പോയ വാരത്തിലെ പ്രധാന വാർത്തകൾ (നവംബർ 23 – 30, 2025)
സൈക്ലോൺ ദിത്വ: ശ്രീലങ്കയിൽ വെള്ളപ്പൊക്കം 150-ലധികം മരണം
കൊളംബോ: സൈക്ലോൺ ദിത്വയുടെ ആഘാതത്തിൽ ശ്രീലങ്കയിൽ വ്യാപകമായ വെള്ളപ്പൊക്കം ഉണ്ടായി, 150-ലധികം പേർ മരിച്ചു. റോഡുകളും, റെയിൽപാതകളും തകർന്നു, ടെലികോം ശൃംഖലകൾ തകരാറിലായതിനാൽ രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. ദേശീയ ദുരന്ത നിവാരണ കേന്ദ്രത്തിന്റെ (ഡി.എം.സി.) കണക്കുകൾ അനുസരിച്ച്, 153 മരണങ്ങളും 191 പേർ നഷ്ടപ്പെട്ടതുമാണ് രേഖപ്പെടുത്തിയത്. 500,000-ലധികം ആളുകൾ ബാധിതരായി. 45,000-ലധികം പേർ അഭയകേന്ദ്രങ്ങളിലെത്തി.
പ്രസിഡന്റ് അനുര കുമാര ദിസാനായക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ സഹായത്തോടെ 20,000-ലധികം പോലീസും സൈനികരും പുനരധിവാസ പ്രവർത്തനങ്ങൾ നടത്തി വരുന്നു. അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ട ശ്രീലങ്കക്ക്, ഇന്ത്യയിൽ നിന്ന് 6.5 മെട്രിക് ടൺ ഭക്ഷ്യസഹായം ലഭിച്ചു. കൊളംബോയിലെ റെയിൽ സേവനങ്ങൾ നിർത്തിവച്ചു, 400,000-ലധികം പേർ ബാധിതരായി.
ഹോങ്കോങ് പാർപ്പിട സമുച്ചയത്തിലെ തീപിടുത്തം: മരണസംഖ്യ 128-ലെത്തി, രക്ഷാപ്രവർത്തനങ്ങൾ അവസാനിച്ചു
ഹോങ്കോങ്: വാങ് ഫുക് കോർട്ടിലെ ഉയർന്ന കെട്ടിടത്തിലെ തീപിടുത്തത്തിൽ മരണസംഖ്യ 128-ലെത്തി, 200-ലധികം പേർ ഇപ്പോഴും കാണാതായ നിലയിൽ തുടരുന്നതായാണ് റിപ്പോർട്ടുകൾ. 70 വർഷത്തിനിടെ നടന്ന ഏറ്റവും മാരകമായ അഗ്നിബാധയാണ് ഇത് .
നിർമാണ കമ്പനി ഉടമകളുടെ മേൽ മനുഷ്യഹത്യാ വകുപ്പിൽ കുറ്റം ചുമത്തി പൊലീസ് 8 പേരെ അറസ്റ്റ് ചെയ്തു, . “അഗ്നിസുരക്ഷാ സംവിധാനങ്ങൾ പരാജയപ്പെട്ട”തായി ഫയർ ചീഫ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ക്രോയേഷ്യയിലെ ദുബ്രോവ്നിക്കിൽ അഡ്രിയാറ്റിക് കടലിൽ നിന്ന് വൻ മാലിന്യക്കൂമ്പാരം
ദുബ്രോവ്നിക്ക്: ക്രോയേഷ്യയിലെ യുനെസ്കോ പൈതൃക നഗരമായ ദുബ്രോവ്നിക്കിന്റെ മനോഹാരിതക്ക് ഭംഗം വരുത്തി അഡ്രിയാറ്റിക് കടലിൽ നിന്ന് വൻ മാലിന്യക്കൂമ്പാരം കരയിൽ അടിഞ്ഞു. അൽബേനിയയിൽ നിന്നുള്ള പ്ലാസ്റ്റിക്ക്, ലോഹങ്ങൾ, മെഡിക്കൽ വസ്തുക്കൾ എന്നിവയാണ് ഭൂരിഭാഗവും. ബാൻജെ ബീച്ചും ഓൾഡ് ടൗണും ആണ് പ്രധാനമായും ബാധിതമായത്.
“ലേബലുകളും വസ്തുക്കളും അൽബേനിയയെ സൂചിപ്പിക്കുന്നു” എന്ന് ദുബ്രോവ്നിക്ക് സിറ്റി പ്രതിനിധി മരിജ പജിച് ബാചിച്ച് പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ക്രോയേഷ്യൻ വിദേശകാര്യ മന്ത്രാലയം അൽബേനിയയുമായി ചർച്ച നടത്തുന്നുണ്ടെന്ന് മേയർ മാറ്റോ ഫ്രാങ്കോവിച്ച് പറഞ്ഞു.

