1945-ൽ ആദ്യമായി പ്രസിദ്ധീകരിച്ച ജോർജ് ഓർവെല്ലിന്റെ പ്രശസ്ത കൃതി ആനിമൽ ഫാം ഇന്ന് 80 വയസ്സിൽ.
1936-ൽ സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ ഫാസിസത്തിനെതിരെ പോരാടാൻ ഓർവെൽ യാത്ര തിരിച്ചു. അവിടെ ജോസഫ് സ്റ്റാലിന്റെ സ്വാധീനം നേരിട്ട് കണ്ട അദ്ദേഹം പിന്നീട് എഴുതിയ ‘ഹോമേജ് ടു കറ്റലോണിയ’യിൽ അതിനെ വിശദീകരിച്ചു. ആ അനുഭവങ്ങൾക്ക് പിന്നാലെ 1943-ൽ അദ്ദേഹം ആനിമൽ ഫാം എഴുതാൻ തുടങ്ങി.
ഒരു കർഷകനെ പുറത്താക്കി സ്വാതന്ത്ര്യം നേടിയ മൃഗങ്ങൾ ആദ്യം സമത്വസമൂഹം സ്ഥാപിച്ചെങ്കിലും അവസാനം അത് ഭീകര ഭരണത്തിലേക്കാണ് മാറുന്നത്. മനുഷ്യനെതിരെ നേടിയ വിജയത്തിന് പിന്നാലെ, അധികാരം പിടിച്ചെടുത്ത പന്നികളാണ് പിന്നീട് സ്വാർത്ഥരായി മാറുന്നത്.
ആദ്യ കാലത്ത് പ്രസാധകർ പലരും പുസ്തകം നിരസിച്ചു, കാരണം അത് സ്റ്റാലിനെ കടുത്ത രീതിയിൽ വിമർശിച്ചിരുന്നു. അന്ന് ഹിറ്റ്ലറിനെതിരെ ഉള്ള പോരാട്ടത്തിൽ ബ്രിട്ടന്റെ സഖ്യ കക്ഷി ആയിരുന്നു സ്റ്റാലിൻ. അതുകൊണ്ട് തന്നെ 1945 ഓഗസ്റ്റിൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോഴാണ് പുസ്തകം പുറത്തുവന്നത്. പുറത്തിറങ്ങിയ ഉടൻ തന്നെ സമൂഹത്തിൽ അത് വലിയ സ്വാധീനം ചെലുത്തി.
ഒർവെൽ ഭാഷയെ വെറും സത്യം പ്രതിഫലിക്കുന്ന ഒന്നായി മാത്രം കാണാതെ, മറിച്ച് സത്യത്തെ മറ്റൊരു രൂപം നൽകി അവതരിപ്പിച്ചു, അധികാരം നേടുവാനുള്ള പ്രധാന ആയുധമായി മാറ്റുവാൻ സാധ്യത ഉള്ള ഒന്നായി കാണാൻ കൂടി പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന് ഏഴ് കല്പനകൾ മൃഗങ്ങൾക്ക് ആനിമൽ ഫാർമിൽ ഇറക്കുന്നതായി കാണാം. ഇതിൽ ഒന്ന് “ഒരു മൃഗവും മദ്യം കഴിക്കരുത്” എന്നുള്ളത് പിന്നീട് “ഒരു മൃഗവും അമിതമായി മദ്യം കഴിക്കരുത്” എന്നാക്കി മാറ്റപ്പെടുന്നു. ഇത്തരത്തിലുള്ള വാക്കുകളുടെ കളി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും അധികാരം നിലനിർത്തുകയും ചെയ്യുന്നതിന് ഉപയോഗിക്കുന്നു.
ഇന്നും രാഷ്ട്രീയത്തിൽ ഭാഷാ വ്യാഖ്യാനങ്ങൾ മാറ്റി സത്യത്തെ മറയ്ക്കുന്ന പ്രവണതകൾ നമ്മൾ കാണുന്നില്ലേയെന്ന് ഓർവെൽ ചോദിക്കുകയാണ് ആനിമൽ ഫാർമിലൂടെ.
ആനിമൽ ഫാം 1945-ലും മുന്നറിയിപ്പായിരുന്നു, 2025-ലും അതുപോലെ തന്നെ. ഭാവിയിലും അത് പ്രസക്തമായിരിക്കും.
“ഏത് ആശയവും പിന്തുടരാം, പക്ഷേ അതിനെ ഒരിക്കലും കണ്ണടച്ച് അനുസരിക്കരുത്.”
ഓർവെല്ലിന്റെ പുസ്തകം നമ്മോട് പറയുന്നത് ഇതുതന്നെയാണ്.