എഡ്മന്റൺ, കാനഡ: പാശ്ചാത്യ രാജ്യങ്ങളിൽ ‘കൃത്യനിഷ്ഠ’ (Punctuality) എന്നത് വ്യക്തിപരമായ ഒരു ഗുണമെന്നതിലുപരി ദശലക്ഷക്കണക്കിന് ആളുകൾക്ക് ലഭിച്ച ഒരു ചരിത്രപരമായ ‘ആനുകൂല്യം’ (Privilege) ആണെന്ന് മലയാളി പ്രൊഫസറായ ഡോ. ബൈജു വറിത്. കാനഡയിലെ മക്ഇവാൻ യൂണിവേഴ്സിറ്റിയിലെ (MacEwan University) സോഷ്യൽ വർക്ക് വിഭാഗം ചെയർമാനും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. വറിത്, ‘റിസർച്ച് റീകാസ്റ്റ്(ഡ്)’ (Research Recast(ed)) എന്ന പോഡ്കാസ്റ്റിലാണ് ഈ വ്യത്യസ്തമായ നിരീക്ഷണം പങ്കുവെച്ചത്.
യൂറോപ്യൻ-അമേരിക്കൻ സംസ്കാരങ്ങളിലെ പല ശീലങ്ങളും വ്യവസായവൽക്കരണവുമായി (Industrialization) ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പാശ്ചാത്യ രാജ്യങ്ങളിൽ കൃത്യനിഷ്ഠ എന്നത് കാലങ്ങളായി നിലനിൽക്കുന്ന ഒരു സാമൂഹിക നിയമമാണ്. “യൂറോ-അമേരിക്കൻ ജനത ആസ്വദിക്കുന്ന ഈ കൃത്യനിഷ്ഠ, അവിടുത്തെ തലമുറകൾ വ്യവസായവൽക്കരിക്കപ്പെട്ട ചിട്ടയായ ജീവിതത്തിലൂടെ കടന്നുപോയതിന്റെ ഫലമാണ്,” ഡോ. വറിത് പറയുന്നു. എന്നാൽ കാർഷിക സമൂഹങ്ങളിൽ (Agrarian societies) സമയത്തെക്കുറിച്ചുള്ള സങ്കല്പം തികച്ചും വ്യത്യസ്തമാണ്.
“കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നവർ രാവിലെ ആറു മണി എന്ന കണക്കിനേക്കാൾ, പ്രഭാതം എപ്പോൾ പൊട്ടിവിടരുന്നു എന്നതിനാണ് മുൻഗണന നൽകുന്നത്. അവിടെ സമയത്തെ നിശ്ചയിക്കുന്നത് ഋതുക്കളും കാലാവസ്ഥയും കൃഷിയും കൊയ്ത്തുമാണ്,” അദ്ദേഹം വിശദീകരിച്ചു.
വൈകിയെത്തുന്നത് ശരിയാണെന്നല്ല താൻ പറയുന്നതെന്ന് ഡോ. വറിത് വ്യക്തമാക്കുന്നു. മറിച്ച്, വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളെ മനസ്സിലാക്കുകയാണ് തന്റെ പഠനത്തിന്റെ ലക്ഷ്യം.
ഡോ. വറിത് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സോഷ്യൽ വർക്ക് വിഭാഗത്തിൽ അധ്യാപകനായിരുന്നു.
പോഡ്കാസ്റ്റ് മുഴുവനായി കേൾക്കാൻ:
