Cyber Crime Series: Part 1
മനുഷ്യജീവിതങ്ങളെ സ്വാധീനിയ്ക്കുന്ന സമസ്തമേഖലകളിലും വിപ്ലവകരമായ മാറ്റങ്ങളാണ് വിവരസാങ്കേതിക (Information Technology – IT) രംഗത്തെ വളർച്ചയും അതിവേഗവ്യാപനവും കഴിഞ്ഞ രണ്ട് ദശകങ്ങളിൽ സാധ്യമാക്കിയിരിക്കുന്നത്. ഈ വളർച്ചക്കൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലും അചിന്തനീയമായ മാറ്റങ്ങളും, പരിണാമങ്ങളും ഉണ്ടായി… സ്വാഭാവികമായി, സൈബർ സുരക്ഷക്കുള്ള പ്രാധാന്യവും ഏറിവരുന്നു… അതിനാൽ തന്നെ, സാർവത്രികമായി സൈബർ സുരക്ഷയെ സംബന്ധിച്ച അടിസ്ഥാന ധാരണ അത്യാവശ്യമാണ്… ഈ പശ്ചാത്തലത്തിൽ സൈബർ കുറ്റകൃത്യങ്ങളുടെ നാൾവഴികൾ വിവരിക്കുന്ന, അവയെപ്പറ്റി അവഗാഹം നൽകുന്ന, സുരക്ഷാ മാർഗങ്ങൾ നിർദ്ദേശിക്കുന്ന, സുജിത്ത് കുമാർ എഴുതിയ മൂന്ന് ഭാഗങ്ങളുള്ള ലേഖനപരമ്പരയിലെ ആദ്യ ഭാഗം…
“ഈ വർഷം അവസാനത്തോടെ ലോകത്തെ ആദ്യത്തെ ഓൺലൈൻ കൊലപാതകം നടന്നേക്കാം.” വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയിലെ ഒരു സൈബർ സുരക്ഷാ സ്ഥാപനം നടത്തിയ ഈ മുന്നറിയിപ്പ് കടമെടുത്തുകൊണ്ട് യൂറോപ്യൻ യൂണിയൻ സുരക്ഷാ ഏജൻസി ആയ യൂറോപോൾ പുറത്തിറക്കിയ ഒരു സൈബർ ക്രൈം റിപ്പോർട്ട് 2014 ഒക്ടോബർ മാസത്തിൽ പ്രമുഖ മാദ്ധ്യമങ്ങളിലെല്ലാം വൻ പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിക്കപ്പെടുകയും സൈബർ ലോകത്ത് വലിയ ചർച്ച ആവുകയുമൊക്കെ ചെയ്തിരുന്നു. ഒരു മാദ്ധ്യമമെന്ന നിലയിൽ ഇന്റർനെറ്റ് ഉപയോഗിച്ചുകൊണ്ടുള്ള ഏതെങ്കിലും കുറ്റകൃത്യമായിരുന്നില്ല ആ വിലയിരുത്തൽ കൊണ്ട് ഉദ്ദേശിച്ചത്. മറിച്ച് ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതെങ്കിലും ഉപകരണത്തിൽ കയ്യാങ്കളികൾ നടത്തി അതിന്റെ നിയന്ത്രണം സാദ്ധ്യമാക്കിയ ശേഷം അതു വഴി ഒരു വ്യക്തിയുടെയോ ഒരു കൂട്ടം വ്യക്തികളൂടെയോ ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ളതും അതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത തരത്തിലുള്ളതുമായ ഒരു കുറ്റകൃത്യത്തെക്കുറിച്ച് ആയിരുന്നു ആ മുന്നറിയിപ്പ്. ഒരുപക്ഷേ അതിശയോക്തി ആയൊക്കെ തോന്നാമെങ്കിലും എല്ലാ ഉപകരണങ്ങളും “കണക്റ്റഡ്” ആകുന്ന “ഇന്റർനെറ്റ് ഓഫ് തിംഗ്സ്(IoT)” വൻ പ്രചാരം നേടിത്തുടങ്ങിയ അക്കാലത്ത് ഇത്തരത്തിൽ മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളെയും പ്രത്യക്ഷവും പരോക്ഷവുമായി സ്വാധീനിക്കുന്നവയെല്ലാം “കണക്റ്റഡ്” ആയിക്കൊണ്ടൂള്ള “ഇന്റർനെറ്റ് ഓഫ് എവരിതിംഗ് (IoE)” ന്റെ സുരക്ഷാ പ്രശ്നങ്ങളിലേക്ക് ചർച്ചകളെ കൊണ്ട് ചെന്നെത്തിക്കുക എന്നതായിരുന്നു പ്രസ്തുത റിപ്പോർട്ടിന്റെ പ്രധാന ഉദ്ദേശം. ഫാക്റ്ററികളിലെ സുരക്ഷാ സംവിധാനങ്ങളിൽ നുഴഞ്ഞ് കയറി അവയുടെ പ്രവർത്തനങ്ങളെ അവതാളത്തിലാക്കി യന്ത്രങ്ങൾ പ്രവർത്തിക്കുന്നവരെ അപകടത്തിലാക്കുക, ഇന്റർനെറ്റ് കണക്റ്റഡ് ആയ വാഹനങ്ങളുടെ കണ്ട്രോൾ സോഫ്റ്റ്വെയറുകളിൽ ഇടപെട്ട് നിയന്ത്രണം നഷ്ടമാക്കി വാഹനമോടിക്കുന്നവരുടെ ജീവൻ അപകടത്തിലാക്കുക, ആശുപത്രികളിലെ ജീവൻ രക്ഷാ ഉപകരണങ്ങളുടെ നിയന്ത്രണം കൈക്കലാക്കുക തുടങ്ങി അത്ര വിദൂരമെന്ന് പോലും പറയാൻ കഴിയാത്ത സാദ്ധ്യതകൾ അക്കാലത്ത് തന്നെ നിലനിന്നിരുന്നതിനാൽ അന്നു തന്നെ പലർക്കും സംശയമുണ്ടായിരുന്നു ഈ പറഞ്ഞ ഓൺലൈൻ കൊലപാതകം എവിടെ എങ്കിലുമൊക്കെ നിലവിൽ തന്നെ നടന്ന് കഴിഞ്ഞിട്ടുണ്ടായിരിക്കുമോ എന്ന്.
ഇന്റർനെറ്റിലൂടെ നടത്തിയ കൊലപാതകം
തുടക്കത്തിൽ സൂചിപ്പിച്ച തരത്തിലുള്ളതെല്ലെങ്കിലും “ആദ്യത്തെ ഇന്റർനെറ്റ് കൊലപാതകം” എന്ന് പലപ്പോഴും പരാമർശിക്കപ്പെടുന്നതും ഒരു സൈബർ ക്രൈം എന്ന് വിളിക്കാൻ കഴിയുന്നതുമായ കേസുകളിൽ ആദ്യത്തേതെന്ന് പരക്കെ അംഗീകരിക്കപ്പെടുന്ന ഒന്നാണ് അമേരിക്കയിലെ മിഷിഗണിൽ 1999 ൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഷാരി മില്ലർ കേസ്. ഒരു കൊലപാതകത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ കേന്ദ്ര ഘടകമായി പ്രവർത്തിച്ചു എന്ന നിലയിൽ പ്രസ്തുത കേസും അതിന്റെ വിചാരണ നടപടിക്രമങ്ങളുമെല്ലാം സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിലെ സുപ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തപ്പെട്ടതാണ്.
