തന്റെ പുതിയ റീത്ത് ലക്ചറിൽ നിന്നുള്ള ഒരു വാചകം നീക്കം ചെയ്തതിനെ തുടർന്ന് ബി.ബി.സി.ക്കെതിരെ ആരോപണവുമായി ഡച്ച് ചരിത്രകാരനും എഴുത്തുകാരനുമായ റുട്ട്ഗർ ബ്രെഗ്മാൻ. ഡൊണാൾഡ് ട്രംപ് “അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റാണ്” എന്നായിരുന്നു വിവാദമായ ആ വാചകം.
എന്താണ് സംഭവം?
ലണ്ടനിലെ ബി.ബി.സി. റേഡിയോ തീയേറ്ററിൽ കഴിഞ്ഞ മാസം ഏകദേശം 500-ഓളം പ്രേക്ഷകരുടെ സാന്നിധ്യത്തിൽ “A Time of Monsters” എന്ന പേരിൽ ബ്രെഗ്മാൻ നടത്തിയ പ്രഭാഷണത്തിൽ ട്രംപിനെ ‘അമേരിക്കൻ ചരിത്രത്തിലെ, ഏറ്റവും പ്രകടമായ തരത്തിൽ അഴിമതി നടത്തുന്ന – “openly corrupt” – പ്രസിഡന്റ് ‘ എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം (ചൊവ്വാഴ്ച, നവംബർ 25) ബി.ബി.സി. റേഡിയോ 4-ൽ പ്രഭാഷണം സംപ്രേഷണം ചെയ്തപ്പോൾ ഇതിൽ നിന്ന് ആ വാചകം നീക്കപ്പെട്ടിരുന്നു. ഈ വാചകം നീക്കാനുള്ള തീരുമാനം “ബി.ബി.സി.-യിലെ ഉന്നത തലങ്ങളിൽ” എടുത്തതായിരുന്നു എന്നാണ് ബ്രെഗ്മാൻ പറയുന്നത്.
“ഭീരുത്വം”, “സ്വയം സെൻസർഷിപ്പ്”
ഒരു പൊതു പ്രസ്താവനയിലും സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച വീഡിയോയിലുമാണ് ബ്രെഗ്മൻ തന്റെ കടുത്ത നിരാശ പ്രകടിപ്പിച്ചത്. പൂർണമായ എഡിറ്റോറിയൽ പരിശോധനയ്ക്കു ശേഷം തന്നെ ഈ വാക്കുകൾ അംഗീകരിക്കപ്പെട്ടതാണെന്നും പിന്നീട് നിയമപരിശോധനയ്ക്ക് ശേഷം അവസാന നിമിഷം ഇത് നീക്കം ചെയ്തതിൽ “ഭീതിയിൽ നിന്നും ഉരുത്തിരിഞ്ഞ സെൻസർഷിപ്പ്” ആണ് പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
“അധികാരമുള്ളവരെ പേടിച്ച് സ്ഥാപനങ്ങൾ സ്വയം സെൻസർ ചെയ്യാൻ തുടങ്ങുന്ന നിമിഷമാണ് നമ്മൾ ഏറ്റവും ജാഗ്രതയോടെ കാണേണ്ടത്,”
-റുട്ട്ഗർ ബ്രെഗ്മാൻ
ഈ വാചകം നീക്കിയതിലൂടെ കഴിഞ്ഞ നിരവധി ദശാബ്ദങ്ങളായി തുറന്ന ചർച്ചയും അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും സംരക്ഷിച്ച റീത്ത് ലക്ചറുകളുടെ ആത്മാവിനേയും ലക്ഷ്യത്തെയും ബി.ബി.സി. സ്വമേധയാ ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബി.ബി.സി.-യുടെ നിലപാട്
തങ്ങളുടെ എല്ലാ പരിപാടികളും എഡിറ്റോറിയൽ മാർഗരേഖകൾ പാലിച്ചാകണമെന്ന നിഷ്കർഷയുണ്ടെന്ന് കോർപ്പറേഷൻ പറഞ്ഞു. ഈ ഭാഗം നീക്കിയത് നിയമോപദേശത്തെ അടിസ്ഥാനമാക്കി ആണെന്നാണ് ബി.ബി.സി. വക്താവ് വ്യക്തമാക്കിയത്.
ഒരു മുൻ വിവാദത്തിൽ ട്രംപിന്റെ പ്രസംഗം മറ്റൊരു ബി.ബി.സി. പരിപാടി തെറ്റായി എഡിറ്റ് ചെയ്തുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് ട്രംപ് ബി.ബി.സി.-ക്കെതിരെ ബില്യൺ-ഡോളർ നഷ്ടപരിഹാരക്കേസ് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
സെൻസർഷിപ്പ്, മാധ്യമങ്ങളുടെ മേലുള്ള സമ്മർദ്ദം, നിയമപരമായ ഭീഷണികൾ
ഈ സംഭവം വലിയ വാർത്താ സ്ഥാപനങ്ങൾ നേരിടുന്ന സമ്മർദ്ദങ്ങളുടെ പ്രതിഫലനമാണ് എന്നാണ് മാധ്യമ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തിലുള്ള ഭയം നിറഞ്ഞ അന്തരീക്ഷം തുറന്ന ചർച്ചയെയും വിമർശനാത്മക അഭിപ്രായവിനിമയത്തെയും ദുർബലപ്പെടുത്തുന്ന “മൗനം സ്ഥായീഭാവമായ സംസ്കാരം” വളർത്താൻ ഇടയാക്കിയേക്കാമെന്നാണ് ബ്രേജ്മാൻ അഭിപ്രായപ്പെടുന്നത്.
വലിയ മാധ്യമ സ്ഥാപനങ്ങൾ നിയമനടപടി ഭീഷണികളെയും രാഷ്ട്രീയ സമ്മർദ്ദങ്ങളെയും നേരിടുമ്പോൾ അവരുടെ സ്ഥാപന സ്വാതന്ത്ര്യവും, മാധ്യമപ്രവർത്തന മൂല്യങ്ങളും സംരക്ഷിക്കാൻ കഴിയുമോ എന്ന വലിയ ചോദ്യവും ഈ വിവാദം അവശേഷിപ്പിക്കുന്നുണ്ട്.
