വാഷിംഗ്ടൺ: ഡെന്മാർക്കിന്റെ അധീനതയിലുള്ള ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങളെ യൂറോപ്പ് പരസ്യമായി വിമർശിക്കുമ്പോഴും, തിരശ്ശീലയ്ക്ക് പിന്നിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ട്രംപിനോട് മൃദുസമീപനം സ്വീകരിക്കുന്നതായി സൂചന. മാക്രോൺ തനിക്ക് അയച്ച സ്വകാര്യ സന്ദേശം ട്രംപ് തന്നെ പരസ്യപ്പെടുത്തിയതോടെയാണ് ആഗോള നയതന്ത്ര ലോകം അമ്പരന്നത്.

“എന്റെ സുഹൃത്തേ” (My friend) എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മാക്രോണിന്റെ സന്ദേശം ആരംഭിക്കുന്നത്. സിറിയ, ഇറാൻ തുടങ്ങിയ വിഷയങ്ങളിൽ തങ്ങൾ ഒരേ നിലപാടിലാണെന്ന് പറഞ്ഞ മാക്രോൺ, ഗ്രീൻലാൻഡ് വിഷയത്തിൽ ട്രംപ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും എന്നാൽ ഒന്നിച്ച് മികച്ച കാര്യങ്ങൾ ചെയ്യാമെന്നും സന്ദേശത്തിൽ കുറിച്ചു. പരസ്യമായി ട്രംപിനെ വിമർശിക്കുന്ന മാക്രോണിന്റെ ഈ സൗഹൃദപരമായ സന്ദേശം ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ അയച്ച സന്ദേശവും ട്രംപ് പുറത്തുവിട്ടു. “ഗ്രീൻലാൻഡ് വിഷയത്തിൽ ഒരു പോംവഴി കണ്ടെത്താൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്” എന്നാണ് റുട്ടെ കുറിച്ചത്. ആഗോള നേതാക്കൾ തമ്മിലുള്ള സ്വകാര്യ സന്ദേശങ്ങൾ ഇത്തരത്തിൽ പരസ്യപ്പെടുത്തുന്നത് നയതന്ത്ര കീഴ്വഴക്കങ്ങളുടെ ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്.

