കശ്മീർ അതിർത്തിയിൽ വെടിവെയ്പ്പും സൈനിക മരണങ്ങളും, നാം കേൾക്കുന്ന നിത്യ വാർത്തയാണ്‌. ഇടയ്ക്കു നാം ശിരസ്ച്ഛേദങ്ങളെ കുറിച്ചും കേൾക്കാറുണ്ട്. ഇന്ത്യയും പാകിസ്ഥാനും ഇടയ്ക്കുള്ള അതിർത്തിയിലെ വെടിനിർത്തൽ ലംഘനങ്ങളെ പറ്റിയും, രക്ത ചൊരിച്ചിലിനെ പറ്റിയും ഇരു കൂട്ടരും സമ്മതിക്കാറുമുണ്ട്. ഇതിൽ ഏറ്റവും അധികം കഷ്ടവും നഷ്ടവും സഹിക്കുന്നവർ അവിടെ താമസിക്കുന്ന സാധാരണ ജനങ്ങളാണ്‌. നമ്മുടെ മാധ്യമങ്ങൾ ഈ അവസ്ഥയെ പറ്റി അധികം ഉരിയാടാറില്ല. വല്ലപ്പോഴും ഒരു വാർത്ത‍ വന്നാൽ ആയി.

ലൈൻ ഓഫ് കണ്ട്രോൾ എന്നാൽ എന്ത്?

ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയുടെ കാശ്മീർ ഭാഗത്തുള്ള ഒരു സാങ്കല്പിക രേഖ മാത്രമാണിത്. ഈ രേഖ നിയമപ്രകാരമുള്ള അന്തർ-രാഷ്ട്ര അതിർത്തിയല്ല. 1971 ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിനു ശേഷം ഉരുവായ സിംല കരാറിൽ ഉണ്ടാക്കിയ വ്യവസ്ഥ. അതിനുമുൻപ് ഈ രേഖ “സീസ്ഫയർ ലൈൻ” എന്നാണ് അറിയപ്പെട്ടിരുന്നത്.

ലൈൻ ഓഫ് കണ്ട്രോളും അന്തർ-രാഷ്ട്ര അതിർത്തിയും തമ്മിലുള്ള അന്തരങ്ങളെന്തെല്ലാം?

അന്തർ-രാഷ്ട്ര അതിർത്തി ഇരു രാജ്യങ്ങൾക്കിടയിൽ അഗീകരിക്കപ്പെട്ട രേഖയാണ്. ഇത് ഭൂപടത്തിലും ഭൂമിയിലും കൃത്യമായി അടയാളപ്പെടുത്തിയിരിക്കും. ഒട്ടു മിക്ക ഇടങ്ങളിലും കൂറ്റൻ കമ്പി വേലികൊണ്ട്‌ തിരിച്ചിരിക്കും. അന്തർ-രാഷ്ട്ര അതിർത്തിയുടെ ചുമതല ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലായിരിക്കും – ഇന്ത്യയിൽ ബോർഡർ സെക്യുരിറ്റി ഫോര്സിന്റെ കീഴിലും പാകിസ്ഥാനിൽ രെയിഞ്ചേർസിന്റെ കീഴിലും. യുദ്ധ സന്ദർഭങ്ങളിൽ അല്ലാതെ ഇവിടെ സൈന്യത്തെ വിന്യസിക്കാറില്ല. യുദ്ധശേഷം നടക്കുന്ന കരാർ ഉടമ്പടിക്ക് ശേഷം ഇരു സേനകളും അവരവരുടെ അതിർത്തിയിലേക്ക് മടങ്ങുന്നു. അതിർത്തിക്ക് അടുത്ത് ഏതെങ്കിലും സൈനിക നീക്കങ്ങളോ യുദ്ധ അഭ്യാസങ്ങളോ നടത്തുകയാണെങ്കിൽ അത് അയൽ രാജ്യത്തെ മുൻകൂട്ടി അറിയിച്ചിരിക്കണം എന്നാണ് വ്യവസ്ഥ. ഇന്ത്യക്കും പാകിസ്ഥാനും ഇടക്കുള്ള അന്തർ രാഷ്ട്ര അതിർത്തി ഗുജറാത്ത് മുതൽ വടക്കോട്ട്‌ തെക്കൻ ജമ്മു വരെയാണ്. അതിനു വടക്കോട്ട്‌ അത് ലൈൻ ഓഫ് കണ്ട്രോളായി ആയി മാറുന്നു.

