ഒട്ടാവ, കാനഡ: കാനഡയിൽ 2026 മെയ് മാസത്തിൽ നടക്കാനിരിക്കുന്ന അടുത്ത സെൻസസ് പ്രവർത്തനങ്ങൾക്കായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ (Statistics Canada) 32,000 ഉദ്യോഗസ്ഥരെ നിയമിക്കുന്നു. രാജ്യത്തിന്റെ ജനസംഖ്യാപരവും സാമൂഹികവും സാമ്പത്തികവുമായ വിവരങ്ങൾ ശേഖരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഈ തസ്തികകളിലേക്ക് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആരോഗ്യ സംരക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, പൊതുഗതാഗതം തുടങ്ങിയ മേഖലകളിലെ സുപ്രധാനമായ സർക്കാർ തീരുമാനങ്ങൾ എടുക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയാണ് സെൻസസ് പ്രവർത്തകരുടെ പ്രധാന ചുമതല.
തസ്തികകളും ശമ്പളവും:
മാർച്ച് 2026 മുതൽ ജൂലൈ 2026 വരെയുള്ള കാലയളവിലേക്കായിരിക്കും നിയമനം. പ്രധാനമായും രണ്ട് വിഭാഗങ്ങളിലായാണ് ഒഴിവുകൾ:
ഇന്യൂമറേറ്റർ (Enumerators): വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുക എന്നതാണ് പ്രധാന ചുമതല. മണിക്കൂറിന് $25.87 ആണ് ശമ്പളം.
ക്രൂ ലീഡർ (Crew Leaders): ഇന്യൂമറേറ്റർമാരുടെ ടീമിനെ നയിക്കുകയും സെൻസസ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും വേണം. മണിക്കൂറിന് $31.32 ആണ് ശമ്പളം.
ഇതിന് പുറമെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വരുന്ന ചെലവുകളും (Authorized expenses) അധികമായി ലഭിക്കുന്നതാണ്.
അപേക്ഷിക്കാനുള്ള യോഗ്യതകൾ:
• അപേക്ഷകർ അവർ താമസിക്കുന്ന പ്രവിശ്യയിലോ ടെറിട്ടറിയിലോ നിശ്ചയിച്ചിട്ടുള്ള പ്രായപൂർത്തിയായവർ (Age of majority) ആയിരിക്കണം.
• കനേഡിയൻ പൗരന്മാരോ പെർമനന്റ് റെസിഡന്റോ അല്ലെങ്കിൽ കൃത്യമായ വർക്ക് പെർമിറ്റ് ഉള്ളവരോ ആയിരിക്കണം.
• കാനഡയിൽ താമസിക്കുന്നവരും നിലവിൽ കനേഡിയൻ ഹോം അഡ്രസ് ഉള്ളവരും ആയിരിക്കണം.
താല്പര്യമുള്ളവർക്ക് census.gc.ca/jobs എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
