മാൻചെസ്റ്റർ: പ്രശസ്ത ബ്രിട്ടീഷ് ബോക്സിങ് താരം റിക്കി ഹാറ്റൺ (46) മരണമടഞ്ഞു. ‘ദി ഹിറ്റ്മാൻ’ എന്ന വിളിപേരിൽ പ്രശസ്തനായ ഹാറ്റണിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ (സെപ്റ്റംബർ 14) ഗ്രേറ്റർ മാൻചചെസ്റ്ററിലെ ഹൈഡിലെ വീട്ടിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ സംശയാസ്പദമായ സാഹചര്യങ്ങൾ ഒന്നുമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബോക്സിങ് ലോകത്ത് ‘ഹിറ്റ്മാൻ’ എന്ന പേരിൽ അറിയപ്പെട്ട റിക്കി ഹാറ്റൺ 2001-2004 കാലയളവിൽ WBU ലൈറ്റ്-വെൽറ്റർവെയ്റ്റ് ടൈറ്റിൽ വിജയകരമായി നിലനിർത്തി. IBF, WBA തുടങ്ങിയ ലോക ടൈറ്റിലുകൾ നേടിയ അദ്ദേഹം ലൈറ്റ്-വെൽട്ടർവെയ്റ്റിലും വെൽട്ടർവെയ്റ്റിലും ജേതാവായിട്ടുണ്ട്. കോസ്റ്റ്യ സിസു, ഫ്ലോയിഡ് മെയ്വെതർ, മാനി പാക്ക്വിയോ തുടങ്ങിയ പ്രശസ്തരുമായി പോരാടിയ ഹാറ്റൺ 2012ൽ വിരമിച്ചെങ്കിലും, ഡിസംബർ 2-ന് ദുബായിൽ നടക്കാനിരുന്ന എക്സിബിഷൻ മത്സരത്തിനായി പരിശീലനത്തിലായിരുന്നു.
സ്റ്റോക്ക്പോർട്ടിൽ ജനിച്ച ഹാറ്റൺ, 43 തുടർവിജയങ്ങളോടെ തന്റെ കരിയർ തുടങ്ങി, ബ്രിട്ടനിലെ ഏറ്റവും പ്രശസ്തരായ ബോക്സർമാരിൽ ഒരാളായി മാറി. 2015ൽ ഫൈറ്റർ ഓഫ് ദി ഇയർ അവാർഡ് നേടിയ അദ്ദേഹം ഡിപ്രഷനും മദ്യപാനവുമായുള്ള തന്റെ പോരാട്ടങ്ങളെക്കുറിച്ച് പരസ്യമായി സംസാരിച്ചിരുന്നു. ഹൈഡിലെ ഗീ ക്രോസിലെ വീട്ടിൽ താമസിച്ചിരുന്ന ഹാറ്റണിന്റെ അന്ത്യം ബോക്സിങ് ലോകത്തെയാകെ ദുഃഖത്തിലാഴ്ത്തി.
പിയേഴ്സ് മോർഗൻ പോലുള്ള പ്രമുഖർ സോഷ്യൽ മീഡിയയിൽ ഹാറ്റണിന് ആദരാഞ്ജലി അർപ്പിച്ചു. മരണം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.