മേൽപറഞ്ഞ വ്യവസ്ഥകളൊന്നും ലൈൻ ഓഫ് കണ്ട്രോളിനു ബാധകമല്ല. ഈ സാങ്കൽപിക രേഖ ഇരു രാജ്യങ്ങളും അംഗീകരിക്കുന്നില്ല, കാരണം ഇരു രാജ്യങ്ങളും കാശ്മീർ അവരുടെ അവിഭാജ്യ ഭാഗമെന്നു സമർഥിക്കുന്നു. സത്യത്തിൽ കശ്മീരിന്റെ പടിഞ്ഞാറൻ ഭാഗം പാകിസ്ഥാന്റെ കൈവശവും കിഴക്ക് ഭാഗം ഇന്ത്യയുടെ കൈവശവും. ഇതിനിടയിൽ പെട്ട് അരയുന്നത് കശ്മീർ ജനതയും.

ലൈൻ ഓഫ് കണ്ട്രോളിൽ ഇരു സേനകളും മുഖാമുഖം നില ഉറപ്പിച്ചിരിക്കുന്നു, ചില ഇടങ്ങളിൽ 50 വാര വരെ അടുത്തും. ഇവിടെ യുദ്ധസമയത്തോ അല്ലാതെയോ പിടിച്ചടക്കുന്ന ഭൂമി അവർക്ക് സ്വന്തം. അതുകൊണ്ട് ഇരു കൂട്ടരും ഏതു സമയത്തും നിരീക്ഷണം കൊണ്ടും അസ്ത്രങ്ങൾ കൊണ്ടും മറുഭാഗത്തെ വരുതിയിലാക്കാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കും. ഈ ശ്രമത്തിൽ ഒട്ടോമാറ്റിക് മെഷീൻ തോക്കുകൾ ഇരു കൂട്ടരും പ്രയോഗിക്കാറുണ്ട്, ചില സന്ദർഭങ്ങളിൽ എതിർ ചേരിയിൽ പോയി അവിടെ നാശ നഷ്ടങ്ങളോ ജീവ ഹാനിയോ ഉണ്ടാക്കാറുണ്ട്.

“കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ” എന്ന സിദ്ധാന്തമാണ്‌ ഇവിടെ പ്രയോഗിക്കുന്നത്. അതിനാൽ ഇരു സേനകളും ഉയരമുള്ള കൊടുമുടികൾ പിടിച്ചടക്കാൻ ശ്രമിക്കുന്നു. ഈ കൊടുമുടികളിൽ ഇരുന്നുകൊണ്ട് സമീപ പ്രദേസങ്ങളിലെ നീക്കങ്ങൾ നിരീക്ഷിക്കുവാൻ സാധിക്കുന്നു, വേണമെങ്കിൽ പീരങ്കികളൊ റോക്കെറ്റൊ പ്രയോഗിച്ച് ആക്രമിക്കുകയോ ചെയ്യാം. അതുകൊണ്ടാണ് പാക്കിസ്ഥാൻ 1999 ൽ കാർഗിൽ പിടിച്ചെടുക്കാൻ ശ്രമിച്ചത്‌. കാർഗിൽ കൊടുമുടികളിരുന്നുകൊണ്ട് അവർക്ക് നിഷ്പ്രയാസം ലദാക്കിലേക്കുള്ള ഹൈവേയിലൂടി കടന്നു പോകുന്ന വാഹന വ്യുഹങ്ങളെ പീരങ്കികൾ കൊണ്ട് ആക്രമിക്കുവാൻ സാധിക്കുമായിരുന്നു. അങ്ങനെ അവർക്ക് വടക്കുള്ള ലേ – ലദാക്ക് പ്രവിശ്യയെ ഇന്ത്യയില നിന്ന് ഒറ്റപ്പെടുത്തുവാൻ കഴിഞ്ഞിരുന്നേനെ.

