നമുക്കറിയാം സത്യത്തിൽ ദാരിദ്ര്യം അളക്കാൻ അളവുകോലൊന്നുമില്ല; മറിച്ച്, ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ ജീവിതത്തിലെ പലതും രേഖപ്പെടുത്തി അതിലൂടെ ദാരിദ്ര്യമുണ്ടെന്ന് മനസ്സിലാക്കുന്നതാണ്. ഈ അളവുകോലുകൾ പലതും അസെറ്റ് അല്ലെങ്കിൽ അവസ്ഥകളെ സ്ഥായിയായി രേഖപ്പെടുത്താനാണ് ശ്രമിക്കുന്നത്. ക്യാഷ് ഫ്ലോ അല്ല.
ഒരൊറ്റ നിമിഷം കൊണ്ട് ഒരു കുടുംബത്തെ തകർത്തുകളയാൻ കഴിവുള്ള ദുരന്ത സാഹചര്യമാണ് ദാരിദ്ര്യം. പ്രഭാതത്തിൽ സുരക്ഷിതനായിരുന്ന ഒരാൾക്ക്, അപ്രതീക്ഷിതമായ ഒരു ആശുപത്രി ബില്ലോ, തൊഴിൽ നഷ്ടമോ, അപകടമോ, അല്ലെങ്കിൽ പ്രകൃതിയുടെ പ്രഹരമോ കാരണം അർദ്ധരാത്രിയോടെ ദാരിദ്ര്യത്തിന്റെ അഗാധതയിലേക്ക് വീഴാനായിരിക്കും വിധി. സാമ്പത്തിക ഭദ്രതയില്ലാത്ത വീടുകൾ തകർന്ന് വീഴാൻ കാരണമാവുന്ന പലതും സാമ്പത്തിക ഭദ്രതയുള്ളവർക്ക് വളരെ ചെറിയ കാര്യങ്ങളായി തോന്നാം. ആ നിസ്സഹായ അവസ്ഥ പലപ്പോഴും ചരമക്കോളത്തിലെ ചെറിയ വാർത്തയായി ഒതുങ്ങും. അതായത് വാർഷികമായി ചാർത്തിക്കൊടുക്കുന്ന സർട്ടിഫിക്കറ്റും ലേബലുകളിലുമല്ല കാര്യം, ഈ അസ്ഥിരാവസ്ഥയിൽ നിന്ന് ഉടലെടുക്കുന്ന അരക്ഷിതാവസ്ഥയിലാണ് ദാരിദ്ര്യത്തിന്റെ യഥാർത്ഥ ചിത്രം കുടികൊള്ളുന്നത്.
ഒരൊറ്റ നിമിഷം കൊണ്ട് ഒരു കുടുംബത്തെ തകർത്തുകളയാൻ കഴിവുള്ള ദുരന്ത സാഹചര്യമാണ് ദാരിദ്ര്യം. പ്രഭാതത്തിൽ സുരക്ഷിതനായിരുന്ന ഒരാൾക്ക്, അപ്രതീക്ഷിതമായ ഒരു ആശുപത്രി ബില്ലോ, തൊഴിൽ നഷ്ടമോ, അപകടമോ, അല്ലെങ്കിൽ പ്രകൃതിയുടെ പ്രഹരമോ കാരണം അർദ്ധരാത്രിയോടെ ദാരിദ്ര്യത്തിന്റെ അഗാധതയിലേക്ക് വീഴാനായിരിക്കും വിധി.
