ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ഇളയ സഹോദരൻ അവന് നാലു വയസ് പ്രായമുള്ളപ്പോൾ വിചിത്രമായ ഒരു ആവശ്യം മുന്നോട്ടുവച്ചു—“എനിക്കെന്നേക്കാൾ ഇളയ ഒരാൾ വേണം.”
കാരണം ഞങ്ങൾ നാലു സഹോദരങ്ങൾക്കിടയിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ ‘കൈയ്യാങ്കളികളിൽ’ അവൻ എല്ലായ്പ്പോഴും തോറ്റിരുന്നു. അവന്റെ ആ ബാല്യാഭിലാഷം നിറവേറ്റാനായി അമ്മയും അപ്പനും അവനു കൊടുത്തത് ഒരു കുഞ്ഞിനെ തന്നെ—പക്ഷേ മനുഷ്യക്കുഞ്ഞല്ല, ഒരു പെൺ ആട്ടിൻകുട്ടി!
അങ്ങനെയാണ് ഞങ്ങളുടെ വീട്ടിൽ ആടുവളർത്തൽ തുടങ്ങിയത്.
സ്കൂൾ കഴിഞ്ഞ് വൈകുന്നേരങ്ങളിൽ ഞങ്ങൾ ആ ആടിനെ കൃഷിയിടത്തിലേക്ക് മേയ്ക്കാൻ കൊണ്ടുപോകും. അത് കപ്പയില തിന്നാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അന്ന് എനിക്കറിയില്ലായിരുന്നു—കപ്പയുടെ ഇലകളിൽ ഒളിഞ്ഞിരിക്കുന്ന വിഷം ഹൈഡ്രജൻ സയനൈഡ് ആണെന്ന്. മഴക്കാലത്ത് കുരുമുളക് വള്ളികളുടെ താങ്ങു മരങ്ങളിൽ നിന്നാണ് ഞങ്ങൾ ഇല വെട്ടി കൊടുത്തിരുന്നത്. പ്ലാവില പെറുക്കു ഞങ്ങളുടെ നേരമ്പോക്കായി മാറി.
ഞങ്ങളുടെ കരുതലിലും സ്നേഹത്തിലും ആട്ടിൻകുട്ടി വേഗത്തിൽ വളർന്നു. ഒരു വർഷത്തിനുള്ളിൽ അവൾ മനോഹരിയായൊരു പെൺ ആടായി. ഒരു രാത്രി മുഴുവനും അവൾ കരഞ്ഞു. രാവിലെ അമ്മ പറഞ്ഞു “അവളെ തടുപ്പിക്കുവാൻ കൊണ്ടുപോകണം. രാവിലെ പണിക്കാരൻ ഔസേപ്പ് വരും. അവനെ പറഞ്ഞു വിടാം.”
ആടുകളിലെ മദികാലം 2-3 ദിവസം നീണ്ടുനില്‍ക്കും. മൂന്ന് ആഴ്ചയ്ക്കൊരിക്കൽ ആവർത്തിക്കാവുന്ന പ്രകൃതിയുടെ വിളി – നമ്മുടെ നാട്ടിൽ വേനലിന്റെ ഒടുവിൽ – തുലാവർഷം തുടങ്ങുമ്പോൾ. ശരാശരി മദികാലം 48 മണിക്കൂറാണ്. മദി തുടങ്ങി 18-24 മണിക്കൂറുകള്‍ക്കിടയില്‍ ഇണചേര്‍ക്കുന്നതാണ് ഏറ്റവും ഉത്തമം. കാരണം മദി തുടങ്ങി 20-36 മണിക്കൂറിനകം പെണ്ണാടിന്റെ അണ്ഡം അണ്ഡാശയത്തില്‍നിന്നും പുറത്തേക്കു വരും. ഈ സമയത്ത് ബീജം ഗര്‍ഭാശയത്തിലുണ്ടായിരിക്കണം. ബീജം ഗര്‍ഭാശയത്തില്‍ 12-24 മണിക്കൂര്‍ വരെ ജീവിക്കും. എന്നാല്‍ അണ്ഡമാകട്ടെ പുറത്തേക്കുവന്നാല്‍ 6-10 മണിക്കൂറിനകം നശിച്ചുപോകും. ഇതിനിടയില്‍ ഗര്‍ഭധാരണം നടന്നിരിക്കണം.
