മിസ്സിസ്സാഗ, ഒന്റാറിയോ: കാനഡയിലെ മിസ്സിസ്സാഗ നഗരത്തിലെ പ്രമുഖ പ്ലാസയിൽ പൊതുസുരക്ഷ ഉറപ്പാക്കാനും അനധികൃത ഒത്തുചേരലുകൾ തടയാനും, സിറ്റി അധികൃതർ നിയമനടപടികൾ ആരംഭിച്ചു. റിഡ്ജ്വേ പ്ലാസയിൽ കഴിഞ്ഞ രണ്ട് വർഷമായി ആവർത്തിച്ച് നടക്കുന്ന തെരുവ് റേസിംഗ്, വെടിക്കെട്ട്, ഉച്ചത്തിലുള്ള സംഗീതം, കയ്യാങ്കളി എന്നിവ നിയന്ത്രിക്കുന്നതിനാണ് ഈ നടപടി.
സിറ്റിയുടെ അപേക്ഷ പ്രകാരം 2025 ഓഗസ്റ്റ് 13-ന്, ഒന്റാറിയോ സുപ്പീരിയർ കോടതിയിലെ ജസ്റ്റിസ് ഡോയ് താൽക്കാലിക ഇൻജങ്ഷൻ ഓർഡർ പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം, പ്ലാസയുടെ കോണ്ടോമിനിയം കോർപ്പറേഷനുകൾ ജനക്കൂട്ടം തടയാൻ വേണ്ട നടപടികൾ സ്വീകരിക്കണം. പാർക്കിംഗ് ഗേറ്റുകൾ, സുരക്ഷാ ഉദ്യോഗസ്ഥർ, പോലീസ് സേവനങ്ങൾ എന്നിവ ഉയോഗപ്പെടുത്തി വാഹന, കാൽനട ഗതാഗതം നിയന്ത്രിക്കണമെന്നും കോടതി നിർദേശിച്ചു.
പ്രധാന നടപടികൾ
നിയന്ത്രണ തീയതികൾ: ഓഗസ്റ്റ് 13 മുതൽ 15 വരെയും, ഓഗസ്റ്റ് 19 മുതൽ 20 വരെയും (ഉച്ചയ്ക്ക് 12 മുതൽ പുലർച്ചെ 2 വരെ). ഇവ പാകിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട ദിവസങ്ങളാണ്.
ഉത്തരവ് നടപ്പിലാക്കൽ ചുമതല ആർക്ക്?
പീൽ റീജിയണൽ പോലീസും നഗരത്തിന്റെ ബൈ-ലോ എൻഫോഴ്സ്മെന്റ് സംഘവും ഉത്തരവ് നടപ്പാക്കും. പ്ലാറ്റിനം ഡ്രൈവ്, ഒഡിസ്സി ഡ്രൈവ് എന്നിവ അടച്ചിടുകയും, പുതിയ നിയമങ്ങൾ വ്യക്തമാക്കുന്ന സൈൻബോർഡുകൾ സ്ഥാപിക്കുകയും ചെയ്യും.
ഉത്തരവ് ലംഘിച്ചാൽ?
ഉത്തരവ് ലംഘിക്കുന്നവർക്ക് പിഴ, തടവ്, അല്ലെങ്കിൽ അറസ്റ്റ് നേരിടേണ്ടി വരും.
പശ്ചാത്തലം
2023 മുതൽ, റിഡ്ജ്വേ പ്ലാസയിൽ 3,000-ലധികം ആളുകൾ പങ്കെടുക്കുന്ന അനധികൃത ഒത്തുചേരലുകൾ തുടരുന്നു. ശബ്ദ മലിനീകരണം, തെരുവ് റേസിംഗ്, വെടിക്കെട്ട്, വഴക്കുകൾ, ശുചിത്വം എന്നിവയെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഇതിലൂടെ ഗതാഗതത്തിനും അടിയന്തര സേവനങ്ങൾക്കും തടസ്സം സംഭവിക്കുന്നതായി അധികൃതർ വ്യക്തമാക്കി. പലവട്ടം സിറ്റിയും പൊലീസും ഇടപെട്ടിട്ടും, പ്ലാസയുടെ ഉടമകൾ വേണ്ടത്ര സഹകരിച്ചിരുന്നില്ല.
സിറ്റിയുടെ നിലപാട്
“ഈ നടപടി ഏതെങ്കിലും സമുദായത്തിനോ വ്യക്തിക്കോ എതിരായതല്ല. മിസ്സിസ്സാഗ സാംസ്കാരിക വൈവിധ്യത്തിന്റെ കേന്ദ്രമാണ്. നിയമങ്ങൾ പാലിച്ച്, പൊതുസുരക്ഷ ഉറപ്പാക്കി, സമൂഹത്തെ ബഹുമാനിക്കുന്ന ആഘോഷങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.” സിറ്റി വ്യക്തമാക്കി
പാകിസ്ഥാൻ സ്വാതന്ത്ര്യദിനത്തിന്റെ ഔദ്യോഗിക പതാക ഉയർത്തൽ, മുസ്ലിംഫെസ്റ്റ് 2025, ജപ്പാൻ ഫെസ്റ്റിവൽ കാനഡ 2025 തുടങ്ങിയ അംഗീകൃത പരിപാടികൾ നഗരം പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ അനധികൃത ഒത്തുചേരലുകൾ തടയാൻ ശക്തമായ നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
ജനങ്ങളോട് അഭ്യർത്ഥന
റിഡ്ജ്വേ പ്ലാസയിലെ നിയന്ത്രണങ്ങൾ പാലിക്കാൻ നഗരവാസികളോടും സന്ദർശകരോടും നഗരം അഭ്യർത്ഥിച്ചു. പൊതുസുരക്ഷയും സമൂഹത്തിന്റെ ശാന്തതയും ഉറപ്പാക്കാൻ എല്ലാവരുടെയും സഹകരണം നിർണ്ണായകമാണെന്ന് അധികൃതർ അറിയിച്ചു.