ഓട്ടവ: കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര സംഘർഷത്തിൽ തന്ത്രങ്ങൾ മാറ്റാനുള്ള സമയമാണിതെന്ന് കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർനി. അമേരിക്കയുമായി ‘സ്റ്റിക്ക്ഹാൻഡിൽ’ ചെയ്യേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു, ഇതിന്റെ ഭാഗമായി കാനഡ-അമേരിക്ക-മെക്സിക്കോ കരാർ (CUSMA) പ്രകാരം വരുന്ന യു.എസ്. ഉൽപ്പന്നങ്ങളിൽ നിന്ന് പ്രതികാര നികുതികൾ (retaliatory tariffs) പിൻവലിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ, സ്റ്റീൽ, അലുമിനിയം, ഓട്ടോമൊബൈൽ എന്നിവയ്ക്കുള്ള നികുതികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്താണ് Stickhandle?
പ്രധാനമന്ത്രി മാർക്ക് കാർനിയുടെ പ്രസ്താവനയിൽ ഉപയോഗിച്ച "stickhandle" എന്നത് ഹോക്കിയിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന ഒരു രൂപകപദമാണ്. ഹോക്കിയിൽ "stickhandle" എന്നാൽ കളിക്കാരൻ തന്റെ സ്റ്റിക്ക് ഉപയോഗിച്ച് പന്ത് (പക്ക്) തന്റെ നിയന്ത്രണത്തിൽ വച്ച് എതിരാളികളെ കബളിപ്പിച്ച് മുന്നോട്ട് നീങ്ങുന്നതിനെ സൂചിപ്പിക്കുന്നു. ഇത് വൈദഗ്ധ്യവും തന്ത്രവും ആവശ്യമുള്ള ഒരു പ്രവർത്തിയാണ്.
രാഷ്ട്രീയമോ വ്യാപാരമോ പോലുള്ള സന്ദർഭങ്ങളിൽ "സ്റ്റിക്ക്ഹാൻഡിൽ" എന്നത് ഒരു സങ്കീർണ്ണമായ സാഹചര്യത്തെ സമർത്ഥമായി, തന്ത്രപരമായി കൈകാര്യം ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. ഇവിടെ, മാർക്ക് കാർനി ഈ പദം ഉപയോഗിച്ചത്, കാനഡ-അമേരിക്ക വ്യാപാര യുദ്ധത്തിൽ കാനഡ തന്ത്രപരമായും സമർത്ഥമായും മുന്നോട്ട് പോകാൻ ശ്രമിക്കുന്നുവെന്ന് സൂചിപ്പിക്കാനാണ്. അതായത്, ശക്തമായ നിലപാട് സ്വീകരിച്ച ശേഷം, ഇപ്പോൾ കൂടുതൽ നയചാതുരിയോടെ, വിവേകത്തോടെ വ്യാപാര ചർച്ചകൾ നടത്താനുള്ള ശ്രമത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
“ഇപ്പോൾ കാനഡയ്ക്ക് ലോകത്തിലെ ഏറ്റവും മികച്ച വ്യാപാര കരാർ അമേരിക്കയുമായുണ്ട്. ശരാശരി 5.6 ശതമാനം നികുതി നിരക്കാണ് നമ്മുടെ ഉൽപ്പന്നങ്ങൾക്ക് യു.എസിൽ ബാധകമാകുന്നത്, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്,” കാർനി ഓട്ടവയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡോണൽഡ് ട്രംപുമായി വ്യാഴാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് ഈ തീരുമാനം. CUSMA-ക്ക് അനുസൃതമായ തരത്തിൽ ഉൽപ്പന്നങ്ങൾക്ക് യു.എസ്. നികുതി ഒഴിവാക്കിയിരിക്കുന്നതിനാൽ, കാനഡയും തദനുസരണം പ്രതികരിക്കുകയാണ്.
എന്നാൽ, ഈ നീക്കം പല കോണുകളിൽ നിന്നും വിമർശനം ക്ഷണിച്ച് വരുത്തിയിട്ടുണ്ട്. കാനഡയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലാ യൂണിയനായ യൂനിഫോറിന്റെ പ്രസിഡന്റ് ലാന പെയ്ൻ, ഈ തീരുമാനം “യു.എസിന്റെ ആക്രമണോത്സുകതയെ പ്രോത്സാഹിപ്പിക്കുന്നതാണ് ” എന്ന് വിമർശിച്ചു. ഈ നീക്കം കനേഡിയൻ തൊഴിലാളികളെ ദോഷകരമായി ബാധിക്കുകയും, വർദ്ധിച്ചുവരുന്ന വ്യാപാര യുദ്ധത്തിൽ കാനഡയുടെ നിലപാടിനെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് unifor, X – ൽ പങ്കുവച്ച കുറിപ്പിൽ മുന്നറിയിപ്പ് നൽകി.
പ്രതിപക്ഷ നേതാവ് പിയർ പൊലിയേവും കാർനിയുടെ തീരുമാനത്തെ “ദൗർബല്യം” എന്ന് വിശേഷിപ്പിച്ചു. “ട്രംപിനോട് ഞാൻ പറയുമായിരുന്നു, ‘നിങ്ങളുടെ നികുതികൾ ഒഴിവാക്കൂ, ഞങ്ങൾ ഞങ്ങളുടേതും ഒഴിവാക്കാം,'” പൊലിയേവ് പറഞ്ഞു. എന്നാൽ, ബിസിനസ് ഗ്രൂപ്പുകൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു, കനേഡിയൻ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും പ്രതികാര നികുതികൾ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.
2026-ൽ CUSMA-യുടെ പുനഃപരിശോധന നടക്കാനിരിക്കെ, കാനഡ തന്ത്രപരമായ മേഖലകളിൽ ചർച്ചകൾ തുടരുമെന്ന് കാർനി വ്യക്തമാക്കി. “ഞങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തി കനേഡിയൻ തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും വേണ്ടി ശക്തമായ ഒരു കരാർ ഉറപ്പാക്കും,” അദ്ദേഹം പറഞ്ഞു.