“ആദ്യത്തെ ഇന്റർനെറ്റ് കൊലപാതകം” എന്ന് പലപ്പോഴും പരാമർശിക്കപ്പെടുന്നതും ഒരു സൈബർ ക്രൈം എന്ന് വിളിക്കാൻ കഴിയുന്നതുമായ കേസുകളിൽ ആദ്യത്തേതെന്ന് പരക്കെ അംഗീകരിക്കപ്പെടുന്ന ഒന്നാണ് അമേരിക്കയിലെ മിഷിഗണിൽ 1999 ൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഷാരി മില്ലർ കേസ്. ഒരു കൊലപാതകത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ കേന്ദ്ര ഘടകമായി പ്രവർത്തിച്ചു എന്ന നിലയിൽ പ്രസ്തുത കേസും അതിന്റെ വിചാരണ നടപടിക്രമങ്ങളുമെല്ലാം സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിലെ സുപ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തപ്പെട്ടതാണ്.
ഷാരി മില്ലർ എന്ന അമേരിക്കൻ യുവതി തന്റെ ഭർത്താവ് ബ്രൂസ് മില്ലറെ ഇന്റർനെറ്റ് ചാറ്റ് ഫോറങ്ങളിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച മറ്റൊരാളെക്കൊണ്ട് കൊല ചെയ്യിപ്പിച്ച കേസ് ആണ് പ്രമാദമായ ഷാരി മില്ലർ കേസ്. പതിവിൽ നിന്ന് വിപരീതമായി ഈ കേസിൽ ഇന്റർനെറ്റ് ചാറ്റുകൾ, ബ്രൗസിംഗ് ഹിസ്റ്ററി, ഇ-മെയിൽ സന്ദേശങ്ങൾ തുടങ്ങിയ ഡിജിറ്റൽ തെളിവുകൾ ഒരു കേസിന്റെ വിധി പറയുന്ന രീതിയിൽ നിർണ്ണായകമാവുകയും അവയുടെ അടിസ്ഥാനത്തിൽ കുറ്റവാളി ആയ ഷാരി മില്ലർക്ക് തടവ് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിക്കുകയും ചെയ്തു. ഇന്റർനെറ്റ് അതിന്റെ ആദ്യകാലങ്ങളിൽ തന്നെ കുറ്റകൃത്യങ്ങൾക്കായി എങ്ങനെ ഉപയോഗപ്പെടുത്തി എന്നതിനൊരു ഉദാഹരണമായി നിലനിൽക്കുന്നതിനാലാണ് ആദ്യത്തെ ഇന്റർനെറ്റ് കൊലപാതകമെന്ന രീതിയിൽ ഈ കേസ് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നത്.
യൂറോപ്പോളിന്റെ ഏറ്റവും പുതിയ സൈബർക്രൈം വിശകലന റിപ്പോർട്ട് (2025) വായിക്കാനുള്ള ലിങ്ക് : https://www.europol.europa.eu/cms/sites/default/files/documents/Steal-deal-repeat-IOCTA_2025.pdf
ഈ ഒരു കേസിനു ശേഷവും ഇന്റർനെറ്റ് ഒരു മാദ്ധ്യമമായി ഉപയോഗിച്ചുകൊണ്ട്, അല്ലെങ്കിൽ ഇന്റർനെറ്റിന്റെയും കമ്പ്യൂട്ടറുകളുടെയും വിപുലമായ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ധാരാളം കുറ്റകൃത്യങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതും എടുത്ത് പറയേണ്ടതുമായ ഒന്നാണ് 2001 ൽ നടന്ന ആർമിൻ മെവ്സ് എന്ന വ്യക്തി നരഭോജനത്തിനായി നടത്തിയ കൊലപാതകങ്ങൾ. ആർമിൻ മെയ്വ്സ് എന്ന നരഭോജന സ്വഭാവവൈകൃതമുള്ള ആൾ തന്റെ ഇരയെ സമാന സ്വഭാവമുള്ളവരുടെ ഒരു ഓൺലൈൻ ഫോറത്തിൽ നിന്ന് കണ്ടെത്തി കൊലപ്പെടുത്തി ഭക്ഷിച്ച കേസ് ലോകത്തെ തന്നെ നടുക്കിയതാണ്. അതുപോലെ 2005 ൽ ജർമനിയിൽ തന്നെ ഒരു ഇന്റർനെറ്റ് ചാറ്റ് റൂമിലെ രണ്ട് പേർ തമ്മിലുള്ള തർക്കങ്ങൾ നേരിട്ടുള്ള കൊലപാതത്തിനു കാരണമാവുകയുണ്ടായി.
ആർമിൻ മെയ്വ്സ് എന്ന നരഭോജന സ്വഭാവവൈകൃതമുള്ള ആൾ തന്റെ ഇരയെ സമാന സ്വഭാവമുള്ളവരുടെ ഒരു ഓൺലൈൻ ഫോറത്തിൽ നിന്ന് കണ്ടെത്തി കൊലപ്പെടുത്തി ഭക്ഷിച്ച കേസ് ലോകത്തെ തന്നെ നടുക്കിയതാണ്.
ഇത്തരത്തിൽ കുറ്റകൃത്യങ്ങൾക്ക് ഇന്റർനെറ്റും കമ്പ്യൂട്ടറുകളുമെല്ലാം ഒരു മാദ്ധ്യമമായി മാറുകയും അവ ഉപയോഗിച്ചുകൊണ്ടുള്ള കുറ്റകൃത്യങ്ങൾ കണ്ടെത്തുക, തടയുക, കുറ്റവാളികൾക്ക് ശിക്ഷ കിട്ടുവാനാവശ്യമായ തരത്തിലുള്ള തെളിവുകൾ ശേഖരിക്കുക തുടങ്ങിയവയെല്ലാം പരമ്പരാഗത കുറ്റാന്വേഷണ മാർഗ്ഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു തലത്തിലേക്ക് ആണ് എത്തിച്ചത്. അതുകൊണ്ട് തന്നെ സൈബർ കുറ്റകൃത്യങ്ങൾ പ്രത്യേകമായി തന്നെ കൈകാര്യം ചെയ്യുന്ന വിധത്തിൽ അന്വേഷണ ഏജൻസികൾ അവരുടെ രീതികളിൽ മാറ്റം വരുത്തുകയും നിയമങ്ങളുടെ അഭാവം മൂലമുള്ള ആനുകൂല്ല്യങ്ങൾ മുതലെടുത്ത് കുറ്റവാളികൾ രക്ഷപ്പെടാത്ത രീതിയിലുള്ള, സൈബർ കുറ്റകൃത്യങ്ങളെ പ്രത്യേകമായി വിവക്ഷിക്കുന്ന, വകുപ്പുകൾ ഉള്ള രീതിയിൽ കാലോചിതമായി നിയമ നിർമ്മാണങ്ങളും നിയമ ഭേദഗതികളും നടത്താനും നിയമവാഴ്ച ഉള്ള രാഷ്ട്രങ്ങൾ നിർബന്ധിതരായി.
