ഹോളിവുഡ്, കാലിഫോർണിയ – മാർച്ച് 2, 2025
97-ാമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ അനോറ എന്ന ചെറു ചിത്രത്തിന് അപ്രതീക്ഷിത വിജയങ്ങളുടെ രാവായി മാറി. മികച്ച ചിത്രം ഉൾപ്പെടെ അഞ്ച് ഓസ്കറുകളാണ് അനോറ നേടിയത്. തികച്ചും അപ്രതീക്ഷിതമായി, ആഡ്രിയൻ ബ്രോഡി ദി ബ്രൂട്ടലിസ്റ്റിലെ മികച്ച പ്രകടനത്തിലൂടെ മികച്ച നടനുള്ള തന്റെ രണ്ടാമത്തെ ഓസ്കാർ നേടിയപ്പോൾ, മിക്കി മാഡിസൺ അനോറയിലെ തന്റെ റോളിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം നേടി. പ്രവചനങ്ങളെ അസ്ഥാനത്താക്കുകയും ധീരമായ കഥപറച്ചിലിനെ ആഘോഷിക്കുകയും ചെയ്ത സിനിമകളുടെ നേട്ടങ്ങൾ കൊണ്ട് ശ്രദ്ധേയമായി ഇത്തവണത്തെ ഓസ്കാർ പ്രഖ്യാപന വേദി.

ഡോൾബി തിയേറ്ററിൽ നടന്ന ചടങ്ങുകൾക്ക്, ഓസ്കാർ വേദിയിൽ ഹോസ്റ്റ് ആയുള്ള തന്റെ അരങ്ങേറ്റം കുറിച്ച കോമേഡിയൻ കോനൻ ഒ’ബ്രയൻ, തന്റെ കുറിക്കു കൊള്ളുന്ന വാക്പ്രയോഗങ്ങളുമായി വേദിയെ കയ്യിലെടുത്തു.
ബ്രൂക്ക്ലിനിലെ ഒരു സെക്സ് വർക്കറുടെ റഷ്യൻ ഒളിഗാർക്കിന്റെ മകനുമായുള്ള കോളിളക്കം സൃഷ്ടിച്ച വിവാഹത്തിന്റെ കഥ പറഞ്ഞ ഷോൺ ബേക്കറുടെ അനോറയാണ് ചരിത്രം സൃഷ്ടിച്ച് ശ്രദ്ധ പിടിച്ചുപറ്റിയത്. നിയോൺ വിതരണം ചെയ്ത ഈ ചിത്രം മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച ഒറിജിനൽ തിരക്കഥ, മികച്ച എഡിറ്റിംഗ് എന്നീ പുരസ്കാരങ്ങളും നേടി. ഒരേ സിനിമയ്ക്കായി ഓസ്കാറിൽ ഒരാൾ നേടിയ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾക്കുള്ള വാൾട്ട് ഡിസ്നിയുടെ റെക്കോർഡ് തകർത്തു കൊണ്ട് ആകെ ലഭിച്ച അഞ്ച് നോമിന്വേഷനുകളിൽ നാലും ബേക്കർ കരസ്ഥമാക്കി.

