വത്തിക്കാൻ സിറ്റി: ഇറാൻ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ, യുദ്ധത്തിന് ആഹ്വാനം നൽകുന്ന ഭരണാധികാരികൾക്കെതിരെ രൂക്ഷവിമർശനവുമായി ലിയോ മാർപാപ്പ. യുദ്ധം തുടങ്ങുന്നവരുടെയും കൈകളിൽ രക്തം പുരണ്ടവരുടെയും പ്രാർത്ഥനകൾ ദൈവം തിരസ്കരിക്കുമെന്ന് ഓശാന ഞായർ (Palm Sunday) സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുചേർന്ന പതിനായിരങ്ങളെ അഭിസംബോധന ചെയ്യവേയാണ് മാർപാപ്പ തന്റെ കർശന നിലപാട് അറിയിച്ചത്.
ഇറാൻ സംഘർഷത്തെ “അതിദാരുണം” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഏതെങ്കിലും തരത്തിലുള്ള യുദ്ധങ്ങളെ ന്യായീകരിക്കാൻ യേശുക്രിസ്തുവിന്റെ പേര് ഉപയോഗിക്കരുതെന്നും ഓർമ്മിപ്പിച്ചു. ഫെബ്രുവരി 28-ന് ഇറാനിൽ നടത്തിയ ആക്രമണങ്ങളെ ന്യായീകരിക്കാൻ ചില യുഎസ് ഉദ്യോഗസ്ഥർ ക്രിസ്തീയ പദങ്ങൾ ഉപയോഗിക്കുന്നതിനിടെയാണ് മാർപാപ്പയുടെ ഈ പ്രസ്താവന. പെന്റഗണിൽ പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിക്കുന്ന യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് (Pete Hegseth), ശത്രുക്കൾക്കെതിരെ അതിശക്തമായ നടപടിക്കായി പ്രാർത്ഥിച്ചതിനെ മാർപാപ്പ പരോക്ഷമായി വിമർശിച്ചു. കരുണ അർഹിക്കാത്തവർക്കെതിരെയുള്ള അക്രമത്തിന് ക്രിസ്തീയ വിശ്വാസം മറയാക്കരുതെന്ന് വത്തിക്കാൻ വ്യക്തമാക്കി.