പരമ്പരാഗത ഭരണസംവിധാനങ്ങൾ ബി.പി.എൽ., എ.പി.എൽ. തുടങ്ങിയ ലേബലുകളിൽ സംതൃപ്തി കണ്ടെത്തുവാൻ ശ്രമിച്ച് വരുന്നത് കാണാം. സാമ്പത്തിക വിദഗ്ദ്ധരും ഭരണകർത്താക്കളും ദാരിദ്ര്യത്തെ ഒരു ‘രേഖ’ ആയി മാത്രം കാണാനാണ് പലപ്പോഴും ഇഷ്ടപ്പെടുന്നത്. ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തി വിതരണം ചെയ്യാനും കണക്കുകൾ ഒതുക്കി വെക്കാനും ഈ വർഗീകരണം വേണം. എന്നാൽ, യഥാർത്ഥ ജീവിതവുമായി അവയ്ക്ക് ഒരു ബന്ധവുമില്ല. സർക്കാർ ഫയലുകളിലെ ഈ ലേബലുകൾ ഒരു കുടുംബത്തെ ഒരു പട്ടികയിൽ തളച്ചിടുമ്പോൾ, അവരുടെ ജീവിത സാഹചര്യങ്ങൾ ഓരോ ആഴ്ചയും മാറിമറിയുകയാണ് എന്നതാണ് സത്യം. മാസശമ്പളം ഉറപ്പുള്ള ഉദ്യോഗസ്ഥരും നിയമനിർമ്മാതാക്കളും അവരുടെ ലോകത്ത് ഇപ്രകാരമുള്ള ദൈനംദിന സാമ്പത്തിക ഞെരുക്കങ്ങൾ (Cash-Flow Shocks) അനുഭവിക്കുന്നില്ല. ഒറ്റരാത്രികൊണ്ട് നിലംപൊത്താൻ സാധ്യതയുള്ള ജീവിതങ്ങൾക്കായി നമ്മൾ വാർഷിക ‘കട്ട്-ഓഫുകൾ’ നിശ്ചയിക്കുന്നത് ഈ യാഥാർത്ഥ്യമില്ലായ്മയുടെ ഫലമാണ്. സാമൂഹ്യ സാമ്പത്തിക സുരക്ഷയിൽ ഇരുന്നുകൊണ്ട് പണ്ട് കാലത്ത് ഡിസൈൻ ചെയ്തിയിരുന്ന ഉപായങ്ങളാണിത്തരം ലിസ്റ്റുകൾ – extremely old school.
ഒറ്റരാത്രികൊണ്ട് നിലംപൊത്താൻ സാധ്യതയുള്ള ജീവിതങ്ങൾക്കായി നമ്മൾ വാർഷിക ‘കട്ട്-ഓഫുകൾ’ നിശ്ചയിക്കുന്നത് ഈ യാഥാർത്ഥ്യമില്ലായ്മയുടെ ഫലമാണ്. സാമൂഹ്യ സാമ്പത്തിക സുരക്ഷയിൽ ഇരുന്നുകൊണ്ട് പണ്ട് കാലത്ത് ഡിസൈൻ ചെയ്തിയിരുന്ന ഉപായങ്ങളാണിത്തരം ലിസ്റ്റുകൾ – extremely old school.
നിബന്ധനകൻ കൂടുതൽ ചേർത്ത് അതിദരിദ്രർ, മഹാദരിദ്രർ, ഭീകരദരിദ്രർ, അതിദയനീയദരിദ്രർ എന്നിങ്ങനെ കൂടുതൽ വരകൾ വരച്ച് വിഭാഗീകരിക്കുന്നത് പ്രത്യേക ആനുകൂല്യങ്ങളുടെ വിതരണം പരിമിതിപ്പെടുത്താനാണല്ലോ. മനുഷ്യജീവിതത്തിൻ്റെ ചാഞ്ചാട്ടവും അപ്രതീക്ഷിത പ്രശ്നങ്ങളും അസ്ഥിരതയും ഒക്കെ പരിഗണിച്ച് ‘വരകൾ’ കഴിവതും ലിബറലായി വേണം വരയ്ക്കാൻ. ഒരു പരിഷ്കൃത സമൂഹത്തിൽ താഴോട്ടല്ല, മേലേക്ക് വേണം ഈ വരകൾ കോറാൻ എന്ന് സാരം. സോഷ്യൽ സെക്യൂരിറ്റി നെറ്റ് വിരിക്കുന്നത് അങ്ങനെയാണ്. ജീവിതമാവുന്ന സർക്കസ്സ് കളിക്കുമ്പോൾ കാലുതെറ്റി വീഴാൻ സാധ്യതയുള്ള ഇടങ്ങളിൽ എല്ലാം സുരക്ഷാവലയും കെട്ടേണ്ടതുണ്ട്.
പുതിയ സൂചികകളും ഡാഷ്ബോർഡുകളും ഉപയോഗിച്ച് മനുഷ്യരെ ഓരോ ‘ചതുരങ്ങളിലാക്കി’ അളക്കുന്നത് ബ്യൂറോക്രസിക്കും അക്കാദമിക്കുകൾക്കും ഇഷ്ടമാണ്. വിവരങ്ങൾ (ഡാറ്റ) നമുക്ക് ആവശ്യമാണ്, പക്ഷേ ഡാറ്റ അതിന്റെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കരുത്. ദാരിദ്ര്യ നിർമ്മാർജ്ജന മേഖലയിലെ ഏത് ഡാറ്റാ ശേഖരണ ശ്രമവും, അത് അത്യധികം കരുണയോടെയും അചഞ്ചലമായ ബഹുമാനത്തോടെയും മാത്രമേ നിർവഹിക്കാൻ പാടുള്ളൂ. ഡാറ്റാ ശേഖരണത്തിലെ പിഴച്ച രീതിശാസ്ത്രങ്ങൾ, ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ അന്തസ്സിനെ വ്രണപ്പെടുത്തും.
