ഒരു ദിവസം എന്‍റെ മകൻ എന്നോട് “വൈഫ് ബീറ്റർ” (Wife Beater – ഭാര്യയെ തല്ലി) കടം തരാമോ എന്ന് ചോദിച്ചു. അത് കേട്ട് അമ്പരന്ന ഞാൻ, “നാൾ ഇന്നേ വരെ എന്റെ ഭാര്യയെ തല്ലിയിട്ടുമില്ല, ഭാവിയിൽ തല്ലാൻ ഉദ്ദേശവും ഇല്ല” എന്ന് മറുപടി പറഞ്ഞതും, നാട്ടിൽ അപ്പൻ യൂണിഫോമിനടിയിൽ ധരിച്ചിരുന്ന ബനിയൻ വടക്കേ അമേരിക്കയിൽ അറിയപ്പെടുന്നത് “വൈഫ് ബീറ്റർ” എന്ന അപരനാമത്തിലാണ് എന്നും അതാണ് അവന്‍ ചോദിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ അന്തരീക്ഷത്തിന് അല്‍പം അയവുണ്ടായി. വടക്കേ അമേരിക്കയിൽ ആരും ബനിയൻ ധരിച്ചു കണ്ടിട്ടില്ല. ഒരു പക്ഷെ ഇവിടെ വിയർക്കുന്നത് കുറവായിട്ടാവാം. എന്തായാലും ഞാൻ അതോടെ എന്റെ പ്രിയപ്പെട്ട ബനിയനോട് വിട ചൊല്ലി.

പാവം ബനിയന് ഈ പേരുദോഷം വടക്കേ അമേരിക്കയിൽ എങ്ങനെ കിട്ടി? തൊണ്ണൂറുകളിലെ “കോപ്സ്” [Cops] എന്ന അമേരിക്കൻ ടെലിവിഷൻ പരമ്പരയിൽ ആരെയൊക്കെ ഭാര്യയെ ഉപദ്രവിച്ചതിനു അറസ്റ്റു ചെയ്യുന്നതായി കാണിച്ചുവോ, ആ ഉപദ്രവികളെല്ലാം ഈ ബനിയനാണ് ധരിച്ചിരുന്നത്. ചിലർ പറയുന്നത് 1947ൽ ഡിട്രോയിടിൽ ജെയിംസ് ഹർറ്റ്ഫൊർഡിനെ ഭാര്യയെ ഉപദ്രവിച്ചതിനു അറസ്റ്റു ചെയ്തപ്പോൾ അദ്ദേഹവും ബനിയനാണ് ധരിച്ചിരുന്നത് എന്നാണ്. ആ ദൃശ്യം പല തവണ സംപ്രേക്ഷണം ചെയ്തതോടു കൂടി പാവം ബനിയനു പേരുദോഷമായി.
ബനിയനോട് കടപ്പെട്ട ഒരു വ്യക്തി എന്ന നിലക്ക് മകന്റെ ഈ പരാമർശം എനിക്കൊട്ടും സഹിച്ചില്ല. തീരെ ലളിതമായ രൂപകല്പനയോടു കൂടിയുള്ള ബനിയൻ എനിക്ക് വേണ്ടി സഹിച്ചിട്ടുള്ള ത്യാഗങ്ങളെ കുറിച്ചോർത്തു ഒരു നിമിഷം വിസ്മയിച്ചുനിന്നു. നമ്മുടെ ശരീരത്തോട് ദിവസങ്ങളോളം ഒട്ടിക്കിടന്നതിനു ശേഷം വലിച്ചെറിയപ്പെടുന്ന ഒരു തുണിക്കഷ്ണം. പിന്നീടു അത് ചെരിപ്പും നിലവും തുടക്കുവാൻ മാത്രമായി വിധിക്കപ്പെടുന്നു. ഇത്രക്കും നല്ല വെള്ള പരുത്തി തുണി വലിച്ചെറിയുവാൻ ആർക്കാണ് തോന്നുക?
