സുഹൃത്തിന്റെ മകന് സന്നദ്ധ സേവനത്തിനുള്ള പരിശീലനത്തിന് പോയി വന്നപ്പോള്‍ കൊണ്ടുവന്ന ഒരു ലഘുലേഖ കാണാന്‍ ഇടയായി. വളരെ രസകരമായി കുട്ടികള്‍ക്ക് വികലാംഗരെയും, വയോവൃദ്ധരെയും എങ്ങിനെ സേവിക്കണം എന്ന് അത് വിവരിച്ച് കൊടുക്കുന്നു. അതില്‍ ശ്രദ്ധേയമായ ഒരു വാചകം ഉണ്ട്,”ഏതു സമ്പര്‍ക്കത്തില്‍ ആയാലും മറ്റുള്ളവരുടെ അവശതയെക്കാള്‍ പ്രാധാന്യം, അവര്‍ക്ക് ചെയ്തു കൊടുക്കേണ്ട സേവനത്തിനാണ്” – വരും തലമുറയ്ക്ക് പഠിപ്പിച്ചു കൊടുക്കേണ്ട പാഠം!
പ്രായമായവരെ ബഹുമാനിക്കാന്‍ നമ്മള് പഠിക്കാഞ്ഞിട്ടല്ല, എന്നാല്‍ അവരെ എങ്ങിനെ സേവിക്കണം എന്നു നാം പഠിച്ചിട്ടില്ല. ബോളിവുഡ് നടന് അമീര്ഖാന് സമൂഹത്തിലെ പുഴുക്കുത്തുകള്‍ തുറന്നു കാട്ടുന്ന ‘സത്യമേവ ജയതേ’ എന്ന പരിപാടി അവതരിപ്പിക്കുന്ന സ്റ്റേജിലേക്ക് ഒരു വീല്‍ ചെയര്‍ ഉന്തി കൊണ്ടുവരാനുള്ള ചെരിവില്ല. പരിപാടി ഒരു വിഭാഗത്തിന് വേണ്ടി മാത്രമോ അതോ ഇത്തരം ഹതഭാഗ്യര്‍ ഇതിലൊന്നും പങ്കെടുക്കരുതെന്നാണോ? ആ സ്റ്റേജു മോഡി പിടിപ്പിക്കുന്നതിന്റെ പകുതി ചിലവു വരില്ല ഒരു ഭാഗം ഒന്ന് ചെരിച്ചു പണിയുന്നതിന്. ഒരു പ്രമുഖ മലയാളം ചാനല്‍ റിട്ടയര്‍മെന്റ് വീടുകളെ കുറിച്ച് കാണിച്ച പരിപാടിയില്‍, പ്രായമായ സ്ത്രീ ബുദ്ധിമുട്ടി ഒരു സഹായിയോടൊപ്പം ഗോവണിപ്പടികള്‍ കയറി മുകളിലേക്ക് പോകുന്നത് കണ്ടു. അവിടെയും ഈ പറഞ്ഞ സംവിധാനങ്ങള്‍ ഇല്ല. റിട്ടയര്‍മെന്റ് വീടുകള്‍ ചെറുപ്പക്കാര്‍ക്ക് വേണ്ടിയുള്ളതല്ലല്ലോ?