ഒരു നിമിഷം ആലോചിക്കുക: ഒരു സ്കൂൾ ക്ലാസ് റൂമിൽ വെച്ച്, സഹപാഠികളുടെ മുന്നിൽവെച്ച് ഏറ്റവും ദരിദ്രരായ അഞ്ച് പേരെ തിരിച്ചറിയാൻ കുട്ടികളോട് ആവശ്യപ്പെടുന്നത് ധാർമ്മികമായി ശരിയാണോ? അത്തരം പ്രവൃത്തി, ആ കുട്ടികളുടെ ആത്മാഭിമാനത്തെ തകർക്കുമെന്നതിനാൽ നാം ഒറ്റക്കെട്ടായി എതിർക്കും. ഈ അന്തസ്സിന്റെ മാനദണ്ഡം, എന്തുകൊണ്ട് ദാരിദ്ര്യം അനുഭവിക്കുന്ന മുതിർന്നവർക്ക് ബാധകമാകുന്നില്ല?
ഫോക്കസ് ഗ്രൂപ്പ് ഡിസ്കഷനുകൾ പോലുള്ള രീതികൾ, ദുർബലരെ പൊതുസമൂഹത്തിൽ അപമാനിക്കാനുള്ള വേദി ഒരുക്കുകയാണ്. ഒരാൾ ദാരിദ്ര്യത്തിലായി എന്നത്, അവരുടെ ഭരണഘടനാപരമായ അവകാശമായ അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശം ഇല്ലാതാക്കുന്നില്ല. സാമ്പത്തിക പിന്നോക്കാവസ്ഥ ഒരാളുടെ വ്യക്തിപരമായ വില കളഞ്ഞുകുളിക്കുന്നില്ല. അതിനാൽ, ഡാറ്റ ശേഖരിക്കുന്നത് ‘വിവരങ്ങൾ’ കിട്ടാൻ വേണ്ടി മാത്രമല്ല, അന്തസ്സ് സംരക്ഷിക്കാൻ വേണ്ടികൂടിയാണ്. ഈ അടിസ്ഥാന ധാർമ്മികത ചോദ്യം ചെയ്യപ്പെട്ടാൽ, നമ്മൾ ശേഖരിക്കുന്ന ഡാറ്റയ്ക്ക് യാതൊരു മൂല്യവുമില്ല, കാരണം അത് മനുഷ്യന്റെ വേദനയുടെ പുറത്ത് കെട്ടിപ്പടുത്തതാണ്. ആധുനിക ഡാറ്റ സയൻസ് ഏറെ വളർന്നിട്ടും ഈ പഴഞ്ചൻ രീതികൾ തന്നെയാണ് പാവങ്ങൾക്ക് വിധിച്ചിട്ടുള്ളത്.
സത്യത്തിൽ അളക്കേണ്ടത് സാഹചര്യങ്ങളെയാണ്, വ്യക്തികളെയല്ല. ആധുനിക സാമൂഹ്യക്ഷേമം, വ്യക്തികളെ തരംതിരിക്കുന്നതിന് പകരം പ്രതിസന്ധി സാഹചര്യങ്ങളെയാണ് വർഗ്ഗീകരിക്കേണ്ടത്. ഉദാഹരണത്തിന്: ആരോഗ്യപരമായ ആഘാതം, വരുമാന നഷ്ടം, ഭവന അരക്ഷിതാവസ്ഥ, കാലാവസ്ഥാ പ്രത്യാഘാതം തുടങ്ങിയവ. ഓരോ പ്രതിസന്ധിക്കും ഒരു നിശ്ചിത പ്രതികരണം തയ്യാറാക്കുകയും, ആപത്തിന്റെ സൂചന ലഭിക്കുമ്പോൾ അത് ഉടൻ നടപ്പാക്കുകയും വേണം. നൽകാൻ വേണ്ടി അളക്കുക, നിഷേധിക്കാൻ വേണ്ടി അളക്കാതിരിക്കുക എന്ന തത്വമാണ് പലപ്പോഴും മറന്ന് പോവുന്നത്.
