1989 ഏപ്രിൽ 16, ഞാൻ മറീനയെ വിവാഹം കഴിച്ച ദിവസം, ഈ ശുഭദിനം ഏവരെയും പോലെ ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു. അമരാവതിനഗർ (തമിഴ്നാട്) സൈനിക് സ്കൂളിൽ എന്നെ പഠിപ്പിച്ച എല്ലാ ടീച്ചർമാരെയും വിവാഹത്തിന് ക്ഷണിക്കാൻ ഞാൻ തീരുമാനിച്ചു.
സിറിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ പതിവ് പോലെ വീട്ടിൽ നിന്ന് വിവാഹത്തിന് പുറപ്പെടുന്നതിന് മുമ്പ്, എന്റെ മാർഗ്ഗദർശിയും ഹൗസ് മാസ്റ്ററും ഫിസിക്സ് അദ്ധ്യാപകനുമായ ശ്രീ PT ചെറിയാനെ (PTC) ഗുരു ദക്ഷിണ സ്വീകരിക്കാൻ ഞാൻ അഭ്യർത്ഥിച്ചിരുന്നു. ശ്രീ ചെറിയാൻ അഭ്യർത്ഥന സ്വീകരിച്ചു, ഞാൻ ഞങ്ങളുടെ വീട്ടിലേക്കുള്ള വഴി അദ്ദേഹത്തിന് വിശദീകരിച്ചു.
PTCയുടെ സഹധർമിണി, ശ്രീമതി ഷീല ചെറിയാൻ ഞങ്ങളുടെ അഞ്ചാം ക്ലാസ് ഇംഗ്ലീഷ് അദ്ധ്യാപിക, അനാരോഗ്യം മൂലം വിവാഹത്തിൽ പങ്കെടുക്കാൻ അസൗകര്യം പ്രകടിപ്പിച്ചു.
ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിൽ ഓരോന്നിലും 1962-ൽ സ്ഥാപിതമായ സൈനിക് സ്കൂളുകൾ അന്നത്തെ പ്രതിരോധ മന്ത്രി VK കൃഷ്ണ മേനോന്റെ ഭാവനയായിരുന്നു. സാധാരണ കുടുംബത്തിൽനിന്നുള്ള ആൺകുട്ടികളെ സായുധസേനകളിൽ ഓഫീസർമാരായി ഉത്തരവാദിത്തങ്ങൾ ഏൽക്കാൻ കഴിവുള്ള വ്യക്തികളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സൈനിക് സ്കൂളുകൾ തുടങ്ങുന്നത്. അക്കാലങ്ങളിൽ ഇന്ത്യൻ സേനയിൽ ഓഫീസർ ആകുക എന്നത് സാധാരണക്കാരന്റെ വിദൂരസ്വപ്നമായിരുന്നു. ഇന്ന് സൈനിക് സ്‌കൂളുകളിൽ പെൺകുട്ടികളും പഠിക്കുന്നു – ഇന്ത്യൻ സേനയിൽ ഓഫീസർ ആകുക എന്ന അവരുടെയും സ്വപനം സഫലീകരിക്കാൻ…
ആംഗ്ലോ-ഇന്ത്യൻ സ്ത്രീയായ ശ്രീമതി ഷീല മർഫി, സ്‌കൂളിന്റെ ആരംഭത്തിൽ – 1962ൽ – അധ്യാപികയായി. PTC ഒരു വർഷത്തിന് ശേഷം 1963-ൽ ഞങ്ങളുടെ സ്കൂളിൽ ചേർന്നു. അവർ പ്രണയിച്ചു. ഞങ്ങൾ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ (1974) അവർ വിവാഹിതരായി. അവരുടെ വിവാഹത്തിന്റെ സായാഹ്നത്തിൽ, ഞങ്ങൾ കേഡറ്റുകൾക്ക് മെസ്സിൽ അന്നേവരെ കണ്ടിട്ടില്ലാത്ത ഒരു വിരുന്നൊരുക്കി. അങ്ങനെ ശ്രീമതി ഷീല മർഫി ശ്രീമതി ഷീല ചെറിയാൻ ആയി മാറി.
