ഒട്ടാവ: കാനഡയിലെ കുടിയേറ്റ നയങ്ങളിൽ വലിയ മാറ്റം പ്രഖ്യാപിച്ചുകൊണ്ട്, മാതാപിതാക്കളെയും മുത്തശി മുത്തശ്ശന്മാരെയും സ്പോൺസർ ചെയ്യുന്ന പദ്ധതിയിലേക്ക് (Parents and Grandparents Program – PGP) പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചതായി ഇമിഗ്രേഷൻ, റിഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ തീരുമാനം, കാനഡയിൽ തങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒന്നിക്കാൻ കാത്തിരിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ നേരിട്ട് ബാധിക്കും.

2026-ന്റെ തുടക്കത്തിൽ പുറപ്പെടുവിച്ച മന്ത്രിതല നിർദ്ദേശങ്ങൾ പ്രകാരം, ഈ കലണ്ടർ വർഷത്തിൽ ആകെ 10,000 അപേക്ഷകൾ മാത്രമേ പ്രോസസ്സ് ചെയ്യുകയുള്ളൂ. ഇത് 2025-ലെ ഇൻടേക്കിന്റെ (Intake) ഭാഗമായി നേരത്തെ ലഭിച്ച അപേക്ഷകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. പുതിയ നിർദ്ദേശങ്ങൾ ഉണ്ടാകുന്നത് വരെ 2026-ൽ പുതിയ അപേക്ഷകളൊന്നും സ്വീകരിക്കുകയോ പരിഗണിക്കുകയോ ചെയ്യില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഈ നടപടിയിലൂടെ പുതിയ അപേക്ഷകർക്കുള്ള 2026-ലെ ഇൻടേക്ക് പൂർണ്ണമായും അടച്ചിരിക്കുകയാണ്. കാനഡയിലെ പൗരന്മാർക്കും പെർമനന്റ് റെസിഡന്റുകൾക്കും തങ്ങളുടെ മാതാപിതാക്കളെയും മുത്തശ്ശന്മാരെയും സ്പോൺസർ ചെയ്യാനുള്ള അവസരം ഇതോടെ സമീപഭാവിയിൽ പരിമിതപ്പെട്ടു. പുതിയ അപേക്ഷകൾ എന്ന് മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന കാര്യത്തിൽ ഐആർസിസി (IRCC) ഇതുവരെ വ്യക്തത നൽകാത്തത് കുടിയേറ്റ സമൂഹത്തിനിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
