നമ്മുടെ ദൈനംദിന ജീവിതത്തിൽ പലപ്പോഴും കാണുന്ന രസകരമായ ഒരു മനശാസ്ത്ര പ്രതിഭാസമാണ് ഡണിങ്-ക്രൂഗർ ഇഫക്ട്. 1999-ൽ അമേരിക്കൻ മനശാസ്ത്രജ്ഞരായ ജസ്റ്റിൻ ക്രൂഗറിന്റെയും ഡേവിഡ് ഡണിങ്ങിന്റെയും പേരിൽ അറിയപ്പെടുന്ന, അവർ കണ്ടെത്തിയ ഈ പ്രതിഭാസം, അറിവ് കുറഞ്ഞവർ തങ്ങളുടെ അറിവിനെ അഥവാ കഴിവിനെ അമിതമായി വിലയിരുത്തുന്നതിനെക്കുറിച്ചാണ്. ലളിതമായി പറഞ്ഞാൽ, “അറിയാത്തവർക്ക് തങ്ങൾക്ക് അറിവ് ഇല്ല എന്ന അറിവില്ല” എന്ന സ്ഥിതിവിശേഷം! എന്നാൽ അറിവേറെയുണ്ട് എന്ന മിഥ്യാധാരണയും.
എന്റെ ധാരണയിൽ, ഈ ഇഫക്റ്റിന് രണ്ട് വശങ്ങളുണ്ട്. ഒന്നാമത്തേത്, കഴിവ് കുറഞ്ഞവർ തങ്ങളെത്തന്നെ ഉയർന്ന നിലയിലുള്ളവരായി കാണുന്നു. ഉദാഹരണത്തിന്, ഒരു പാട്ട് പാടാൻ അറിയാത്തവൻ സ്വയം ഒരു ഗായകനാണെന്ന് ഭാവിക്കുന്നത്. രണ്ടാമത്തേത്, യഥാർത്ഥ കഴിവുള്ളവർ തങ്ങളുടെ അറിവിനെ കുറച്ചുകാണുന്നു, കാരണം എത്രമാത്രം ഇനിയും അറിയാനുണ്ടെന്ന് അവർ മനസിലാക്കുന്നു. ഇത് ഒരു ഗ്രാഫ് പോലെ കാണാം – ആദ്യം ആത്മവിശ്വാസം കൂടി, പിന്നെ അറിവ് വരുമ്പോൾ അത് ക്രമേണ കുറഞ്ഞ്, യാഥാർഥ്യബോധത്തിലെത്തുന്നു.

നമ്മുടെ ചുറ്റുപാടുകളിൽ ഇത് കാണാം. സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് വായിച്ചാൽ മാത്രം ഡോക്ടറായി മാറുന്നവരെ കണ്ടിട്ടില്ലേ? “വാക്സിൻ എടുക്കരുത്, ഞാൻ ഗൂഗിൾ ചെയ്തു!” എന്ന് പറയുന്നവർ. അല്ലെങ്കിൽ ഓഫീസിൽ, ഒരു ദിവസത്തെ അനുഭവത്തോടെ ബോസിനെ വിമർശിക്കുന്നവർ. രസകരമാണല്ലേ? അവർക്ക് തങ്ങളുടെ ‘അറിവില്ലായ്മ’ അറിയാത്തതുകൊണ്ട് അവർ സന്തോഷത്തോടെ ഇരിക്കുന്നു! പക്ഷേ, ഇത് ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കും; രാഷ്ട്രീയത്തിലും, ഉദ്യോഗത്തിലും, ബിസിനസ്സിലുമൊക്കെ..
ഈ പ്രതിഭാസത്തെ സംബന്ധിച്ച അറിവ് വ്യക്തികളെ എങ്ങനെ സഹായിക്കും? ആദ്യം, സ്വയം വിലയിരുത്താനും നമ്മുടെ കഴിവുകളെ യഥാർത്ഥമായി മനസിലാക്കാനും ഇത് നമുക്ക് പ്രേരകമാകും. അറിവ് വർധിപ്പിക്കാൻ ശ്രമിക്കുക, ഫീഡ്ബാക്ക് സ്വീകരിക്കുക – ഇത് വ്യക്തിപരമായ വളർച്ചയ്ക്ക് സഹായിക്കും. ഉദാഹരണത്തിന്, ഒരു ഡ്രൈവർ തന്റെ ഡ്രൈവിങ് മോശമാണെന്ന് മനസിലാക്കിയാൽ, കൂടുതൽ പരിശീലനം കൊണ്ട് തന്റെ കഴിവ് മെച്ചപ്പെടുത്തിയെടുക്കാൻ സാധിക്കും. അങ്ങനെ ഏത് മേഖലയിലും…
അവസാനമായി, ഡണിങ്-ക്രൂഗർ ഇഫക്ട് നമ്മെ ഓർമിപ്പിക്കുന്നത്, അറിവിന്റെ യാത്ര അനന്തമാണ്. അമിത ആത്മവിശ്വാസം ഒഴിവാക്കി, താഴ്മയോടെ പഠിക്കുക. അടുത്ത തവണ ആരെങ്കിലും “എനിക്ക് എല്ലാം അറിയാം” എന്ന് പറയുമ്പോൾ, ഭാവിക്കുമ്പോൾ, ചിരിച്ചുകൊണ്ട് ചിന്തിക്കാം: ഇത് ഡണിങ്-ക്രൂഗറിന്റെ മായാജാലമായിരിക്കുമോ?