സൈനിക് സ്കൂൾ, അമരാവതിനഗറിൽ ചേരുന്ന ഏവരെയും ആദ്യം എതിരേൽക്കുന്ന അധ്യാപിക ശ്രീമതി ഷീല ചെറിയാൻ ആണ്. ഞങ്ങളിൽ മിക്കവരും മലയാളം അല്ലെങ്കിൽ തമിഴ് മീഡിയം സ്കൂളുകളിൽ നിന്നായിരുന്നു, ഇംഗ്ലീഷ് തീരെ വശമില്ലാത്തവർ. അവർ ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിച്ച രീതി, പ്രത്യേകിച്ച് എഴുത്ത് (അവരുടെ കൈയക്ഷരം അതുല്യമായിരുന്നു). അത് ഞങ്ങൾ ഓരോരുത്തടെ മരണം വരെയും ഉണ്ടാകും – തീർച്ച.
ഭക്ഷണമേശയിലെ പെരുമാറ്റ രീതികൾ (table manners,) മേശയിൽ എങ്ങനെ ഇരിക്കണം, കട്ട്ലറി, ക്രോക്കറി എന്നിവയുടെ ഉപയോഗം, കത്തിയുപയോഗിച്ച് എങ്ങനെ വെണ്ണയും ജാമും പരത്തണം, സൂപ്പ് എങ്ങനെ കുടിക്കണം, വേവിച്ച മുട്ട എങ്ങനെ തിന്നണം, ഏറ്റവും പ്രധാനമായി, വായ അടച്ച് എങ്ങനെ ഭക്ഷണം കഴിക്കണം എന്നിവയെല്ലാം അവർ ഞങ്ങളെ പഠിപ്പിച്ചു.
PTC ഞങ്ങളുടെ ഹൗസ് മാസ്റ്ററും, ഫിസിക്സ് അധ്യാപകനും, ഫോട്ടോഗ്രാഫി ക്ലബ് ഉത്തരവാദിയും, ബാസ്കറ്റ്ബോൾ, വോളിബോൾ കോച്ചും, മാർഗ്ഗദർശിയും – അദ്ദേഹം ഒരുത്തമ അധ്യാപകനും തോഴനുമായിരുന്നു എല്ലാം ഒന്നായി. ഫിസിക്സ് പഠിപ്പിക്കുന്നതിനേക്കാൾ കൂടുതലായി, ഞങ്ങളെ ധീരമായ ആത്മവിശ്വാസമുള്ള യുവാക്കളാക്കി മാറ്റുന്നതിന് അദ്ദേഹം തന്റെ എല്ലാ സമയവും ഊർജ്ജവും ഉപയോഗിച്ചു. സൂര്യന് കീഴിലുള്ള എന്തും, എല്ലാം ഞങ്ങൾക്ക് അദ്ദേഹത്തോട് ചർച്ച ചെയ്യാൻ കഴിഞ്ഞു. അദ്ദേഹം, ഒരു മികച്ച സംഘാടകൻ കൂടിയായിരുന്നു. സ്കൂളിൽ നടന്ന എല്ലാ പ്രവർത്തനങ്ങളുടെയും പിന്നിൽ അദ്ദേഹത്തിന്റെ കൈയ്യൊപ്പ് ദൃശ്യമായിരുന്നു. സുമുഖനായ, ആറടി ഉയരമുള്ള അദ്ദേഹത്തിന്റെ ആകർഷണീയമായ വ്യക്തിത്വവും, തേജസ്സും – അക്കാലത്തെ തമിഴ് നടന്മാരായ എം.ജി.ആറിനെയും, ശിവാജി ഗണേശനെയും തോൽപ്പിക്കുന്നതായിരുന്നു.