ആദ്യ സൈബർ കുറ്റകൃത്യം
സൈബർ ആക്രമണങ്ങളുടെ ചരിത്രം പരിശോധിച്ചാൽ സാങ്കേതികമായിപ്പറഞ്ഞാൽ ആദ്യ സൈബർ ആക്രമണത്തിന് ഇന്റർനെറ്റിനേക്കാൾ പഴക്കമുണ്ട് എന്ന് കാണാനാകും. അതായത് കമ്പ്യൂട്ടറുകളും ഇന്റർനെറ്റുകളുമൊക്കെ വരുന്നതിനും മുൻപേ 1834 ൽ ഫ്രാൻസിലെ ടെലിഗ്രാഫ് നെറ്റ്വർക്കിൽ നുഴഞ്ഞ് കയറി സാമ്പത്തിക വിവരങ്ങൾ ചോർത്തിയെടുത്തുകൊണ്ട് ബ്ലാങ്ക് ബ്രദേഴ്സ് എന്നറിയപ്പെടുന്ന ഫ്രാങ്കോയ്സ് ബ്ലാങ്ക്, ജോസഫ് ബ്ലാങ്ക് സഹോദരന്മാർ സ്റ്റോക് മാർക്കറ്റിൽ നിന്ന് ലാഭം നേടിയെടുത്ത കേസിനെ ഇന്നത്തെ സൈബർ തട്ടിപ്പുകളുമായി താരതമ്യപ്പെടുത്തിയാൽ പല സാമ്യതകളും കാണാവുന്നതാണ്. അതായത് ഒരു കമ്യൂണിക്കേഷൻ സംവിധാനത്തിൽ ഉള്ള പഴുതുകൾ കണ്ടെത്തുക, വ്യക്തികളുടെ ദൗർബല്യങ്ങൾ മനസ്സിലാക്കുക, ഈ പഴുതുകളെയും ദൗർബല്യങ്ങളെയും വിദഗ്ദമായി ചൂഷണം ചെയ്യുക തൂടങ്ങിയ കാര്യങ്ങളെല്ലാം തന്നെ ബ്ലാങ്ക് സഹോദരന്മാർ ചെയ്തു എന്ന് മാത്രവുമല്ല വ്യക്തമായ തെളിവുകളുടെയും അതുപോലെ നിയമങ്ങളുടെയും അഭാവം അവർക്ക് ശിക്ഷ നേടാതെ രക്ഷപ്പെടാൻ അവസരമൊരുക്കുകയും ചെയ്തു എന്ന് കൂടി പറയുമ്പോൾ ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ സൈബർ കുറ്റകൃത്യങ്ങളിൽ നിന്നും ഇതിനു കാര്യമായ വ്യത്യാസമൊന്നും കാണാൻ കഴിയില്ല.
1834 ൽ ഫ്രാൻസിലെ ടെലിഗ്രാഫ് നെറ്റ്വർക്കിൽ നുഴഞ്ഞ് കയറി സാമ്പത്തിക വിവരങ്ങൾ ചോർത്തിയെടുത്തുകൊണ്ട് ബ്ലാങ്ക് ബ്രദേഴ്സ് എന്നറിയപ്പെടുന്ന ഫ്രാങ്കോയ്സ് ബ്ലാങ്ക്, ജോസഫ് ബ്ലാങ്ക് സഹോദരന്മാർ സ്റ്റോക് മാർക്കറ്റിൽ നിന്ന് ലാഭം നേടിയെടുത്ത കേസിനെ ഇന്നത്തെ സൈബർ തട്ടിപ്പുകളുമായി താരതമ്യപ്പെടുത്തിയാൽ പല സാമ്യതകളും കാണാവുന്നതാണ്.
സൈബർ കുറ്റകൃത്യങ്ങളും സൈബർ തട്ടിപ്പുകളും
കമ്പ്യൂട്ടറുകൾ, കമ്പ്യൂട്ടർ ശൃംഖലകൾ, ഇന്റർനെറ്റ് , സ്മാർട്ട് ഫോണുകൾ തുടങ്ങിയവയിൽ ഏതെങ്കിലുമൊക്കെ ഒറ്റയ്ക്കോ, കൂട്ടായോ ഉപയോഗപ്പെടുത്തിക്കൊണ്ട് നടത്തുന്ന കുറ്റകൃത്യങ്ങളെ ആണ് പൊതുവേ “സൈബർ ക്രൈം” എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ വ്യക്തികളെയോ സ്ഥാപനങ്ങളെയോ സംഘടനകളെയോ സർക്കാരുകളെയോ ഒക്കെ ലക്ഷ്യമിട്ടുകൊണ്ടുള്ളവ ആയിരിക്കാം. ഇതിൽ മോഷണം, തട്ടിപ്പുകൾ തുടങ്ങി കൊലപാതകങ്ങൾ വരെ പലപ്പോഴും സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്നതാണ്. ഇന്റർനെറ്റോ ഇന്നത്തെ പോലെ ഉള്ള വിവര സാങ്കേതിക വിദ്യകളോ ഇല്ലാതിരുന്ന കാലത്തുള്ള തട്ടിപ്പുകളും കുറ്റകൃത്യങ്ങളുമെല്ലാം അതേ കുറ്റകൃത്യങ്ങൾ തന്നെ ചെയ്യാനായി കുറ്റവാളികൾ ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ ഉപയോഗപ്പെടുത്തി വന്നപ്പോൾ ആണ് “സൈബർ കുറ്റകൃത്യങ്ങൾ” എന്നൊരു പ്രത്യേക വിഭാഗം തന്നെ ഉണ്ടായി വന്നത്.
ഇന്റർനെറ്റോ ഇന്നത്തെ പോലെ ഉള്ള വിവര സാങ്കേതിക വിദ്യകളോ ഇല്ലാതിരുന്ന കാലത്തുള്ള തട്ടിപ്പുകളും കുറ്റകൃത്യങ്ങളുമെല്ലാം അതേ കുറ്റകൃത്യങ്ങൾ തന്നെ ചെയ്യാനായി കുറ്റവാളികൾ ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ ഉപയോഗപ്പെടുത്തി വന്നപ്പോൾ ആണ് “സൈബർ കുറ്റകൃത്യങ്ങൾ” എന്നൊരു പ്രത്യേക വിഭാഗം തന്നെ ഉണ്ടായി വന്നത്.