“പ്രായമായവരെ ബഹുമാനിക്കാന്‍ നമ്മള് പഠിക്കാഞ്ഞിട്ടല്ല, എന്നാല്‍ അവരെ എങ്ങിനെ സേവിക്കണം എന്നു നാം പഠിച്ചിട്ടില്ല. ബോളിവുഡ് നടന് ആമിർ ഖാൻ സമൂഹത്തിലെ പുഴുക്കുത്തുകള്‍ തുറന്നു കാട്ടുന്ന ‘സത്യമേവ ജയതേ’ എന്ന പരിപാടി അവതരിപ്പിക്കുന്ന സ്റ്റേജിലേക്ക് ഒരു വീല്‍ ചെയര്‍ ഉന്തി കൊണ്ടുവരാനുള്ള ചെരിവില്ല. പരിപാടി ഒരു വിഭാഗത്തിന് വേണ്ടി മാത്രമോ അതോ ഇത്തരം ഹതഭാഗ്യര്‍ ഇതിലൊന്നും പങ്കെടുക്കരുതെന്നാണോ? ആ സ്റ്റേജ് മോടി പിടിപ്പിക്കുന്നതിന്റെ പകുതി ചിലവു വരില്ല ഒരു ഭാഗം ഒന്ന് ചെരിച്ചു പണിയുന്നതിന്.“
ഇന്ത്യയിലെ ഒട്ടുമിക്ക വീടുകളോ, സര്‍ക്കാര്‍ ഓഫീസുകളോ, വ്യാപാര സ്ഥാപനങ്ങളോ എല്ലാം തന്നെ പ്രായമായവർക്കോ, വികലാംഗര്‍ക്കോ കയറിച്ചെല്ലാന്‍ ബുദ്ധിമുട്ടുള്ളതാണ്. എന്റെ അമ്മയുമായി കോട്ടയത്തെ ട്രഷറി ആപ്പീസിൽ പെന്ഷന് കടലാസുകള്‍ ശരിയാക്കാന്‍ പോയി. അമ്മയെ അങ്ങോട്ട് കൊണ്ട് പോകണമെങ്കില്‍ രണ്ടു വഴിയാണുള്ളത്. ഒന്ന് വണ്ടി താഴത്തെ നിലയില്‍ നിര്‍ത്തി സന്ധി വാതമുള്ള അമ്മയെ പതിനാലു പടികള്‍ ചവിട്ടി കയറ്റിക്കുക, അല്ലെങ്കില്‍ മുകളിലത്തെ നിലയില്‍ വണ്ടി പാര്‍ക്ക് ചെയ്തു ഇരുനൂറു മീറ്റര്‍ നടത്തിക്കുക. അമ്മയുമായി ആലോചിച്ചു ആദ്യത്തെ വഴി തിരഞ്ഞെടുത്തു. അധികാര വർഗ്ഗത്തിന് അറിയാത്തതാണോ പെന്ഷന് വാങ്ങാന്‍ വരുന്നവരുടെ പ്രായവും അവശതയും…
കേരളത്തിൽ ഇന്ന് കൂട്ട് കുടുംബങ്ങള്‍ അണുകുടുംബങ്ങളിലേക്ക് വഴി മാറി. വീടുകള്‍ക്കുള്ളില്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രായമായവര്‍ ഒറ്റപ്പെടുകയാണ്. രാവിലെ കുട്ടികള്‍ സ്കൂളിലും, വീട്ടിലുള്ളവര്‍ ജോലിക്കും പോയാല്‍ നിസ്സഹായരായി ഇവര്‍ മുറികളില്‍ ഇരിക്കുന്നു പകലന്തിയോളം… അയല്പക്കങ്ങളിലേക്ക് ഒന്ന് എത്തി നോക്കാനോ, മുറ്റത്തേക്കിറങ്ങാനോ ആവാതെ… ബസ്സുകളിലെ പടികള്‍ പ്രായമായവര്ക്കെന്നല്ല, ചെറുപ്പക്കാര്‍ക്ക് വരെ കാല് തെറ്റും. കിളിയുടെ ഡബിള്‍ ബെല്ലില്‍ ചാടിക്കയറാനും മറ്റും പ്രത്യേക പരിശീലനം തന്നെ വേണം. ബസ്സിനകത്ത് വികലാംഗര്‍ക്കുള്ള