ലോക എയ്ഡ്സ് ദിനം ആഘോഷിക്കുന്നതിന് സർക്കാർ ഫണ്ടുകൾ ഉപയോഗിക്കരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്
വാഷിങ്ടൺ: ഡിസംബർ 1-ന് ലോക എയ്ഡ്സ് ദിനം ആഘോഷിക്കുന്നതിന് ഗവൺമെന്റ് ഫണ്ടുകൾ ഉപയോഗിക്കരുതെന്നും ഔദ്യോഗിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ജീവനക്കാർക്ക് നിർദേശിച്ചു. ട്രംപ് ഭരണകൂടത്തിന്റെ “ആധുനീകരണ” നയമാണെന്ന് വക്താവ് ടോമി പിഗോട്ട് പറഞ്ഞു.
1988 മുതൽ ആഘോഷിക്കുന്ന ഈ ദിനത്തിന് പെപ്ഫാർ (പ്രസിഡന്റ്സ് എമർജൻസി പ്ലാൻ ഫോർ എയ്ഡ്സ് റിലീഫ്) ഡേറ്റ പങ്കുവെക്കാറുണ്ട്. ട്രംപ് ഭരണകൂടം എച്ച്ഐവി/എയ്ഡ്സ് പ്രോഗ്രാമുകളുടെ ഫണ്ടിങ് വെട്ടിക്കുറച്ചതായി യുഎൻഎച്ച്ഐവി പ്രോഗ്രാം മുന്നറിയിപ്പ് നൽകി. “ഫണ്ടിങ് കുറവ് ചികിത്സാ തടസ്സങ്ങൾക്ക് കാരണമാകുന്നു” എന്ന് യുഎൻ പ്രോഗ്രാം ഓൺ എയ്ഡ്സ് പറഞ്ഞതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ഇറ്റലിയിൽ ഫെമിസൈഡ് നിയമം: സ്ത്രീവിരുദ്ധ കൊലപാതകങ്ങൾക്ക് ഇനി ജീവപര്യന്തം ശിക്ഷ
റോം: സ്ത്രീവിരുദ്ധ കാരണങ്ങളാൽ സ്ത്രീകളെ കൊലപ്പെടുത്തുന്നത് ഫെമിസൈഡ് എന്ന് വർഗീകരിച്ച് ജീവപര്യന്തം ശിക്ഷ വിധിക്കുന്ന നിയമം ഇറ്റാലിയൻ പാർലമെന്റ് പാസാക്കി. അന്താരാഷ്ട്ര സ്ത്രീവിരുദ്ധ അക്രമണ നിര്മാർജന ദിനത്തിൽ (നവംബർ 25) 237 വോട്ടുകളോടെ ബൈപാർട്ടിസൻ പിന്തുണയോടെയാണ് നിയമം അംഗീകരിച്ചത്. 2024-ൽ 106 ഫെമിസൈഡുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
“ഇത് സാംസ്കാരിക മാറ്റത്തിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നു,” ക്യാമ്പെയ്നർമാർ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. “ആന്റി-വയലൻസ് സെന്ററുകൾക്ക് ഫണ്ടിങ് ഇരട്ടിയാക്കി, ഹോട്ട്ലൈനുകൾ സ്ഥാപിച്ചതായും” പ്രധാനമന്ത്രി ജിയോർജിയ മെലോണി പറഞ്ഞു. അതേസമയം, സാമ്പത്തിക-സാംസ്കാരിക വിടവുകൾ പരിഹരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 2023-ലെ ഗ്യൂലിയ സെച്ചെത്തിൻ കൊലപാതകം നിയമത്തിന് പ്രചോദനമായി.
ടോക്കിയോയെ പിന്തള്ളി ജക്കാർത്ത ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം
ജാക്കാർത്ത: യുഎൻ “വേൾഡ് അർബനൈസേഷൻ പ്രോസ്പെക്റ്റസ് 2025” റിപ്പോർട്ട് അനുസരിച്ച്, ഇന്തോനേഷ്യൻ തലസ്ഥാനമായ ജാക്കാർത്ത ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി മാറി. 42 മില്യൺ ജനസംഖ്യയോടെ ടോക്കിയോയെ (33 മില്യൺ) പിന്നിട്ടു. പുതിയ കൗണ്ടിങ് രീതി (ഡെൻസിറ്റി, സ്പേഷ്യൽ ഡാറ്റ) ഉപയോഗിച്ച് 2010 മുതൽ ജാക്കാർത്ത മുൻപന്തിയിലാണ്.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയാണ് (37 മില്യൺ) രണ്ടാമത്. മെഗാസിറ്റികൾ 1975-ലെ 8-ൽ നിന്ന് 33-ലെത്തി. ഇതിൽ 19 എണ്ണം ഏഷ്യയിലാണ്. “8.2 ബില്യൺ വരുന്ന ലോകജനസംഖ്യയിൽ 45% നഗരങ്ങളിൽ” ആണെന്ന് യുഎൻ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്സ് പറഞ്ഞു.