ഞങ്ങളുടെ വിവാഹം ഉച്ചകഴിഞ്ഞ് 4 മണിക്ക് നിശ്ചയിച്ചിരുന്നു, ഞാൻ വീട്ടിൽ നിന്ന് പള്ളിയിലേക്ക് 3:30 മണിക്ക് പുറപ്പെടാൻ നിശ്ചയിച്ചിരുന്നു. ഈ സന്ദർഭത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ഞങ്ങളുടെ വീട്ടിൽ ഒത്തുകൂടി. കൊച്ചി രാജവംശത്തിൽ നിന്നുള്ള ശ്രീ AK രാമ വർമ്മ – ഞങ്ങളുടെ ചിത്ര-രചന അധ്യാപകൻ; ശ്രീ ജോർജ്ജ് ജോസഫ് – ഇംഗ്ലീഷ് അധ്യാപകൻ, നവോദയ വിദ്യാലയ, നെരിയമംഗലം പ്രിൻസിപ്പൽ; ശ്രീ AD ജോർജ്ജ് -ബോട്ടണി അധ്യാപകൻ, നവോദയ വിദ്യാലയ, കോട്ടയം പ്രിൻസിപ്പൽ; ക്രാഫ്റ്റ്സ് മാസ്റ്റർ ശ്രീ KS കൃഷ്ണൻകുട്ടി എന്നിവരെല്ലാം അവരുടെ ആശീർവാദങ്ങൾ പകരാൻ വീട്ടിൽ ഉണ്ടായിരുന്നു. ശ്രീ ചെറിയാന്റെ പൊടിപോലുമില്ല, ഞങ്ങൾ 3:40 വരെ കാത്തിരുന്നു, പിന്നീട് അവിടെ ഉണ്ടായിരുന്ന അധ്യാപകരിൽ വയസ്സിൽ മൂപ്പനായ AK രാമ വർമ്മയാണ് ഗുരു ദക്ഷിണ സ്വീകരിക്കേണ്ടത് എന്ന് തീരുമാനിച്ചു.
ദക്ഷിണ ഒരു വെറ്റിലയിൽ പൊതിഞ്ഞ അടക്കയും ഒരു രൂപ നാണയവുമാണ്. ഞാൻ ദക്ഷിണ ശ്രീ വർമയെ ഏൽപ്പിച്ചു, അദ്ദേഹത്തിന്റെ പാദങ്ങൾ സ്പർശിച്ച്, അദ്ദേഹത്തിന്റെ ആശീർവാദം സ്വീകരിച്ച് പള്ളിയിലേക്ക് പുറപ്പെട്ടു. ഞങ്ങളെ സ്വീകരിക്കാൻ ശ്രീ ചെറിയാൻ പള്ളിയുടെ പ്രവേശനകവാടത്തിൽ നിൽക്കുന്നുണ്ടായിരുന്നു.
കുറച്ച് മാസങ്ങൾക്ക് ശേഷം, ഞങ്ങൾ കേരളത്തിൽ അവധിക്കു വന്നപ്പോൾ ശ്രീ വർമ്മയുടെ മകൾ വനജയുടെ വിവാഹത്തിൽ പങ്കെടുത്തു. ഗുരു ദക്ഷിണ തനിക്ക് ഒരു അതിശയമായിരുന്നു എന്നും, അത് അദ്ദേഹത്തെ വളരെയധികം സന്തോഷിപ്പിച്ചു, എന്നും കണ്ണുനീർ ഒഴുകി എന്നും ശ്രീ വർമ പറഞ്ഞു, കാരണം ഇത്തരം ഒരു സമ്മാനം അദ്ദേഹത്തിന് ലഭിച്ചത് ഇതാദ്യമായിരുന്നു. സിറിയൻ ക്രിസ്ത്യാനികൾ പാലിച്ചിരുന്ന പാരമ്പര്യം അദ്ദേഹത്തിന് അജ്ഞാതമായിരുന്നു എന്നും, ഏതൊരു ഗുരുവിനും അവകാശപ്പെടുന്ന ഒരു ആദർശ ദക്ഷിണയാണിത് എന്നും അദ്ദേഹം പറഞ്ഞു.
വിവാഹിതരായി അഞ്ച് വർഷത്തിന് ശേഷം, പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് പങ്കെടുക്കാൻ ഞങ്ങളുടെ മകളുമായി അമരാവതിനഗറിലേക്ക് പോയി. അപ്പോഴേക്കും ചെറിയാൻ ദമ്പതികൾ വിരമിച്ച് സ്കൂളിന് അടുത്തുള്ള അവർ വാങ്ങിയ ഫാമിൽ താമസമാരംഭിച്ചിരുന്നു. സന്ധ്യയ്ക്ക് ചെറിയാൻ ദമ്പതികകളെ കാണുവാൻ ഫാം ഹൗസിൽ എത്തി. അവിടെ 50 ഓളം പൂർവ വിദ്യാർത്ഥികൾ, ചിലർ കുടുംബവുമായി, ഇതിനകം തന്നെ എത്തിയിരുന്നു. തങ്ങളുടെ വിദ്യാർത്ഥികളോടുള്ള സ്നേഹത്തിന് പേരുകേട്ട ചെറിയാൻ ദമ്പതികളെ ദൈവം മക്കളാൽ അനുഗ്രഹിക്കാൻ മറന്നതിനാൽ, തങ്ങളുടെ എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും അവരുടെ മക്കളെയും സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചിരുന്നു, ആദരിച്ചിരുന്നു.