സൈബർ കുറ്റകൃത്യങ്ങൾ ഇത്തരത്തിൽ പൊതുവായി സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയോ സൈബർ സാങ്കേതിക വിദ്യകളെ ലക്ഷ്യമാക്കിയോ നടത്തുന്ന കുറ്റകൃത്യങ്ങൾ ആണെങ്കിൽ, സൈബർ തട്ടിപ്പുകൾ (Cyber Frauds) പ്രധാനമായും ഇന്റർനെറ്റും ഡിജിറ്റൽ ഉപകരണങ്ങളുമെല്ലാം ഉപയോഗിച്ചുകൊണ്ട് സാമ്പത്തിക ലക്ഷ്യത്തോടെ മാത്രം നടത്തുന്നവയാണ്. സൈബർ തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളൂടെ തന്നെ വിഭാഗത്തിൽ പെടുമെങ്കിലും അതിലെ സാമ്പത്തിക ലക്ഷ്യം മാത്രം മുൻ നിർത്തി സൈബർ തട്ടിപ്പുകൾ എന്ന് വേർതിരിച്ച് കാണാവുന്നതാണ്.
സൈബർ കുറ്റകൃത്യങ്ങളെ ലക്ഷ്യം, മാർഗ്ഗം, ആഘാതം എന്നിവയുടെ അടിസ്ഥാനത്തിൽ വർഗ്ഗീകരിക്കാം. വ്യക്തികൾ , സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങി രാജ്യങ്ങൾ വരെ നീളുന്നു സൈബർ കുറ്റകൃത്യങ്ങളുടെ ലക്ഷ്യങ്ങൾ. ലക്ഷ്യങ്ങൾ നേടാനുള്ള മാർഗ്ഗങ്ങൾ ആയി ഹാക്കിംഗ്, സോഷ്യൽ എഞ്ചിനീയറിംഗ് , മാൽവെയറുകൾ തുടങ്ങിയവയെല്ലാം ഉപയോഗപ്പെടുത്തുന്നു. അതുപോലെ സൈബർ കുറ്റകൃത്യങ്ങളുടെ ആഘാതമായി സാമ്പത്തിക നഷ്ടം, വ്യക്തിവിവരങ്ങൾ നഷ്ടമാകൽ, പൊതുസമൂഹത്തിൽ അപമാനിതരാകൽ എന്നു തുടങ്ങി രാജ്യ സുരക്ഷ വരെ നീളുന്നു. ഇത്തരത്തിൽ ഏത് സൈബർ ആക്രമണമായാലും വിശാലാർത്ഥത്തിൽ അവയെ പ്രധാനമായും രണ്ടായി തരം തിരിക്കാം. ഒന്ന് കമ്പ്യൂട്ടർ ഉൾപ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള അക്രമണങ്ങൾ, രണ്ട് വ്യക്തികളെയോ സംഘടനകളെയോ രാജ്യങ്ങളെയോ ഒക്കെ ലക്ഷ്യമിട്ടുകൊണ്ട് ഡിജിറ്റൽ ഉപകരണങ്ങളും ഇന്റർനെറ്റുമെല്ലാം ഉപയോഗിച്ചുകൊണ്ടുള്ള കുറ്റകൃത്യങ്ങൾ.
ഏത് സൈബർ ആക്രമണമായാലും വിശാലാർത്ഥത്തിൽ അവയെ പ്രധാനമായും രണ്ടായി തരം തിരിക്കാം. ഒന്ന് കമ്പ്യൂട്ടർ ഉൾപ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള അക്രമണങ്ങൾ, രണ്ട് വ്യക്തികളെയോ സംഘടനകളെയോ രാജ്യങ്ങളെയോ ഒക്കെ ലക്ഷ്യമിട്ടുകൊണ്ട് ഡിജിറ്റൽ ഉപകരണങ്ങളും ഇന്റർനെറ്റുമെല്ലാം ഉപയോഗിച്ചുകൊണ്ടുള്ള കുറ്റകൃത്യങ്ങൾ.
കമ്പ്യൂട്ടറുകളെയും കമ്പ്യൂട്ടർ നെറ്റ്വർക്കുകളെയുമൊക്കെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആദ്യകാല സൈബർ ആക്രമണങ്ങളിൽ മിക്കതും സാങ്കേതിക വിദഗ്ദരായ വിദ്യാർത്ഥികളാൽ പേരിനും പ്രശസ്തിക്കും വെറുമൊരു കൗതുകത്തിനു പുറത്തുമൊക്കെ നടത്തപ്പെട്ടവയാണ്. ഇവയിൽ പലതും അനന്തര ഫലങ്ങൾ എന്തായിരിക്കുമെന്ന് ധാരണയില്ലാതെ ദൂരവ്യാപകമായ ദുരന്തങ്ങൾ ഉണ്ടാക്കിയവയുമുണ്ട്. 1988 ൽ റോബർട്ട് മോറിസ് ഒരു കൗതുകത്തിന്റെ പുറത്ത് തയ്യാറാക്കിയ മോറിസ് വേം എന്ന മാൽവെയർ കയ്യിൽ നിന്ന് പോവുകയും വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആയിരക്കണക്കിനു കമ്പ്യൂട്ടറുകളുടെ പ്രവർത്തനം താറുമാറാക്കിക്കൊണ്ട് ലക്ഷങ്ങളൂടെ നഷ്ടം വരുത്തി വയ്ക്കുകയുണ്ടായി. 1986 ൽ കമ്പ്യൂട്ടർ നെറ്റ്വർക്കുകൾ അത്ര വ്യാപകമാകുന്നതിനു മുൻപ് ഫ്ലോപ്പി ഡിസ്കുകൾ ഉപയോഗിച്ചുകൊണ്ട് പ്രവർത്തിച്ചിരുന്ന കമ്പ്യൂട്ടറുകളെ തകരാറിലാക്കിയ “ബ്രെയിൻ” എന്ന കമ്പ്യൂട്ടർ മാൽവെയറിന്റെ കഥയും സമാനമാണ്. പാക്കിസ്ഥാനിലെ ലാഹോറിൽ ബ്രെയിൻ കമ്പ്യൂട്ടേഴ്സ് എന്ന സ്ഥാപനം നടത്തിയിരുന്ന അൽവി സഹോദരങ്ങൾ അവർ തയ്യാറാക്കി വിപണനം ചെയ്തിരുന്ന മെഡിക്കൽ സോഫ്റ്റ്വെയറിന്റെ വ്യാജ പതിപ്പുകൾ ഫ്ലോപ്പി ഡിസ്ക് വഴി പകർത്തി വിതരണം ചെയ്യുന്നത് തടയാനായി സോഫ്റ്റ് വെയർ ഫ്ലോപ്പി ഡിസ്കിനോട് ചേർത്ത ഒരു ചെറിയ പ്രോഗ്രാം ആണ് അതിന്റെ ലക്ഷ്യങ്ങൾക്കുമപ്പുറം കടന്ന് അനേകം കമ്പ്യൂട്ടറുകളെ ബാധിക്കുന്ന വൈറസ് ആയി മാറിയത്. അക്കാലത്തും ദുഷ്ട ലക്ഷ്യങ്ങളോടെ നിർമ്മിക്കപ്പെട്ട മാൽവെയർ പ്രോഗ്രാമുകളും ഉണ്ടായിരുന്നില്ല എന്നല്ല, പക്ഷേ ഇന്നത്തെപ്പോലെ ഓൺലൈൻ സാമ്പത്തിക ഇടപാടുകളും മറ്റും വ്യാപകമായിരുന്നില്ല എന്നതിനാൽ തട്ടിപ്പുകളുടെ വ്യാപ്തി കുറവായിരുന്നു.