അന്നേ ദിവസം ഔസേപ്പ് പനി ബാധിച്ച് വന്നില്ല. കേരളത്തിൽ, വേനൽക്കാല അവധിക്ക് ശേഷം സ്കൂളുകൾ ജൂൺ 1-ന് തുറക്കുന്നു, പക്ഷേ എന്റെ സൈനിക് സ്കൂൾ ജൂൺ 15-നാണു തുറക്കുന്നത്. എന്റെ 7-ആം ക്ലാസ് വേനൽക്കാല അവധിയിൽ, എന്റെ സഹോദരങ്ങൾക്ക് സ്കൂൾ തുറന്ന ശേഷം, ഞാൻ വീട്ടിൽ ഉണ്ടായിരുന്നതു കൊണ്ട് ആടിനെ തടുപ്പിക്കുവാൻ കൊണ്ടുപോകാനുള്ള ചുമതല എന്റെ ചുമലിലായി.
ഞങ്ങളുടെ ഗ്രാമത്തിൽ കുട്ടപ്പായ് ഒരു ചായക്കട നടത്തിയിരുന്നു. കേരളത്തിലെ ഗ്രാമീണ ഭൂപ്രകൃതിയുടെ അവിഭാജ്യഘടകമാണ് ചായക്കട. അക്കാലത്തു ചായക്കട ഇല്ലാത്ത മലയാള സിനിമകളിൽ (ബ്ലാക്ക് & വൈറ്റ്) നന്നേ കുറവ് എല്ലാ ഗ്രാമപ്രമുഖരുടെയും കൂടിക്കാഴ്ചസ്ഥലമായിരുന്നു ചായക്കട. ചായക്കട ഒരു ഭക്ഷണശാല എന്നതിനോടൊപ്പം ഒരു പ്രാദേശിക വാർത്താകേന്ദ്രവുമായിരുന്നു. കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ ദിനപത്രങ്ങളും മാസികകളും കുട്ടപ്പായിയുടെ ചായക്കടയിൽ ലഭ്യം. ഇത് ‘ഗ്രാമപാർലമെന്റ്’ ആയും പ്രവർത്തിച്ചു. ഇത് അറിവിന്റെ ഒരു ആവാസസ്ഥലമായിരുന്നു, ഒരു സാംസ്കാരിക-രാഷ്ട്രീയ-സാമൂഹിക-വിനോദ സ്ഥാപനവും. അന്താരാഷ്ട്രബന്ധങ്ങൾ മുതൽ സംസ്ഥാന, ഗ്രാമ രാഷ്ട്രീയം വരെ; ശാസ്ത്രം മുതൽ ബൈബിൾ വരെ; കമ്യൂണിസം മുതൽ മുതലാളിത്തം വരെ – എല്ലാം ചർച്ച ചെയ്യപ്പെട്ടു. കൂട്ടത്തിൽ അപവാദങ്ങളും നുണകഥകളും – അവ വിവരിക്കുന്ന ആളുടെ സർഗ്ഗശക്തിയും ഭാവനയും അനുസരിച്ചു എരിവും പുളിയും ചേർത്ത് രുചികരമാക്കി.
അമ്മ പറഞ്ഞതുപോലെ, രാവിലെ പതിനൊന്ന് മണിയോടെ ഞാൻ ആടിനെ ചായക്കടയിൽ എത്തിച്ചു. ആ സമയത്ത് കട ശൂന്യമായിരിക്കും—വാദപ്രതിവാദങ്ങൾ കഴിഞ്ഞ് ഗ്രാമീണർ വീടുകളിലേക്ക് മടങ്ങിയിരിക്കുമല്ലോ. പക്ഷെ അന്നത്തെ സഭ പിരിഞ്ഞിരുന്നില്ല. 1971 ഇന്ത്യ-പാകിസ്ഥാൻ യുദ്ധ വേളയിൽ അമേരിക്കയുടെ ഏഴാം കപ്പൽപ്പട ബംഗാൾ ഉൾക്കടലിനടുത്തു വിന്യസിച്ച നിക്സൺ-കിസ്സിഞ്ചറിനെ എതിർത്തുകൊണ്ടും ഇന്ത്യൻ പ്രധാധാനമന്തി ഇന്ദിര ഗാന്ധിയെ അനുകൂലിച്ചുംകൊണ്ടുള്ള പ്രമേയം പാസ്സാക്കാനുള്ള കാലതാമസം.
