വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എച്ച്-1ബി വിസ പദ്ധതിക്കു ഓരോ വർഷവും 100,000 ഡോളർ ഫീസ് ഈടാക്കുമെന്ന് പ്രഖ്യാപിച്ചു. വിദേശത്തുനിന്ന് പ്രാവീണ്യമുള്ള തൊഴിലാളികൾക്ക് അമേരിക്കയിൽ മൂന്ന് വർഷത്തേക്ക് ജോലി ചെയ്യാനും തുടർന്ന് മൂന്ന് വർഷം കൂടി പുതുക്കാനും കഴിയുന്ന പദ്ധതിയാണ് എച്ച്-1ബി വിസ.
യു.എസ്.യിലെ ടെക്നോളജി, എഞ്ചിനീയറിംഗ് മേഖലകളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ വിസ അമേരിക്കൻ കമ്പനികൾക്ക് മത്സരക്ഷമത നിലനിർത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുന്നു എന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലട്നിക് അറിയിച്ചത് അനുസരിച്ച് കമ്പനികളുമായുള്ള ചർച്ചകൾക്കുശേഷമാണ് 100,000 ഡോളർ ഫീസ് (കൂടാതെ സുരക്ഷാ പരിശോധനാ ചെലവ്) തീരുമാനിച്ചത്. ഈ തുക ഒറ്റത്തവണ 300,000 ഡോളർ ആയി ഈടാക്കണമോ, വർഷം 100,000 ഡോളർ വീതം ഈടാക്കണമോ എന്ന കാര്യത്തിൽ ഹോംലാൻഡ് സെക്യൂരിറ്റിയുമായി ചർച്ചകൾ തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
എച്ച്-1ബി വിസയെ കുറിച്ച് ട്രംപിന്റെ നിലപാട് പലപ്പോഴും മാറിക്കൊണ്ടിരുന്നതാണ്. ചിലപ്പോൾ പ്രാവീണ്യമുള്ള തൊഴിലാളികളെ സ്വാഗതം ചെയ്യുന്നതിനും, മറ്റുചിലപ്പോൾ വിമർശനത്തിനും ഇടവരുത്തിയിട്ടുണ്ട്. പുതിയ ഫീസ് പ്രഖ്യാപനം ട്രംപിന്റെ സ്വന്തം അനുകൂലികളിൽപോലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