1986 ൽ കമ്പ്യൂട്ടർ നെറ്റ്വർക്കുകൾ അത്ര വ്യാപകമാകുന്നതിനു മുൻപ് ഫ്ലോപ്പി ഡിസ്കുകൾ ഉപയോഗിച്ചുകൊണ്ട് പ്രവർത്തിച്ചിരുന്ന കമ്പ്യൂട്ടറുകളെ തകരാറിലാക്കിയ “ബ്രെയിൻ” എന്ന കമ്പ്യൂട്ടർ മാൽവെയറിന്റെ കഥയും സമാനമാണ്.
ഉപകരണങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള കുറ്റകൃത്യങ്ങളും പ്രത്യക്ഷമായും പരോക്ഷമായും വ്യക്തികളെയും സ്ഥാപനങ്ങളെയും രാജ്യങ്ങളെയുമൊക്കെ തന്നെ ആയിരിക്കും ലക്ഷ്യമിടുന്നത് എങ്കിലും അവയിൽ സങ്കേതികവിദ്യയുടെ ഉപയോഗം വളരെ കൂടുതൽ ആയിരിക്കും. അതേ സമയം കമ്പ്യൂട്ടറുകളും മൊബൈൽ ഫോണും ഇന്റർനെറ്റുമൊക്കെ ഉപകരണങ്ങളായി ഉപയോഗിച്ചുകൊണ്ടുള്ള സൈബർ കുറ്റകൃത്യങ്ങളിൽ സാങ്കേതിക വിദ്യകൾക്ക് അപ്പുറമായി സോഷ്യൽ എഞ്ചിനീയറിംഗ് മാർഗ്ഗങ്ങൾ ആയിരിക്കും കൂടുതൽ ആയി ഉപയോഗപ്പെടുത്തിയിട്ടുണ്ടാവുക.
സോഷ്യൽ എഞ്ചിനീയറിംഗ്
ഒരു കമ്പ്യൂട്ടർ ഹാക്ക് ചെയ്യുന്നതിലും എളുപ്പം അത് ഉപയോഗിക്കുന്നവരെ ഹാക്ക് ചെയ്യുന്നതാണ് എന്ന് പറയാറുണ്ട്. അതായത് ഒരു കമ്പ്യൂട്ടറിലോ കമ്പ്യൂട്ടർ പ്രോഗ്രാമിലോ കടന്നു കയറലുകളൂം കയ്യാങ്കളികളും നടത്തണമെങ്കിൽ നല്ല രീതിയിലുള്ള സാങ്കേതിക പരിജ്ഞാനം അത്യാവശ്യമാണ്. എല്ലാവർക്കും അതിനു കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് തന്നെ വലിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള സൈബർ കുറ്റകൃത്യങ്ങൾ എണ്ണത്തിൽ താരതമ്യന കുറവാണ്. മറിച്ച് മനുഷ്യരുടെ പൊതുവായുള്ള മനുഷ്യ സഹജമായ ദൗർബല്യങ്ങൾ വളരെ എളുപ്പത്തിൽ ചൂഷണം ചെയ്തുകൊണ്ട് അവൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളിലേക്ക് യാതൊരു വിധ സാങ്കേതിക പരിജ്ഞാനവുമില്ലാത്ത ആൾക്ക് പോലും കടന്ന് കയറാൻ കഴിയുന്നു. വിശ്വാസം, ഭയം, കൊതി എന്നിങ്ങനെ ഉള്ള മനുഷ്യരുടെ വികാര വിചാരങ്ങളെ ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ചൂഷണം ചെയ്തുകൊണ്ട് തട്ടിപ്പുകൾ നടത്തുന്നതിനു പൊതുവായി പറയുന്ന പേരാണ് “സോഷ്യൽ എഞ്ചിനീയറിംഗ്” എന്നത്. സോഷ്യൽ എഞ്ചിനീയറിംഗ് ഉപയോഗിച്ചുകൊണ്ടുള്ള തട്ടിപ്പുകൾ ഇന്റർനെറ്റും കമ്പ്യൂട്ടറുകളുമൊക്കെ വരുന്നതിനു മുൻപേ തന്നെ നിലനിന്ന് പോന്നതാണെങ്കിലും ഇന്റർനെറ്റ് വന്നതോടെ കൂടുതൽ ആളുകളെ അധികം അദ്ധ്വാനമില്ലാതെ തന്നെ ഒരേ സമയം വലയിലാക്കാൻ കഴിയുമെന്ന സാഹചര്യം നിലവിൽ വന്നു.
ഒരു കമ്പ്യൂട്ടർ ഹാക്ക് ചെയ്യുന്നതിലും എളുപ്പം അത് ഉപയോഗിക്കുന്നവരെ ഹാക്ക് ചെയ്യുന്നതാണ് എന്ന് പറയാറുണ്ട്. വിശ്വാസം, ഭയം, കൊതി എന്നിങ്ങനെ ഉള്ള മനുഷ്യരുടെ വികാര വിചാരങ്ങളെ ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ചൂഷണം ചെയ്തുകൊണ്ട് തട്ടിപ്പുകൾ നടത്തുന്നതിനു പൊതുവായി പറയുന്ന പേരാണ് “സോഷ്യൽ എഞ്ചിനീയറിംഗ്” എന്നത്.
നമുക്ക് ഒരു വ്യക്തിയിലോ സ്ഥാപനത്തിലോ ഉള്ള വിശ്വാസം മുതലെടുത്ത് പ്രസ്തുത വ്യക്തിയോ സ്ഥാപനമോ ആണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പണവും മറ്റ് വ്യക്തി വിവരങ്ങളുമൊക്കെ തട്ടിയെടുക്കാൻ തട്ടിപ്പുകാർ ഉപയോഗിച്ച് വരുന്ന പരമ്പരാഗത മാർഗ്ഗങ്ങൾ ആണ് ഫിഷിംഗ് (phishing), സ്മിഷിംഗ് (smishing), വിഷിംഗ് (vishing) എന്നിവ. വ്യാജ വെബ് സൈറ്റുകളും വെബ് ലിങ്കുകളുമൊക്കെ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിച്ച് നടത്തിവരുന്ന തട്ടിപ്പുകളെ ഫിഷിംഗ് എന്നും മൊബൈൽ സന്ദേശങ്ങൾ വഴി നടത്തുന്ന തട്ടിപ്പുകളെ സ്മിഷിംഗ് (sms phishing) എന്നും ഫോൺ വിളികളിലൂടെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന തട്ടിപ്പുകളെ വിഷിംഗ് (voice phishing) എന്നുമാണ് വിളിക്കാറ്. ഈ മൂന്നു തട്ടിപ്പ് രീതികളും പതിറ്റാണ്ടുകൾ ആയി നിലവിലുള്ളതാണെങ്കിലും ഇന്നും ഏറ്റവൂം കൂടുതലായി ആളുകൾ വലയിൽ ആകുന്നതും ഈ മൂന്നു രീതികളിലൂടെയും തന്നെ ആണ്.
