ന്യൂഡൽഹി, സെപ്റ്റംബർ 18, 2025: കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷനേതാവുമായ രാഹുൽ ഗാന്ധി, കർണാടകയിലെ ആലന്ദ് നിയമസഭാ മണ്ഡലത്തിൽ 2023-ലെ തിരഞ്ഞെടുപ്പിന് മുമ്പ് ആയിരക്കണക്കിന് വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതായി ആരോപിച്ചു. ഇതിനെ ‘ജനാധിപത്യത്തിന്റെ നിഗ്രഹം’ (Murder of democracy) എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി, തിരഞ്ഞെടുപ്പ് കമ്മിഷൻ (ഇ.സി.) തന്നെ ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് ആരോപിച്ചു. പ്രതിപക്ഷ പാർട്ടികൾക്ക് അനുകൂലമായ പ്രദേശങ്ങളിലാണ് ഈ നീക്കങ്ങൾ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് രണ്ടാം തവണയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തുന്നത്.
ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിച്ച രാഹുൽ ഗാന്ധി, ആലന്റ് മണ്ഡലത്തിൽ 6,000-ത്തിലധികം വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതായി തെളിവുകൾ സഹിതം വെളിപ്പെടുത്തി. ഫേക്ക് ലോഗിൻ ഉപയോഗിച്ച് സെൻട്രൽ സോഫ്റ്റ്വെയർ വഴിയാണ് ഇത് നടന്നതാണ്. ഇത് ‘വോട്ട് മോഷണ’ മാണ് (vote chori) ” എന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ തലവൻ ‘വോട്ട് കള്ളന്മാരുടെ സംരക്ഷകൻ’ ആണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അകത്തളങ്ങളിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ, തെരഞ്ഞെടുപ്പ് കമ്മിഷൻ ഇത് ‘അസംബന്ധമായ’ ആരോപണമാണെന്ന് വിശേഷിപ്പിച്ച് ആരോപണങ്ങളെ പ്രതിരോധിച്ചു. “വോട്ടർപട്ടികയിൽ നിന്ന് ഓൺലൈനായി ഏതെങ്കിലും നീക്കം നടത്താൻ സാധ്യമല്ല. എല്ലാ നീക്കങ്ങളും ഔദ്യോഗിക നടപടികൾ പാലിച്ചാണ്,” എന്ന് ഇലക്ഷൻ കമ്മിഷൻ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ ആരോപണം രാജ്യവ്യാപകമായി വോട്ടർ പട്ടികകളിൽ ക്രമക്കേടുകൾ സംബന്ധിച്ച ചർച്ചകളെ വീണ്ടും ഉയർത്തിക്കൊണ്ടുവന്നു. വ്യാജ അപേക്ഷകൾ ഉപയോഗിച്ച് വോട്ടർമാരെ നീക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് പാർട്ടി സൂചിപ്പിച്ചു. ബിജെപി നേതാക്കൾ ഇതിനെ ‘പരാജിതന്റെ പരാതി’ എന്ന് വിശേഷിപ്പിച്ചു. ഈ വിവാദം തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയർത്തുന്നു.
