ന്യൂഡൽഹി: ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് നൽകുന്ന ഒവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) പദവിയിൽ കേന്ദ്രസർക്കാർ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നു. പുതിയ നിയമപ്രകാരം, OCI കാർഡുടമ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ കുടുങ്ങുകയോ ദീർഘകാല തടവുശിക്ഷ ലഭിക്കുകയോ ചെയ്താൽ, അവരുടെ ഒ. സി. ഐ. രജിസ്ട്രേഷൻ റദ്ദാക്കപ്പെടും.
പുതിയ ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നതനുസരിച്ച്, രണ്ട് വർഷം അല്ലെങ്കിൽ അതിൽ കൂടുതലുള്ള തടവുശിക്ഷ ലഭിച്ചാലോ, ഏഴ് വർഷമോ അതിൽ കൂടുതലോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് ചാർജ്ഷീറ്റിൽ പേര് വരുകയോ ചെയ്താൽ OCI പദവി നഷ്ടപ്പെടും.
എന്താണ് ഒ. സി. ഐ. (OCI)?
2005 ഓഗസ്റ്റിൽ ആരംഭിച്ച OCI പദ്ധതി, ഇന്ത്യൻ വംശജർക്ക് വിസ ഇല്ലാതെ ഇന്ത്യ സന്ദർശിക്കാനുള്ള അനുമതി നൽകുന്നു. 1950 ജനുവരി 26-ന് ഇന്ത്യയിലെ പൗരന്മാരായിരുന്നവർക്കും അതിന് ശേഷം പൗരത്വം നേടാൻ അർഹതയുള്ളവരോ ആയവർക്ക് ഒ.സി.ഐ. രജിസ്റ്റർ ചെയ്യാം. എന്നാൽ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പൗരന്മാർക്കും സർക്കാർ വ്യക്തമാക്കിയ ചില രാജ്യങ്ങളിലെ പൗരന്മാർക്കും ഇത് ലഭ്യമല്ല.