2003-ൽ ദി പിയാനിസ്റ്റിനായി തന്റെ ആദ്യ ഓസ്കാർ വിജയത്തിന് ശേഷമുള്ള യാത്രയെക്കുറിച്ച് മികച്ച നടനുള്ള പുരസ്കാരം സ്വീകരിച്ചുകൊണ്ട് നടൻ ബ്രോഡി വികാരാധീനനായി “ഇത് ചലനാത്മകതയുടെ ഒരു സാക്ഷ്യപത്രമാണ്,” എന്ന് വിറയാർന്ന ശബ്ദത്തോടെ പ്രതികരിച്ചത് . “ദി ബ്രൂട്ടലിസ്റ്റ് പോലുള്ള ചിത്രങ്ങൾ ഞാൻ എന്തുകൊണ്ടാണ് ചെയ്യുന്നതെന്ന് എന്നെ ഓർമ്മിപ്പിച്ചു – എല്ലാം ആവശ്യപ്പെടുന്ന കഥകൾ പറയുക.” അദ്ദേഹം കൂട്ടിച്ചേർത്തു. ഓസ്കാറിൽ അവസാന നിമിഷം വരെ ശാന്തമായ മത്സര-സാന്നിധ്യമായിരുന്നു, അമേരിക്കൻ സ്വപ്നം പിന്തുടരുന്ന ഹംഗേറിയൻ-ജൂത വാസ്തുശിൽപിയായ ലാസ്ലോ ടോത്തിന്റെ കഥ പറഞ്ഞ ബ്രൂട്ടലിസ്റ്റിലെ ബ്രോഡിയുടെ കഥാപാത്രം. തിമോത്തി ഷാലമെയെ (എ കംപ്ലീറ്റ് അൺനോൺ) പോലുള്ള മുൻനിര താരങ്ങളെ മറികടന്നാണ് ബ്രോഡി പുരസ്കാരത്തിന് അർഹനായത്.
മികച്ച നടിക്കുള്ള പുരസ്കാര പ്രഖ്യാപനം ഓസ്കാർ രാവിന്റെ ഏറ്റവും അമ്പരപ്പിക്കുന്ന നിമിഷമായിരുന്നു. പുതുമുഖമായ മിക്കി മാഡിസൺ, മുൻപേയുള്ള പല അവാർഡുകളിലും ആധിപത്യം പുലർത്തിയ മുതിർന്ന താരം ഡെമി മൂറിനെ (ദി സബ്സ്റ്റൻസ്) പിന്തള്ളിയാണ് പുരസ്കാരത്തിന് അർഹയായത്. അനോറയിലെ അനിയായുള്ള മാഡിസന്റെ മികച്ച പ്രകടനത്തിന് എഴുതി തയ്യാറാക്കിയ പ്രസംഗവുമായി പുരസ്കാര വേദിയിലെത്തിയ അവർക്ക് സദസ്സാകെ എഴുന്നേറ്റ് നിന്ന് കയ്യടികളോടെയാണ് ആദരമേകിയത്. “ഞാൻ വിറയ്ക്കുകയാണ്,” അവർ ചിരിച്ചുകൊണ്ട് പറഞ്ഞു, തന്നെ “പ്രചോദിപ്പിച്ച തരത്തിലുള്ള സ്വപ്നം കാണുന്ന എല്ലാവർക്കും, സെക്സ് വർക്കർ സമൂഹത്തിനും” അവർ തന്റെ വിജയം സമർപ്പിച്ചു.

ഇത്തവണ 13 നാമനിർദ്ദേശങ്ങളുമായി ഏറ്റവും കൂടുതൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രമായ എമിലിയ പെരേസ്, നായിക കാർല സോഫിയ ഗാസ്കോന്റെ മുൻകാല ട്വീറ്റുകളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടെ, കാര്യമായ നേട്ടങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടു. സോയി സാൽഡാനയ്ക്കുള്ള മികച്ച സഹനടിക്കുള്ള പുരസ്കാരം ഉൾപ്പെടെ രണ്ട് വിജയങ്ങൾ മാത്രമേ ഈ ചിത്രത്തിന് നേടാൻ കഴിഞ്ഞുള്ളൂ. അതേസമയം, മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്കാരം കോൺക്ലേവ് (Conclave) നേടി, കൂടാതെ, കീരൻ കൽക്കിൻ ‘എ റിയൽ പെയിൻ’ ലെ പ്രകടനത്തിന് മികച്ച സഹനടനുള്ള പുരസ്കാരം നേടി.
ഇത് “സ്വതന്ത്ര സിനിമയ്ക്കുള്ള ഒരു അംഗീകാരം” ആണെന്ന് അനോറയുടെ ടീമിനൊത്ത് ഓസ്കർ നേട്ടങ്ങൾ വേദിക്ക് പുറത്ത് ആഘോഷിക്കവെ, ബേക്കർ പ്രതികരിച്ചു.
കൊട്ടിഘോഷിക്കപ്പെടാതെ വന്ന ചിത്രങ്ങളുടെ പുരസ്കാര നേട്ടങ്ങൾകൊണ്ട് ശ്രദ്ധേയമായിരുന്നു ഈ വർഷത്തെ ഓസ്കാർ പ്രഖ്യാപനങ്ങൾ.
2025 ഓസ്കർ ജേതാക്കളുടെ പട്ടിക:
• മികച്ച ചിത്രം: Anora
• മികച്ച സംവിധായകൻ: ഷോൺ ബേക്കർ (Anora)
• മികച്ച നടൻ: ആഡ്രിയൻ ബ്രോഡി (The Brutalist)
• മികച്ച നടി: മിക്കി മാഡിസൺ (Anora)
• മികച്ച സഹനടൻ: കിയറൻ കൽക്കിൻ (A Real Pain)
• മികച്ച സഹനടി: സോ സാൾഡാന (Emilia Pérez)
• മികച്ച അനിമേറ്റഡ് ഫീച്ചർ ഫിലിം: Flo
• മികച്ച ഡോക്യുമെന്ററി ഫീച്ചർ: No Other Land
• മികച്ച തിരക്കഥ (ഓറിജിനൽ): Anora
• മികച്ച തിരക്കഥ (അഡാപ്റ്റഡ്): Conclave
• മികച്ച ഗാനം: “El Mal” (Emilia Pérez)
