ടൊറന്റോ: ഒന്റാറിയോയിലെ ആയിരക്കണക്കിന് വാടകക്കാർക്ക് ആശ്വസിക്കാം… പ്രവിശ്യാ സർക്കാർ വാടകനിയന്ത്രണവും അനിശ്ചിതകാല വാടകക്കരാറുകളും അവസാനിപ്പിക്കാനുള്ള വിവാദ നീക്കത്തിൽ നിന്ന് പിന്മാറി.
കഴിഞ്ഞ ആഴ്ചയാണ് പ്രീമിയർ ഡഗ് ഫോഡ് നയിക്കുന്ന സർക്കാർ പുതിയ ഹൗസിംഗ് ബിൽ അവതരിപ്പിച്ചത്. ഭാവിയിലെ ഗൃഹനിർമാണ പദ്ധതികളുമായി ബന്ധപ്പെട്ട ഈ ബില്ലിൽ വാടകാവധി നിയമങ്ങളിൽ “ബദൽ മാർഗ്ഗങ്ങൾ” ആലോചിക്കുമെന്ന് പറഞ്ഞിരുന്നതാണ് വിവാദത്തിന് തുടക്കമായത്. അതനുസരിച്ച്, ഭൂവുടമകൾക്ക് വിപണിയിലെ അവസ്ഥകളോ വ്യക്തിപരമായ ആവശ്യങ്ങളോ അനുസരിച്ച് “തങ്ങൾക്കിഷ്ടമുള്ളവരെ എത്രകാലത്തേക്ക് വീടുകളിൽ പാർപ്പിക്കണം” എന്ന് തീരുമാനിക്കാനുള്ള അധികാരം ലഭിക്കുമെന്നായിരുന്നു പ്രമേയം സൂചിപ്പിച്ചത്.
വാടകക്കാർക്കിടയിലും, സാമൂഹികനീതി പ്രസ്ഥാനങ്ങൾക്കിടയിലും ഈ നീക്കം കടുത്ത പ്രതിഷേധത്തിന് കാരണമായി. വാടകനിയന്ത്രണം ഇല്ലാതായാൽ ഭവനപ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ “ജനങ്ങളുടെ ആശങ്കകളെ മാനിച്ച്” ആ ഭാഗം നീക്കം ചെയ്യാൻ തീരുമാനിച്ചതെന്ന് പ്രവിശ്യാ ഹൗസിംഗ് മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ, ഒന്റാറിയോയിൽ 2018 ന് മുമ്പ് നിർമ്മിച്ച മിക്ക അപ്പാർട്ട്മെന്റുകളും വാടകനിയന്ത്രണത്തിന് വിധേയമാണ്. “ഈ തീരുമാനം, ജനവികാരം മാനിക്കുന്ന വിപണി അനിശ്ചിതത്വത്തേക്കാൾ സ്ഥിരതയ്ക്ക് മുൻതൂക്കം നൽകുന്ന സർക്കാരിന്റെ നിലപാടിന്റെ പ്രതിഫലനമാണ്.” എന്ന് Ontario Tenants’ Rights Coalition പ്രതിനിധി മൈക്കൽ ഗ്രീൻ അഭിപ്രായപ്പെട്ടു.
പാർപ്പിട പ്രതിസന്ധി നേരിടുന്ന പ്രവിശ്യയിൽ വീട്ടുടമകൾക്കും വാടകക്കാർക്കും തുല്യ നീതി ഉറപ്പാക്കുന്ന, പാർപ്പിട സ്ഥിരത ഉറപ്പുനൽകുന്ന നടപടികകളാണ് ആവശ്യമെന്ന് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