തായ്ലൻഡിലെ മാരകമായ വെള്ളപ്പൊക്കം: 33 മരണങ്ങൾ, 20 ലക്ഷം ആളുകൾ പലായനം ചെയ്തു
ബാങ്കോക്: തെക്കൻ തായ്ലൻഡിലെ വിനാശകരമായ മഴയ്ക്ക് പിന്നാലെ വെള്ളപ്പൊക്കം 33 മരണങ്ങൾക്ക് കാരണമായി. 20 ലക്ഷം പേർ പലായനം ചെയ്തു. സൈന്യം ഹെലികോപ്റ്ററുകളും ബോട്ടുകളും അയച്ച് രക്ഷാപ്രവർത്തനം നടത്തി. സോങ്ഖ്ല, നഖോൺ സി തമ്മറാത്ത് ജില്ലകളിൽ 16 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎസ് നാഷണൽ പാർക്കുകളിൽ വിദേശ ടൂറിസ്റ്റുകൾക്ക് ഫീസ് വർധന
വാഷിങ്ടൺ: ട്രംപ് ഭരണകൂടം 2026 മുതൽ യുഎസ് നാഷണൽ പാർക്കുകളിൽ വിദേശ ടൂറിസ്റ്റുകൾക്ക് ഫീസ് വർധിപ്പിക്കും, ഏറ്റവും ജനപ്രിയതയുള്ള 11 പാർക്കുകളിൽ 100 ഡോളറിൽ അധികം ആയിരിക്കും വിദേശ ടൂറിസ്റ്റുകളിൽ നിന്ന് ഈടാക്കുക. യഥാർത്ഥ പാർക്ക് സർവീസിന്റെ ബജറ്റ് വെട്ടിക്കുറച്ചതിനാൽ വിദേശികളെ “ഫെയർ ഷെയർ” സംഭാവന ചെയ്യാൻ പ്രേരിപ്പിക്കുന്നതിനാണ് ഈ നടപടി.
വാഷിങ്ടൺ ഡിസി വെടിവെപ്പ്: നാഷണൽ ഗാർഡ് സൈനിക സാറാ ബെക്സ്ട്രോം മരിച്ചു
വാഷിങ്ടൺ: വൈറ്റ് ഹൗസിനടുത്ത് ആക്രമണത്തിൽ വെടിയേറ്റ 20 വയസ്സുള്ള നാഷണൽ ഗാർഡ് സൈനിക സാറാ ബെക്സ്ട്രോം മരിച്ചു. അഫ്ഗാൻ വംശജനായ രഹ്മാനുള്ള ലകാൻവാൽ (29) ആണ് പ്രതി. മറ്റൊരു ഗാർഡ് സൈനിക ആൻഡ്രൂ വോൾഫിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

“മൂന്നാം ലോക” രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിർത്തിവയ്ക്കുമെന്ന് ട്രംപ്
വാഷിങ്ടൺ: “മൂന്നാം ലോക” രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം “സ്ഥിരമായി” നിർത്തിവയ്ക്കുമെന്നും “റിവേഴ്സ് മൈഗ്രേഷൻ” ആരംഭിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. വാഷിങ്ടൺ ഡിസി ഷൂട്ടിങ് സംഭവത്തിന് ശേഷം ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.
ഉത്തർപ്രദേശിലെ ഗഡ്വാറിൽ അംബേദ്കർ പ്രതിമ നശിപ്പിച്ചു; നാട്ടുകാരുടെ പ്രതിഷേധം
ബല്ലിയ: ഉത്തർപ്രദേശിലെ ഗഡ്വാർ പ്രദേശത്ത് അജ്ഞാതർ കേടുപാടുകൾ വരുത്തി. റാംപുർ അസ്ലി ഗ്രാമത്തിലെ ഗഡ്വാർ-നാഗ്ര റോഡിലെ പ്രതിമയ്ക്ക് നവംബർ 26 രാത്രിയാണ് ആക്രമണം നടന്നത്. അടുത്തിടെ ഉണ്ടായ അഞ്ചാമത്തെ സംഭവമാണിത്. സംഭവത്തിൽ ഗ്രാമവാസികൾ പ്രതിഷേധിച്ചു.
സംഭവ സ്ഥലം സന്ദർശിച്ച എസ്ഡിഎം രവി കുമാർ, സിറ്റി സർക്കിൾ ഓഫീസർ മുഹമ്മദ് ഉസ്മാൻ എന്നിവർ അക്രമികൾക്കെതിരെ “കർശന നടപടി” ഉറപ്പ് നൽകി. ദലിത് വിരുദ്ധതയുടെ തെളിവാണ് ഈ സംഭവമെന്ന് നാട്ടുകാരും “ബിജെപി ഭരണത്തിൽ ഫ്യൂഡൽ ഘടകങ്ങൾ ശക്തി പ്രാപിക്കുന്നതിന്റെ ” സാക്ഷ്യമാണ് ഈ സംഭവം എന്ന് യുപി കോൺഗ്രസും ആരോപിച്ചു.
