വാഷിംഗ്ടൺ: യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെ ഫെഡറൽ പ്രോസിക്യൂട്ടർമാർ ക്രിമിനൽ അന്വേഷണം ആരംഭിച്ചു. ഫെഡറൽ റിസർവ് കെട്ടിടങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട് സെനറ്റ് കമ്മിറ്റിക്ക് നൽകിയ മൊഴിയിൽ ക്രമക്കേടുണ്ടെന്നാരോപിച്ചാണ് നടപടി. നീതിന്യായ വകുപ്പ് കഴിഞ്ഞ വെള്ളിയാഴ്ച ഫെഡറൽ റിസർവിന് ഗ്രാൻഡ് ജൂറി സമൻസുകൾ നൽകുകയും ക്രിമിനൽ കുറ്റം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഞായറാഴ്ച പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ, തനിക്കെതിരെയുള്ള അന്വേഷണം അഭൂതപൂർവമാണെന്ന് പവൽ വിശേഷിപ്പിച്ചു. പലിശ നിരക്ക് കുറയ്ക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ആവർത്തിച്ചുള്ള സമ്മർദ്ദത്തിന് വഴങ്ങാത്തതിനാലാണ് തനിക്കെതിരെ ഇത്തരമൊരു അന്വേഷണം ആരംഭിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
സെനറ്റ് സമിതിക്ക് നൽകിയ മൊഴിയും കെട്ടിട നവീകരണവുമെല്ലാം വെറും “അപവാദങ്ങൾ” (pretexts) മാത്രമാണെന്നും, യഥാർത്ഥത്തിൽ രാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ച് പലിശ നിരക്ക് മാറ്റാത്തതിലുള്ള പകപോക്കലാണിതെന്നും പവൽ തുറന്നടിച്ചു. സാമ്പത്തിക സ്ഥിതിഗതികൾ നോക്കി സ്വതന്ത്രമായി തീരുമാനമെടുക്കാൻ ഫെഡറൽ റിസർവിനെ അനുവദിക്കുമോ അതോ രാഷ്ട്രീയ ഭീഷണികൾക്ക് മുന്നിൽ പണനയം അടിയറവ് വെക്കണോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമവ്യവസ്ഥയോടും ജനാധിപത്യത്തോടും തനിക്ക് ബഹുമാനമുണ്ടെന്നും ഫെഡറൽ റിസർവ് ചെയർമാൻ ഉൾപ്പെടെ ആരും നിയമത്തിന് മുകളിലല്ലെന്നും പറഞ്ഞ പവൽ, എന്നാൽ ഇപ്പോഴത്തെ ഭരണകൂടത്തിന്റെ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും തനിക്ക് നൽകിയിട്ടുള്ള ചുമതലകൾ തുടർന്നും നിർവഹിക്കുമെന്നും വ്യക്തമാക്കി.