ഇന്ത്യയിലെ ചൂട് കാലാവസ്ഥയിൽ എന്തുകൊണ്ട് നാം അത്യാവശ്യത്തിൽ അധികം അടുക്കുകളിൽ തുണി ധരിച്ചിരുന്നു? വിയർപ്പിനെ ഒപ്പി എടുത്തു ബനിയൻ ആരും അറിയാതെ മെല്ലെ തന്റെ കർത്തവ്യം നിറവേറ്റിക്കൊണ്ടിരുന്നു.
സൈന്യ സേവന വേളയിൽ ഞാൻ ധരിച്ചിരുന്ന പച്ച യൂണിഫോം ഉടുപ്പിന്മേൽ വിയർപ്പു പറ്റാതെ കാത്തുസൂക്ഷിച്ചിരുന്നത് പാവം ബനിയൻ. വിയർപ്പുണങ്ങുമ്പോൾ പച്ച ഉടുപ്പിന്മേൽ വെളുത്ത ഉപ്പിന്റെ അംശങ്ങൾ കാണപ്പെടുന്നത് ഒരു സൈനിക ഉദ്യോഗസ്ഥന് ചേർന്നതല്ലല്ലോ? കട്ടിയുള്ള യൂണിഫോമിന്റെ ഉടുപ്പ് ശരീരത്തിൽ ഉരസുന്നതു എന്നെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. അപ്പോളെല്ലാം പാവം ബനിയൻ യൂണിഫോമിന്റെയും എന്റെ ചർമ്മത്തിന്റെയും ഇടയിൽ ഒരു കവചമായി നിലകൊണ്ടു.
കൂടെ സേവനം അനുഷ്ടിച്ചിരുന്ന ചില ഉദ്യോഗസ്ഥർ കയ്യുള്ള ബനിയൻ ധരിക്കുമായിരുന്നു. പക്ഷെ എനിക്കിഷ്ടം കൈയ്യില്ലാത്തത് തന്നെ – ‘ഞായർ തിങ്കളിലും വലുത് (Sunday is longer than Monday)’ എന്ന ഉപമ ഒഴിവാക്കുവാൻ വേണ്ടി. കൈയ്യുള്ള ബനിയൻ ധരിക്കുമ്പോൾ ചില അവസരങ്ങളിൽ ബനിയന്റെ കൈ ഉടുപ്പിന്റെ കൈയ്യിക്ക് അടിയിലൂടെ പുറത്തു കാണും. വെളുത്ത ബനിയന്റെ കൈ പച്ച ഉടുപ്പിനു പുറത്തോട്ട് നീണ്ടു നുഴഞ്ഞു നിന്നാലോ?
ഒൻപതാമത്തെ വയസ്സിൽ സൈനിക് സ്കൂളിൽ ചേരുമ്പോൾ പെട്ടിയിൽ അപ്പൻ മേടിച്ചു തന്ന കൈയ്യില്ലാത്ത പന്ത്രണ്ടു ബനിയനുണ്ടായിരുന്നു. രാവിലത്തെ വ്യായാമ (Physical Training) വേളയിൽ ബനിയനാണ് ധരിക്കേണ്ടിയിരുന്നത്. കുട്ടികളുടെ ശാരീരിക വികസനത്തിനെ നിരീക്ഷിക്കുവാനും ത്വക്ക് രോഗങ്ങൾ പിടിപെട്ടിട്ടുണ്ടോ എന്ന് അറിയുവാൻ വേണ്ടി ആയിരുന്നു രാവിലത്തെ ഈ ബനിയൻ ധരിക്കല്‍. നാഷണൽ ഡിഫൻസ് അക്കാദമിയിലും തുടർന്ന് ഇന്ത്യൻ മിലിറ്ററി അക്കാദമിയിലും രാവിലത്തെ ഈ ബനിയൻ ധരിക്കല്‍ ചടങ്ങ് തുടര്‍ന്നു. ഓഫീസറായി ചാർജെടുത്ത ശേഷം മറ്റു ഓഫീസിർമാരെ പോലെ രാവിലത്തെ എന്റെ വേഷം വെള്ള ടീ-ഷർട്ട് ആയി മാറി. ടീ-ഷർട്ടിനു അടിയിൽ അപ്പോഴും കൈയ്യില്ലാത്ത ബനിയൻ തന്നെ.