ഉത്തരേന്ത്യയിലെ ഏതെങ്കിലുമൊക്കെ ഗ്രാമപ്രദേശങ്ങളിൽ ഇരുന്നുകൊണ്ട് ഒരു മൊബൈൽ ഫോൺ മാത്രമുപയോഗിച്ച് ആണ് പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള തട്ടിപ്പുകാർ നമ്മുടെ നാട്ടിലെ അഭ്യസ്ഥ വിദ്യരായ ഉദ്യോഗസ്ഥരിൽ നിന്നും സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരിൽ നിന്നുമൊക്കെ ലളിതമായ സോഷ്യൽ എഞ്ചിനീയറിംഗ് മാർഗ്ഗങ്ങൾ ഉപയോഗിച്ച് പണം തട്ടുന്നത്.
മനുഷ്യരുടെ ഭയം എന്ന വികാരത്തെ വളരെ വിദഗ്ദമായി ചൂഷണം ചെയ്തുകൊണ്ടുള്ള ഡിജിറ്റൽ അറസ്റ്റ് എന്ന പേരിലുള്ള തട്ടിപ്പ് അതിന്റെ എല്ലാ സീമകളും കടന്ന് വ്യാപിച്ചപ്പോൾ പ്രധാന മന്ത്രിക്ക് വരെ നേരിട്ട് വന്ന് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകേണ്ട അവസ്ഥ ഉണ്ടായി.
മനുഷ്യരുടെ ഭയം എന്ന വികാരത്തെ വളരെ വിദഗ്ദമായി ചൂഷണം ചെയ്തുകൊണ്ടുള്ള ഡിജിറ്റൽ അറസ്റ്റ് എന്ന പേരിലുള്ള തട്ടിപ്പ് അതിന്റെ എല്ലാ സീമകളും കടന്ന് വ്യാപിച്ചപ്പോൾ പ്രധാന മന്ത്രിക്ക് വരെ നേരിട്ട് വന്ന് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകേണ്ട അവസ്ഥ ഉണ്ടായി. പോലീസ്, കസ്റ്റംസ്, ഇൻകംടാക്സ്, എൻഫോഴ്സ്മെന്റ് തുടങ്ങിയ വിഭാഗങ്ങളോടുള്ള ആളുകൾക്ക് പൊതുവായുള്ള ഭയം ചൂഷണം ചെയ്യപ്പെടുന്നത് പണ്ട് തൊട്ടേ ഉള്ള തട്ടിപ്പ് രീതികളുടെ ഭാഗമായിരുന്നല്ലോ. നമ്മുടെ നാട്ടിൽ തന്നെ ഈ പറഞ്ഞ പോലീസിന്റെയും ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിന്റെയുമൊക്കെ ഉദ്യോഗസ്ഥരുടെ വേഷത്തിൽ വന്നുകൊണ്ട് വീടുകളിലും സ്ഥാപനങ്ങളിലുമൊക്കെ വ്യാജ റെയ്ഡുകൾ നടത്തി പണവും സ്വർണ്ണവും വിലപിടിപ്പുള്ള വസ്തുക്കളുമെല്ലാം അപഹരിച്ച് കൊണ്ടുപോയിട്ടുള്ള തട്ടിപ്പ് കേസുകൾ ധാരാളമുണ്ടായിട്ടുണ്ട്. അതിന്റെ ഒക്കെ ഒരു ഡിജിറ്റൽ രൂപം മാത്രമാണ് ഇപ്പോൾ ഈ ഡിജിറ്റൽ അറസ്റ്റിലൂടെ കാണാൻ കഴിയുന്നത്. രണ്ടിലും പ്രതികരണ ശേഷിയും ചിന്താ ശേഷിയും വിവേചന ബുദ്ധിയെയുമൊക്കെ ഭയം എന്ന വികാരത്തിനു കുറച്ച് നേരത്തേക്ക് എങ്കിലും നഷ്ടമാക്കാൻ കഴിയുമെന്ന ദൗർബല്യമാണ് ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത്.
ഇതര സൈബർ തട്ടിപ്പുകൾക്കപ്പുറം ഈ പറഞ്ഞ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ കൂടുതൽ വിജയകരമായി നടപ്പിലാക്കാനും പരക്കെ ആളുകളെ കെണിയിലാക്കാനും തട്ടിപ്പുകാർക്ക് കഴിഞ്ഞതിനു പിന്നിൽ ഒന്നിലധികം കാരണങ്ങൾ ഉണ്ട്. ഇവിടെ തട്ടിപ്പുകാർ സോഷ്യൽ എഞ്ചിനീയറിംഗ് മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഇരകളിലേക്ക് എത്തുകയല്ല, മറിച്ച് മൊബൈൽ ഫോണിൽ ഒരു IVRS (Interactive Voice Response System) സന്ദേശം ലഭിക്കുമ്പോൾ അതിൽ പറയുന്നതുപോലെ നിങ്ങൾ അയക്കാത്തതും തടഞ്ഞ് വയ്ക്കപ്പെട്ടതുമായ ഒരു കൊറിയറിന്റെ വിവരങ്ങൾ അറിയാൻ ഒരു നമ്പർ ഡയൽ ചെയ്ത് തട്ടിപ്പുകാരെ അങ്ങോട്ട് വിളിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ തട്ടിപ്പുകാർ പ്രാഥമിക തലത്തിൽ തന്നെ ഒരു ഫിൽട്ടറിംഗ് നടത്തിക്കഴിഞ്ഞു എന്നർത്ഥം. അതായത് ഈ പറഞ്ഞ സന്ദേശം യഥാർത്ഥത്തിലുള്ള കൊറിയർ സർവീസ് ഏജൻസിയിൽ നിന്നാണെന്ന് വിശ്വസിച്ചു എന്നും തുടർന്ന് നിങ്ങൾ എളുപ്പത്തിൽ പറ്റിക്കപ്പെടാൻ അർഹനാണ് എന്നും തട്ടിപ്പുകാർ തിരിച്ചറിയുന്നു . ഇവിടെ IVRS വലിയ കമ്പനികൾ മാത്രമേ ഉപയോഗിക്കൂ, അതുകൊണ്ട് വിശ്വസിക്കാമെന്നൊരു പൊതുബോധം നമ്മുടെ ഒക്കെ മനസ്സിൽ ഉണ്ട്. അതിനെ തട്ടീപ്പുകാർ വിദഗ്ദമായി ചൂഷണം ചെയ്യുന്നു. ഇത്തരത്തിൽ ദുർബലനായ ഒരു ഇരയെ കയ്യിൽ കിട്ടൂന്നതൊടെ അവർ പകുതി വിജയിച്ചു എന്ന് തന്നെ പറയാം.
