ആപ്പിളിന്റെ ഐഫോണും ഐപാഡും നാറ്റോ രാജ്യങ്ങളിലെ സൈനിക-നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക രഹസ്യങ്ങൾ കൈമാറാൻ ഉപയോഗിക്കാമെന്ന് നാറ്റോ ഔദ്യോഗികമായി അംഗീകാരം നൽകി. കാനഡയുൾപ്പെടെയുള്ള 32 നാറ്റോ അംഗരാജ്യങ്ങൾക്കും ഇനി മുതൽ ഐഫോൺ ഔദ്യോഗിക ആശയവിനിമയങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കും. ജർമ്മനിയുടെ ഫെഡറൽ ഓഫീസ് ഫോർ ഇൻഫർമേഷൻ സെക്യൂരിറ്റി (BSI) നടത്തിയ ദീർഘകാല പരിശോധനകൾക്ക് ശേഷമാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായത്. നാറ്റോയുടെ നാല് തലത്തിലുള്ള സുരക്ഷാ വർഗ്ഗീകരണത്തിൽ ‘റെസ്ട്രിക്റ്റഡ്’ (NATO Restricted) വിഭാഗത്തിലുള്ള രഹസ്യവിവരങ്ങൾ കൈകാര്യം ചെയ്യാനാണ് ഐഫോണിന് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്.
സാധാരണഗതിയിൽ സർക്കാർ രഹസ്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്മാർട്ട്ഫോണുകളിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത സുരക്ഷാ സോഫ്റ്റ്വെയറുകളോ ഹാർഡ്വെയർ മാറ്റങ്ങളോ ആവശ്യമാണ്. എന്നാൽ ഐഫോണിലെയും ഐപാഡിലെയും ഇൻ-ബിൽറ്റ് സുരക്ഷാ ക്രമീകരണങ്ങൾ തന്നെ നാറ്റോയുടെ കർശനമായ മാനദണ്ഡങ്ങൾക്ക് അനുസൃതമാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഏറ്റവും പുതിയ iOS 26, iPadOS 26 സോഫ്റ്റ്വെയർ പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്കാണ് ഈ അംഗീകാരം ബാധകമാകുന്നത്.
ഐഫോണിലെ ‘സെക്യുർ എൻക്ലേവ്’ (Secure Enclave) ചിപ്പ്, നൂതനമായ എൻക്രിപ്ഷൻ രീതികൾ, ബയോമെട്രിക് സുരക്ഷ എന്നിവയാണ് ഇത്തരമൊരു നേട്ടം കൈവരിക്കാൻ ആപ്പിളിനെ സഹായിച്ചത്. വിപണിയിൽ ലഭ്യമായ മറ്റ് ആൻഡ്രോയിഡ് ഫോണുകൾക്കൊന്നും ഇതുവരെ ലഭിക്കാത്ത ഈ സുരക്ഷാ സർട്ടിഫിക്കേഷൻ ആപ്പിളിന്റെ വിശ്വസ്തതയും വിപണി മൂല്യവും വർദ്ധിപ്പിക്കുമെന്നാണ് സാങ്കേതിക വിദഗ്ധർ വിലയിരുത്തുന്നത്.