പീരങ്കിപ്പടയുടെ (Artillery) ഞങ്ങളുടെ 75 മീഡിയം റെജിമെന്റിൽ (75 Medium Regiment) മൂന്നു ബാറ്ററികൾ (Battery) – ഒന്നാമത്തെ ബാറ്ററി വടക്കേ ഇന്ത്യൻ ബ്രാഹ്മിണരുടെയും, രണ്ടാമത്തേത് ജാട്ടുകളുടെയും മൂന്നാമത്തേത് ദക്ഷിണ ഇന്ത്യക്കാരുടെയും. ഞാൻ ബ്രാഹ്മിണരുടെ ബാറ്ററിയിൽ സേവനം അനുഷ്ഠിക്കുന്ന നാളിൽ ശിപായി ഹുകും ചന്ദ് ആയിരുന്നു എന്റെ പരിചാരകൻ. ആത്മസമര്‍പ്പണത്തോടും, സ്നേഹത്തോടും എന്നെ സേവിച്ചിരുന്ന ഭടൻ. അദ്ദേഹം എന്റെ കണക്കപ്പിള്ളയും, സഹ-സഞ്ചാരിയും, തോഴനും – യുദ്ധത്തിൽ എന്റെ അംഗരക്ഷകനും – എല്ലാമെല്ലാം ആയിരുന്നു. എന്റെ മുറിയിൽ എന്തൊക്കെ എവിടെയാണെന്ന് ഹുകും ചന്ദിന് മാത്രമേ അറിയാമായിരുന്നുള്ളൂ – അവയെ നിധി കാക്കുന്ന ഭൂതത്തെപ്പോലെ കാത്തു സൂക്ഷിച്ചിരുന്നു. പ്രഭാതം മുതൽ അന്തി വരെ എന്റെ എല്ലാ കാര്യങ്ങളിലും ഹുകും ചന്ദിന്റെ ശ്രദ്ധ ഉണ്ടായിരുന്നു. എന്നും എന്നെ അതിരാവിലെ ഉണർത്തി ചായ തരുന്നത് മുതൽ ആരംഭിക്കും ആ പ്രക്രിയ. രാത്രി എത്ര വൈകി വന്നാലും നാളത്തെ പരിപാടികളെ കുറിച്ച് പറഞ്ഞു, രാവിലെ എത്ര മണിക്ക് ഉണരണം എന്ന നിര്‍ദ്ദേശവും തന്നു, ഞാൻ ഉറങ്ങിയോ എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം ഹുകും ചന്ദ് ഉറങ്ങുകയുള്ളൂ. ഞാൻ എപ്പോൾ എന്ത് വേഷം ധരിക്കണം എന്ന് നിശ്ചയിച്ചിരുന്നതും ഹുകും ചന്ദ് തന്നെ.
ഞാനും ഹുകും ചന്ദും തമ്മിലുള്ള ഈ ബന്ധം നാലു വർഷം നീണ്ടു നിന്നു. എന്റെ വിവാഹ ശേഷം എന്റെ മേലുള്ള ഭാര്യയുടെ ആധിപത്യത്തെ ഹുകും ചന്ദ് തീരെ ഇഷ്ടപെട്ടില്ല. തന്റെ രാജ്യം ഉപേക്ഷിക്കേണ്ടി വന്ന ഒരു രാജാവിന്റെ അവസ്ഥയിൽ എത്തി. ഒരു ദിവസം വൈകുന്നേരത്തെ പാർട്ടിക്ക് ധരിക്കുവാൻ ഹുകും ചന്ദ് എനിക്ക് വേണ്ടി തയ്യാറാക്കിയ വേഷം എന്‍റെ ഭാര്യക്ക് ഇഷ്ടപ്പെട്ടില്ല, കാരണം അവളുടുത്തിരുന്ന സാരിയുമായി ഇണങ്ങുന്നില്ല. അന്ന് ഹുകും ചന്ദ് തോറ്റു; എന്റെ ഭാര്യ ജയിച്ചു.