മൊബൈൽ ഫോണിൽ ഒരു IVRS (Interactive Voice Response System) സന്ദേശം ലഭിക്കുമ്പോൾ അതിൽ പറയുന്നതുപോലെ നിങ്ങൾ അയക്കാത്തതും തടഞ്ഞ് വയ്കപ്പെട്ടതുമായ ഒരു കൊറിയറിന്റെ വിവരങ്ങൾ അറിയാൻ ഒരു നമ്പർ ഡയൽ ചെയ്ത് തട്ടിപ്പുകാരെ അങ്ങോട്ട് വിളിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ തട്ടിപ്പുകാർ പ്രാഥമിക തലത്തിൽ തന്നെ ഒരു ഫിൽട്ടറിംഗ് നടത്തിക്കഴിഞ്ഞു എന്നർത്ഥം.
ആഗ്രഹങ്ങൾ ഇല്ലാത്ത മനുഷ്യർ ഉണ്ടാകില്ല. ഏറിയും കുറഞ്ഞുമൊക്കെ എന്തിനോടെങ്കിലുമൊക്കെ ഉള്ള “കൊതി” എന്ന വികാരത്തെ തട്ടിപ്പുകാർക്ക് എളുപ്പത്തിൽ മുതലെടുക്കാൻ കഴിയും. സൈബർ തട്ടിപ്പുകളുടെ കാര്യം പരിശോധിച്ചാൽ ഇന്റർനെറ്റും ഇ മെയിലും ഉപയോഗിക്കാൻ തുടങ്ങിയ കാലത്ത് തന്നെ നിലവിൽ ഉണ്ടായിരുന്ന തട്ടിപ്പ് ആണ് ലോട്ടറി അടിച്ചു എന്നോ അനാഥയായ കോടീശ്വരിക്ക് അനന്തരാവകാശി ആയി തെരഞ്ഞെടുത്തു എന്നോ ഒക്കെ അറിയിച്ചുകൊണ്ടുള്ള ഈ മെയിൽ സന്ദേശങ്ങളും പണം കിട്ടാനായുള്ള മുന്നൊരുക്കങ്ങൾക്കായി ചെറിയ ഒരു സംഖ്യ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്നുമൊക്കെ പറഞ്ഞുകൊണ്ട് വലയിലാക്കുന്ന തട്ടിപ്പ്. നൈജീരിയൻ 419 സ്കാം എന്ന പേരിൽ ആണ് ഇത് പൊതുവായി അറിയപ്പെടുന്നത്. നൈജീരിയയിലെ ക്രിമിനൽ കോഡിലെ സെക്ഷൻ 419 ൽ ഈ തട്ടിപ്പിനെക്കുറിച്ചും അതിന്റെ ശിക്ഷയെക്കുറിച്ചുമൊക്കെ എടുത്ത് പറയുന്നതിനാൽ ആണ് ഇത്തരം തട്ടിപ്പ് നൈജീരിയയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല എങ്കിൽ കൂടി നൈജീരിയൻ 419 സ്കാം എന്നപേരിൽ അറിയപ്പെടുന്നത്. പ്രമുഖ ഇ-മെയിൽ സേവന ദാതാക്കളെല്ലാം തന്നെ അവരുടെ സ്പാം ഫിൽട്ടർ സംവിധാനങ്ങളിൽ ഇത്തരം തട്ടിപ്പുകളെ തിരിച്ചറീഞ്ഞ് ഇൻബോക്സിൽ എത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കാറുണ്ടെങ്കിലും ഇന്നും മനുഷ്യരുടെ എളുപ്പത്തിൽ ധനികരാകാനുള്ള ആഗ്രഹത്തെ മുതലെടുത്തുകൊണ്ട് ഇതിന്റെ തന്നെ പല രൂപങ്ങൾ കാണാൻ കഴിയുന്നതാണ്. അനേകം ആളുകൾ ഇവരുടെ വലയിൽ ആകുന്നുമുണ്ട്.
ഇന്റർനെറ്റും ഇ-മെയിലും ഉപയോഗിക്കാൻ തുടങ്ങിയ കാലത്ത് തന്നെ നിലവിൽ ഉണ്ടായിരുന്ന തട്ടിപ്പ് ആണ് ലോട്ടറി അടിച്ചു എന്നോ അനാഥയായ കോടീശ്വരിക്ക് അനന്തരാവകാശി ആയി തെരഞ്ഞെടുത്തു എന്നോ ഒക്കെ അറിയിച്ചുകൊണ്ടുള്ള ഈ മെയിൽ സന്ദേശങ്ങളും പണം കിട്ടാനായുള്ള മുന്നൊരുക്കങ്ങൾക്കായി ചെറിയ ഒരു സംഖ്യ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്നുമൊക്കെ പറഞ്ഞുകൊണ്ട് വലയിലാക്കുന്ന തട്ടിപ്പ്. നൈജീരിയൻ 419 സ്കാം എന്ന പേരിൽ ആണ് ഇത് പൊതുവായി അറിയപ്പെടുന്നത്.
എളുപ്പത്തിൽ പണമുണ്ടാക്കാനും പണം ഇരട്ടിപ്പിക്കാനുമൊക്കെ സ്റ്റോക്ക് മാർക്കറ്റിന്റെയും ക്രിപ്റ്റോ കറൻസികളുടെയുമൊക്കെ പേരു പറഞ്ഞുകൊണ്ടുള്ള തട്ടിപ്പുകൾക്ക് ഇരയാവുന്നവരുടെ പട്ടിക നമ്മുടെ നാട്ടിൻപുറങ്ങളിലെ സാധാരണക്കാരായ വീട്ടമ്മമാർ മുതൽ വലിയ ഐ ടി കമ്പനികളൂടെ സി ഇ ഓ മാർ വരെ നീളുന്നു. ബിറ്റ് കോയിൻ എന്ന ആദ്യ ക്രിപ്റ്റോ കറൻസിയുടെ അത്ഭുതാവഹമായ പ്രചാരത്തിന്റെയും ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടായ മൂല്യവർദ്ധനവിന്റെയും ചുവട് പിടിച്ച് ഉണ്ടായ ആഗോള ക്രിപ്റ്റോ തരംഗത്തിൽ രൂപപ്പെട്ട തട്ടിപ്പുകളിൽ ഏറ്റവും വലുത് ആയിരുന്നു വൺ കോയിൻ എന്ന പേരിൽ ബൾഗേറിയക്കാരി റൂജ ഇഗ്നാതോവ 2014 ൽ നടത്തിയ ശതകോടികൾ വരുന്ന തട്ടിപ്പ്. വർഷങ്ങൾക്കിപ്പുറത്തും ക്രിപ്റ്റോ ക്വീൻ എന്ന് വിളിക്കപ്പെടുന്ന റൂജയുടെ തട്ടിപ്പ് രീതികളുടെ അതേ പതിപ്പുകൾ ആണ് ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള ആഗ്രഹത്തിൽ സാമാന്യ ബോധം പോലും പണയം വച്ചുകൊണ്ട് ഇത്തരം കെണികളിലേക്ക് ആളുകൾ ഈയാമ്പാറ്റകളെ പോലെ വന്ന് വീണുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ബിറ്റ് കോയിൻ എന്ന ആദ്യ ക്രിപ്റ്റോ കറൻസിയുടെ അത്ഭുതാവഹമായ പ്രചാരത്തിന്റെയും ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടായ മൂല്യവർദ്ധനവിന്റെയും ചുവട് പിടിച്ച് ഉണ്ടായ ആഗോള ക്രിപ്റ്റോ തരംഗത്തിൽ രൂപപ്പെട്ട തട്ടിപ്പുകളിൽ ഏറ്റവും വലുത് ആയിരുന്നു വൺ കോയിൻ എന്ന പേരിൽ ബൾഗേറിയക്കാരി റൂജ ഇഗ്നാതോവ 2014 ൽ നടത്തിയ ശതകോടികൾ വരുന്ന തട്ടിപ്പ്.
