ന്യൂയോർക്ക്: അമേരിക്കൻ പൗരനും സിഖ് വിഘടനവാദി നേതാവുമായ ഗുർപത്വന്ത് സിംഗ് പന്നൂനെ വധിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്ത (54) കോടതിയിൽ കുറ്റസമ്മതം നടത്തി. പന്നൂനെ കൊലപ്പെടുത്തുന്നതിനായി ഒരു കൊലയാളിയെ വാടകയ്ക്കെടുക്കാൻ ഗൂഢാലോചന നടത്തിയെന്ന് മാൻഹട്ടൻ ഫെഡറൽ കോടതിയിലാണ് അദ്ദേഹം സമ്മതിച്ചത്. അമേരിക്കൻ മണ്ണിൽ പൗരന്മാരെ ലക്ഷ്യമിടുന്ന വിദേശ ഗൂഢാലോചനകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഫെഡറൽ പ്രോസിക്യൂട്ടർ ജയ് ക്ലേറ്റൺ ഈ വെളിപ്പെടുത്തലിന് പിന്നാലെ മുന്നറിയിപ്പ് നൽകി.
പന്നൂനെ വധിക്കുന്നതിനായി 2023-ൽ 15,000 ഡോളർ ഓൺലൈനായി നൽകിയെന്നും ഒരു ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരമാണ് താൻ പ്രവർത്തിച്ചതെന്നും ഗുപ്ത മൊഴി നൽകി. എന്നാൽ താൻ ആശയവിനിമയം നടത്തിയിരുന്നത് കൊലയാളിയായി വേഷമിട്ട ഒരു രഹസ്യ പോലീസ് ഉദ്യോഗസ്ഥനോടായിരുന്നുവെന്ന് ഗുപ്ത വൈകിയാണ് തിരിച്ചറിഞ്ഞത്. ഇന്ത്യൻ ഗവൺമെന്റ് ജീവനക്കാരനായ ഒരാൾ തനിക്ക് ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകിയതായും ഇയാൾ കോടതിയിൽ വെളിപ്പെടുത്തി.
കോടതി നടപടികൾ പൂർത്തിയായതിന് പിന്നാലെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കാനഡയിൽ നിന്നും എത്തിയ സിഖ് വംശജർ കോടതിക്ക് പുറത്ത് ഖാലിസ്ഥാൻ പതാകകളേന്തി പ്രതിഷേധവും പ്രാർത്ഥനയും നടത്തി. സിഖ് വിമർശകരെ നിശബ്ദമാക്കാൻ വിദേശ രാജ്യങ്ങൾ നടത്തുന്ന ഇത്തരം നിയമവിരുദ്ധ നീക്കങ്ങളെ അനുവദിക്കില്ലെന്ന് എഫ്ബിഐ ന്യൂയോർക്ക് ഓഫീസ് തലവൻ ജെയിംസ് സി. ബാർനക്കിൾ ജൂനിയർ വ്യക്തമാക്കി.
