നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ, സമീപകാലത്തെ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കു ശേഷം ജെൻ സി (Generation Z) യുവാക്കൾ നടത്തുന്ന സമാധാനപരവും ഉത്തരവാദിത്തപൂർണവുമായ പ്രവർത്തനങ്ങൾ ലോകശ്രദ്ധ നേടുകയാണ്. സോഷ്യൽ മീഡിയ നിരോധനം, അഴിമതി, സാമൂഹിക അനീതി തുടങ്ങിയ വിഷയങ്ങളെ ചുറ്റിപ്പറ്റി സെപ്റ്റംബർ ആദ്യവാരം ആരംഭിച്ച പ്രക്ഷോഭങ്ങൾ, അക്രമാസക്തമായ രൂപം പ്രാപിക്കുകയും 20-ലധികം ജനങ്ങൾക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. സർക്കാർ കെട്ടിടങ്ങൾ, രാഷ്ട്രീയ നേതാക്കളുടെ വസതികൾ എന്നിവയ്ക്ക് 1.4 ബില്യൺ ഡോളറിന്റെ നാശനഷ്ടവും ഉണ്ടായി.
പ്രക്ഷോഭത്തിന്റെ തീവ്രതയിൽ പാർലമെന്റ് ആക്രമിക്കപ്പെട്ടതോടെ, പ്രധാനമന്ത്രി ഷർമ ഒലി രാജിവയ്ക്കുകയും, തുടർന്നുള്ള ചർച്ചകൾക്കൊടുവിൽ മുൻ നേപ്പാൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുഷീല കർക്കി, നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. പ്രക്ഷോഭം “ഹൈജാക്ക്” ചെയ്യപ്പെട്ടുവെന്ന് ചില യുവാക്കൾ ആരോപിക്കുന്നുണ്ടെങ്കിലും, അവർ തങ്ങളുടെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് തെരുവുകളിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്—ഈ തവണ, തെരുവ് വൃത്തിയാക്കുക എന്ന ദൗത്യമേറ്റെടുത്താണെന്ന് മാത്രം.
ഇത്തരം പ്രവർത്തികൾ കാണുകയും, കേൾക്കുകയും ചെയ്യുമ്പോൾ, ഒരു സമൂഹമെന്ന നിലയിൽ നമ്മൾ മലയാളികൾ എവിടെയാണ് നിൽക്കുന്നതെന്ന് ആത്മശോധന ചെയ്തെങ്കിൽ!
കാഠ്മണ്ഡുവിന്റെ തെരുവുകളിലും പാർലമെന്റ് പരിസരത്തും ജെൻ സി യുവാക്കൾ ചൂലുകളും ശുചീകരണ ഉപകരണങ്ങളുമായി സജീവശുചീകരണ യത്നത്തിൽ ഏർപ്പെട്ടു. അക്രമത്തിന്റെ അവശിഷ്ടങ്ങൾ നീക്കംചെയ്യുന്ന ഈ പ്രവർത്തനം, സാമൂഹിക ഉത്തരവാദിത്തത്തിന്റെ ശക്തമായ ദൃഷ്ടാന്തമാണ്.
നേപ്പാളിന്റെ രാഷ്ട്രീയ-സാമൂഹിക ഭാവിയെ സൂചിപ്പിക്കുന്ന ഈ പ്രവർത്തനങ്ങൾ, യുവത്വത്തിന്റെ സൃഷ്ടിപരമായ ഇടപെടലിനും സമാധാനപരമായ മാറ്റത്തിനുമുള്ള സാധ്യതകളെ സൂചിപ്പിക്കുന്നു. രാജ്യം സ്ഥിരതയിലേക്ക് മടങ്ങുന്നതിനുള്ള ശ്രമങ്ങൾ തുടരുമ്പോൾ, ഈ യുവാക്കളുടെ പ്രവർത്തനങ്ങൾ ലോകത്തിന് ഒരു പ്രചോദനമായി നിലകൊള്ളും.
ഇത്തരം പ്രവർത്തികൾ കാണുകയും, കേൾക്കുകയും ചെയ്യുമ്പോൾ, ഒരു സമൂഹമെന്ന നിലയിൽ നമ്മൾ മലയാളികൾ എവിടെയാണ് നിൽക്കുന്നതെന്ന് ആത്മശോധന ചെയ്തെങ്കിൽ!