ലൈൻ ഓഫ് കണ്ട്രോളിന്റെ ഉൽപത്തി

ലൈൻ ഓഫ് കണ്ട്രോളിന്റെ ഉൽപ്പത്തിയെപ്പറ്റി നമുക്ക് ചരിത്ര താളുകൾ മറിച്ചൊന്നു പരിശോധിക്കാം. 1947 ൽ ഇന്ത്യയും പാകിസ്ഥാനും വിഭജിച്ചപ്പോൾ നാട്ടു രാജാക്കന്മാർക്ക്‌ ഇന്ത്യയിലോ പാകിസ്ഥാനിലോ ലയിക്കുവാനോ, സ്വതന്ത്രമായി നിലകൊള്ളാനൊ ഉള്ള അധികാരം ബ്രിട്ടൻ നല്കി. ഹൈദ്രാബാദും ജുണാഗഡും സ്വതന്ത്രമായി നിലകൊള്ളുവാൻ തീരുമാനിച്ചു. ഈ പ്രവിശ്യകൾ മുസ്ലിം രാജാക്കന്മാർ ഭരിച്ചിരുന്ന ഹിന്ദു പ്രജകൾ അധികം ഉള്ളതായതിനാൽ ഇന്ത്യയിൽ ചേർക്കപ്പെട്ടു. കാശ്മീരും അതുപോലെ സ്വതന്ത്രമായി നിലകൊള്ളുവാൻ തീരുമാനിച്ചു. കാശ്മീർ ഭരിച്ചിരുന്നത് ഹിന്ദു രാജാവായ ഹരി സിങ്ങും അദ്ദേഹത്തിൻറെ പ്രജകളിൽ ഭൂരിഭാഗം മുസ്ലിമുകളും. ജുണാഗഡ്ഡിലും ഹൈദ്രാബാദിലും ഉപയോഗിച്ച അതെ അളവുകോലിൽ പാകിസ്ഥാൻ കാശ്മീർ അവരോടുകൂടി യോജിക്കുമെന്നു കരുതി. പക്ഷെ രാജാ ഹരി സിങ്ങ് ഇരു രാജ്യങ്ങളോടും ലയിക്കാതെ സ്വതന്ത്രമായി നിലകൊള്ളാൻ പദ്ധതി ഇട്ടു. അതുമൂലം രാജാ ഹരി സിങ്ങിനു കശ്മീരിന്റെ രാജാവായി വാഴാൻ സാധിച്ചേനെ. അന്നത്തെ തിരുവതാംകൂർ മഹാരാജാവിനും ദിവാൻ സർ സിപിക്കും അതുപോലെ ഒരു പദ്ധതി ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. അന്ന് കാശ്മീരിൽ പ്രവർത്തിച്ചിരുന്ന രാഷ്ട്രിയ പാർട്ടി ആയ മുസ്ലിം കോണ്‍ഫറൻസ് കാശ്മീർ പാകിസ്ഥാനുമായി യോജിക്കണമെന്ന പക്ഷത്തായിരുന്നു. ഇതിനെ ഖണ്ടിച്ചുകൊണ്ട് ഷെയ്ക്ക് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കോണ്‍ഫറൻസ് സ്വതന്ത്രമായി നിലകൊള്ളാൻ രാജാ ഹരി സിങ്ങിനെ പ്രേരിപ്പിച്ചു. ആ സമയം പാകിസ്ഥാൻ സേന കാശ്മീർ പിടിച്ചടക്കുവാൻ പുറപ്പെട്ടു. ഈ സേന ശ്രീനഗറിന്റെ അടുത്തെത്തിയപ്പോൾ രാജാ ഹരി സിങ്ങ് തോൽവി ഭയപ്പെട്ട് ഇന്ത്യയുമായി ലയിക്കുവനുള്ള ഉടമ്പടിയിൽ ഒപ്പുവെച്ചു. ഈ ഉടമ്പടി ഷെയ്ക്ക് അബ്ദുള്ളയും അംഗീകരിച്ചു. ഇന്ത്യൻ സേന വിമാനമാർഗം ശ്രീനഗറിൽ എത്തി പാകിസ്ഥാൻ സേനയെ തുരത്തി. തൽസമയം ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാന്റെ അധിനിവേശത്തിനെതിരെ പരാതി രേഖപ്പെടുത്തി. 1949 ജനുവരി ഒന്നാം തീയതി ഐക്യരാഷ്ട്ര സഭയുടെ വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഈ കരാർ പ്രകാരം ഇരു സേനകളും അവരവർ കൈവശം വെച്ചിരിക്കുന്ന സ്ഥാനങ്ങളിൽ നില ഉറപ്പിച്ചു. അങ്ങനെ “സീസ് ഫയർ ലൈൻ” ജന്മം കൊണ്ടു.

