കുട്ടികളെ വീട്ടിലെ എല്ലാ ജോലികളും ചെയ്യാൻ പഠിപ്പിക്കുക… പാത്രം കഴുകാൻ, പച്ചക്കറി അരിഞ്ഞു തയ്യാറാക്കാൻ, ടോയ്ലറ്റ് വൃത്തിയാക്കാൻ ഇങ്ങനെ എല്ലാ ജോലികളും സ്വയം ചെയ്യാൻ കഴിവുള്ള ഒരു മകനെയോ മകളെയോ വളർത്തുക വഴി നല്ല മാതാപിതാക്കളായി നമുക്ക് അഭിമാനിക്കാം.
ഒരു കളിപ്പാട്ടം വാങ്ങിക്കാത്തതിന് കടയെ കീഴ്മേൽ മറിക്കുന്ന കുട്ടി; ഒരു ഇലക്ട്രോണിക് കടയിലെ ഗാഡ്ജെറ്റിന് വേണ്ടി മാതാപിതാക്കളെ മുള്ളിന്മേൽ നിർത്തുന്ന കുട്ടി; മോട്ടോർസൈക്കിൾ വാങ്ങികൊടുക്കാത്തതിന് മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്ന കുട്ടി; വിമാനത്തിലോ ബസ്സിലോ വിൻഡോ സീറ്റ് ലഭിക്കാത്തതിന് ഉറക്കെ അലറിക്കരയുന്ന കുട്ടി; ഇതെല്ലാം നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇവരാണ് അമിതമായി അർഹതാബോധമുള്ളവരായി (Entitled) വളർന്നുവരുന്ന കുട്ടികൾ. അവർ വളർന്നു വരുമ്പോഴും ഇതേ തരത്തിലുള്ള sense of entitlement ഉള്ള പൗരന്മാരായി, ജീവിതപങ്കാളിയായി, സഹോദരനായി, രക്ഷിതാക്കളായി മാറുന്നു. സോഫയിലെ കുഷ്യൻ മാറ്റി സ്ഥാപിച്ചതൊഴിച്ചാൽ, ജീവിതത്തിൽ വീട്ടിൽ ഒരു ജോലിയും ചെയ്തിട്ടില്ലാത്ത കുട്ടികളാണിവർ. വളർന്നു വലുതായപ്പോൾ ഇവർ വീട്ടിലെ പാത്രങ്ങൾ വലിച്ചറിയുന്നു (Flying Saucers), ഏതിനെയും കുറ്റം പറയുന്നു, മറ്റുള്ളർ അവർക്കുവേണ്ടി ചെയ്യുന്ന പ്രവർത്തികളോട് കടപ്പാടില്ലാത്തവരാകുന്നു. ഇവർ ഒരിക്കലും ഒരു നല്ല വാക്ക് പറയില്ല!!
അവകാശവാദമുന്നയിക്കുന്ന കുട്ടി, മേശപ്പുറത്ത് ഭക്ഷണം വിളമ്പി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു; തന്റെ ആഗ്രഹ പ്രകാരം ഭക്ഷണവും പാനീയവും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; വീട്ടിലെ ഭക്ഷണം ഒരു റെസ്റ്റോറന്റ് മെനു പോലെ വേണമെന്ന് ശഠിക്കുന്നു; മറ്റൊരാൾ അല്ലെങ്കിൽ വീട്ടുജോലിക്കാരി അവരുടെ കിടക്ക ഒരുക്കുമെന്നും, അവർ അലങ്കോലപ്പെടുത്തിയ ഇടങ്ങൾ വൃത്തിയാക്കുമെന്നും പ്രതീക്ഷിക്കുന്നു; ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ പോലും സമയക്രമം പാലിക്കാൻ ഇവർ തയ്യാറാകുന്നില്ല.
