന്ന് ലോകത്തെ അറിയിക്കണ്ടേ? അതിനായി നടത്തിയ ഇടപെടലുകൾ അവശേഷിപ്പിച്ച കാൽപ്പാടുകൾ ക്ഷമയോടെ പിൻതുടർന്ന് പോയ അന്വേഷകർ അധികം താമസിയാതെ തന്നെ ഉൾബ്രിചിനെ വലയിലാക്കി. അതായത് വലിയ സാങ്കേതിക വിദ്യകൾ ഒന്നും ഉപയോഗിക്കാതെ വെറും ഗൂഗിൾ സേർച്ചും അതിന്റെ ചുവട് പിടിച്ചുള്ള മറ്റ് സൈറ്റുകളിലേക്കുള്ള അന്വേഷണങ്ങളുമെല്ലാം നടത്തിയുമാണ് ഗാരി ആൽഫഡ് എന്ന സാമ്പത്തിക കുറ്റാന്വേഷകൻ ഡാർക്ക് വെബ്ബിന്റെ ഇരുട്ടിൽ സുരക്ഷിതനാണെന്ന മിഥ്യാബോധത്തോടെ വിഹരിച്ച കുറ്റവാളിയെ വെളിച്ചത്ത് കൊണ്ടുവന്നത്.
കാലം മാറി, ഇപ്പോൾ ഡാർക്ക് വെബ്ബിൽ തന്നെ ഗൂഗിളിനു സമാനമായ സേർച്ച് എഞ്ചിനുകൾ വന്നു. ആവശ്യക്കാർ നേരിട്ട് ഡാർക്ക് വെബ്ബിൽ കയറി അവിടെ ഉള്ള സേർച്ച് എഞ്ചിനുകൾ ഉപയോഗിച്ച് ആവശ്യമായ വെബ് സൈറ്റുകളിലേക്ക് എത്തുന്നതൊക്കെ ആണ് ഇപ്പോൾ കണ്ടു വരുന്നത്. എന്നിരുന്നാലും കുറ്റകൃത്യങ്ങളൂടെ പ്ലാനിംഗ് നടക്കുന്നത് ഡാർക്ക് വെബ്ബിലാണെങ്കിലും ഏതെങ്കിലുമൊക്കെ അവസരത്തിൽ കുറ്റകൃത്യങ്ങൾക്കായി സാധാരണ ലോകത്തേക്ക് പുറത്ത് വരേണ്ട അവസ്ഥ ഉള്ളതിനാൽ വേണ്ട രീതിയിൽ അന്വേഷിച്ചാൽ ഏത് വലിയ സൈബർ കുറ്റവാളിയെയും വലയിലാക്കാമെന്ന് സൈബർ കുറ്റകൃത്യങ്ങളുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.
