ഒട്ടാവ, കാനഡ: കാനഡയിൽ വിദ്വേഷ പ്രചാരണവും മതസ്ഥാപനങ്ങൾക്കെതിരായ ഭീഷണികളും തടയുന്നതിനായി ഫെഡറൽ സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. ജസ്റ്റിസ് മന്ത്രി ഷോൺ ഫ്രേസർ വെള്ളിയാഴ്ച Combatting Hate Act എന്ന പേരിൽ നാല് പുതിയ ക്രിമിനൽ കുറ്റങ്ങൾ ഉൾപ്പെടുത്തിയ ബിൽ ഹൗസിൽ അവതരിപ്പിച്ചു.
പുതിയ നിയമപ്രകാരം, തിരിച്ചറിയാവുന്ന ജനവിഭാഗങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതിന് ഉദാഹരണത്തിന് സ്വസ്തിക, എസ്.എസ്. ലൈറ്റ്നിംഗ് ബോൾട്ട് പോലുള്ള ഹോളോകോസ്റ്റ് കാലത്തെ ചിഹ്നങ്ങളും, കാനഡ സർക്കാർ ഭീകര സംഘടനകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രൗഡ് ബോയ്സ്, ഹമാസ്, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പ്സ് എന്നിവയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും ഉപയോഗിക്കുന്നത് കുറ്റകരമാകും.
അതുകൊണ്ട് തന്നെ യഹൂദരോടുള്ള വിദ്വേഷം പ്രകടിപ്പിക്കാൻ ഹമാസ് പതാകയോ സ്വസ്തിക ചിഹ്നമോ ഉപയോഗിച്ച് ഒരു സിനഗോഗിന് മുന്നിൽ പ്രതിഷേധിക്കുന്നതും ഇനി കുറ്റകരമായിരിക്കും.
നിയമം ആരാധനാലയങ്ങൾക്കു പുറത്തുള്ള ആളുകളെ ഭീഷണിപ്പെടുത്തുന്നതും തടസപ്പെടുത്തുന്നതും പ്രത്യേക കുറ്റമായി പ്രഖ്യാപിക്കുന്നു. ഇപ്പോൾ കാനഡയിലെ നിരവധി നഗരങ്ങളിൽ ബബിൾ ബൈലോ (buffer zones) വഴി ഇത്തരത്തിലുള്ള ഇടപെടലുകൾ തടയാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ പൊതുസ്ഥലങ്ങളുടെ നിയന്ത്രണം പ്രധാനമായും പ്രാദേശിക കൗൺസിലുകളുടെ അധികാരത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി.
ബിൽ മറ്റും രണ്ട് പ്രധാന മാറ്റങ്ങൾ ഉൾക്കൊള്ളുന്നു. ക്രിമിനൽ കോഡിൽ “വിദ്വേഷം” എന്നതിനൊരു വ്യക്തമായ നിർവചനം നൽകുന്നു. വിദ്വേഷകുറ്റങ്ങൾ ചുമത്താൻ പ്രൊവിൻഷ്യൽ അറ്റോർണി ജനറലിന്റെ സമ്മതം വേണമെന്ന നിബന്ധന നീക്കം ചെയ്യുന്നു.
സ്റ്റാറ്റിസ്റ്റിക്സ് കാനഡ കണക്ക് പ്രകാരം, രാജ്യത്തെ പോലീസ് റിപ്പോർട്ട് ചെയ്ത വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണം 2020-ലെ 2,646 കേസുകളിൽ നിന്ന് കഴിഞ്ഞ വർഷം 4,882 കേസുകളിലേക്ക് ഉയർന്നു.
എന്നാൽ, ചില സംഘടനകൾക്ക് ഈ ബില്ലിനെ കുറിച്ച് ആശങ്കകളുണ്ട്. കാനഡിയൻ സിവിൽ ലിബർട്ടീസ് അസോസിയേഷൻ (CCLA), ക്രിമിനൽ കോഡ് ഉപയോഗിക്കുന്നത് ഒരു “blunt instrument” ആണെന്നും, അത് സമാധാനപരമായ പ്രതിഷേധങ്ങളെ ബാധിക്കാൻ ഇടയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