നമ്മളിൽ മിക്കയാളുകൾക്കും വീട്ടുജോലികൾ ചെയ്യുന്നതിൽ താല്പര്യമുണ്ടായിരുന്നിരിക്കില്ല. എനിക്ക് തീർച്ചയായും വീട്ടുജോലികൾ ഇഷ്ടമല്ലായിരുന്നു. ഒൻപതാം വയസ്സുമുതൽ സൈനിക് (മിലിട്ടറി) സ്കൂളിൽ ചേർന്ന ശേഷം വേറെ വഴിയില്ലായിരുന്നു, എല്ലാം ചെയ്യേണ്ടിവന്നു – കിടക്ക ഒരുക്കൽ, ഷൂസ് മിനുക്കൽ, ഡോർമിറ്ററിയും അതിനു ചുറ്റുമുള്ള പ്രദേശവും വൃത്തിയായി സൂക്ഷിക്കൽ – അങ്ങനെ അവിടെ ചെയ്യേണ്ടുന്ന ജോലികൾക്ക് കണക്കില്ലായിരുന്നു. നിവൃത്തികേട് കൊണ്ടാണെങ്കിലും നാമെല്ലാം അർഹതാബോധമില്ലാത്തവരായി (Unentitled) വളർന്നു.
കുട്ടികൾ എപ്പോഴാണ് വീട്ടുജോലികൾ ചെയ്തു തുടങ്ങേണ്ടത്?
ഏറ്റവും പുതിയ പഠനം പറയുന്നത് രണ്ട് വയസ്സ് മുതൽ കുട്ടികൾ ജോലി ചെയ്തു തുടങ്ങാമെന്നാണ്. മാതാപിതാക്കളുടെയോ മൂത്ത സഹോദരങ്ങളുടെയോ നിരീക്ഷണത്തിൽ, വയസ്സിനനുയോജ്യമായ ജോലികളിൽ നിന്ന് ആരംഭിക്കണം – കളിപ്പാട്ടങ്ങൾ ഒതുക്കൽ, പുസ്തകങ്ങൾ ക്രമീകരിക്കൽ, വസ്ത്രധാരണം, തുടങ്ങിയവ.
ഈ ജോലികളെല്ലാം ചെയ്യാൻ ആവശ്യമായ കഴിവുകളോടെ ഒരു കുട്ടിയും ജനിക്കുന്നില്ല. അതിനാൽ അല്പം മാർഗനിർദ്ദേശവും പ്രോത്സാഹനവും ആവശ്യമാണ്. ഇത് നിങ്ങളുടെ കുട്ടി അർഹതാബോധമില്ലാത്തവരായി വളരുവാൻ സഹായിക്കും.
ഒരു കുടുംബവും ഒരു വീടും മാതാപിതാക്കളുടെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയല്ല – മാതാപിതാക്കളും മക്കൾക്കും തുല്യ പങ്കുള്ള ഒരു പബ്ലിക് കമ്പനിയാണ്. പങ്കുകളോടൊപ്പം കടമകളും ഉത്തരവാദിത്തങ്ങളും വരുന്നു. മക്കൾ അവരുടെ കടമ നിറവേറ്റുന്നതു ഉറപ്പാക്കുന്നതും മാതാപിതാക്കളുടെ കടമയാണ്. കുട്ടികളെ വീട്ടിൽ ജോലികൾ ചെയ്യിക്കുകയും എല്ലാ കുടുംബ പ്രവർത്തനങ്ങളിലും പങ്കെടുപ്പിക്കുകയും ചെയ്യുന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. നിങ്ങളുടെ കുട്ടികൾ ഈ കുടുംബ ടീമിന്റെ ഭാഗമാണെന്ന് അവർക്ക് തോന്നട്ടെ, അവരും സഹായിക്കണം! കുട്ടികൾ ഒരുമിച്ച് ജോലികൾ ചെയ്യുന്നത് കുടുംബബന്ധങ്ങൾ ദൃഢപ്പെടുത്തുവാൻ സഹായിക്കുന്നു.
