പ്രസിഡന്റ് ഡോണൾഡ് ട്രംപ്, കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ ‘അനധികൃത മയക്കുമരുന്ന് നേതാവ്’ എന്ന് വിളിച്ച പ്രഖ്യാപനത്തിനു പിന്നാലെ, യുഎസ് സെക്രട്ടറി ഓഫ് വാർ പീറ്റ് ഹെഗ്സെത്ത്, കൊളംബിയൻ ഇടതുപക്ഷ വിമത സംഘടനയുമായി ബന്ധപ്പെട്ട ഒരു ബോട്ടിനെതിരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതായി വെളിപ്പെടുത്തി. ഒക്ടോബർ 19, 2025-ന് എക്സിലൂടെ (മുൻപ് ട്വിറ്റർ) ആയിരുന്നു ഹെഗ്സെത്തിന്റെ പ്രതികരണം.

ഹെഗ്സെത്തിന്റെ പോസ്റ്റ് ഇങ്ങനെയാണ്: “അന്താരാഷ്ട്ര ജലത്തിൽ യുഎസ് സൈന്യം കൊളംബിയൻ ഇടതുപക്ഷ വിമത ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റൊരു കപ്പലിനെ ആക്രമിച്ചു. ഈ ആക്രമണത്തിൽ കപ്പലിനുള്ളിലുള്ള മൂന്ന് നാർകോ-ഭീകരർ കൊല്ലപ്പെട്ടു. യുഎസ് സൈന്യത്തിന് യാതൊരു നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ല. ഈ കാർട്ടലുകൾ പടിഞ്ഞാറൻ അർദ്ധ-ഗോളത്തിലെ അൽ-ഖ്വയ്ദയാണ്. യുഎസ് സൈന്യം ഈ സംഘടനകളെ ഭീകരരെയെന്ന പോലെ കൈകാര്യം ചെയ്യും – അവരെ തേടി കണ്ടെത്തുകയും കൊല്ലുകയും ചെയ്യും.”
ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിനു ശേഷം മണിക്കൂറുകൾക്കുള്ളിൽ വന്ന ഈ പ്രഖ്യാപനം, കൊളംബിയയിലെ മയക്കുമരുന്ന് വ്യാപാരത്തിനെതിരായ യുഎസിന്റെ ‘ശക്തിയിലൂടെ സമാധാനം’ എന്ന നയത്തെ ശക്തിപ്പെടുത്തുന്നതായി വിലയിരുത്തപ്പെടുന്നു. ഈ ആക്രമണം, യുഎസ് സതേൺ കമാൻഡിന്റെ (USSOUTC) ഉത്തരവാദിത്വത്തിലുള്ള മേഖലയിലാണ് നടന്നത്.
കഴിഞ്ഞ ആഴ്ചകളിലെ സമാന ആക്രമണങ്ങളെ പരാമർശിച്ച് പെട്രോ സർക്കാർ യുഎസിനെതിരെ ‘കൊലപാതകകുറ്റം’ – assassination ആരോപിച്ച് വിമർശിച്ചിരുന്നു. ഈ സംഭവത്തോടെ, രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുമെന്നാണ് വിദഗ്ധാഭിപ്രായം. ഹെഗ്സെത്തിന്റെ പോസ്റ്റിനപ്പുറം മറ്റു വിവരങ്ങൾ ഒന്നും തന്നെ പെന്റഗൺ നൽകിയിട്ടില്ല.