സീറ്റില്‍ ആരാണ് ഇരിക്കുന്നത് എന്നത് കണ്ടറിയേണ്ടത് തന്നെ. നാളെ നമ്മുടെ സ്ഥിതിയും ഇത് തന്നെ. ആരെയും ആശ്രയിക്കാതെ അടുത്തുള്ള ചായക്കടയിലേക്കോ, പച്ചക്കറി വാങ്ങാനോ, തനിച്ചൊന്നു മുടി വെട്ടാന്‍ പോകാനോ ഉള്ള മോഹം പ്രായമായവരിലും ഉണ്ടാവും. ഗതികിട്ടാതെ, നെടുകെയും കുറുകെയും ചീറി പാഞ്ഞു പോകുന്ന വാഹനങ്ങളും, നടക്കാന്‍ യോഗ്യമല്ലാത്ത വഴിവക്കുകളും, കടകളിലേക്ക് കയറേണ്ട പടികളുടെ എണ്ണവും ഓര്‍ത്തു നെടുവീര്‍പ്പിട്ടു കഴിയാന്‍ ആണ് നമ്മള് അവരെ വിധിക്കുന്നത്. എന്ത് കൊണ്ടാണ് നമ്മള് ഇതെല്ലാം കണ്ടില്ലെന്നു നടിക്കുന്നത്? ഓണത്തിന് മദ്യം വാങ്ങാന്‍ കാശ് കൊടുക്കാത്തതിന്റെ പേരില്‍ അമ്മയുടെ തല തല്ലി പൊളിക്കുമ്പോഴും, പ്രായവ്യത്യസമില്ലാതെ സ്ത്രീകള്‍ അപമാനിക്കപ്പെടുമ്പോഴും, വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളുടെ നേരെ കയ്യൂക്ക് കാണിക്കുന്നവര്‍ മാന്യരായി നടക്കുമ്പോഴും നാം തൊണ്ടകാറി സാംസ്കാരിക മൂല്യങ്ങള്‍ പ്രസംഗിക്കും…
ജോലിക്കായി വീട് വിട്ടു ദൂരെ പോകുന്നവരുടെ മനോവ്യഥ ആരും അറിയാറില്ല. വീട്ടില്‍ തനിച്ചാകുന്ന പ്രായമായവരുടെ സഹായത്തിനു ആരെയെങ്കിലും നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണ്. സാമ്പത്തികമായ ചിലവിനോടൊപ്പം അവരുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക വേറെ. ഭീമമായ ചിലവ് വരുന്ന വൃദ്ധസദനങ്ങളില്‍ അവരെ ഏല്‍പ്പിക്കാം എന്ന് വിചാരിച്ചാല്‍ സദാചാര വാദികളും, കടല്‍ കടന്നാല്‍ “പരമ സുഖം” എന്ന് മാത്രം കരുതുന്ന നാട്ടുകാരും. ഇവർ പറഞ്ഞു പരത്തുന്ന അപവാദങ്ങള്‍ പേടിച്ചു വരുന്നത് പോലെ വരട്ടെ എന്ന് കരുതി ദൂരെയിരുന്നു നീറുകയാണ് ഒരോ പ്രവാസിയും. യാത്ര, കാലാവസ്ഥ, പുതിയ നാട്, സംസ്കാരം എന്നീ മാറ്റങ്ങള്‍ പ്രായമേറുന്നതോടെ ക്ലേശകരമാകുന്നു. എന്നിട്ടും ജനിച്ച മണ്ണും വീടും വിട്ടു ചിലര്‍ മക്കളുടെ ഒപ്പം പോരുന്നു. പക്ഷെ മിക്ക പ്രവാസികള്‍ക്കും ഈ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ സാധിക്കാറില്ല.