ഞങ്ങൾ ദമ്പതികളെ ആദരിച്ചു, ഞാൻ കുറച്ച് വിസ്കി കുപ്പികൾ അടങ്ങിയ ഒരു പാക്കേജ് നൽകി, കാരണം PTC സന്ധ്യസമയങ്ങളിൽ മദ്യപാനം ആസ്വദിച്ചിരുന്നു. എന്താണ് അടങ്ങിയിരിക്കുന്നതെന്ന് നന്നായി അറിഞ്ഞുകൊണ്ട് സമ്മാനം സ്വീകരിച്ച അദ്ദേഹം ചോദിച്ചു, “1989-ൽ എനിക്ക് നഷ്ടപ്പെട്ട ഗുരു ദക്ഷിണയാണോ ഇത്?” അദ്ദേഹം ഉദ്ദേശിച്ചത് എന്താണെന്ന് ഞാൻ മനസ്സിലാക്കിയില്ല. ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. ഏകദേശം ഒൻപതോടെ, മിക്ക അതിഥികളും പോയി, എന്റെ ഭാര്യയും മകളും ശ്രീമതി ചെറിയാന്റെ മുറിയിലായിരുന്നു. ഞാൻ ശ്രീ ചെറിയാന്റെയൊപ്പം തെങ്ങിൻതോപ്പിൽ ഒരു ഡ്രിങ്ക് ആസ്വദിക്കുകയായിരുന്നു, പെട്ടെന്ന് ശ്രീ ചെറിയാൻ പറഞ്ഞു “ഗുരു ദക്ഷിണ സ്വീകരിക്കാൻ ഞാൻ നിങ്ങളുടെ വീട്ടിൽ വരാത്തത് എന്തുകൊണ്ടാണെന്ന് നിനക്കറിയാമോ? ഞാൻ നിന്നെ സ്നേഹിച്ചില്ലെന്നോ ആദരിച്ചില്ലെന്നോ അല്ല, പക്ഷേ ദൈവം ഞങ്ങളെ മക്കളാൽ അനുഗ്രഹിക്കാത്തതിനാൽ എന്റെ വിവാഹം പൂർണ്ണമായിട്ടില്ല, അതുകൊണ്ടാണ് ഷീല വിവാഹത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചത്. എന്നെക്കാൾ വയസ്സിൽ മൂത്തവരും പൂർണ്ണ കുടുംബമുള്ളവനുമായ വർമ്മയാണ് ഗുരു ദക്ഷിണ സ്വീകരിക്കാൻ ഏറ്റവും അനുയോജ്യമായ വ്യക്തി”. എനിക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല, ഞങ്ങളുടെ കണ്ണുകൾ നനഞ്ഞു. അടുത്ത അഞ്ച് മിനിറ്റ് ഞങ്ങൾ രണ്ടുപേരും മിണ്ടാതെ ഇരുന്നു, ഡ്രിങ്ക് പൂർത്തിയാക്കി.
ശ്രീ ചെറിയാൻ മറ്റൊരു സെറ്റ് ഡ്രിങ്കുകൾ കൊണ്ടുവന്നു… എന്നിട്ട് തുടർന്നു: “ഞാൻ കാരണം ഷീലയ്ക്ക് ഗർഭംധരിക്കുവാനാകില്ല എന്ന് നന്നായി മനസ്സിലാക്കിക്കൊണ്ടാണ് ഞാൻ ഷീലയെ വിവാഹം കഴിച്ചത്. ഞാൻ ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചുകൊണ്ട് എന്റെ വിദ്യാർത്ഥികൾക്ക് ഒരു മാതൃക നൽകാൻ ഞാൻ ആഗ്രഹിച്ചു. ഞാൻ അവരുടെ ടീച്ചറെ ഉപേക്ഷിച്ചു എന്ന് എന്റെ വിദ്യാർത്ഥികൾ എന്നോട് പറയണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല”.
എന്റെ കവിൾത്തടങ്ങളിൽ കണ്ണുനീർ ഒഴുകി….