1965 ലെ ഇൻഡോ-പാക്‌ യുദ്ധശേഷം നിലവിൽ വന്ന താഷ്കെന്റ് ഉടമ്പടി കാശ്മീരിൽ ഒരു മാറ്റങ്ങളും വരുത്തിയില്ല. 1971 ലെ യുദ്ധശേഷം ഉടലെടുത്ത സിംല കരാർ പ്രകാരം ഇരു സേനകളും നില ഉറപ്പിച്ചിരുന്ന രേഖയെ “ലൈൻ ഓഫ് കണ്ട്രോൾ” എന്ന് നാമകരണം ചെയ്തു. സിംല കാരാർ പ്രകാരം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏതു പ്രശ്നങ്ങളും പരസ്പരം തീർക്കണമെന്നും, വേറൊരു രാജ്യത്തിനോ ഐക്യരാഷ്ട്ര സഭക്കോ ഇതിൽ കക്ഷി ചേരാൻ അനുവാദമില്ലെന്നും ഇരു രാജ്യങ്ങളും സമ്മതിച്ചു ഒപ്പ് വെച്ചു.

1988 നു ശേഷം ഉടലെടുത്ത കാശ്മീർ വിഘടനവാദവും തീവ്രവാദവും പാകിസ്ഥാൻ നല്ലവണ്ണം മുതലെടുത്തു. പാകിസ്താനിൽ തീവ്രവാദികളെ പരിശീലിപ്പിക്കുകയും അവരെ ഇന്ത്യയിലേക്ക്‌ നുഴഞ്ഞു കയറാനുള്ള എല്ലാ സഹായവും പാകിസ്ഥാൻ സേന ചെയ്തു കൊണ്ടേയിരുന്നു. തന്മൂലം ലൈൻ ഓഫ് കണ്ട്രോളിലെ സ്ഥിതി നാൾക്കുനാൾ വഷളായിക്കൊണ്ടേ ഇരുന്നു. പാകിസ്ഥാൻ സേന മൂടൽമഞ്ഞുള്ളപ്പോൾ കാശ്മീർ തീവ്രവാദികളെ നുഴഞ്ഞു കയറാൻ സഹായിക്കാനായി ഇന്ത്യൻ സേനക്ക് നേരെ വെടി ഉതിർക്കുവാൻ തുടങ്ങി. മറുപടിക്ക് ഇന്ത്യൻ സേനയും.

ലോകം ഭയപ്പെടുന്ന, എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അതിർത്തിയായി ഈ ലൈൻ ഓഫ് കണ്ട്രോൾ ഇന്ന് നിലകൊള്ളുന്നു. ഇരു വശങ്ങളിൽ ആണവ ശക്തികളും. ഇരു രാജ്യങ്ങളും അവരുടെ ധനത്തിന്റെ നല്ലൊരു പങ്കും സൈനിക ആവശ്യങ്ങൾക്കായി ചെലവാക്കുന്നു. അത്രയും പണം ആരോഗ്യ ക്ഷേമത്തിനൊ വിദ്യാഭ്യാസത്തിനൊ ചിലവാക്കിയിരുന്നെങ്കിൽ…

ലോകം ഭയപ്പെടുന്ന, എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അതിർത്തിയായി ഈ ലൈൻ ഓഫ് കണ്ട്രോൾ ഇന്ന് നിലകൊള്ളുന്നു. ഇരു വശങ്ങളിൽ ആണവ ശക്തികളും. ഇരു രാജ്യങ്ങളും അവരുടെ ധനത്തിന്റെ നല്ലൊരു പങ്കും സൈനിക ആവശ്യങ്ങൾക്കായി ചെലവാക്കുന്നു. അത്രയും പണം ആരോഗ്യ ക്ഷേമത്തിനൊ വിദ്യാഭ്യാസത്തിനൊ ചിലവാക്കിയിരുന്നെങ്കിൽ…

Share.

Born in Kottayam, Kerala, India. Studied till Grade 4 in the village school in Kottayam and was selected to join Sainik School, Amaravathi Nagar (TN) in 1971. Completed Grade 11 in 1978 and joined National Defence Academy (61 Course). Commissioned to 75 Medium Regiment (Artillery – Indian Army) in 1982. Traveled all through India during various army assignments. Attended Long Gunnery Staff Course and Technical Staff Course. Commanded a Surveillance and Target Acquisition Regiment and bid good-bye to the army in 2004 to join the family in Canada and is presently a Canadian citizen, enjoying a retired life. Interests include gardening, cooking, reading and writing.

Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.