ഡബ്ലിൻ, അയർലൻഡ്: വാട്ടർഫോർഡിൽ ആറു വയസ്സുകാരിയായ മലയാളി ബാലിക നേരിട്ട ക്രൂരാക്രമണം “ഭീകരവും ഹൃദയഭേദകവുമായ സംഭവം” ആണെന്ന് അയർലണ്ടിന്റെ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള ആക്രമണങ്ങൾ രാജ്യത്ത് ആവർത്തിക്കാതിരിക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
അയർലണ്ട് വംശീയതയെ അംഗീകരിക്കാത്ത രാജ്യമാണെന്നും, ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ പൊതുജനങ്ങൾ തുറന്നുപറഞ്ഞ് അപലപിക്കണം എന്നും ഹാരിസ് സമൂഹത്തോട് അഭ്യർത്ഥിച്ചു. പ്രത്യേകിച്ച്, ചില ആക്രമണങ്ങളിൽ വളരെ പ്രായം കുറഞ്ഞ കുട്ടികളും പങ്കെടുത്തിട്ടുണ്ടെന്നത് ഏറ്റവും ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം 80,000 ഇന്ത്യൻ വംശജർ ഇപ്പോൾ അയർലണ്ടിൽ താമസിക്കുന്നുവെന്നും, ആരോഗ്യമേഖല ഉൾപ്പെടെ രാജ്യത്തിന്റെ പല മേഖലകളിലും അവർ വഹിക്കുന്ന പങ്ക് അതുല്യമാണെന്നും ഹാരിസ് ചൂണ്ടിക്കാട്ടി.
ഇന്ത്യക്കാരില്ലാതെ അയർലണ്ടിന്റെ ആരോഗ്യസംവിധാനം നിലനിൽക്കാനാവില്ല
ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്
കഴിഞ്ഞ ദിവസങ്ങളിൽ അയർലണ്ടിലെ ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങൾ രാജ്യവ്യാപകമായ ആശങ്ക ഉയർത്തിയിരുന്നു. ഇതിനെതിരെ സർക്കാരിന്റെ നിലപാട് വ്യക്തവും ഉറച്ചതുമാണെന്ന് ഹാരിസ് വ്യക്തമാക്കി.