സൈബർ ബുള്ളിയിംഗ്
സൈബർ ലോകത്ത് സാമ്പത്തിക തട്ടിപ്പുകൾക്കുമപ്പുറം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒന്നാണ് സോഷ്യൽ മീഡിയയിലൂടെയും മെസേജിംഗ് ആപ്പുകളിലൂടെയും ചാറ്റ് ഫോറങ്ങളിലൂടെയും മറ്റും വ്യക്തികളെ വിടാതെ പിൻതുടർന്ന് അപമാനിക്കുകയും ഭീഷണിപ്പെടുത്തി മാനസിക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്ന സൈബർ ബുള്ളിയിംഗ്. പൊതു ഇടങ്ങളിൽ സജീവമായി ഇടപെടുന്ന സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ഇത്തരം സൈബർ ബുള്ളിയിംഗിന് ഇരയാകാറുണ്ട്. മറ്റുള്ളവർ അപമാനിക്കപ്പെടുമ്പോഴും ദു:ഖിക്കുമ്പോഴും അതിൽ മാനസിക സംതൃപ്തി കൈവരുന്ന സ്വഭാവ വൈകൃതമുള്ളവർ ആണ് സൈബർ ബുള്ളിയിംഗിനു പിന്നിൽ പൊതുവേ കാണപ്പെടാറുള്ളത്. ഇത്തരത്തിലുള്ള സൈബർ ബുള്ളിയിംഗ് സ്ത്രീകൾക്കും കുട്ടികൾക്കും എതിരേ ആണ് കൂടുതലായി കണ്ടുവരുന്നത്. തങ്ങളൂടെ ആക്രമണത്തിൽ ദുർബലരായ ഇരകൾ പതറുന്നു എന്ന് കാണുന്നത് ഇത്തരം മാനസികാവസ്ഥ ഉള്ളവർക്ക് ഊർജ്ജം പകരുന്നു.
മറ്റുള്ളവർ അപമാനിക്കപ്പെടുമ്പോഴും ദു:ഖിക്കുമ്പോഴും അതിൽ മാനസിക സംതൃപ്തി കൈവരുന്ന സ്വഭാവ വൈകൃതമുള്ളവർ ആണ് സൈബർ ബുള്ളിയിംഗിനു പിന്നിൽ പൊതുവേ കാണപ്പെടാറുള്ളത്. ഇത്തരത്തിലുള്ള സൈബർ ബുള്ളിയിംഗ് സ്ത്രീകൾക്കും കുട്ടികൾക്കും എതിരേ ആണ് കൂടുതലായി കണ്ടുവരുന്നത്.
പൊതു ഇടങ്ങളിലും ക്ലാസ് മുറികളീലും തൊഴിലിടങ്ങളിലുമെല്ലാം അപമാനിക്കപ്പെടുന്നതിന്റെ ഒരു സൈബർ രൂപം മാത്രമാണ് സൈബർ ബുള്ളിയിംഗ്. അത്തരം ബുള്ളിയിംഗ് ചെറിയ ഒരു സമൂഹത്തിൽ
മാത്രം ഒതുങ്ങി നിൽക്കുന്നു എങ്കിൽ അതിരുകളില്ലാത്ത സൈബർ ലോകത്ത് നടക്കുന്ന ബുള്ളിയിംഗ് ഇരകളിൽ ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല. പലപ്പോഴും നിരുപദ്രവകരമെന്ന് തോന്നുന്നതും തമാശയായി തോന്നുന്നതുമായ കാര്യങ്ങൾ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദം അതിജീവിക്കാൻ പലർക്കും കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് തന്നെ മാനസിക സമ്മർദ്ദത്താലും വിഷാദ രോഗങ്ങളാലുമുള്ള ആത്മഹത്യകൾക്ക് പിന്നിൽ സൈബർ ബുള്ളിയിംഗിനും വലിയ ഒരു പങ്ക് ഉണ്ട്. ഒരു വ്യക്തിയെ അയാൾക്ക് താല്പര്യമില്ലെങ്കിലും വിടാതെ പിൻതുടർന്നുകൊണ്ട് സൗഹൃദം സ്ഥാപിക്കുവാനും സംസാരിക്കുവാനും അവരുടെ ജീവിതത്തിൽ ഇടപെടലുകൾ നടത്താനുമൊക്കെ ശ്രമിക്കുന്നതിന്റെ ഓൺലൈൻ രൂപത്തെ സൈബർ സ്റ്റോക്കിംഗ് (Cyber stalking) എന്നാണ് വിളിക്കാറുള്ളത്. ഇതും സൈബർ കുറ്റകൃത്യങ്ങളുടെ വിഭാഗത്തിൽ പെടുന്നതാണ്.
സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളും മെസേജ് അപ്ലിക്കേഷനുകളുമൊക്കെ ആണ് പൊതുവേ സൈബർ ബുള്ളിയിംഗിനായി ഉപയോഗപ്പെടുത്തുന്നതെങ്കിൽ കുട്ടികൾക്ക് ഭീഷണി ആകുന്നത് അവർ വളരെ സജീവമായ ഓൺലൈൻ ഗേമിംഗ് അപ്ലിക്കേഷനുകൾ ആണ്. ഓൺലൈൻ ഗേമിംഗ് അപ്ലിക്കേഷനുകളുടെ ഭാഗമായ പബ്ലിക് / പ്രൈവറ്റ് ചാറ്റ് റൂമുകളിൽ പലപ്പോഴും കുട്ടികൾ വ്യാപകമായിത്തന്നെ ബുള്ളിയിംഗിന് ഇരയാകുന്നുണ്ടെന്ന് മാത്രമല്ല, രക്ഷകർത്താക്കൾക്ക് അത് തിരിച്ചറിയാനും കഴിയാറില്ല.
കുട്ടികൾക്ക് ഭീഷണി ആകുന്നത് അവർ വളരെ സജീവമായ ഓൺലൈൻ ഗേമിംഗ് അപ്ലിക്കേഷനുകൾ ആണ്. ഓൺലൈൻ ഗേമിംഗ് അപ്ലിക്കേഷനുകളുടെ ഭാഗമായ പബ്ലിക് / പ്രൈവറ്റ് ചാറ്റ് റൂമുകളിൽ പലപ്പോഴും കുട്ടികൾ വ്യാപകമായിത്തന്നെ ബുള്ളിയിംഗിന് ഇരയാകുന്നുണ്ടെന്ന് മാത്രമല്ല, രക്ഷകർത്താക്കൾക്ക് അത് തിരിച്ചറിയാനും കഴിയാറില്ല.
തുടരും …

