ഡിസംബർ ഏഴ് ഇന്ത്യയിൽ പതാകദിനമായാണ് (ഫ്ലാഗ് ഡേ) ആചരിക്കുന്നത്. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളുടെയും, വിമുക്തഭടന്മാരുടെയും അഭിവൃദ്ധിക്കായി ധനശേഖരണം ലക്ഷ്യമിട്ടാണ് പതാകദിനം എന്ന പേരിൽ വിവിധങ്ങളായ ഫ്ലാഗുകൾ വിറ്റ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഫണ്ടുകൾ കണ്ടെത്തുന്നത്.
ഈ ദിവസം ഇന്ത്യയിലെ കുട്ടികൾ രാഷ്ട്രപതിയെയും, പ്രധാന മന്ത്രിയെയും, ഗവർണ്ണറെയും, മുഖ്യ മന്ത്രിയെയും മറ്റും ഈ പതാക അണിയിക്കുന്നു. പക്ഷെ, അതേ ദിവസം തൊട്ടടുത്ത പരിപാടിയിൽ ഇവർ ഈ പതാക ധരിച്ചു കണ്ടിട്ടില്ല.
നവംബർ ആദ്യ വാരം കാനഡയിൽ പച്ച നിറം വെടിഞ്ഞ് ഇലകള്‍ ചുവപ്പും, ഓറഞ്ചും നിറഭേദങ്ങളിലേക്ക് മാറുന്ന സമയത്ത് ഷോപ്പിംഗ് മാളുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും കുട്ടികളും, മുതിര്‍ന്നവരും, മുതിർന്ന പൂർവ്വ-സൈനികരും ചുവന്ന കൃത്രിമ പോപ്പി പൂക്കള്‍ വില്‍ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? എന്തിനാണീ പൂക്കള്‍ വില്‍ക്കുന്നതും, ചിലര്‍ അത് വാങ്ങി വസ്ത്രത്തില്‍ ധരിക്കുന്നതും?
ഒക്ടോബര്‍ അവസാന വാരത്തോട് കൂടി ഇവിടെയുള്ള ആളുകളുടെ വസ്ത്രത്തില്‍ സ്ഥാനം പിടിക്കുന്ന ഈ ചുവന്ന പൂക്കള്‍ അലങ്കാരങ്ങള്‍ അല്ല, മറിച്ച് അവയ്ക്ക് നമ്മോടു പറയാനുണ്ട് ഇന്നിന്റെ സൗഭാഗ്യത്തിനായി പോര്‍ക്കളത്തില്‍ ചുടു ചോര ചിന്തിയ ആത്മാക്കളുടെ വീരകഥ… അറിയാത്ത തേങ്ങലിന്റെ, പൊലിഞ്ഞ സ്വപ്നങ്ങളുടെ ആരും പറയാത്ത കഥ.
കാനഡയില്‍ പതിനൊന്നാം മാസത്തിലെ പതിനൊന്നാം ദിവസം രാവിലെ പതിനൊന്നു മണിക്കു ശേഷം പതിനൊന്നാം മിനിറ്റിൽ യുദ്ധങ്ങളില്‍ മരണമടഞ്ഞ ആയിരക്കണക്കിന് യോദ്ധാക്കള്‍ക്ക് വേണ്ടി മൗനമാചരിക്കുന്നു. “റിമെംബ്രൻസ് ഡേ” (Remembrance Day) എന്ന പേരില്‍ കാനഡ ഉള്‍പ്പടെയുള്ള മിക്ക കോമണ്‍ വെല്‍ത്ത് രാഷ്ട്രങ്ങളും ഈ ദിനത്തെ ആദരിക്കുന്നുണ്ട്. പോപ്പി ഡേയെന്നും, യുദ്ധവിരാമ ദിനമെന്നും ഈ ദിവസം അറിയപ്പെടുന്നു. രക്ത വര്‍ണ്ണമുള്ള പോപ്പി പുഷ്പ്പങ്ങള്‍ക്ക് ഈ ദിവസവുമായി എന്താണ് ബന്ധം?
