മാഞ്ചസ്റ്റർ (ബ്രിട്ടൻ) – യോം കിപ്പൂർ പ്രാർത്ഥനകൾക്കിടെയുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും, നാലുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയും ചെയ്ത സംഭവത്തെ ഭീകരാക്രമണമെന്നു യുകെ പൊലീസ് സ്ഥിരീകരിച്ചു.
കാർ ഓടിച്ച് ആളുകളെ ഇടിച്ചും തുടർന്ന് കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയ പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു എന്ന് നാഷണൽ കൗണ്ടർ ടെററിസം കോർഡിനേറ്റർ ലോറൻസ് ടെയ്ലർ അറിയിച്ചു. സിനഗോഗിന് പുറത്തുണ്ടായ ആക്രമണത്തിൽ സുരക്ഷാ ജീവനക്കാരനുൾപ്പെടെ പലർക്കും പരിക്കേറ്റു.
പ്രതിയുടെ തിരിച്ചറിയൽ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ അത് ഇപ്പോൾ പുറത്തുവിടുന്നില്ല എന്ന് ടയ്ലർ പറഞ്ഞു. ഇതിന് ബന്ധപ്പെട്ടു രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചു.
ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് മേധാവി സ്റ്റീഫൻ വാട്ട്സൺ പറഞ്ഞതനുസരിച്ച് ആക്രമണസമയത്ത് സിനഗോഗിൽ നൂറുകണക്കിന് ആരാധകർ ഉണ്ടായിരുന്നു. “സുരക്ഷാ ജീവനക്കാരുടെയും വിശ്വാസികളുടെയും ധൈര്യവും പൊലീസിന്റെ വേഗത്തിലുള്ള ഇടപെടലും കൊണ്ടാണ് പ്രതി അകത്തു കടക്കാതിരുന്നത്, ഇല്ലെങ്കിൽ ദുരന്തം വലുതായേനെ,” അദ്ദേഹം വ്യക്തമാക്കി.
ഈ സംഭവം യുകെയിലെ ജൂതസമൂഹത്തെ നടുക്കിയിരിക്കുകയാണ്. രാജ്യവ്യാപകമായി ആരാധനാലയങ്ങളിലെ സുരക്ഷ കർശനമാക്കുമെന്നാണ് റിപ്പോർട്ട്.
