ടൊറോന്റോ, കാനഡ: ടൊറോന്റോയിലെ ജനങ്ങള്‍ക്ക് ഇനി മുതല്‍ പോലീസിന്റെ നോണ്‍–എമര്‍ജന്‍സി സേവനങ്ങൾക്ക് ബന്ധപ്പെടുക കൂടുതൽ എളുപ്പമാവും. പൊലീസ്, മൊബൈല്‍ ഉപകരണങ്ങള്‍ക്ക് മാത്രം ബാധകമായ പുതിയ മൂന്ന് അക്ക നമ്പര്‍ അവതരിപ്പിച്ചു. 8-7-7 ആണ് പുതിയതായി നിലവിൽ വന്ന നമ്പർ.
ഈ നമ്പര്‍ Rogers, Bell, TELUS, Freedom Mobile തുടങ്ങിയ പ്രധാന നെറ്റ്വര്‍ക്കുകളിലും അവയുടെ സഹ-നെറ്റ്വർക്കിലും പ്രവര്‍ത്തിക്കും. മൊബൈല്‍ ഫോണ്‍ വഴി 877 ഡയല് ചെയ്താല്‍ നേരിട്ട് നോണ്‍–എമര്‍ജന്‍സി സെന്ററിലെത്താം. ലാന്ഡ്ലൈനുകള് ഉപയോഗിക്കുന്നവര്‍ നിലവിൽ ചെയുന്നത് പോലെ 416-808-2222 എന്ന നമ്പറിൽ വിളിക്കണം.
പുതിയ സംവിധാനം, 2022-ലെ ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ നിന്നുള്ള ശുപാര്‍ശ അടിസ്ഥാനമാക്കി ആണ് പ്രാബല്യത്തിൽ ആക്കിയത്. ഈ റിപ്പോർട്ടിൽ, 9-1-1 സേവനത്തെക്കുറിച്ചുള്ള ഭാഗത്ത്, പൊതുജനങ്ങള്‍ക്ക് ഓര്‍മ്മിക്കാന്‍ എളുപ്പമായ ഒരു ചുരുക്ക നമ്പര്‍ നോണ്‍–എമര്‍ജന്‍സി സേവനങ്ങള്‍ക്കായി ഒരുക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു.
ഇതോടൊപ്പം, 9-1-1 അടിയന്തര സാഹചര്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. പോലീസിന്റെയോ, അഗ്നിശമന സേനയുടെയോ, ആംബുലന്സിന്റെയോ ത്വരിതസഹായം ആവശ്യമായപ്പോള്‍ മാത്രമേ 9-1-1 വിളിക്കാവൂ.