വര്‍ഷങ്ങള്‍ പിറകോട്ട് സഞ്ചരിച്ച്, ചരിത്ര താളുകള്‍ മറിക്കാം…. 1915 ഒന്നാം ലോക മഹായുദ്ധത്തില്‍ വൈപ്രെസ്സ് പട്ടണത്തിനു വേണ്ടിയുള്ള പോരാട്ടം നടക്കുന്ന സമയം. മരണമടഞ്ഞ തന്റെ വിദ്യാര്‍ത്ഥിക്ക് വേണ്ടി സൈന്യ പുരോഹിതന്റെ അസാന്നിധ്യത്തില്‍ മരണാനന്തര കര്‍മങ്ങള്‍ നടത്തേണ്ടി വന്ന കനേഡിയന്‍ സൈനിക ഡോക്ടറും അധ്യാപകനും ആയലെഫ്നന്റ്റ് കേണല്‍ ജോണ്‍ മകേരെ ശ്മശാന ഭൂമിയില്‍ വളര്‍ന്നു പുഷ്പ്പിച്ചു നില്ക്കുന്ന ചുവന്ന പോപ്പി പൂവുകളെ കണ്ട് എഴുതിയ കവിതയാണ് ‘In Flanders Field.’ ഈ കവിതയില്‍ വിടര്‍ന്നു നില്ക്കുന്ന ചുവന്ന പോപ്പികളെ യുദ്ധഭൂമിയില്ഒഴുകിയ രക്തത്തോട് ഉപമിച്ചിരിക്കുന്നു. കവിത ഫ്ലൻഡേഴ്സ് പാടങ്ങളെ കുറിച്ചാണെങ്കിലും പ്രതിപാദിച്ച വിഷയം എക്കാലവും പ്രസക്തമാണ്. നമ്മുടെ നല്ല നാളേക്ക് വേണ്ടി സ്വന്തം ജീവന് ത്യജിച്ച പോരാളികളെയും അവരുടെ ത്യാഗവും മറവിയില്‍ ആണ്ടു പോകുമെന്ന സത്യം സ്മരിക്കുക എന്ന് വിളിച്ചോതിക്കൊണ്ട് ചുവന്ന പോപ്പികള്‍ കവിതയില്‍ സ്മരണയുടെ പ്രതീകമാവുകയാണ്.
“We are the Dead, Short days age
We lived, left dawn, Saw sunset glow,
Loved, and were loved, and now we lie
In Flanders fields!”
കവിതയിലെ ഈ വരികള്‍ വായനക്കാരന്റെ ഇടനെഞ്ചില്‍ ഉണങ്ങാത്ത മുറിവിന്റെ വേദന സമ്മാനിക്കുന്നു.
ലെഫ്നന്റ്റ് കേണല്‍ ജോണ്‍ മകേരെയുടെ കവിത പഞ്ച് മാഗസിന് ആണ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. 1918 ല്‍ അമേരിക്കന്‍ ടീച്ചര്‍ ആയ മോയിന മിച്ചെല്‍ ഈ കവിത വായിക്കുകയും യുദ്ധഭൂമിയില്‍ പിടഞ്ഞു വീണ എല്ലാ ഭടന്മാരുടെയും ഓര്‍മ്മക്കായി പോപ്പി പുഷ്പ്പങ്ങള്‍ ധരിക്കും എന്ന് പ്രതിഞ്ജയെടുക്കുകയും ചെയ്തു. എന്നാല്‍ 1920 ല്‍ അമേരിക്കസന്ദര്ശിച്ച മാഡം ഗുറിന്‍ എന്ന ഫ്രഞ്ച് വനിത ഈ സമ്പ്രദായത്തെ കുറിച്ച് അറിഞ്ഞ്, തിരിച്ച് നാട്ടില്‍ എത്തിയപ്പോള്‍ കൈ കൊണ്ട് ചുവന്ന പോപ്പി പുഷ്പങ്ങള്‍ ഉണ്ടാക്കി വില്‍ക്കുകയും, അത് വഴി നേടിയ പണം യുദ്ധാനന്തരഭൂമിയില് കിടന്നു കഷ്ടത അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിച്ച് പോപ്പിയെയും സമൂഹത്തെയും കൂടുതല്‍ ബന്ധിപ്പിക്കുകയായിരുന്നു. ഈ പാത പിന്തുടര്ന്ന് The Royal Canadian Legion ഔദ്യോഗികമായി പോപ്പിയെ സ്മരണയുടെ പൂക്കളായി അംഗീകരിച്ചു.

