ന്യൂയോർക്ക് | നവംബർ 5, 2025: ന്യൂയോർക്ക് നഗരത്തിന് പുതിയ ചരിത്രം സമ്മാനിച്ച് സോഹ്രാൻ മംദാനി (Zohran Mamdani) മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 34 വയസ്സുള്ള മംദാനി ഡെമോക്രാറ്റിക് പാർട്ടിയിലെ യുവജന നേതാവും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സഖ്യത്തിലെ അംഗവുമാണ്.
മുൻ ഗവർണർ ആൻഡ്രൂ ക്വോമോയെയാണ് (Andrew Cuomo) മംദാനി പരാജയപ്പെടുത്തിയത്. ഈ തിരഞ്ഞെടുപ്പിലൂടെ അദ്ദേഹം ന്യൂയോർക്കിന്റെ ആദ്യ മുസ്ലിം മേയർ, കൂടാതെ ദക്ഷിണേഷ്യൻ വംശജനായ ആദ്യ മേയർ എന്ന നിലയിലും ചരിത്രം സൃഷ്ടിച്ചു.
അമേരിക്കൻ ഭരണം കയ്യാളുന്ന ട്രംപിന്റെയും കൂട്ടാളികളുടെയും ശക്തമായ പ്രചരണങ്ങളും, മില്യൺ കണക്കിന് ഡോളറുകൾ ഒഴുക്കിയ അതിസമ്പന്നരുടെ പണക്കരുത്തും അതിജീവിച്ചാണ് മംദാനിയുടെ വിജയം ശ്രദ്ധേയമാകുന്നത്. മംദാനിയുടെ പ്രചാരണത്തിന്റെ മുഖ്യ ആശയങ്ങൾ സാധാരണ ജനങ്ങളുടെ ജീവിതത്തോടു ചേർന്ന് നിൽക്കുന്നവയായിരുന്നു.
- വാടക നിയന്ത്രണം: വീടുകളുടെ വാടക വർധന നിയന്ത്രിക്കും.
- സൗജന്യ യാത്ര: നഗരത്തിലെ പൊതുഗതാഗതം എല്ലാവർക്കും സൗജന്യമാക്കാന്നുള്ള പദ്ധതി.
- സാമൂഹ്യനീതി: വലിയ കമ്പനികൾക്കും കോടീശ്വരന്മാർക്കും അധിക നികുതി ചുമത്തി ആ തുക പൊതുജന സേവനങ്ങൾക്ക് വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മംദാനിയുടെ ജയം ന്യൂയോർക്കിൽ വലിയ മാറ്റത്തിന്റെ പ്രതീകമായി കാണപ്പെടുന്നു. യുവാക്കളുടെ പിന്തുണയും കുടിയേറ്റ സമുദായങ്ങളുടെ വോട്ടും അദ്ദേഹത്തിന് വലിയ കരുത്തായി. അതേസമയം, മതപരമായ പശ്ചാത്തലത്തെ ചൂണ്ടിക്കാട്ടി ചില വൃത്തങ്ങൾ വിമർശനങ്ങളും ഉന്നയിച്ചു.
“ന്യൂയോർക്കിനെ എല്ലാവർക്കും ജീവിതം എളുപ്പമാക്കുന്ന, എല്ലാവർക്കും നീതി ഉറപ്പാക്കുന്ന നഗരമാക്കുകയാണ് എന്റെ ലക്ഷ്യം.” എന്ന് മംദാനി തന്റെ വിജയാഘോഷ അഭിസംബോധനയിൽ പറഞ്ഞു.
ജനുവരി 1, 2026 മുതൽ സോഹ്രാൻ മംദാനി ഔദ്യോഗികമായി മേയർ സ്ഥാനമേൽക്കും.