ഓരോ പ്രതിസന്ധിക്കും ഒരു നിശ്ചിത പ്രതികരണം തയ്യാറാക്കുകയും, ആപത്തിന്റെ സൂചന ലഭിക്കുമ്പോൾ അത് ഉടൻ നടപ്പാക്കുകയും വേണം. നൽകാൻ വേണ്ടി അളക്കുക, നിഷേധിക്കാൻ വേണ്ടി അളക്കാതിരിക്കുക എന്ന തത്വമാണ് പലപ്പോഴും മറന്ന് പോവുന്നത്.
പണ്ടത്തെ ദൂരദർശനിലെ ‘ഫട്ടിചർ’ എന്ന സീരിയൽ ഓർമ്മയുണ്ടോ? കടലാസുകൾക്കിടയിൽ ഞെരുങ്ങിപ്പോയ ഒരു ദരിദ്രൻ്റെ ഒന്നാന്തരം ഡാർക്ക് ഹ്യൂമർ ചാലിച്ച കദനകഥ; അതിൽ പങ്കജ് കപൂറിൻ്റെ കഥാപാത്രം ‘ദാരിദ്ര്യരേഖയെ’ അന്വേഷിച്ചിറങ്ങുന്നുണ്ട്. യഥാർത്ഥ ജീവിതത്തിൽ വർഗ്ഗീകരണങ്ങൾ ദുരിതം തീർക്കുന്നത് എങ്ങനെയാണെന്ന് അതിൽ കാണാം.
കേരളം പോലൊരു പരിഷ്കൃത സമൂഹത്തിൽ ന്യായമായും ഇതിലും മെച്ചപ്പെട്ടത് പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല. നമ്മുടെ ശ്രദ്ധ സാങ്കൽപ്പിക രേഖകളിൽ നിന്ന് മാറി, യഥാർത്ഥ ദുരിതങ്ങളിലേക്ക് തിരിയേണ്ട കാലം കഴിഞ്ഞു. യഥാർത്ഥ ശ്രദ്ധ പതിയേണ്ടത് എന്ന് വിവരമുള്ളവർ പറഞ്ഞ് കേട്ടത് ചിലത് കുറിക്കാം:
1. ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തുന്നതിന് വിശാലവും ഉദാരവുമായ വരുമാന പരിധികൾ നിശ്ചയിക്കുക. അതിനനുസരിച്ച് നല്ല ഉയരത്തിൽ കെട്ടിയ ഒരു തടസ്സവര മതിയെന്ന് വെയ്ക്കുക.
2. അതിൻ്റെ താഴെ കൂടുതൽ ‘രേഖകൾ’ കെട്ടി ബ്യൂറോക്രസിക്ക് വേണ്ടി കൊച്ചു കൊച്ച് സന്തോഷങ്ങൾ കൃത്രിമമായി ഉണ്ടാക്കണോ എന്നത് ചിന്തിക്കുക.
3. ആഘാതങ്ങൾ ഉണ്ടാകുമ്പോൾ, ഓരോ കേസിന്റെയും ആവശ്യം പരിഗണിച്ച് ഈ ഒരൊറ്റ ലിസ്റ്റിൽ പെട്ടവർക്ക് സബ്സിഡിയോ സഹായമോ നേരിട്ട് നൽകുക.
4. ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ കുറയ്ക്കുകയും ഫോമുകൾ ലളിതമാക്കുകയും ചെയ്യുക.
5. ആദ്യം സ്വയം സാക്ഷ്യപ്പെടുത്തൽ അംഗീകരിക്കുക, പരിശോധന പിന്നീട് മതി.
6. തിരിച്ചറിയൽ/ ആധാർ രേഖകൾക്ക് നോക്കി ഓട്ടോമാറ്റിക്കായി ആനുകൂല്യങ്ങൾ ലഭ്യമാക്കുക.
7. ആശുപത്രികളിൽ പണരഹിത ചികിത്സ, കുട്ടികളുടെ പഠനച്ചെലവുകൾക്ക് സഹായം, അടിയന്തര വാടക/അറ്റകുറ്റപ്പണി സഹായം എന്നിവ ആദ്യഘട്ടത്തിൽ തന്നെ ഉൾപ്പെടുത്താം.