ഇന്ന് കാനഡയില്‍ ഒക്ടോബര്‍ അവാസാനവാരം മുതല്‍ പോപ്പി പൂക്കള്‍ വസ്ത്രത്തില്‍ കുത്തി നടക്കുന്നവരെ നമുക്ക് കാണാം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കുടിയേറ്റക്കാരില്‍ നിന്നു ഒരു തണുത്ത പ്രതികരണമാണ് ഈ വിഷയത്തില്കണ്ടുവരാറുള്ളത്. ഒരു പോപ്പി കുത്തുന്നതോടെ ഇവിടുത്തെ ഓർമ്മ ദിവസം അവസാനിക്കുന്നില്ല. പോരാടി മരിച്ചവരെയും, ജീവിക്കുന്നവരുടെയും ത്യാഗങ്ങളോടുള്ള ആദരസൂചകമായി ഒരാഴ്ചക്കാലം ഇവിടെ ദേശിയ പതാകകള്‍ താഴ്ത്തി കെട്ടുന്നു. ബസുകളില്‍ “Lest We Forget” എന്ന് ഡിസ്പ്ലേ ബോര്‍ഡ് എഴുതി കാണിക്കുകയും, കച്ചവട സ്ഥാപനങ്ങളിലും, സ്കൂള്‍, ലൈബ്രറി എന്നീ പൊതു സ്ഥലങ്ങളിലും, ഭടന്മാരെയും മുന്‍ പട്ടാളക്കാരെയും ആദരിക്കുന്ന പോസ്റ്ററുകളും ബാനറുകളും അണിനിരക്കുകയും ചെയ്യും. ഈ ആഴ്ചയിൽ സ്കൂളുകളില്‍ ടീച്ചര്‍മാരുടെയും, ദൃശ്യമാധ്യമങ്ങളിലെ അവതാരകരുടെയും, പള്ളിയിലെ പട്ടക്കാരുടെയും, എന്തിനേറെ ഇവിടുത്തെ പ്രധാനമന്ത്രി ഉള്‍പ്പെടെ ഉള്ളവരുടെ വസ്ത്രത്തില്‍ പോപ്പി കാണാം.
ഇത് കണ്ടാണ് ഇവിടുത്തെ ഭാവി തലമുറ വളരുന്നത്. ചരിത്രത്തെ ആദരിക്കാനും ബഹുമാനിക്കാനും അവര്‍ പഠിക്കുന്നു. നമ്മളോ? രാഷ്ട്രപിതാവിന്റെ പ്രതിമയില്‍ ബിയര്‍ കുപ്പികളുടെ ഹാരം അണിയിച്ച് ആദരിക്കുന്നു. സിംലയിലാണ് മഹാത്മജിയുടെ ജന്മദിനത്തിന്റെ തലേന്ന് ഈ കോപ്രായം അരങ്ങേറിയത്.
ഇവിടുത്തെ സിറ്റി ബസ്സില്‍ നവംബര്‍ പതിനൊന്നാം തിയതി കനേഡിയന്‍ സേനയില്‍ സേവനം അനുഷ്ടിച്ച മുന്‍ പട്ടാളക്കാര്‍ക്കും അവരുടെ ഒപ്പം ഉള്ള ഒരു വ്യക്തിക്കും സൌജന്യമായി യാത്ര ചെയ്യാം. തിരിച്ചറിയാനായി അവര്‍ക്ക് അവരുടെ യൂണിഫോമോ, കിട്ടിയ മെഡലുകളോ അണിയാം. നവംബര്‍ പതിനൊന്നാം തിയതി പതിനൊന്നു മണിക്ക് ഓട്ടം നിര്‍ത്തി ബസ്സുകളും ട്രെയിനുകളും ഒരു മിനിറ്റ് മൗനം ആചരിക്കും.
നാടിനറിയാത്ത പാഠങ്ങള്‍ നമ്മുക്കിവിടെ നിന്നു പഠിച്ചു തുടങ്ങാം. വഴിയരികില്‍ ആരെങ്കിലും പോപ്പി പൂക്കള്‍ വില്ക്കുന്നുണ്ടെങ്കില് നമുക്കും വാങ്ങി അണിയാം… അലങ്കാരത്തിനല്ല, ഇന്നിന്റെ സൗഭാഗ്യം നുകരാന്‍ ഇന്നലെ ജീവന് പണയപ്പെടുത്തിയവരെ ഓര്‍ക്കാന്‍, അതു വഴി വിമുക്ത ഭടന്മാരുടെ ക്ഷേമത്തിനായി ഒരിത്തിരി കനിവ്…