വീട്ടുജോലികൾ ചെയ്യുന്നത് കുട്ടികളെ സ്വയം പരിപാലനം, ശുചീകരണം, പാചകം, അവരുടെ പരിസര പരിപാലനം, തുടങ്ങിയ അടിസ്ഥാന പ്രവർത്തനങ്ങൾ ചെയ്യാൻ പഠിപ്പിക്കുന്നു. വീട്ടിൽ ലളിതമായ ഉത്തരവാദിത്തങ്ങൾ നൽകുന്നത് സ്വാശ്രയത്വവും ഉത്തരവാദിത്തബോധവും കുട്ടികളിൽ ജനിപ്പിക്കുന്നു. ഇത് മാതാപിതാക്കൾക്ക് ആവശ്യമായ വിശ്രമ ഇടവേളകൾ നൽകുന്നു – ഒന്ന് ശ്വാസം വിടുവാനും, ഒന്ന് നേരെ നിൽക്കുവാനും.
കുട്ടികൾ പരിപൂർണ്ണ ഉത്തരവാദിത്വബോധമുള്ളവരായി ജനിക്കുന്നില്ല; അതിനാൽ, അവർ പിറുപിറുക്കുമെന്നും ജോലി പൂർത്തിയാക്കാൻ വളരെയധികം സമയമെടുക്കുമെന്നും പ്രതീക്ഷിക്കുക – ഒരിക്കലും നിങ്ങളുടെ പ്രതീക്ഷകൾക്ക് അനുയോജ്യമാഇരിക്കില്ല – അല്പം പ്രോത്സാഹനവും മാർഗനിർദേശങ്ങളും നൽകിയാൽ അവർ ഉടൻ അവിടെയെത്തും. പലപ്പോഴും, നിങ്ങൾ അത് മുഴുവൻ വീണ്ടും ചെയ്യേണ്ടി വരും, അത് നിങ്ങളുടെ കുട്ടിക്ക് ലഭിക്കാവുന്ന മികച്ച പരിശീലനമാണ്. മക്കളെകൊണ്ട് ചെയ്യിപ്പിക്കുന്നതിലും ഭേദം നമ്മൾ തന്നെ ചെയ്യുന്നതല്ലേ എന്നോർക്കാത്ത മാതാപിതാക്കളില്ല!! – എല്ലാം വീട്ടിൽ നിന്നാണ് തുടങ്ങുന്നത്.
കേവലം നിരീക്ഷണത്തിലൂടെ കുട്ടികൾ ഒരിക്കലും പഠിക്കില്ല – അവർ അത് സ്വയം ചെയ്യണം. മാതാപിതാക്കൾ അവർക്കു വേണ്ട നിർദ്ദേശങ്ങൾ നൽകുകയും, എങ്ങനെ ചെയ്യണമെന്ന് വിശദീകരിക്കുകയും വേണം. അവരുടെ പ്രയത്നത്തിന് അവരോട് നന്ദി പറയുകയും, ജോലിയിൽ അവരുടെ പങ്കാളിത്തം എങ്ങനെ കുടുംബത്തെ സഹായിച്ചു എന്ന് അവരോട് വിവരിക്കുകയും വേണം. ഇത് മറ്റുള്ളവരെ സഹായിക്കുന്നതിന്റെ പ്രാധാന്യം കുട്ടിയെ പഠിപ്പിക്കും.
കുട്ടി ഒരു അസൈൻമെന്റ് പൂർത്തിയാക്കാത്തതിന് കാരണം കാണിച്ചു അധ്യാപകർക്ക് എഴുതിയിട്ടുണ്ടോ? നായ തിന്നുകളഞ്ഞു; കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് അകാരണമായി ഫോർമാറ്റ് ചെയ്തു; ലാപ്ടോപ്പ് തകർന്നുപോയി!! അങ്ങനെ ചെയ്താൽ നിങ്ങൾ നിങ്ങളുടെ കുട്ടിക്കു സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കാനും സ്വയം വാദിക്കാനുമുള്ള അവസരം നിഷേധിക്കുകയാണ് ചെയ്തത്. അവരെ പരാജയത്തിലേക്ക് നയിക്കുന്നതിനുള്ള ഉറപ്പായ ഒരു വഴിയാണിത്. അത് നമ്മളാരും ആഗ്രഹിക്കുന്നില്ല! അവർ കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നതും, വിലപ്പെട്ട പൗരന്മാരായി മാറുന്നതും സമൂഹത്തിന്റെ അഭിമാനകരമായ അംഗങ്ങളായി തീരുന്നതും നാം കാംക്ഷിക്കുന്നു. അതിന് കഠിനാദ്ധ്വാനം ആവശ്യമാണ് – മാതാപിതാക്കളുടെയും കുട്ടികളുടെയും. കാര്യങ്ങൾ അത്ര എളുപ്പമല്ല!!