ബനിയൻ ധരിക്കുന്ന എന്റെ ചിട്ട ഹുകും ചന്ദ് മനസ്സിലാക്കിയിരുന്നു. എല്ലാ ആറു മാസം കൂടുമ്പോഴും കാന്റീനിൽ നിന്നു പന്ത്രണ്ടു ബനിയൻ വാങ്ങി വരും. പൈസയുടെ പ്രശ്നമില്ല – എന്റെ പൈസ മുഴുവനും ഹുകും ചന്ദിന്റെ കൈയ്യിൽ തന്നെ. എന്തിനു എല്ലാ ആറു മാസവും പുതിയ ബനിയൻ വാങ്ങുന്നു എന്ന് അന്വേഷിച്ചപ്പോൾ ഹുകും ചന്ദ് കാരണം നിരത്തി – നമ്മുടെ അലക്കുകാരൻ ഉപ്പുരസമുള്ള വെള്ളം ഉപയോഗിച്ചാണ് തുണി അലക്കുന്നത്, അതിനാൽ വെള്ള ബനിയൻ ആറു മാസം കൊണ്ട് മഞ്ഞളിച്ചു പോകുന്നു. പഴയ എല്ലാ ബനിയന്റെയും ഉടൽ ഭാഗം വെട്ടി മാറ്റി അത് തുകൽ ബൂട്ടും ബെൽറ്റും, പിച്ചള കൊണ്ടുള്ള സ്ഥാന ചിന്ഹങ്ങളും മിനുക്കുവാൻ ഹുകും ചന്ദ് ഉപയോഗിച്ച് പോന്നു. അതിനും ഉണ്ടായിരുന്നു ഹുകും ചന്ദിന് കാരണങ്ങൾ. കാന്റീനിൽ കിട്ടുന്ന മിനുക്കുവാനുള്ള മഞ്ഞ തുണി ഉപയോഗിച്ചാൽ അതിലെ പരുത്തിയുടെ നാര് പച്ച യൂണിഫോമിലും കറത്ത ബൂട്ടിലും പറ്റി പിടിക്കും; ഇത് കണ്ടാൽ എത്ര അരോചകം. ഈ മഞ്ഞ നാരുകളെ മാറ്റുവാൻ നന്നേ പണിപ്പെടേണ്ടി വരും, കൂടെ സമയ നഷ്ടവും. ആറു മാസം ഉടുത്തു പല തവണ അലക്കിയ ബനിയനെക്കാൾ മൃദുലവും ഫലപ്രദവുമായ വേറൊരു മിനുക്ക് തുണിയും ഈ ലോകത്തിൽ ഇല്ല; ഇവയുടെ നാരുകൾ ഒരിക്കലും യൂണിഫോമിൽ അവശേഷിക്കുകയുമില്ല. കാശു ചിലവാക്കി കാന്റീനിൽ നിന്നു മിനുക്ക് തുണി വാങ്ങുകയും വേണ്ട. ചെലവ് ചുരുക്കാൻ ഹുകും ചന്ദ് കണ്ടെത്തിയ വിലപിടിച്ച മാർഗം. പഴയ ബനിയനിൽ കട്ടി കുറഞ്ഞ തുണി തുകൽ മിനുക്കുവാനും, കട്ടിയുള്ളതു പിച്ചള മിനുക്കുവാനും ഹുകും ചന്ദ് പ്രത്യേകം തരം തിരിച്ചിരുന്നു.
പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം ഞാൻ സിക്കിമിൽ ഇതേ റെജിമെന്റിൽ തിരിച്ചെത്തിയപ്പോൾ ശിപായി ശ്രീ ചന്ദ് എന്റെ പരിചാരകനായി നിയോഗിക്കപ്പെട്ടു; ഇതിനിടയിൽ ഹുകും ചന്ദ് ഹവിൽദാറായി ഉയർന്നു. അവിടെ എത്തി രണ്ടു ദിവസത്തിനു ശേഷം ഒരു ഉച്ച സമയത്ത് ഞാൻ ഉറങ്ങുന്ന നേരം നോക്കി ഹവിൽദാർ ഹുകും ചന്ദ് എന്റെ ബങ്കറിൽ എത്തി. ബങ്കറിന്റെ അടുക്കും ചിട്ടയിലും, എന്റെ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്ന രീതിയിലും കുറവുകൾ കണ്ടെത്തി ശിപായി ശ്രീ ചന്ദിനെ നല്ല രീതിയിൽ തന്നെ ശകാരിച്ചു.
ശകാര ശേഷം ശ്രീ ചന്ദിനു സാഹബിന്റെ ഇഷ്ടങ്ങളെ പറ്റിയും, ചിട്ടകളെ പറ്റിയും ഒരു നീണ്ട അവതരണം തന്നെ നടത്തി. അതിൽ ഞാൻ കുടിക്കുന്ന ചായയുടെ അളവും, കപ്പിന്റെ നിറവും വലിപ്പവും, വലിക്കുന്ന സിഗരെറ്റിന്റെ ബ്രാണ്ടും എണ്ണവും, ഇഷ്ടപ്പെട്ട വസ്ത്രങ്ങളും അതിന്റെ നിറവും, എന്നുവേണ്ട ഞാൻ പോലും ശ്രദ്ധിക്കാത്ത എന്റെ ഇഷ്ടങ്ങളുടെ ഒരു പട്ടിക തന്നെ ഹുകും ചന്ദ് നിരത്തി. ഒടുവിൽ പറഞ്ഞ കാര്യം എന്നെ അമ്പരപ്പിച്ചു – സാഹബ് ഏപ്പോഴും ബനിയൻ ധരിക്കും, ഉറങ്ങുമ്പോൾ പോലും. അപ്പോളാണ് ധരിച്ചിരുന്നത് കൈലിയും ബനിയനുമാണെന്ന സത്യം ഞാൻ ശ്രദ്ധിച്ചത്. കട്ടിയുള്ള ബനിയൻ യൂണിഫോമിനടിയിലും നേർത്ത ബനിയൻ മറ്റു വേഷങ്ങൾക്കടിയിലും ധരിക്കുന്നതാണ് സാഹബിന്റെ ശീലം എന്ന് കൂടി കൂട്ടിച്ചേർത്തു. അങ്ങനത്തെ എന്റെ ശീലത്തെ പറ്റി അന്നേവരെ എനിക്കറിവില്ലായിരുന്നു. തുകലും പിച്ചളയും മിനുക്കുവാൻ ഹുകും ചന്ദിന് വേണ്ടിയതുപോലെ മിനുക്ക് തുണി കിട്ടുവാൻ വേണ്ടി ഹുകും ചന്ദ് ഞാൻ പോലും അറിയാതെ എന്നിൽ വളർത്തിയെടുത്ത ഒരു ശീലം.
നാം ഓരോരുത്തരുടെയും ചിട്ടകളും ഇഷ്ടങ്ങളും നാം വളർത്തുന്നതല്ല, മറിച്ച് നമ്മുടെ ചുറ്റുപാടും, ചുറ്റിലുള്ളവരും നാം പോലും അറിയാതെ നമ്മളിൽ വളർത്തുന്നതാണ്.“