8. തെറ്റായ ഉൾപ്പെടുത്തലിനും ഒഴിവാക്കലിനുമുള്ള അപ്പീൽ വഴിയും സേവനങ്ങൾക്ക് കൃത്യമായ സമയപരിധിയും നിശ്ചയിക്കുക.
9. മുഴുപ്പട്ടിണിക്കാരൻ്റെ സ്കീമിൽ നിന്ന് മുക്കാൽ പട്ടിണിക്കാരൻ ആനുകൂല്യം പറ്റുന്നത് തടയാൻ വൻമതിൽ കെട്ടി മെഷീൻ ഗണ്ണുമായി പാറാവിരിക്കേണ്ട കാര്യമില്ല.
10. ‘അമിതവ്യയം’ പിടിക്കേണ്ടത് ഇവിടെയല്ല എന്ന ബോധ്യം ധനവകുപ്പും കാണിക്കണം. പല ‘വൻ വികസനങ്ങളെക്കാളും’ ബജറ്റിൽ ഫണ്ടുകൾ സുലഭമായി കിട്ടേണ്ടത് ഇതിനാണ്. ഒരു മെഗാ പദ്ധതിയുടെ അംശം വേണ്ട പലതിനും.
11. നമ്മുടെ സാമൂഹ്യക്ഷേമ സംവിധാനത്തിന്റെ വിജയം അളക്കേണ്ടത്, ആളുകളെ എത്ര ഭംഗിയായി തരംതിരിച്ചു എന്നതിലല്ല, മറിച്ച്, അവർ വീഴുമ്പോൾ എത്ര വേഗത്തിലും കരുതലോടെയും, മാന്യതയോടെയും, ബഹുമാനത്തോടെയും, അവർ പോലുമറിയാതെ അവരെ താങ്ങി നിർത്തി എന്നതിലാണ്.
12. ടാർഗറ്റ് ചെയ്തുള്ള സ്കീമുകൾക്ക് ഒരു നാടുവാഴി സഭാവമുണ്ട്. “നിന്നെ ഞാൻ കൈപിടിച്ച് ഉയർത്തി രക്ഷിക്കും” എന്ന ലൈൻ. സത്യത്തിൽ ഡിമാന്റ് ബിസിസിൽ- അതായത് ആവശ്യത്തിനനുസരിച്ച് വേണം ഇടപെടൽ.
13. അഴിമതിയാണ് പല ആനുകൂല്യങ്ങളും പാവപ്പെട്ടവരിലേക്ക് എത്താതിരിക്കാൻ കാരണം. പ്രത്യേകിച്ച് SCST വികസന വകുപ്പിൽ. അത് നേരെയാക്കണം.
ഒരു കാര്യം പറഞ്ഞവസാനിപ്പിക്കാം. നാട്ടിലെ പുഴയോരത്ത് ഒരു ടൂറിസ്റ്റ് പ്രോജക്ടുണ്ട്. നടപ്പാതയും കയ്യാലയും കെട്ടിയ പുഴയോരത്ത് ഇരിപ്പിടങ്ങളും ചെറിയ കഫറ്റേറിയയും ഉണ്ട്. പദ്ധതി ഉത്ഘാടനത്തിന് ശേഷം കഫറ്റേരിയയുടെ ഭാഗം ഒഴിച്ച് ബാക്കിയെല്ലാം കാട് പിടിച്ചു. വർഷത്തിൽ മിക്ക സമയത്തും പുഴയോരം കാട് പിടിച്ച് വളരെ വൃത്തികേടായിരിക്കും. ഇടയ്ക്ക് കാട് തെളിക്കും. കഫറ്റേരിയയോട് ചേർന്ന് അതിഗംഭീരമായ എൽ.ഇ.ഡി. ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ലൊക്കേഷന്റെ പേരെഴുതിയ ഭംഗിയുള്ള ബോർഡ് പ്രതീക്ഷിക്കുന്ന നമ്മളെ ഞെട്ടിച്ച് കൊണ്ട് അരക്കിലോമീറ്റർ ദൂരത്ത് നിന്ന് കാണാൻ പാകത്തിന് “പുഴയോര നടപ്പാത നിർമാണ- സൗന്ദര്യവൽക്കരണ പദ്ധതി” എന്നത് അഭിമാനത്തോടെ മലയാളത്തിലും ഇംഗ്ലീഷിലും വലിയ അക്ഷരത്തിൽ എഴുതിയത് കാണാം. ഔചിത്യം എന്നൊന്ന് ഉണ്ട്!