എപ്പോഴും നാം കുട്ടികൾക്ക് വേണ്ടി കാര്യങ്ങൾ ചെയ്യുമ്പോൾ, അത് അവരുടെ വ്യക്തിത്വ വികസനത്തെ തടസ്സപ്പെടുത്തുകയും സ്വയം വിജയിക്കുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്യുന്നു. അവരുടെ കഴിവുകളിൽ നാം വിശ്വസിക്കുന്നില്ലെന്ന സന്ദേശം നൽകുന്നു.
നിങ്ങളുടെ കുട്ടിയെ ഒരു അവകാശവാദമുന്നയിക്കുന്ന/ അമിതമായ അർഹതാബോധമുള്ള കൗമാരപ്രായക്കാരനായി/ യുവാവായി വളർത്തിയാൽ, അവരുടെ ജീവിതപങ്കാളി, അല്ലെങ്കിൽ നിങ്ങൾ തന്നെ അവർക്ക് വേണ്ടി എല്ലാം ചെയ്യുമെന്ന് അവർ പ്രതീക്ഷിക്കും. നിങ്ങളുടെ കുട്ടി വീട്ടു ജോലികൾ ചെയ്തിട്ടില്ലെങ്കിൽ, ആരംഭിക്കാൻ ഒരിക്കലും വൈകിയിട്ടില്ല. നിങ്ങൾ ഈ മാറ്റം വരുത്തുന്നതിന്റെ കാരണവും, നിങ്ങളുടെ പുതിയ പ്രതീക്ഷകൾ എന്തെന്നും നിങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കണം.
ഭക്ഷണം പാകംചെയ്യുവാനും, മേശ ഒരുക്കുവാനും, ഭക്ഷണം വിളമ്പുവാനും സഹായിക്കുമ്പോൾ കൗമാരപ്രായക്കാരോട് പറയുക, അവർ കോളേജിൽ പോകുമ്പോൾ ഭക്ഷണം ഉണ്ടാക്കാനോ, അവരുടെ സഹപാഠിക്കൊ ജീവിതപങ്കാളിക്കോ വേണ്ടി പാചകം ചെയ്യുന്നത് എങ്ങനെയെന്ന് അവർ പഠിക്കുകയാണെന്ന്.
ജോലികളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നത് കുട്ടികൾ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. വീടുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നത് മാതാപിതാക്കൾക്കും വലിയ സന്തോഷമുള്ള കാര്യമല്ല. ഒരു ജോലി ചെയ്യാൻ ആവശ്യപ്പെടുമ്പോൾ അവർ പിറുപിറുക്കാൻ സാധ്യത കൂടുതലാണ്. കുട്ടികളെ ശിക്ഷിക്കാനുള്ള ഒരു അവസരമായി ഇത് ഒരിക്കലും ഉപയോഗിക്കരുത്. ഏത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് തിരഞ്ഞെടുക്കാൻ കുട്ടികളെ അനുവദിക്കുക.
കുട്ടികൾ ജോലികൾ ചെയ്യുമ്പോൾ അവരെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക.. പ്രവർത്തിക്കു പ്രതിഫലം മുൻകൂട്ടി പ്ലാൻ ചെയ്യുക, അതിൽ എപ്പോഴും സ്ഥിരത പാലിക്കുക.
കുട്ടിയെ പാതയ്ക്ക് വേണ്ടി തയ്യാറാക്കുക – പാതയെ കുട്ടിക്ക് വേണ്ടി അല്ല.
Prepare the Child for the Path – not the Path for the Child.
