വാഷിംഗ്ടൺ/ഓട്ടവ: ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര ബന്ധമുള്ള രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ നാടകീയമായി വർദ്ധിക്കുന്നതിനിടെ, കനേഡിയൻ ഇറക്കുമതിക്ക് 10 ശതമാനം കൂടി തീരുവ വർദ്ധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഒന്റാറിയോ സർക്കാർ കൊടുത്ത ഒരു ടെലിവിഷൻ പരസ്യമാണ്.
ഒന്റാറിയോ പ്രവിശ്യാ സർക്കാർ നിർമ്മിച്ച ഈ പരസ്യത്തിൽ, 1987-ൽ മുൻ യുഎസ് പ്രസിഡന്റ് റൊണാൾഡ് റീഗൻ നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ പുനരുപയോഗിക്കുന്നുണ്ട്. താരിഫുകൾ “ഓരോ അമേരിക്കൻ തൊഴിലാളിക്കും ഉപഭോക്താവിനും ഉപദ്രവകരമാണ്” എന്നും വ്യാപാര പ്രതികാര നടപടികൾക്ക് കാരണമാകുമെന്നും റീഗൻ മുന്നറിയിപ്പ് നൽകുന്ന വീഡിയോ ആണത്.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റിൽ, പരസ്യത്തെ റീഗന്റെ പരാമർശങ്ങളുടെ “വഞ്ചനാപരമായ” തെറ്റായ പ്രതിനിധാനമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. കാനഡ “വസ്തുതകളെ വളച്ചൊടിക്കുന്നുവെന്നും” എന്നും “ശത്രുതാപരമായ പ്രവൃത്തിയിൽ” ഏർപ്പെട്ടുവെന്നും ആരോപിച്ചു. അമേരിക്ക ഇപ്പോൾ ചുമത്തുന്നതിനേക്കാൾ 10% അധികമായി താരിഫ് വർദ്ധിപ്പിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഇതിന്റെ ഫലമായി അമേരിക്കയും കാനഡയും തമ്മിലുള്ള പ്രധാന വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചു. മലേഷ്യയിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ സംസാരിച്ച കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, വ്യാപാര ചർച്ചകളിലെ “ഗണ്യമായ പുരോഗതി”യിൽ “അപ്രതീക്ഷിതമായ വഴിത്തിരിവ്” എന്നാണ് തർക്കത്തെ വിശേഷിപ്പിച്ചത്. വാഷിംഗ്ടൺ തയ്യാറാകുമ്പോൾ ഓട്ടവ ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
എന്താണ് സംഘർഷത്തിന് കാരണമായത് ?
ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് അമേരിക്കൻ വിപണിയെ ലക്ഷ്യമാക്കി ഏകദേശം 75 മില്യൺ കനേഡിയൻ ഡോളർ ചിലവഴിച്ച പരസ്യപ്രചാരണത്തിന് അനുമതി നൽകിയതോടെയാണ് സംഭവം ആരംഭിച്ചത്. അതിൽ റീഗന്റെ പ്രസംഗത്തിന്റെ ക്ലിപ്പുകൾ ഉൾപ്പെടുത്തുകയും, കനേഡിയൻ ഉൽപ്പന്നങ്ങൾക്കെതിരായ അമേരിക്കൻ തീരുവകളെ വിമർശിക്കുകയും ചെയ്തിരുന്നു.
പരസ്യത്തിനെതിരെ ഉടൻ പ്രതികരണങ്ങൾ ഉയർന്നു. ആ പ്രസംഗത്തിന്റെ ഉപയോഗത്തിനോ എഡിറ്റിംഗിനോ അനുമതി നൽകിയിട്ടില്ലെന്ന് റോണാൾഡ് റീഗൻ പ്രസിഡൻഷ്യൽ ഫൗണ്ടേഷൻ പറഞ്ഞു. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ആ പരസ്യത്തെ “പ്രചാരണ യുദ്ധത്തിന്റെ ഭാഗം” എന്നും “അമേരിക്കൻ പൗരന്മാരെ മനഃശാസ്ത്രപരമായി സ്വാധീനിക്കാനുള്ള ശ്രമം(psy-op)” എന്നും വിമർശിച്ചു.
ഇതിന് പിന്നാലെ, “വ്യാപാര ചർച്ചകൾ കുറച്ച് കാലത്തേക്ക് അവസാനിപ്പിക്കുന്നു” എന്നും “10 ശതമാനം അധിക നികുതി ഉടൻ പ്രാബല്യത്തിൽ വരും” എന്നും ട്രംപ് പ്രഖ്യാപിച്ചു.
സാമ്പത്തിക പ്രതിഫലനങ്ങൾ
ഇതിനുമുമ്പ് തന്നെ, അമേരിക്കൻ തീരുവകൾ കനേഡിയൻ കയറ്റുമതികൾക്ക് ശക്തമായ ആഘാതം സൃഷ്ടിച്ചിരുന്നു. യു.എസ്.–മെക്സിക്കോ–കാനഡ കരാറിൽ (USMCA) ഉൾപ്പെടാത്ത ഉൽപ്പന്നങ്ങൾക്ക് മുമ്പ് തന്നെ 35 ശതമാനം വരെ നികുതി ബാധകമായിരുന്നു.
പുതിയ 10 ശതമാനം വർധന കനേഡിയൻ കയറ്റുമതിക്കാർക്ക് അധിക ഭാരം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. അതോടൊപ്പം, അമേരിക്കൻ ഉത്പാദകരും ഉപഭോക്താക്കളും വിലവർധനയുടെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ഇരുരാജ്യങ്ങളിലെയും വാഹന–നിർമാണ മേഖലയിലേക്കും ഇതിന്റെ പ്രത്യാഘാതം വ്യാപിക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
