അമേരിക്കയിൽ പുതിയ പ്രസിഡന്റ് വന്നിട്ട് പത്തു ദിവസം കഴിഞ്ഞതേയുള്ളൂ. അതിനിടയിൽ തന്നെ നാടകീയമായ നീക്കങ്ങളും രംഗങ്ങളും ആണ് നാം കാണുന്നത്.
അമേരിക്കയിലേക്ക് നിയമവിരുദ്ധമായി കുടിയേറിയവരെ കണ്ടെത്തി വിലങ്ങുവച്ച് അവരുടെ മാതൃരാജ്യങ്ങളിലേക്ക് മിലിട്ടറി വിമാനങ്ങളിൽ കയറ്റി അയക്കുന്ന കാഴ്ചയാണ് ഒന്നാമത്തേത്.
അയൽരാജ്യങ്ങൾ ആയ മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നും വരുന്ന ഇറക്കുമതിക്ക് ഇരുപത്തി അഞ്ചു ശതമാനം ചുങ്കവും ചൈനയിൽ നിന്നും വരുന്നതിന് പത്തു ശതമാനം ചുങ്കവും നടപ്പിലാക്കിയതാണ് അടുത്ത തീരുമാനം.
അതിരുകൾ ഇല്ലാതാകുന്ന ഒരു ലോകത്തെ പറ്റിയാണ് ഞാൻ എപ്പോഴും പറയാറുള്ളതും സ്വപ്നം കാണുന്നതും. പക്ഷെ ഇപ്പോൾ അതിന് കടകവിരുദ്ധമായ രണ്ടു നയങ്ങൾ ആണ് അമേരിക്കയിൽ നിന്നും കാണുന്നത്.
ഇത് പക്ഷെ അമേരിക്കയിലെ മാത്രം സ്ഥിതിയല്ല.
കുടിയേറ്റത്തിന് എതിരെയുള്ള വികാരം പാശ്ചാത്യ രാജ്യങ്ങളിൽ ഒക്കെ തന്നെയുണ്ട്. പൊതുവെ കുടിയേറ്റത്തെ അനുകൂലിച്ചിരുന്ന ജർമ്മനിയിൽ പുതിയ തിരഞ്ഞെടുപ്പ് വരുന്നു, പ്രധാന വിഷയം കുടിയേറ്റം തന്നെയാണ്. കുടിയേറ്റത്തിന് എതിരായ നയങ്ങൾ ഉള്ളവർക്ക് മുന്നേറ്റം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
കേരളത്തിൽ ഉള്ളവർക്ക് ഇതിൽ വലിയ അതിശയം ഉണ്ടാകേണ്ടതില്ല. ആഗോളകുടിയേറ്റം കൊണ്ട് ഏറെ നേട്ടങ്ങൾ ഉണ്ടാക്കിയ സംസ്ഥാനം ആയിട്ട് പോലും മറുനാട്ടിൽ നിന്നും തൊഴിലാളികൾ വരുന്നതിനെ അസഹ്ഷ്ണുതയോടെ കാണുന്ന, അവരിൽ ഭൂരിഭാഗവും മയക്കുമരുന്ന് ഉപയോഗക്കാരും കുറ്റവാളികളും “നമ്മുടെ” പണം “പുറത്തേക്ക്” കടത്തുന്നവരും ഒക്കെയാണെന്നുള്ള പൊതുബോധം ഇപ്പോഴും നിലനിൽക്കുമ്പോൾ മറ്റു പ്രദേശങ്ങളിലും അവിടെ എത്തുന്ന (നമ്മൾ ഉൾപ്പടെയുള്ള) കുടിയേറ്റക്കാരെ പറ്റി അത്തരം ചിന്ത ഉണ്ടാകുന്നതിൽ ഒട്ടും അതിശയിക്കേണ്ടതില്ല.
അതിരുകൾ ഇല്ലാത്ത ലോകം അവസാനിച്ചോ?. ഇനി മതിലുകളുടെ കാലമാണോ?
സാമ്പത്തികവും ജനസംഖ്യാപരവും ആയ കാരണങ്ങളാൽ കുടിയേറ്റം എന്ന പ്രതിഭാസം നിലനിൽക്കും എന്ന് മാത്രമല്ല അത് വർദ്ധിക്കുകയും ചെയ്യും. കുടിയേറ്റത്തിന് എതിരായി നയങ്ങളും പദ്ധതികളും ഉണ്ടാക്കുന്ന രാജ്യങ്ങൾക്ക് സാമ്പത്തികമായും സാമൂഹ്യമായും ഉണ്ടാകുന്ന പ്രശ്നങ്ങൾ കുടിയേറ്റം കൊണ്ട് ഉണ്ടാകുന്നതിന് മുകളിൽ നിൽക്കും. ഇത് പതുക്കെ പതുക്കെ മനസ്സിലായി തുടങ്ങുമ്പോൾ പെൻഡുലം മറ്റേ വശത്തേക്ക് നീങ്ങും.