ചായക്കടയുടെ പിന്നിലെ ഒരു ഓലക്കുടിലിൽ കുട്ടപ്പായി ഒരു കൂട്ടം ആടുകളെ വളർത്തിയിരുന്നു. ആട്ടുംപാലുകൊണ്ടുള്ള കുട്ടപ്പായിയുടെ ചായ ഗ്രാമീണർ ആസ്വദിച്ചിരുന്നു. ആട്ടുംകൂട്ടത്തിന്റെ നായകൻ നല്ല തലയെടുപ്പുള്ള ഒരു മുട്ടനാട് – ഗ്രാമത്തിന്റെ അഭിമാനമായ വിത്താട് . ഓരോ ഇണചേരലിനും കുട്ടപ്പായ് 10 രൂപ ഈടാക്കിയിരുന്നു.
കുട്ടപ്പായി എന്റെ ആടിനെ കുടിലിനടുത്തുള്ള തെങ്ങിൽ കെട്ടുവാൻ പറഞ്ഞു. ആടിന്റെ മദ ഗന്ധവും കാഴ്ചയും കൂട്ടിലിൽ കെട്ടിയിരുന്ന മുട്ടനാടിനെ അസ്വസ്ഥനാക്കി, അവന്റെ മുരളലും ചവിട്ടലും വർദ്ധിച്ചു, ചില സമയങ്ങളിൽ അത് ഭീകര ഘട്ടത്തിൽ എത്തി, മുഴുവൻ കൂട്ടിലും അവൻ തകർത്തെറിയുമ്പോലെ.
ഒരു പെണ്ണാട് സാധാരണയായി വേനൽക്കാലത്തിന്റെ അവസാനം മദിക്കും. കേരളത്തിൽ ഇത് മൺസൂണിന്റെ (ജൂൺ മുതൽ സെപ്റ്റംബർ വരെ) ആരംഭകാലവും ആയിരിക്കും. മദിക്കുമ്പോൾ ഒരു പെണ്ണാട് ചില സൂചനകൾ നൽകുന്നു – അവളുടെ യോനി വീക്കം കൂടി ചുവപ്പാകുകയും, അവൾക്ക് ചില യോനി സ്രവങ്ങൾ ഉണ്ടാകാം. പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ഹോർമോണുകൾ പ്രവർത്തനക്ഷമമാകുന്നതിനാൽ അവൾ കുറച്ച് മാത്രം ആഹാരം കഴിക്കുകയും അസ്വസ്ഥയാവുകയും ചെയ്യും. ഹോർമോൺ മാറ്റങ്ങൾ കാരണം അവളുടെ പാൽ ഉത്പാദനം കുറയുന്നു. അവളുടെ വാല് ആട്ടു വർദ്ധിക്കുകയും, രാത്രിയിൽ, അവളുടെ ഒച്ചയിടൽ ദൈർഘ്യമേറിയതാവുകയും ചെയ്യുന്നു.
