ടൊറോന്റോ, കാനഡ: ആയിരക്കണക്കിന് വോട്ടുകൾക്കുശേഷം, ടൊറോന്റോ ദ്വീപുകളിലേക്ക് സർവീസ് നടത്തുന്ന പുതിയ ഇലക്ട്രിക് ഫെറികളുടെ ഇന്റീരിയർ ഡിസൈൻ നഗരസഭ പ്രഖ്യാപിച്ചു. 9,100 വോട്ടുകളിൽ 51 ശതമാനം നേടിയ “Art + Social” ഡിസൈനാണ് തെരഞ്ഞെടുത്തത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ സർവീസിൽ പ്രവേശിക്കുന്ന ആദ്യ ഫെറി 2026 അവസാനം ടൊറന്റോയിൽ എത്തും.
ആദ്യ ഫെറിയിൽ വാഹനങ്ങളില്ലാതെ 1,300 യാത്രക്കാരെ വരെ കൊണ്ടുപോകാനാകും. അതുപോലെ, വാഹനങ്ങൾ കയറ്റുകയാണെങ്കിൽ, 14 വാഹനങ്ങൾക്കും, 650 യാത്രക്കാർക്കും ഒരുമിച്ച് കയറാം. രണ്ടാമത്തെ ഫെറി യാത്രക്കാർക്കായി മാത്രം ആയിരിക്കും, അതിലും 1300 ആളുകൾക്ക് യാത്ര ചെയാൻ സാധിക്കും. ഇത്രയും ആളുകൾ ഇപ്പോൾ സർവീസിലുള്ള William Inglis എന്ന കപ്പലിന്റെ ശേഷിയുടെ മൂന്ന് ഇരട്ടിയാണ്. വർഷം മുഴുവൻ പ്രവർത്തിക്കാൻ അനുയോജ്യമായ രീതിയിലാണ് ഇരു ഫെറികളും നിർമ്മിക്കുന്നത്.

പുതിയ ഫെറികൾ നിലവിൽ റൊമാനിയയിൽ ഡച്ച് ഷിപ്പ്ബിൽഡിംഗ് കമ്പനി Damen നിർമിച്ചുകൊണ്ടിരിക്കുന്നു. 2023 ജൂലൈയിൽ 92 മില്യൺ ഡോളർ ചെലവിൽ നഗരസഭ ഇതിനുള്ള കരാർ അംഗീകരിച്ചു. 2020-ൽ കണക്കാക്കിയ 25 മില്യൺ ഡോളർ ബജറ്റിനെ അപേക്ഷിച്ച് ഇത് ഏറെ കൂടുതലാണ്. എന്നാൽ കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള ലക്ഷ്യം നിറവേറ്റാനാണ് ഈ ഉയർന്ന നിലവാരമുള്ള ഇലക്ട്രിക് മോഡൽ തെരഞ്ഞെടുത്തത്.

നിലവിലെ പഴയ ഫെറി നിര (Trillium Heritage ഫെറി ഒഴികെ) 61 മുതൽ 114 വർഷം വരെ പ്രായമുള്ളതിനാൽ ആണ് ഇവയെ മാറ്റിസ്ഥാപിക്കുന്നത്.
“പുതിയ ഇലക്ട്രിക് ഫെറികളുടെ രൂപകൽപ്പന ചരിത്രപരമായ ഫെറി നിരയുടെ സ്വഭാവത്തെ ആദരിക്കുകയും, ഗ്രീൻഹൗസ് വാതക പുറന്തള്ളൽ കുറയ്ക്കുകയും, ടൊറോന്റോ ദ്വീപ് നിവാസികൾക്കും സന്ദർശകർക്കും യാത്രാനുഭവം മെച്ചപ്പെടുത്തുകയും ചെയ്യും.” – സിറ്റി ഓഫ് ടൊറന്റോ

യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി, ഫെറികളിൽ അംഗവൈകല്യമുള്ളവർക്ക് കൂടി സൗകര്യപ്രദമായ വാഷ്റൂമുകൾ, കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ശേഷി, കൂടുതൽ കാര്യക്ഷമമായ യാത്രക്കാരുടെ ഗതാഗത സംവിധാനം, വിപുലമായ റാംപുകൾ എന്നിവ ഉൾപ്പെടുത്തും. നഗരസഭയുടെ കണക്കുപ്രകാരം, പ്രതിവർഷം ഏകദേശം 1.4 മില്യൺ പേർ ഈ ഫെറികൾ ഉപയോഗിക്കുന്നു.