പാശ്ചാത്യ രാജ്യങ്ങളിലെ ഇപ്പോഴത്തെ പ്രശ്നം അവർ നിയമപരമായി ഉള്ള കുടിയേറ്റം ഏറ്റവും ബുദ്ധിമുട്ടുള്ളതാക്കി വക്കുകയും നിയമപരമല്ലാതെ ആളുകൾ എത്തിയാൽ അവരെ കൈകാര്യം ചെയ്യാനുള്ള സംവിധാനം കാര്യക്ഷമം അല്ലാതായിരിക്കുന്നതും ആണ്. ഇത് അങ്ങോട്ടേക്ക് നിയമപരമായി തൊഴിൽ തേടി വരാൻ ആഗ്രഹിക്കുന്നവരേയും നിയമപരമായി മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരെ തൊഴിലിന് നിയമിക്കാൻ ആഗ്രഹിക്കുന്നവരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നു. മറ്റു രാജ്യങ്ങളിൽ നിന്നും മനുഷ്യക്കടത്ത് നടത്തുന്നവർക്കും തൊഴിൽ തേടി എത്തുന്ന വേണ്ടത്ര രേഖകൾ ഇല്ലാത്തവർക്ക് മിനിമം വേതനമോ മറ്റു ആനുകൂല്യങ്ങളോ നൽകാതെ പണിയെടുപ്പിക്കുന്നവർക്കും ആണ് ഇത് ഗുണകരമാക്കുന്നത്.
വാസ്തവത്തിൽ നിയമപരമായ കുടിയേറ്റം കുടിയേറുന്നവർക്കും അവരെ അയക്കുന്ന രാജ്യത്തിനും അവർ എത്തുന്ന രാജ്യങ്ങൾക്കും ഗുണകരമായ വിൻ-വിൻ-വിൻ സാഹചര്യം ആണെന്ന് അനവധി പഠനങ്ങൾ ഉണ്ട്. പക്ഷെ താൽക്കാലമെങ്കിലും ഉള്ള സംവിധാനങ്ങൾ ഇതിനെ ലോസ്-ലോസ്-ലോസ് സാഹചര്യം ആക്കുന്നു.
ഇപ്പോൾ നടക്കുന്ന നാടകീയം ആയ സംഭവങ്ങൾ ഈ കാര്യങ്ങളിൽ കൂടുതൽ കാര്യക്ഷമമായ, മാനുഷികമായ നയങ്ങൾ ഉണ്ടാക്കാൻ കാരണമാകുമെന്നും നാലു വർഷം കഴിയുമ്പോൾ കുടിയേറ്റങ്ങൾ ഇപ്പോഴത്തേക്കാളും കൂടും എന്നുമാണ് ഞാൻ വിശ്വസിക്കുന്നത്.
മറ്റു രാജ്യങ്ങളിൽ നിന്നും വരുന്ന വസ്തുക്കളിലും സേവനങ്ങളും ഉയർന്ന ചുങ്കം ചുമത്തുന്നത് നല്ല നയമാണെന്ന് ഒറ്റയടിക്ക് തോന്നിയേക്കാം. പക്ഷെ ഇവിടെയും കമ്പോളത്തിന്റെ ലോജിക് ചുങ്കം കുറക്കുന്നതിന് അനുകൂലമാണ്. ചുങ്കം വർദ്ധിപ്പിക്കുന്നത് ആഭ്യന്തര ഉപഭോക്താക്കൾക്ക് വസ്തുക്കളും സേവനങ്ങളും കൂടുതൽ ചിലവുള്ളതാക്കുന്നു, അവരുടെ ഉപഭോഗം കുറയുന്നു, മൊത്തത്തിൽ ജനങ്ങൾക്കും രാജ്യത്തിനും നഷ്ടം ഉണ്ടാകുന്നു. ഇതാണ് സംഭവിക്കുന്നത്. അതുകൊണ്ടാണ് ആഗോളമായി തീരുവകൾ കുറക്കാനുള്ള ശ്രമങ്ങൾ എപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്.
ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ നാടകീയം ആണെങ്കിലും അവയുടെ പ്രത്യാഘാതങ്ങൾ വ്യക്തമാകുന്നതോടെ കൂടുതൽ റാഷണൽ ആയ നയങ്ങളും നടപടികളും ഉണ്ടാകുമെന്നും മതിലുകളും ഉയരം കുറയുമെന്നും തന്നെയാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്.
ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിരിക്കുന്ന അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ലേഖകന്റേത് മാത്രമാണ്, അവ ഐക്യരാഷ്ട്രസഭയുടെയോ അതിന്റെ അനുബന്ധ ഏജൻസികളുടെയോ ഔദ്യോഗിക നയമോ നിലപാടോ പ്രതിഫലിപ്പിക്കുന്നതല്ല.
