യൂറ്റാ: അമേരിക്കൻ രാഷ്ട്രീയത്തെ ഞെട്ടിച്ച കൊലപാതകത്തിന്റെ വിശദാംശങ്ങൾ പുറത്ത്. പ്രമുഖ യാഥാസ്ഥിതിക ആക്ടിവിസ്റ്റും ടേണിങ് പോയിന്റ് യു എസ് എ യുടെ സ്ഥാപകനുമായ ചാർലി കേർക്കിന്റെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന 22 വയസ്സുകാരൻ, ടൈലർ റോബിൻസൺ എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി യൂറ്റാ ഗവർണർ സ്പെൻസർ കോക്സ് വെളിപ്പെടുത്തി. വധശിക്ഷക്കർഹമായ കൊലപാതകവും, ആയുധ നിയമലംഘനവുമാണ് റോബിൻസനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ.
സംഭവം നടന്നത് യൂറ്റാ വാലി യൂണിവേഴ്സിറ്റിയിൽ, കേർക്ക് ഒരു വിദ്യാർത്ഥി സമ്മേളനത്തിൽ സംസാരിക്കവേയാണ്. ബുധനാഴ്ച രാവിലെ 8:29ന് ചാര നിറമുള്ള ഡോഡ്ജ് ചലഞ്ചറിൽ എത്തിയ റോബിൻസൺ, മറൂൺ ടി-ഷർട്ടും ലൈറ്റ് ഷോർട്ട്സും കറുത്ത തൊപ്പിയും ധരിച്ചിരുന്നതായി സർവെയ്ലൻസ് ക്യാമറ ദൃശ്യങ്ങൾ വെളിപ്പെടുത്തുന്നു. 31 വയസ്സുള്ള കേർക്കിനെ കഴുത്തിന് ലക്ഷ്യമാക്കി ഒറ്റ വെടിയുണ്ട കൊണ്ടാണ് കൊലപ്പെടുത്തിയത്. വിദ്യാർത്ഥികൾക്കിടയിൽ നിന്നുയർന്ന ഒരു ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ ആയിരുന്നു ആക്രമണം.
എഫ്ബിഐയും യൂറ്റാ പോലീസും നടത്തിയ അന്വേഷണത്തിൽ, റോബിൻസന്റെ പിതാവ് തന്നെയാണ് മകനെതിരെ വിവരം നൽകിയത്. കേർക്കിന്റെ സന്ദർശനത്തെക്കുറിച്ച് റോബിൻസൺ കുടുംബത്തോട് സംസാരിച്ചിരുന്നതായും, “വെറുപ്പിന്റെ പ്രതീകം” എന്ന് കേർക്കിനെ റോബിൻസൺ വിശേഷിപ്പിച്ചതായും ഗവർണർ കോക്സ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം, റോബിൻസൺ തന്റെ പ്രവൃത്തി ഒരു കുടുംബ സുഹൃത്തിനോട് സൂചിപ്പിച്ചതിനെ തുടർന്ന്, ആ സുഹൃത്ത് പോലീസിനെ സമീപിക്കുകയായിരുന്നു.
കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു ഹൈ-പവർ ബോൾട്ട്-ആക്ഷൻ റൈഫിൾ, യൂണിവേഴ്സിറ്റിയ്ക്ക് സമീപമുള്ള വനപ്രദേശത്ത് നിന്ന് എഫ്ബിഐ കണ്ടെടുത്തിരുന്നു. വെടിയുണ്ടകളുടെ ആവരണങ്ങളിൽ (cases) “പ്രോ-ട്രാൻസ്ജെൻഡർ” “ആന്റി-ഫാസിസ്റ്റ്” എന്നീ തുടങ്ങിയ വാചകങ്ങൾ ആലേഖനം ചെയ്തിരുന്നതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇത് കൊലപാതകത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെ സൂചിപ്പിക്കുന്നു. റോബിൻസണ് സ്പഷ്ടമായ രാഷ്ട്രീയ ചായ്വുകൾ ഒന്നുമില്ലെന്നാണ് പ്രാഥമിക സൂചന. മാതാപിതാക്കൾ ഇരുവരും റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികളാണെന്ന സൂചനയുള്ളതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