ഇവിടെ കാനഡയിൽ പകല്‍ ഒരു പത്തു മണി കഴിഞ്ഞാല്‍ ബസ്സുകളിലെ യാത്രക്കാരില്‍ അധികവും പ്രായമായവരാണ്. ലൈബ്രറി, കോഫി ഷോപ്പ്, ബാര്‍ബര്‍ ഷോപ്പ്, ഇതൊന്നും അല്ലെങ്കില്‍ വെറുതെ ഷോപ്പിംഗ് മാളിലൂടെ നടക്കാനോ ആയിരിക്കും ഇവര്‍ പോകുന്നത്. ചിലര്‍ വീല്‍ ചെയറിലാവും, എന്നാലും അവര്‍ അവരുടെ ആവശ്യങ്ങള്‍ സ്വയം ചെയ്യുന്നു. ബസ്സും ഇവരെ കാണുമ്പോള്‍ ഒന്ന് താണു കൊടുക്കും. അത് കൊണ്ട് കയറാനും ഇറങ്ങാനും ബുദ്ധിമുട്ടില്ല. മുന്നിലുള്ള സീറ്റുകള്‍ പ്രായമായവര്ക്കുള്ളതാണ്. ആളുകള്‍ അവിടെ ഇരിക്കാറുണ്ടെങ്കിലും പ്രായമായവരെ കണ്ടാല്‍ എഴുന്നേറ്റു പിന്നോട്ട് മാറാന്‍ ആരും ആവശ്യപ്പെടേണ്ട. ലൈബ്രറിയിലും, കടയിലും ആളുകളോട് സംസാരിച്ചും, പുറത്തെ കാഴ്ചകള്‍ കണ്ടും അവര്‍ അവരുടെ ദിവസം ആനന്ദപ്രദമാക്കുന്നു. അധിക്ഷേപിക്കുമെന്നോ, അപമാനിക്കപ്പെടുമെന്നോ ഉള്ള ഭയം ഇല്ലാതെ ജീവിതത്തിന്റെ ശിഷ്ട കാലം അവര്‍ സന്തോഷപൂർവ്വം ചിലവിടുന്നു.
ടോറോന്റോക്കടുത്ത മിസ്സിസ്സാഗയിലാണ് ഞാന്‍ താമസിക്കുന്നത്. ഈ നഗരത്തിന്റെ ചുക്കാന്‍ 1978 മുതല്‍ 2015 വരെ പിടിച്ചിരുന്നത് തൊണ്ണൂറു വയസ്സ് കടന്ന സ്ത്രീ – ഹേസല്‍ മെക്കാലിയയൻ. അവരെ പോലെ ഇത്രയും ചുറുചുറുക്കും കാര്യപ്രാപ്തിയും ഉള്ളവര്‍ വേറെ ഇല്ലെന്നു തന്നെ പറയാം. സ്വയം കാര്‍ ഓടിച്ചു ഓഫീസില്‍ എത്തിയിരുന്ന മേയര്‍ എല്ലാ തലമുറയില്‍ പെട്ടവര്‍ക്കും മാതൃകയാണ്. അറുപതു കഴിയുന്നതിനു മുന്‍പേ വീടിനുള്ളില്‍ തള്ളുന്ന നമ്മുടെ നാട്ടിലെ മുതിര്‍ന്ന പൗരന്മാരുടെ അവസ്ഥയൊന്നു ഓര്‍ത്തു നോക്കൂ…
തുടരെത്തുടരെ വിദേശ യാത്ര നടത്തുന്ന നമ്മുടെ നേതാക്കന്മാര് ആരും തന്നെ അവിടങ്ങളിൽ പൌരന്മാര്ക്ക് കൊടുക്കുന്ന സേവനങ്ങള്‍ ഒന്നും കാണുന്നില്ലേ? എല്ലാം നടപ്പാക്കിയില്ലെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, വാണിജ്യ കേന്ദ്രങ്ങളിലും ഇത്തരം സൌകര്യങ്ങള്‍ ലഭ്യമാക്കിക്കൂടെ?”
തുടരെത്തുടരെ വിദേശ യാത്ര നടത്തുന്ന നമ്മുടെ നേതാക്കന്മാര് ആരും തന്നെ അവിടങ്ങളിൽ ഇത്തരം പൌരന്മാര്ക്ക് കൊടുക്കുന്ന സേവനങ്ങള്‍ ഒന്നും കാണുന്നില്ലേ? എല്ലാം നടപ്പാക്കിയില്ലെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, വാണിജ്യ കേന്ദ്രങ്ങളിലും ഇത്തരം സൌകര്യങ്ങള്‍ ലഭ്യമാക്കിക്കൂടെ?