മൺസൂൺ കാലത്ത് പെണ്ണാട് മദിക്കുമ്പോൾ മുട്ടനാട് തന്റെ വായിലേക്കും നെഞ്ചിലേക്കും മുഖത്തേക്കും താടിയിലേക്കും മൂത്രമൊഴിക്കുകയും അവ മഞ്ഞയാക്കുകയും ചെയ്യുന്നു. അവന്റെ കൊമ്പുകളുടെ അടുത്തുള്ള സുഗന്ധ ഗ്രന്ഥികൾ അതിക്രിയാത്മകമാകുന്നു. ഇത് അസഹ്യമായ മുശുക്കിന് (ദുർഗന്ധത്തിന്) കാരണമാകുന്നു – വാസ്തവത്തിൽ ദുർഗന്ധം ഒരു പെണ്ണാടിനെ തന്റെ അടുത്തേക്ക് ആകർഷിക്കാനാണ്. മദിക്കുമ്പോൾ മുട്ടനാട്മുരളുകയും ഗർജ്ജിക്കുകയും പിന്നാലെ കാലുകൾ ചവിട്ടുകയും ചെയ്യുന്നു. മുകളിലെ ചുണ്ട് മുകളിലേക്ക് ചുരുട്ടി ഭീതിജനകമായ ഒരു രൂപം നൽകുന്നു – മറ്റു മുട്ടനാടുകളെ അകറ്റി നിർത്തുവാൻ.
15 മിനിറ്റിന് ശേഷം, കുട്ടപ്പായി ചായക്കടയിൽ നിന്ന് പുറത്തുവന്നു. നീളമുള്ള കയറുകൊണ്ട് കെട്ടിയിരുന്ന മുട്ടനാടിനെ അഴിച്ചു വിട്ടു. അവൻ പെണ്ണാടിന് ചുറ്റും വലംവെച്ചു, അവളുടെ യോനി മണക്കുകയും നക്കുകയും ചെയ്തു. അവളുടെ മേൽ കയറാൻ ശ്രമിച്ചപ്പോൾ കുട്ടപ്പായി അവനെ തിരികെ കൂട്ടിലിലേക്ക് വലിച്ചുകെട്ടി. അത് ആണാടിനുള്ള ഒരു രംഗീതമായ ഫോർപ്ലേ ആയിരുന്നു.
അവന്റെ മുരളലും ചവിട്ടലും വർദ്ധിച്ചു. കുറച്ചു നേരം കഴിഞ്ഞ് കുട്ടപ്പായി മുട്ടനാടിനെ അയച്ചു വിട്ടു. അവൻ നേരെ ചെന്നെത്തി, കയറി, ഏതാനും നിമിഷങ്ങൾക്കുള്ളിൽ എല്ലാം പൂർത്തിയായി. ജേതാവിനെപ്പോലെ മുട്ടനാട് തല ഉയർത്തി നിന്നു, നിലവിളിയുടെ ഭാവം മാറി—“എന്റെ ദൗത്യം പൂർത്തിയായി” എന്ന് ലോകത്തോട് പ്രഖ്യാപിക്കുന്ന പോലെ.
വൈകുന്നേരം അമ്മ സ്കൂളിൽ നിന്ന് മടങ്ങിയപ്പോൾ, ഞാൻ ദിവസത്തെ സംഭവങ്ങൾ അമ്മയോട് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തു, നടപടിക്രമത്തെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും ചില അസുഖകരമായ ചോദ്യങ്ങൾ മുന്നോട്ടുവച്ചു. അമ്മയിലെ സ്കൂൾ അധ്യാപിക അടക്കത്തോടെ ശാന്തമായ ഭാഷയിൽ എന്റെ ചോദ്യങ്ങൾക്കു ഉത്തരം നൽകി- “മുട്ടനാട് പെണ്ണാടിന്റെ ഗർഭാശയത്തിൽ പല കോടി ശുക്ലാണു കയറ്റി വിടുന്ന പ്രവൃത്തിയായാണ് നീ കണ്ടത്. അതിൽ ഒരു ശുക്ലാണു പെണ്ണാടിന്റെ ഗർഭാശയത്തിലെ അണ്ഡത്തെ ഫലപ്പെടുത്തുകയും ഭ്രൂണത്തിന്റെ രൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്യും. പൂവൻ കോഴിയും പിടക്കോഴിയും അതുതന്നെ ചെയ്യുന്നു, മനുഷ്യരും അങ്ങനെ തന്നെ” എന്നും അമ്മ വിശദീകരിച്ചു. അങ്ങനെയാണ് എന്റെ ലൈംഗികബോധനത്തിന് ആരംഭം കുറിച്ചത്.

